സമയംപോക്കുക പ്രശ്നമാണോ?
പക്ഷേ, സമയം എങ്ങനെയെങ്കിലും പോക്കുക
ഒരു വലിയ പ്രശ്നമാകരുത്.
കാരണം, സമയമാണ് നീ.
സമയമാണ് നിൻ്റെ ജീവിതം.
ആരുടെയെങ്കിലും അടുക്കൽ
അവർക്ക് വെറുതേ എന്ന് തോന്നുന്ന,
അവർക്ക് ചിലവാക്കാൻ സാധിക്കാത്ത,
ചിലവഴിച്ചുതീർക്കൽ ഒരു ബാധ്യതയാവുന്ന,
അതിനാൽ,
എങ്ങനെയെങ്കിലും തള്ളിനീക്കേണ്ടി വരുന്ന
സമയമുണ്ടെങ്കിൽ
ഇങ്ങോട്ട് തരാൻ പറയൂ...
സമയം തള്ളിനീക്കാൻ വേണ്ടി മാത്രം
എന്തെങ്കിലും വായിക്കേണ്ട,
സിനിമ കാണേണ്ട,
ഭക്തിയിലും സാമൂഹ്യപ്രവർത്തനങ്ങളിലും
ജോലിയിലും ഏർപ്പെടേണ്ടി വരുന്ന
അവസ്ഥ ആർക്കെങ്കിലും ഉണ്ടെങ്കിൽ
അവരുടെ സമയം ഇങ്ങോട്ട് തരാൻ പറയൂ.
സമയം വേണ്ടാത്തതും
തള്ളിനീക്കേണ്ടതും എന്ന് വന്നാൽ
നിനക്ക് നീയും നിൻ്റെ ജീവിതവും
വേണ്ടാത്തത്, തള്ളിനീക്കേണ്ടത്
എന്ന് തന്നെ അർത്ഥം.
കാരണം,
സമയമാണ് നീ, നിൻ്റെ ജീവിതം.
സമയം കൂടിയാണ് നീ, നിൻ്റെ ജീവിതം.
സമയമാണ് ജീവിതം.
സമയം പോകുമ്പോൾ
ജീവിതമാണ് പോകുന്നത്.
സമയം തീരുമ്പോൾ നീയാണ് കത്തിത്തീരുന്നത്.
നീ ഈമ്പി വലിച്ച് കുടിച്ചാലും ഇല്ലെങ്കിലും
ഒരുപൊലെ അലിഞ്ഞ് തീരുന്ന
ഐസ് മിഠായി പോലെ നീയും നിൻ്റെ ജീവിതവും.
നീയും ജീവിതവും തന്നെയായ സമയം
വെറും വെറുതെ അലിഞ്ഞ് തീരുന്ന ഐസ് മിഠായി.
നീ എന്തെങ്കിലും ചെയ്ത് ചിലവഴിച്ചാലും
നീ ഒന്നും ചെയ്യാതെ ചിലവഴിച്ചില്ലെങ്കിലും
ജീവിതം തന്നെയായ സമയം,
നീ തന്നെയായ സമയം
ഒരുപോലെ തീരും.
ഒന്നിനും ആരെയും കാത്തിരിക്കാതെ
സമയം അലിഞ്ഞ് തീരും.
ഏറിയാൽ അതിന് സാക്ഷി മാത്രമാകാം നിനക്ക്.
അതും ഒന്നിലും മുഴുകാതെ നീ ഒഴിഞ്ഞിരുന്നാൽ.
സമയം തള്ളുന്നവൻ,
സമയം തള്ളിനീക്കുന്നവൻ,
സമയം തള്ളിനീക്കേണ്ടി വരുന്നവൻ,
സമയം വേണ്ടെന്ന് വെക്കേണ്ടിവരുന്നവൻ, ജീവിതം വേണ്ടെന്ന് വെക്കുന്നവൻ,
തന്നെത്തന്നെ വേണ്ടെന്ന് വെക്കുന്നവൻ ഫലത്തിൽ ആത്മഹത്യ ചെയ്യുന്നവൻ.
അവൻ ഫലത്തിൽ അവനെയും ജീവിതത്തെയും വേണ്ടെന്ന് വെക്കുന്നവൻ
No comments:
Post a Comment