Thursday, August 31, 2023

ജീവിച്ചു കൊടുക്കാനും മരിച്ചുകൊടുക്കാനും മാത്രമേ സാധിക്കൂ.

നമ്മളാരും നമ്മളായി ജനിച്ചില്ല. 

നമ്മളാരും നമ്മളാവാൻ മരിക്കുന്നില്ല., 

ജീവിക്കുമ്പോൾ മാത്രം നമ്മളൊക്കെയും നമ്മൾ. 

ജീവിക്കുമ്പോൾ മാത്രം നമ്മളെന്ന വെറും വെറുതേയുള്ള നമ്മുടെ തോന്നൽ. 

"നമ്മൾ, നമ്മുടേത്, ഞാൻ നീ". 

ഉപകരണമാക്കപ്പെടാനുള്ള വെറും തോന്നൽ.

*******

ജീവിച്ചുകൊടുക്കാൻ മാത്രമേ സാധിക്കൂ.

മരിച്ചുകൊടുക്കാൻ മാത്രമേ സാധിക്കൂ.


എന്തെല്ലാം ഉണ്ടോ, സാധിക്കുമോ, പിന്നെ എന്തെല്ലാം ഇല്ലയോ, സാധിക്കില്ലയോ അതൊക്കെയും വെച്ച് ജീവിച്ചുകൊടുക്കാനും മരിച്ചുകൊടുക്കാനും മാത്രമേ സാധിക്കൂ.


അല്ലാതെ ആർക്കും ഒന്നും സാധിക്കില്ല.

അല്ലാതെ ആർക്കും ഒന്നും സാധിക്കുന്നില്ല .


വായുവും വെള്ളവും വെളിച്ചവും വേണമെന്നായത് പോലും സ്വന്തം തീരുമാനവും തെരഞ്ഞെടുപ്പും അല്ല.


നിർവ്വാഹകമില്ലാതെ വേണമെന്നായത് മാത്രം. 

പഞ്ചിന്ദ്രിയ സ്വഭാവഗുണങ്ങൾ പോലും നിർവ്വാഹകമില്ലാതെ, തെരഞ്ഞെടുപ്പില്ലാതെ. 


അതുകൊണ്ടാണ്, നടക്കുന്നത് വെറും സമർപ്പണം മാത്രമെന്ന് പറയേണ്ടി വരുന്നത്. 

വെറും നിന്നുകൊടുക്കൽ മാത്രമെന്ന് പറയേണ്ടി വരുന്നത്. 


ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും, 

വിശ്വസിച്ചാണെങ്കിലും അല്ലെങ്കിലും, 

തെരഞ്ഞെടുത്താണെങ്കിലും അല്ലെങ്കിലും,

അനുസരിച്ചാണെങ്കിലും അല്ലെങ്കിലും.

വ്യത്യസ്തമായിട്ടാണെന്ന് തോന്നിപ്പിച്ചാണെങ്കിലും അല്ലെങ്കിലും, എത്രയെല്ലാം മറിച്ച് തോന്നിയാലും ഇല്ലെങ്കിലും,

സമർപ്പണം മാത്രം.

വെറും സമർപ്പണം മാത്രം.

സ്വാഭാവികതക്കുള്ള സമർപ്പണം മാത്രം. 


അകപ്പെട്ട മാനവും അവസ്ഥയും വെച്ച് അതിൻ്റെ പരമാവധിയോ പരിമിതമായതോ കണ്ടെത്തിയും അനുഭവിച്ചും സമർപ്പിച്ച് ജീവിക്കുക. 


തനിക്ക് വേണ്ടിയാണെന്ന് കരുതി പലതും ചെയ്തും ചെയ്യാതിരുന്നും പ്രാപഞ്ചികതയുടെ മുഴുവൻ വലിയ അർത്ഥങ്ങൾക്ക് വേണ്ടി നിന്ന് കൊടുക്കുക, ആ അർത്ഥങ്ങൾ അറിയാതെയും അറിഞ്ഞും സാധിച്ചുകൊടുത്തു കൊണ്ട് ജീവിക്കുക.


ജീവിതമായാലും മരണമായാലും സമർപ്പണം മാത്രമല്ലാതെ പിന്നെന്ത്?


തെരഞ്ഞെടുക്കുന്നു, ധിക്കരിക്കുന്നു, അനുസരിക്കുന്നു എന്നൊക്കെ വ്യത്യസ്തമായി തങ്ങളുടെ മനോസുഖത്തിന് വേണ്ടി ധരിക്കുക മാത്രം.


എന്നാൽ ഫലത്തിൽ ഒരു നിർവ്വാഹവുമില്ലാതെ നിസ്സഹായനായി നിന്നുകൊടുക്കുകയും സമർപ്പിക്കുകയുമല്ലാതെ ഒന്നും ആരും നടത്തുന്നില്ല.


*******


തലച്ചോറുണ്ടാക്കുന്ന തോന്നൽ മാറ്റിവെച്ചാൽ ശരീരം കൊണ്ട് എന്ത് കുന്തമാണ് നാം ചെയ്യുന്നത്? 


തലച്ചോറുണ്ടാക്കുന്ന തോന്നൽ മാറ്റിവെച്ചാൽ ശരീരം കൊണ്ട് എന്ത് കുന്തമാണ് നമ്മളൊക്കെയും?


ഒരു കുന്തവുമല്ല.

ഒരു കുന്തവുമില്ല 


രണ്ട് കാൽ, രണ്ട് കൈ, ഒരുടൽ, ഒരു തല.

ഇവയും ഇവയിലുള്ളതും കൊണ്ട് ചെയ്യുന്നതും ചെയ്യാൻ സാധിക്കുന്നതും മാത്രം .


നാം നടത്തുന്ന എല്ലാ ഭോഗങ്ങളും അതിജീവനവും പ്രജനനവുമായി ബന്ധപ്പെട്ടത് മാത്രം. നിർവ്വാഹമില്ലാതെ. 


തിന്നുക, കുടിക്കുക, വിസർജിക്കുക, ഇണയെ തേടുക. 


എന്തെല്ലാം സുന്ദരമായ പേരുകളിട്ട് വിളിച്ചാലും ഇവ മാത്രം.


പുഴുക്കളും മൃഗങ്ങളും ചെയ്യുന്നത് പോലെ തന്നെ. 


പിന്നെ, നമ്മുടെ തന്നെ തലച്ചോറ് നമ്മുടെ തന്നെ അതിജീവനം ലക്ഷ്യം വെച്ചുണ്ടാക്കിയ വ്യവസ്ഥിതിയിലെ സ്ഥാനമാനങ്ങൾ മാത്രം നമ്മുടേത്.

No comments: