Thursday, August 10, 2023

വിധിയുടെ ഇലാസ്തികത. വിധി ചെറുതും വലുതുമാണ്

കൊതിക്കുന്നതിന് വേണ്ടി തന്നെ എല്ലാവരും ശ്രമിക്കുന്നു. 

പക്ഷേ കൊതിച്ചത് തന്നെ, എത്ര ശ്രമിച്ചിട്ടും എല്ലാവർക്കും എപ്പോഴും കിട്ടുന്നില്ല. 

പലപ്പോഴും ഓടുന്ന വണ്ടിക്കുളളിൽ ഓടുന്നത് പോലെ പല ശ്രമങ്ങളും. 

എന്നല്ല എല്ലാ ശ്രമങ്ങളും ഓടുന്ന വണ്ടിക്കുളളിൽ ഓടുന്നത് പോലെ. 

നമുക്ക് നാം ചെയ്യുന്നത് കൊണ്ടെന്ന തോന്നൽ.

യഥാർഥത്തിൽ നാം ചെയ്യുന്നത് പോലും വണ്ടി ഓടുന്നത് പോലെ ഓടുന്നത്ര മാത്രം. 

വണ്ടി എത്തുന്ന ദൂരവും വേഗതയും തന്നെ അവസാനം എല്ലാവരും എത്തുന്നത്. 

വണ്ടിയുടെ ദിശയിൽ മാത്രം തന്നെ എല്ലാവരും ഓടുന്നത്. 

ഇടക്ക് വണ്ടിയിൽ കിടന്നങ്ങനെ ഓടിയത് കൊണ്ട് തളരുന്നു എന്നത് മാത്രമല്ലാത്ത ഒരു പ്രത്യേക ഫലം ഇല്ലാതെ. 

എന്തിനെന്നില്ലാത്ത തളർച്ച എല്ലാവർക്കും.

കൊതിച്ചത് തന്നെ ശ്രമിച്ചിട്ടും കിട്ടാതിരിക്കുമ്പോൾ നിസ്സഹായത കൊണ്ടങ്ങനെ നാം പറയും വിധിയെന്ന്.

ഒന്നും മനസ്സിലായിട്ടില്ല.

എന്നാൽ, കൊതിച്ചത് തന്നെ ശ്രമിച്ച് കിട്ടിയാൽ നാമെന്ത് പറയും?

അപ്പോൾ നാം പറയും ശ്രമഫലമെന്ന്. 

ഒന്നും മനസ്സിലായിട്ടില്ല.

അപ്പോഴും നാം അറിയുന്നില്ല വണ്ടി ഓടിയ ദൂരവും വേഗതയും തന്നെയാണ് നമ്മുടെ ശ്രമം , നമ്മുടെ ശ്രമഫലമായി നമുക്കനുഭവപ്പെട്ടതെന്ന്.

വണ്ടിയിൽ നിന്ന് വണ്ടിക്ക് പുറത്ത് കാണാത്തവന് വണ്ടിയല്ലാത്ത ലോകമില്ലല്ലോ? 

അതിനാൽ വണ്ടിയെ വണ്ടിയായി പോലും, വിധിയെ വിധിയായി പോലും ജീവിതത്തെയും ദൈവത്തെയും ജീവിതവും ദൈവവുമായി തന്നെയും കാണാനും മനസ്സിലാക്കാനും സാധിക്കാതെ. 

കണ്ണ് കൊണ്ട് കണ്ണും മുഖവും കാണാൻ സാധിക്കാത്തത് പോലെയെന്ന് ഏറിയാൽ പറയാനാവും വിധം. 

വിരൽ കൊണ്ട് അതേ വിരൽ തൊടാൻ സാധിക്കാത്തത് പോലെ. 

യഥാർഥത്തിൽ നമ്മുടെ ആ കൊതിയും ശ്രമവും ഫലവും കൂടി വണ്ടി തന്നെയായ വിധി, ജീവിതം.

വിധിയെയും കൊതിയെയും  ശ്രമത്തെയും ശ്രമഫലത്തെയും നമ്മൾ മനസ്സിലാക്കുന്നതിലും ചില പ്രശ്നങ്ങളുണ്ട്.

നാം നമുക്കെന്ന് വിചാരിച്ച്, നമ്മെക്കൊണ്ട് നമുക്കെന്ന് വിചാരിപ്പിച്ച് നാം പലതും ചെയ്യുന്നു. 

ഫലത്തിൽ എല്ലാവർക്കും വേണ്ടത് എല്ലാവരും ചെയ്യുന്നു. 

കർഷകൻ കൃഷി ചെയ്യുന്നു.

ലോറി ഡ്രൈവർ ലോറി ഓടിക്കുന്നു.

ആപ്പിൾ കമ്പനി ഫോൺ ഉണ്ടാക്കുന്നു, Amazon AWS നടത്തുന്നു. 

എല്ലാം എല്ലാവർക്കും വേണ്ടി, എല്ലാവർക്കും കിട്ടുന്നു.

നമ്മുടെ പരിമിതികൾ വെച്ചും, ആ പരിമിതികൾ തീർത്ത തടവറക്കുള്ളിൽ വെച്ചും തന്നെയാണ് നാം വിധി തന്നെയായ ജീവിതത്തെ തന്നെയും, ജീവിതത്തിൻ്റെ വിതരണ സമ്പ്രദായത്തെയും മനസ്സിലാക്കുന്നത്.  

എന്നത് കൂടിയാണ് നമ്മുടെ പ്രശ്നങ്ങൾ. 

അങ്ങനെയെങ്കിൽ ജീവിതം മുഴുക്കെ തന്നെയും വിധി മാത്രമല്ലാതെ വേറെന്ത്?

ഒന്നും നമ്മൾ നിശ്ചയിക്കാതെ നമ്മളിൽ വന്നുപെട്ടത്. നമ്മുടെ നാം ബോധം പോലും.

ജീവിതത്തിലെ നൻമയും തിന്മയും യഥാർഥത്തിൽ നമ്മുടെ ഉടമസ്ഥതയിൽ ഇല്ലാതെ.

മുഴുവൻ കാണാതെ. പുറമേ നിന്ന്, മുഴുത്വത്തിൽ നിന്ന് കാണാതെ, മാനങ്ങൾക്ക് പുറത്ത് പോയി കാണാൻ സാധിക്കാതെ നാം.

അങ്ങനെ നാം വിത്തിനെ വിത്ത് മാത്രമായി കാണുന്നു.

ഒരുപക്ഷേ, പലപ്പോഴും നാം വിത്തിനെ വിത്ത് പോലുമല്ലാതെയായിക്കാണുന്നു.

അങ്ങനെ വിത്ത് മാത്രമായിക്കണ്ട് അത് മാത്രം തന്നെ വിധിയെന്ന് നാം ചുരുക്കിക്കാണുന്നു.

അല്ലെങ്കിൽ വിത്ത് പോലുമായി കാണാതെ ഒരൊറ്റ പ്രാവശ്യം ചവച്ചരച്ച് തിന്നാനുള്ള ഒരു സാധനമായി മാത്രമായി നാം ചുരുക്കിക്കാണുന്നു.

അങ്ങനെ ഇത്രയേ ഉള്ളൂ എനിക്കുള്ളത്, ഇത് മാത്രമാണ് വിധി എന്ന് ആവലാതി പറഞ്ഞ് വിധിയെന്ന് പറയുന്ന ചുരുക്കലും നമ്മുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നു. 

വിധിയുടെ വലിയ വലിയ ഇലാസ്തിക മാനവും സാധ്യതയും കാണാതെ. 

വിധി തന്നെയായ ജീവിതത്തിൻ്റെ  വലിയ വലിയ ഇലാസ്തിക മാനവും സാധ്യതയും കാണാതെ.

യഥാർഥത്തിൽ വിധി തന്നെയായ ആ വിത്തിൽ, ജീവിതത്തിൽ വൻമരവും ഒരു നൂറായിരം പഴങ്ങളും പൂവുകളും വിത്തുകളും എല്ലാറ്റിനുമപ്പുറം ഒരു തോട്ടവും കാടും ഒരു കുറേ ജീവിതങ്ങളും ഇലാസ്തികതായായി ഉണ്ടെന്നറിയാതെ.

വിധി ചെറുതും വലുതുമാണ്. വളരേ ചെറുതും വളരെ വലുതുമാണ്. 

ഡിഎൻഎ യും വലിയ ഒരാളും പോലെ 

വിധി ഒരേ സമയം ബിന്ദുവും പ്രപഞ്ചവും തന്നെയാണ്.

പക്ഷേ , അതറിയാതെ, ചെറിയ പ്രതലത്തിൽ ചെറുതായിക്കണ്ട് നാം നിർബന്ധമായും വേറൊരു തെരഞ്ഞെടുപ്പില്ലാതെ അസ്വസ്ഥരാവുന്നു.. 

വിധി, അതിലെ നൻമയും തിന്മയും, ജീവിതം മൊത്തം തന്നെയാണ്, ജീവിതം മാത്രമാണ്, ദൈവം തന്നെയാണ്, ദൈവം മാത്രമാണ്, ദൈവത്തിൽ നിന്ന് മാത്രമാണ്, ജീവിതത്തിൽ നിന്ന് മാത്രമാണ് എന്നറിയാതെ.

അകപ്പെട്ട വണ്ടിക്കുള്ളിൽ ഉള്ളതെല്ലാം നമ്മുടേത് കൂടി എന്നറിയാതെ.

1 comment:

Ranjith poomuttam said...

ശരിയാണ്, ഒരു ദിവസത്തെ ഓട്ടത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കാം എന്നല്ലാതെ, അത് രണ്ട് ദിവസമാക്കാനാവില്ല.