Wednesday, August 23, 2023

അറിയാനാവില്ല എന്നറിയാനാവാത്ത ദൈവമോ?

ദൈവമേ, 

എന്നെ നിർവ്വചിക്കാൻ തന്നെ 

എനിക്കാവുന്നില്ല. 


പിന്നെയാണോ ഞാൻ 

നിന്നെ നിർവ്വചിക്കുന്നത്? 


നിന്നെ നിർവ്വചിക്കാനറിയാത്ത ഞാനെങ്ങനെ 

നീ ഏകനാണെന്നും പലതാണെന്നും 

ശക്തനെന്നും കാരുണ്യവാനെന്നും പറയും? 


ഏകം, പലത്, ശക്തി , കാരുണ്യം 

എന്നതൊക്കെ എൻ്റെ പ്രതലത്തിൽ മാത്രം 

ബാധകമായ സംഗതികളല്ലേ?

*******

സഗുണ ഭാവം സൂചിപ്പിക്കുന്ന 

എല്ലാ പേരുകളും 

ബിംബങ്ങൾ പോലെ ബിംബങ്ങൾ. 


ഭാഷയിൽ കൊത്തിയ ബിംബം, 

നിറത്തിൽ ചാലിച്ച ബിംബം,

രൂപത്തിലും കൊലത്തിലും കൊത്തിയ ബിംബം. 


കയറാനും മനസ്സിലാക്കാനും ഉള്ള 

കോണിപ്പടികൾ ബിംബങ്ങൾ.

******

അങ്ങനെയൊരു നിർവ്വചിത രൂപവും ഭാവവും നിശ്ചിത അവസ്ഥയും ഇല്ല. 

മാങ്ങയുടെ പുളിയും മധുരവും മാങ്ങക്കും മാവിനും അറിയില്ല. 

മാങ്ങയെ മാങ്ങയെന്ന് മാങ്ങയും മാവും പേര് വിളിച്ചില്ല. 

ആ പേര് മറ്റാരോക്കെയോ അവരുടെ അവസ്ഥയും സൗകര്യവും അനുഭവവും പോലെ വിളിച്ചത് മാത്രം.

ഒരു ബുദ്ധന്നും സൂഫിക്കും താൻ ബുദ്ധനാണെന്നും സൂഫിയാണെന്നും പറയാൻ സാധിക്കില്ല.

******

ദൈവത്തെ ആർക്കും ശരിക്കും അറിയാനാവാത്തത് വലിയ കുറ്റമായി കാണുന്ന ദൈവമോ? 

ദൈവത്തെ ആർക്കും ശരിക്കും അറിയാനാവില്ല എന്നറിയാനാവാത്ത ദൈവമോ? 

മതം എഴുതിപ്പിടിപ്പിച്ച ദൈവം വല്ലാത്ത അല്പനായ ദൈവം.

*******

വില, വിലപ്പെട്ടത്, 

അന്വേഷിക്കൽ, കണ്ടെത്തൽ, 

പരീക്ഷിക്കുക, വിജയിക്കുക, തോൽക്കുക 

എന്നതൊക്കെ നമ്മുടെ മാനത്തിൽ 

ആ മാനത്തിൻ്റെ പരിമിതികളും 

മാനദണ്ഡങ്ങളും വെച്ച് തോന്നുന്നത്. 

അത് തന്നെ ദൈവത്തിൽ 

ആരോപിച്ച് വിശേഷിപ്പിച്ച് 

ദൈവത്തെ നാം ചുരുക്കുന്നു.

*********

നാം കണ്ടില്ലെങ്കിലും കണ്ടെത്തിയില്ലെങ്കിലും 
ദൈവമുണ്ട്, 
ആ ദൈവം നമ്മെ കാണും, കണ്ടെത്തും. 

പിന്നെന്താണ് പ്രശ്നം, 
ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്താൻ മാത്രം? 

*******

വെറും വെറുതെ കൂടെയുണ്ടെന്ന് പറയരുത്. 

പറ്റാത്തത് ഏറ്റെടുക്കരുത്. 

കാരണം, 

അങ്ങനെ പറഞ്ഞ് ഏറ്റെടുത്ത നിങ്ങള്‍ക്ക് 

പിന്നീടവരെ കണ്ടുമുട്ടുന്നത് പോലും 

വെറുപ്പാകും, പേടിയാവും. 

മനസ്സാക്ഷി ബാക്കിവെച്ചെങ്കിൽ 

നിങ്ങളുടെ വാക്കുകൾ 

നിങ്ങളെ തുറിച്ചുനോക്കും.

No comments: