വയനാട് ദുരന്തം:
മനുഷ്യന് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ദൈവത്തെ പഴിക്കും, പ്രകൃതിയെ പഴിക്കും.
ദൈവമോ പ്രകൃതിയോ മനുഷ്യകേന്ദ്രീകൃതമാണെന്ന പോലെ, ദൈവമോ പ്രകൃതിയോ മനുഷ്യകേന്ദ്രീകൃതമാവണമെന്ന പോലെ.
മനുഷ്യനാണ്, മനുഷ്യനാവണം ദൈവത്തിനും പ്രകൃതിക്കും പ്രപഞ്ചത്തിനും പ്രധാനവിഷയം, കേന്ദ്രകഥാപാപാത്രം, കേന്ദ്രബിന്ദു എന്ന് മനുഷ്യൻ തന്നെ സ്വയം ഉണ്ടാക്കിയെടുത്ത ധാരണയും വിശ്വാസവും കൊണ്ടാണ് ഇങ്ങനെ മനുഷ്യന് ദൈവത്തെയോ പ്രകൃതിയെയോ പഴിക്കേണ്ടി വരുന്നത്.
അതുകൊണ്ടാണ്, മനുഷ്യന് ദുരന്തം സംഭവിക്കുമ്പോൾ മാത്രം ദൈവത്തിന് കണ്ണില്ലെന്നും കണ്ണിൽ ചോരയില്ലെന്നും, അതിനാൽ ദൈവമില്ലെന്നും അങ്ങനെയുള്ള ദൈവത്തെ വേണ്ടെന്നും ഒക്കെ പറയേണ്ടിവരുന്നത്.
കാടും മലയും നശിച്ചപ്പോഴും, ഒട്ടനവധി ജീവിവർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചപ്പോഴും ദൈവത്തിന് കണ്ണില്ലെന്നും ദൈവം ക്രൂരനെന്നും ആരും ഒരിക്കലും പറഞ്ഞില്ല.
മനുഷ്യൻ തന്നെ ബാക്ടീരിയകളെയും വൈറസുകളെയും ഉറുമ്പിനെയും ആടിനെയും കൊഴിയെയും കൊതുകിനെയും കൂട്ടമായി കൊല്ലുമ്പോഴും നശിപ്പിക്കുമ്പോഴും അതൊന്നും ഈ ദൈവം തന്നെ വരുത്തിവെക്കുന്ന വൻദുരന്തമായി മനുഷ്യൻ കണ്ടില്ല, കാണുന്നില്ല.
അതെന്തേ, ബാക്ടീരിയയും വൈറസും ഉറുമ്പും കൊതുകും ആടും കോഴിയും കൂട്ടമായി നശിക്കുന്നത് ദുരന്തങ്ങളല്ലേ?
പക്ഷെ, ഇതേ മനുഷ്യന് അവയൊന്നും ദുരന്തങ്ങളായി തോന്നുന്നില്ല.
യഥാർത്ഥത്തിൽ മനുഷ്യൻ കൂട്ടമായി മരിക്കുന്നത് ദുരന്തമാണെങ്കിൽ എന്തുമേതും കൂട്ടമായി കൊല്ലപ്പെടുന്നത് അതുപോലെ തന്നെ ദുരന്തങ്ങളാണ്.
ബാക്ടീരിയയും വൈറസും ഉറുമ്പും കൊതുകും ആടും കോഴിയും കൂട്ടമായി നശിക്കുന്നതൊന്നും ദുരന്തങ്ങളെല്ലെങ്കിൽ മനുഷ്യൻ കൂട്ടമായി നശിക്കുന്നതും മരിക്കുന്നതും മാത്രം ദുരന്തമാകുന്നതെങ്ങിനെ?
യഥാർത്ഥത്തിൽ ദൈവമെന്ന പ്രകൃതിയെ സംബന്ധിച്ചേടത്തോളം നാശമെന്നതില്ല. മനുഷ്യനെന്നതും മനുഷ്യനല്ലാത്തതെന്നുമെന്ന വ്യത്യാസമില്ല.
പ്രകൃതിയെന്ന ദൈവത്തിന് നശിക്കാനും വളരാനും ഇല്ല. നാശവും വളർച്ചയും എന്നത് ദൈവത്തിനില്ല.
മനുഷ്യൻ മനസ്സിലാക്കിയ, നിർവ്വചിച്ച ദൈവമല്ല ദൈവം.
മനുഷ്യൻ മനസ്സിലാക്കിയ, നിർവ്വചിച്ച പ്രകൃതിയല്ല പ്രകൃതി.
നാശവും വളർച്ചയും ആപേക്ഷിക മനുഷ്യൻ്റെ നിഘണ്ടുവിലെ വാക്കുകളാണ്.
മനുഷ്യൻ്റെ ആവശ്യവും അനാവശ്യവും കണക്കാക്കിയുള്ള വാക്കുകളാണ് നാശം വളർച്ച, നന്മ തിന്മ, ശരി തെറ്റ്.
മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുക എന്നതില്ല.
പ്രകൃതി മനുഷ്യനെ നശിപ്പിക്കുക എന്നതുമില്ല.
ആരും പ്രകൃതിയെ നശിപ്പിക്കുന്നില്ല, ആർക്കും പ്രകൃതിയെ നശിപ്പിക്കാനാവില്ല.
എല്ലാവരും പ്രകൃതിയാണ് പ്രകൃതിയുടെ ഭാഗമാണ്.
പ്രകൃതി ഇങ്ങനെ മാത്രമാണെന്നും ഇങ്ങനെ മാത്രമല്ലെന്നും ഇല്ല.
പ്രകൃതി എങ്ങനെയുമാണ്.
പ്രകൃതി അങ്ങനെയും ഇങ്ങനെയുമാണ്.
മനുഷ്യൻ്റെ ആവശ്യങ്ങളും മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയ മാനദണ്ഡങ്ങൾ വെച്ചുള്ള ശരികളും തെറ്റുകളും വെച്ച് മാത്രമല്ല പ്രകൃതിയെയും പ്രകൃതിയുടെ ശരി തെറ്റുകളെയും നിശ്ചയിക്കേണ്ടത്.
പ്രകൃതിയെന്ന ദൈവത്തെ സംബന്ധിച്ചേടത്തോളം എല്ലാം വളർച്ചയാണ്, എല്ലാം നിർമാണമാണ്.
അങ്ങനെയുള്ള എല്ലാ വളർച്ചയിലും നാശമുണ്ട്, എല്ലാ നാശത്തിലും വളർച്ചയുണ്ട്.
പ്രകൃതി നശിക്കുക, വളരുക എന്നുവെച്ചാൽ മനുഷ്യൻ കൂടി വളരുക, നശിക്കുക എന്നത് മാത്രമാണ്.
പ്രകൃതി പ്രകൃതിയെ തന്നെ വളർത്തുന്നു, നശിപ്പിക്കുന്നു.
കാരണം മനുഷ്യനും കൂടിയതാണ് പ്രകൃതി.
പ്രകൃതിയിൽ നിന്ന് ഭീന്നവും അകലെയുമല്ല മനുഷ്യൻ.
മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ അല്ല ദൈവം.
മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ അല്ല പ്രകൃതി.
മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ ഉള്ള പ്രകൃതിയും ദൈവവും ഇല്ല.
No comments:
Post a Comment