Tuesday, August 29, 2023

ആശുപത്രി വരാന്തയിൽ നിന്ന് പറയട്ടെ.

ആശുപത്രി വരാന്തയിൽ നിന്നും 

ചിലത് പറയട്ടെ.


അമ്പലവും പള്ളിയും ചർച്ചും

ഒരുമിക്കുന്നിടത്ത് വെച്ച് 

അമ്പലവും പള്ളിയും ചർച്ചും 

ആവശ്യമാകാത്തിടത്ത് വെച്ച് 

ചിലത് പറയട്ടെ.


യുക്തിയും ന്യായവും തെറ്റുന്നു.

എല്ലാം കലങ്ങി മറിയുന്നു.

വെറും നിലവിളി

പ്രാർത്ഥനയും പ്രയത്നവുമാകുന്നു.

ശരിയിൽ തെറ്റും

തെറ്റിൽ ശരിയും ഉണ്ടെന്ന് വരുന്നു.

ഒന്നിലും ഒന്നുമില്ലെന്നും വരുന്നു.


ശരിയാണ്.

പ്രത്യക്ഷത്തിലുള്ള

അറിവല്ല, സംഗതിയല്ല

പരോക്ഷത്തിന്.


അതൊരു ന്യായമാണ്.


പ്രത്യക്ഷം പരോക്ഷത്തിനോ

പരോക്ഷം പ്രത്യക്ഷത്തിനോ

ന്യായം, കാരണം.

രണ്ടും ഒന്നായങ്ങനെ.


തൊലി പഴത്തിനും

പഴം തൊലിക്കും

ന്യായം, കാരണം.

രണ്ടും ഒന്നായങ്ങനെ.


കുട്ടികൾ പ്രത്യക്ഷത്തിൽ 

കാണാത്തത്, മനസ്സിലാക്കാത്തത്

മുതിർന്നവർ കുട്ടികൾക്ക് വേണ്ടി 

പരോക്ഷത്തിൽ കാണുന്നു, മനസ്സിലാക്കുന്നു.

രണ്ടും ഒന്നായങ്ങനെ

ജീവിതം വളരുന്നു, തളരുന്നു.


കുട്ടികളുടെത്

കുട്ടികൾക്ക് പ്രത്യക്ഷം.


മുതിർന്നവരുടെത് 

മുതിർന്നവർക്ക് പ്രത്യക്ഷം.


ബാക്കിയെല്ലാം 

എല്ലാവർക്കും പരോക്ഷം. 


തെല്ലൊരു ആശ്വാസം തോന്നുന്നുണ്ട്

ഈയൊരു ന്യായത്തിൽ.


******


കുട്ടികൾക്കും മുതിർന്നവർക്കും തമ്മിലുള്ളതിനേക്കാൾ

എത്രയോ ദൂരം 

ആത്യന്തികതയുമായി ആപേക്ഷികതക്ക്,

നിനക്ക് ദൈവവുമായി

എന്നും വരുമോ?


വളരേ അടുത്തെന്നത്

ദൂരമില്ല, ദൂരത്തല്ല 

എന്നതിന് ന്യായമല്ല.


അറിവും അറിവില്ലായ്മയും 

ബുദ്ധിയും ബുദ്ധിയില്ലായ്മയും 

അടുത്തായിരിക്കെയും പരസ്പരം

എത്രയോ അകലെ. 


ശരിയാണ്,

ആപേക്ഷികതയിലുള്ള അറിവല്ല

ആത്യന്തികതയിലേത്.

ആത്യന്തികതയിൽ അറിവേ ഇല്ല,

അറിയാനില്ല. 


ശരിയാണ്,

ആപേക്ഷികതയിൽ ബാധകമായതല്ല 

ആത്യന്തികതയിൽ ബാധകം.


എല്ലാം നേരേ മറിച്ചും തിരിച്ചും.


അതുമൊരു ന്യായമാണ്.


******


ആത്യന്തികതയിൽ നിന്ന് നോക്കിയാൽ

ഭക്ഷണവും ഛർദ്ദിയും ഒന്ന്.


ക്ഷണമാത്രയിൽ

ഭക്ഷണവും ഛർദ്ദിയും തമ്മിൽ 

എത്ര ദൂരം?


ക്ഷണമാത്രയിൽ

ഭക്ഷണം ഛർദ്ദി എന്ന

വകതിരിവുണ്ടാവുന്നു,

നന്മ തിന്മകൾ ഉണ്ടാവുന്നു,

അവക്കിടയിൽ ദൂരമുണ്ടാകുന്നു.


വായിലൂടെ കൊടുത്താൽ

മധുരമുള്ള തേൻ.

നേരിട്ട് രക്തത്തിൽ കൊടുത്താൽ

അതേ തേൻ വിഷം.


നന്മ തന്നെ

ക്ഷണമാത്രയിൽ തിന്മ.


ദൈവം തന്നെ പിശാച്.


നന്മയും തിൻമയും

ഒന്ന് തന്നെ, ഒന്നിൽ നിന്ന് തന്നെ. 


*******


വിഷയം അതല്ല.


പരോക്ഷത്തിലും

ആത്യന്തികതയിലും

എന്തെങ്കിലുമാവട്ടെ...


അറിവും അറിവില്ലായ്മയും തമ്മിൽ

എന്തെങ്കിലുമാവട്ടെ...


പ്രത്യക്ഷത്തിലുള്ളതും

ആപേക്ഷികതയിലുള്ളതും

എന്തിന് വേദനിച്ചുപുളയണം ?


ഒരിളം കുഞ്ഞുപൈതൽ

ഒരു കാരണവുമറിയാതെ

മാറാരോഗിയായി 

വേദനിച്ചു പുളയുമ്പോൾ,


വെറും പച്ചപ്പാവങ്ങൾ 

ഒരു കാരണവുമറിയാതെ

രോഗവും ദാരിദ്ര്യവും കൊണ്ട്

വിഷമിച്ചു കഴിയുമ്പോൾ,


അതിനെന്ത് ന്യായം? 


******


എല്ലാം

ആത്യന്തികതക്കറിയാമെന്നതോ

ന്യായം?

 

അതല്ലേൽ,

ആത്യന്തികതയും 

ഇതറിയാതെ പോകുന്നുവോ?


അതല്ലേൽ,

ആത്യന്തികതക്കും 

ഇത് നിയന്ത്രിക്കാൻ

സാധിക്കാതെ പോകുന്നുവോ?


കാരണം,

അറിവ്, അറിവില്ലായ്മ,

വേദന, സുഖം 

സന്തോഷം, അനുഗ്രഹം 

ഇവയൊക്കെയും 

ആപേക്ഷികതയിൽ മാത്രം 

ബാധകമായ വികാരം

എന്നതോ ന്യായം?


എങ്കിൽ ആപേക്ഷികത എന്ന 

കുടുക്കം, തടവറ

എന്തിന്?


*******


സർവ്വലോകവും 

ആരെങ്കിലും ബോധം ചെലുത്തി

സൃഷ്ടിച്ചതാണെങ്കിൽ, 

അങ്ങനെ ബോധം ചെലുത്തി 

സൃഷ്ടിച്ചവൻ നീയാണെങ്കിൽ, 

ഉറപ്പാണ് ആ നീയതറിയാതെ പോവില്ല. 

നീയറിയാതെ ഒന്നും പോവില്ല.

നീയറിയാതെ ഒന്നും പോവാൻ പാടില്ല.


എന്നിട്ടും,

നീ അറിഞ്ഞിട്ടും

നീ അറിഞ്ഞ് കൊണ്ടും

എന്തുകൊണ്ട് ഇതൊക്കെയും 

ഇങ്ങനെ?


ഇങ്ങനെയൊക്കെ വരുമ്പോൾ 

എല്ലാം സൃഷ്ടിച്ച നീ 

എന്താണ്, ആരാണ്? 


എല്ലാം സൃഷ്ടിച്ച 

നിൻ്റെ പ്രപഞ്ചസൃഷ്ടിയും 

സ്ഥിതിയും സംഹാരവും

എന്താണ്, എങ്ങിനെയാണ്? 


എല്ലാം സൃഷ്ടിച്ച്  

സ്ഥിതി നടത്തി സംഹരിക്കുന്ന

നിൻ്റെ അറിവും നിയന്ത്രണവും 

എന്താണ്, എങ്ങിനെയാണ്?


എല്ലാം സൃഷ്ടിച്ച 

സ്രഷ്ടാവും നിയന്താവുമായ

നിൻ്റെ അളവുകോലുകൾ 

എന്തൊക്കെയാണ്, 

എങ്ങനെയൊക്കെയാണ്?


******

സംശയം അതാണ്.


സൃഷ്ടിയിൽ നിന്നും 

സ്രഷ്ടാവായ നിന്നിലേക്ക് 

വഴിയുണ്ടോ, ദൂരമുണ്ടോ?


ഉണ്ടെങ്കിലുള്ള

ആ ദൂരവും വഴിയും കവച്ച് 

സൃഷ്ടിക്ക് സ്രഷ്ടാവായ നിന്നെ

ബോദ്ധ്യമാകുമോ?


അങ്ങനെയൊരു വഴിയും ദൂരവും 

സൃഷ്ടിയായതിൽ നിന്നും നിന്നിലേക്കുണ്ടെങ്കിൽ, 


അങ്ങനെയൊരു വഴിയും ദൂരവും 

സൃഷ്ടിയായതിൽ നിന്നും 

നിന്നിലേക്ക് വേണ്ടതുണ്ടെങ്കിൽ, 


ആ വഴിയും ദൂരവും

എന്താണ്, എങ്ങിനെയാണ്?


ആ വഴിയെ, ആ ദൂരത്തെ 

സൃഷ്ടി എങ്ങനെ മനസ്സിലാക്കണം?

എങ്ങനെ കവച്ചുകടക്കണം?


ഉണ്ടെങ്കിൽ ഉള്ള 

ആ ഒരു വഴിയും ദൂരവും  

സൃഷ്ടിക്ക് എങ്ങനെ

എളുപ്പം മനസ്സിലാക്കാം? 


ഒരു സൃഷ്ടിക്കും ഒന്നുമറിയില്ല.


അതിനാൽ തന്നെ 

എന്തെങ്കിലും ചോദിക്കേണ്ടതുണ്ടോ

ചോദിക്കാതിരിക്കേണ്ടതുണ്ടോ, 

എന്നതും 

ഒരു സൃഷ്ടിക്കും ആർക്കുമറിയില്ല.


ആരെങ്കിലും എന്തെങ്കിലും ചോദിച്ചറിയേണ്ടതായ,


ആരെങ്കിലും എന്തെങ്കിലും

ചോദിച്ചിട്ടില്ലെങ്കിൽ

അറിയാത്തതായ, 

ചെയ്യാത്തതായ

എന്തെങ്കിലും

നിനക്കുണ്ടോ, 

നിനക്കുണ്ടാവുമോ

എന്നതുമറിയില്ല. 


എന്നതും 

ഒരു സൃഷ്ടിക്കും ആർക്കുമറിയില്ല.

1 comment:

Suresh babu said...

യാഥാർത്ഥ്യത്തിന്റെ
വേദനയ്ക്കൊപ്പം നിൽക്കുക.
ആപേക്ഷികതയും
ആത്യന്തികതയും എല്ലാം നമ്മുടെ
മനോവ്യാപാരങ്ങൾ.
കൂടെ നില്ക്കാം എന്നൊരു
വാക്കല്ലാതെ ഒരു മനസ്സല്ലാതെ
എനിക്കെന്ത് നൽകാൻ കഴിയും?