Sunday, August 6, 2023

എല്ലാം തെറ്റാണെന്ന് പറയുന്നതിന് പകരമാണ് എല്ലാം ശരിയാണെന്ന് പറയുന്നത്

നിങൾ പറയുന്നത് ശരി തന്നെ.  ഒരളവോളം.

എങ്കിലും പറയട്ടെ. 

ദൈവത്തെ കുറിച്ച് ആർക്കും ഒന്നും അറിയില്ല എന്നത് തർക്കമില്ലാത്ത കാര്യം. 

ആരെങ്കിലും ദൈവത്തെ കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും അറിയുന്നതും പറയുന്നതും അയാൾക്ക് മാത്രം ബാധകം. മറ്റുള്ള ആർക്കും മനസ്സിലാവാത്തത്, ബാധകമല്ലാത്തത്. 

ആപേക്ഷികതയിൽ നിന്നും ആത്യന്തികതയെ മനസ്സിലാക്കുന്നതിൻ്റെ ദൂരവും പ്രയാസവും ആണത്. 

അതുകൊണ്ടാണ് ആത്മനിഷ്ഠതയും അതിൻ്റെ വൈവിധ്യവും ആ വൈവിധ്യങ്ങളിലെ പരസ്പര വിരുദ്ധം തന്നെയായിരിക്കെ തന്നെയുള്ള ശരിയും തെറ്റും ഒരുപോലെ തെറ്റും ശരിയുമായി കണക്കാക്കേണ്ടി വരുന്നതിൻ്റെയും ആവശ്യം വരുന്നത്. 

ആത്യന്തികതയെ, അഥവാ ദൈവത്തെ ആർക്കും അറിയില്ല, മനസ്സിലാവുന്നില്ല എന്നതിനെ നമ്മൾ അവഗണിച്ചത് കൊണ്ടും നിഷേധിച്ചത് കൊണ്ടും കാര്യമില്ല. അവഗണിച്ചാലും നിഷേധിച്ചാലും അതില്ലാതെയാവില്ല. 

ആത്യന്തികത മാത്രമായ ദൈവത്തെ വിടുക. ആപേക്ഷിതയിൽ മാത്രമുള്ള അവനവനെക്കുറിച്ചും ആർക്കും ഒന്നും അറിയില്ല എന്നതും തർക്കമില്ലാത്ത കാര്യം. ഇതും അവഗണിച്ചത് കൊണ്ടും നിഷേധിച്ചത് കൊണ്ടും കാര്യമില്ല. അവഗണിച്ചാലും നിഷേധിച്ചാലും അതില്ലാതെയാവില്ല.

ആ സ്ഥിതിക്ക് അവനവനെ കുറിച്ചും ദൈവത്തെ കുറിച്ചും അറിയുന്ന കാര്യത്തിൽ എല്ലാവരും വ്യത്യസ്തമായ പ്രതലത്തിലും ദൂരത്തിലും തന്നെ. നിസ്സഹായതയിൽ തന്നെ. നിസ്സഹായത സമ്മാനിക്കുന്ന ഊഹങ്ങളിൽ തന്നെ. നിസ്സഹായതയും അറിവില്ലായ്മയും നൽകുന്ന നൽകുന്ന സ്വാതന്ത്ര്യത്തിലും അസ്വാതന്ത്ര്യത്തിലും തന്നെ.

ഓരോരുത്തരും അനുഭവിക്കുന്ന അറിവില്ലായ്മയും നിസ്സഹായതയും ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് ഭംഗിയായി അറിയുകയും മനസ്സിലാവുകയും ചെയ്യും (അറിയുക, മനസ്സിലാവുക എന്ന പ്രയോഗവും സങ്കല്പവും പോലും നമ്മുടെ മാനത്തിനുള്ളിലെ മാനദണ്ഡങ്ങൾ വെച്ചുള്ള സംഗതികൾ മാത്രമെങ്കിലും). 

നാം കുഞ്ഞുകുട്ടികളെ മനസ്സിലാക്കുന്നതിൻ്റെയും മനസ്സിലാക്കാൻ തയാറാവുന്നതിൻ്റെ നൂറായിരം മടങ്ങ് സാധ്യത വെച്ച് ദൈവത്തിന് അറിയുകയും മനസ്സിലാവുകയും ചെയ്യും.

ഒരു കുഞ്ഞുകുട്ടി മുതിർന്ന നമ്മളെ, നമ്മൾ നമ്മളെ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കുമെന്നും മനസ്സിലാക്കണമെന്നും നമ്മൾ നമ്മുടെ ആപേക്ഷിക മാനത്തിൽ വെച്ച് പോലും കരുതുന്നില്ല. 

അങ്ങനെ നമ്മൾ നമ്മളെ മനസ്സിലാക്കുന്നത് പോലെ ഒരു കുഞ്ഞുകുട്ടിയും നമ്മളെ മനസ്സിലാക്കണമെന്ന് നമുക്കാർക്കും അങ്ങനെയൊരു നിർബന്ധം  പിടിക്കാനാവില്ല.

കുഞ്ഞുകൂട്ടി മനസ്സിലാക്കില്ല എന്നത്, നമ്മളും കുഞ്ഞുകുട്ടിയും അകപ്പെട്ട ഈ ആപേക്ഷിക ലോകത്ത് നമ്മൾ തന്നെയും കുഞ്ഞുകുട്ടിക്ക് സമ്മതിച്ച് കൊടുക്കുന്നത്.  ഇത് വെച്ച് മാത്രം നോക്കിയാൽ മതി ആത്യന്തികതയെ നമ്മൾ മനസ്സിലാക്കാത്തതും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തതും. 

അറിയാത്ത കുട്ടിക്ക് നമ്മുടെ ഭാഗത്ത് നിന്ന് പൂർണമായ വിട്ടുവീഴ്ച. കുട്ടിയുടെ കഴിവുകേടും നിസ്സഹായതയും സമ്മതിച്ച് കൊടുത്തു കൊണ്ട്. കുട്ടിക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന അടിസ്ഥാനധാരണ വെച്ച് കൊണ്ട്. 

ദൈവവുമായുള്ള നമ്മുടെ ദൂരം നമുക്ക് കുട്ടിയുമായിയുള്ളതിൻ്റെ നൂറായിരം മടങ്ങാണ്. ദൈവം വളരേ അടുത്ത് നമ്മോട് ഒട്ടിയിരിക്കെ തന്നെയാണ് ഈ ദൂരവും പ്രയാസവും. എന്നിരിക്കെ അതും വകവെച്ച് കൊടുക്കപ്പെടും, കൊടുക്കപ്പെടണം.

കുഞ്ഞുകുട്ടിക്ക് മുതിർന്നവരെ മനസ്സിലാക്കാൻ കഴിയാത്തതിൻ്റെ നൂറായിരം മടങ്ങ് വെച്ച് മനുഷ്യന് ദൈവത്തെ മനസ്സിലാക്കാൻ കഴിയില്ല. 

ഇവിടെ 4+1=5 എന്നത് പോലുളള കൃത്യമായ വഴികൾ ഇല്ല. 

അഞ്ച് എന്നതിൽ തന്നെ ശരിക്കും എത്തേണ്ടതുണ്ടോ എന്ന് പോലും ഇല്ല, അറിയില്ല. 

നമ്മുടെ മാനത്തിനുള്ളിൽ ബാധകമായത് നമ്മുടെ മാനത്തിന് പുറത്തുള്ളതിന് ബാധകമല്ലല്ലോ? 

നമ്മുടെ മാനത്തിനുള്ളിൽ തന്നെ 4+1 മാത്രമല്ലല്ലോ അഞ്ച്? 5+0 യും 2+3 ഉം 1+4 ഉം 3+2ഉം 0+5 ഉം ഒക്കെ അഞ്ച് തന്നെയാണല്ലോ?

അതുകൊണ്ട് കൂടിയല്ലേ ഓരോരുത്തരും എങ്ങിനെ ദൈവത്തെ ഊഹിച്ച് മനസ്സിലാക്കുന്നുവോ അങ്ങനെയാണ് അവന് അവൻ്റെ ദൈവം എന്ന് വരുന്നത്? 

എന്നത് കൊണ്ടല്ലേ "അന ഇന്ത ളന്ന് അബ്ദീ" എന്ന ഖുദ്സീയായ ഹദീസ് ശരിയെന്ന് വരുന്നത്? 

ദൈവത്തിൻ്റെ അടിമയുടെ ഏത് ഊഹത്തിലുമാണ് ദൈവം എന്നത് ശരിയാവുന്നത് അതുകൊണ്ടല്ലേ? 

ഒരോരുത്തൻ്റെയും കഴിവും കഴിവുകേടും പോലെ.

ആരും മറ്റൊരാൾ മനസ്സിലാക്കിയത് പോലെ തന്നെ മനസ്സിലാക്കുക നിർബന്ധമല്ലാതെ. 

ആർക്കും മറ്റൊരാൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക സാധ്യമല്ലാതെ. 

ചുരുങ്ങിയത് തന്നെ താൻ മനസ്സിലാക്കുന്നത് പോലെ മനുഷ്യനും മനസ്സിലാക്കണം എന്നത് ദൈവത്തിൻ്റെ വാശിയും ആവശ്യവും ആവില്ല, ആവരുത്. മനുഷ്യൻ മനുഷ്യൻ്റെ വികാരവും വിചാരവും പരിമിതികളും ന്യൂനതകളും വെച്ചുള്ള ആവശ്യം ദൈവത്തിൽ ആരോപിക്കാതിരുന്നാൽ മാത്രം മതി.

അത്രക്ക് വാശിക്കാരനും ആവശ്യക്കരനും നമ്മുടെയൊക്കെ വിശ്വാസത്തെ നിർബന്ധമായും  ആശ്രയിക്കുന്ന അല്പബുദ്ധിക്കാരനുമായി ദൈവത്തെ ചിത്രീകരിക്കരുത്. 

അങ്ങനെ ദൈവത്തെ അൽപ്പബുദ്ധിക്കാരനായി ചിത്രീകരിക്കുമ്പോഴാണ് മതം രൂപപ്പെടുന്നത്. ദൈവം ചുരുങ്ങി പിശാചാവുന്നത്. ഒന്ന് മാത്രം ശരിയെന്ന അസഹിഷ്ണുതയും തീവ്രതയും അവസാനവാദവും വരുന്നത്, രൂപപ്പെടുന്നത്. 

ദൈവം പോലും ആവശ്യപ്പെടാത്ത, ദൈവം പോലും അറിയാത്ത ദൈവവാദം ദൈവത്തിൻ്റെ പേരിൽ ഉടലെടുക്കുന്നതും വിഭജനവും വെറുപ്പും ഫലമാവുന്നതും അങ്ങനെയാണ്. 

തുറന്ന് സ്വതന്ത്രനായി നിൽക്കുന്ന ദൈവത്തിൻ്റെ പേരിൽ അടഞ്ഞ് അസ്വതന്ത്രനായി നിൽക്കുന്ന പിശാച് വിപണനം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. 

*******

(കൂടെ പൂർണതക്ക് വേണ്ടി ഇതും ചേർത്തു വെക്കുന്നു):

എല്ലാം തെറ്റാണെന്ന് പറയുന്നതിന് പകരമാണ് എല്ലാം ശരിയാണെന്ന് പറയുന്നത്. ശരിയായ ശരി ആരും കാണുന്നില്ല. അത് കാണാനുള്ള കണ്ണും കഴിവും ആർക്കുമില്ല. എല്ലാവരും അവനവൻ്റെ കോണിൽ നിന്ന് എന്തൊക്കെയോ കാണുന്നു, മനസ്സിലാക്കുന്നു. അത്രമാത്രം. എന്നിരിക്കെ ആരെങ്കിലും മാത്രം, ഏതെങ്കിലും മാത്രം തെറ്റാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

******

വസ്തുനിഷ്ഠ ലോകത്ത്, നാം ജീവിക്കുന്ന ലോകത്തിൻ്റെ കാര്യത്തിൽ, വസ്തുതാപരമായി പറയേണ്ട വിഷയങ്ങളിൽ നിങൾ പറഞ്ഞത് ശരിയാണ്.  അതും ഒരളവോളം മാത്രം.

ഒരേയൊരു ശരിയുണ്ട്. പലപ്പോഴും. അങ്ങനെയൊരു ശരി മാത്രമുണ്ടെങ്കിൽ ആ ഒരേയൊരു ശരി കണ്ടെത്തുക തന്നെയാണ് വേണ്ടത്.

എന്നാലും വസ്തുനിഷ്ഠ ലോകത്തിൽ പോലും ഒരേ കാര്യത്തിൽ പല ശരികൾ ഉണ്ടാവുന്നുമുണ്ട്. ഡൽഹിയിലേക്ക് കേരളത്തിൽ നിന്ന് പോകേണ്ടവന് എങ്ങനെയെല്ലാം പോകാം? പല വഴികളുണ്ട്. പല വഴികളിലൂടെ പല രീതിയിൽ പോകാം. 

കേരളത്തിൽ നിന്നല്ലാത്തവർക്ക് ഡൽഹിയിലേക്ക് പിന്നെയും എങ്ങനെയെല്ലാം പോകാമെന്നത് വേറെ കാര്യം. കേരളത്തിൽ നിന്ന് പോകുന്നവരുടെ വഴിയും ദൂരവും തന്നെ അവർക്ക് പൂർണമായും ബാധകമല്ല.

ഡൽഹിയിൽ തന്നെയുള്ളവർക്കും ഡൽഹിയോട് ചേർന്നിരിക്കുന്നവർക്കും എങ്ങനെയെല്ലാം പോകാമെന്നത് പിന്നെയും വേറെ വിഷയം. 

അത് തീർത്തും ഏക വഴിയും ശരിയും ഇല്ല എന്നത് പറഞ്ഞ് വെക്കുന്നു. 

പലർക്കും പല ദിശയിൽ നിന്നും, എന്തിനധികം ഒരേ ദിശയിൽ നിന്ന് പോലും പല വഴികളാണ്. 

ഏതെന്നത് ഓരോരുത്തരും അവരവരുടെ വിതാനം പോലെ തെരഞ്ഞെടുക്കുന്നത്. ഒന്നും തെറ്റല്ല. ഒന്നും ഒന്ന് മാത്രമായി ശരിയുമല്ല. എല്ലാം തെറ്റാണ്, എല്ലാം ശരിയാണ്. വസ്തുനിഷ്ഠ ലോകത്ത് പോലും ആത്മനിഷ്ഠതക്ക് സ്ഥാനമുണ്ട്, വൈവിധ്യത്തിനും വ്യത്യാസങ്ങൾക്കും രുപോലെ ശരിയായി നിലകൊള്ളാനുള്ള സാധ്യതയുണ്ട്.

എങ്കിൽ തീർത്തും വസ്തുനിഷ്ഠമല്ലാത്ത, നമ്മുടെ സർവ്വമാനങ്ങൾക്കും മാനദണ്ഡങ്ങൾക്കും പുറത്തായ ദൈവവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്തായിരിക്കും കഥ? ആർക്കും ഒന്നും അറിയില്ല. എത്ര അറിയാമെന്ന് പറഞ്ഞാലും ആർക്കും ഒന്നും അറിയില്ല. ഏത് പ്രവാചകനെ (???) എത്ര കൃത്യമായി പിന്തുടരണമെന്ന്  അവനവനു ശരിയെന്ന് തോന്നുന്ന എന്ത് തെളിവ് വെച്ച് പറഞ്ഞാലും ആർക്കും ഒന്നും അറിയില്ല, ആർക്കും ഒന്നും വ്യക്തമല്ല. അവകാശവാദങ്ങളും വ്യാഖ്യാന-വിശദീകരണക്കസർത്തുകളും എത്രയെല്ലാം നടത്തിയാലും ആർക്കും ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ, ആത്മനിഷ്ഠത മാത്രം നടക്കുന്ന അക്കാര്യത്തിൽ, എല്ലാം ഒരുപോലെ തെറ്റ് എന്ന് പറയുന്നതിന് പകരം എല്ലാം ഒരുപോലെ ശരി എന്ന് പറയുന്നതാവും നല്ലത് എന്ന് പറയാൻ മാത്രം ഉദ്ദേശിച്ചു. ആരും ബോധപൂർവ്വം അക്കാര്യത്തിൽ അറിഞ്ഞ് തെറ്റ് ചെയ്യുന്നവരോ, അറിഞ്ഞ് തെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവരോ അല്ലെന്ന് ഉറപ്പുള്ളതിനാൽ. എല്ലാവരും ഏറെക്കുറെ വീണുകിട്ടിയത് വടിയാക്കി, ശരിയാക്കി കൊണ്ടുനടക്കുക തന്നെയാണ് എന്ന് ഉറപ്പുള്ളതിനാൽ. മഹാ മഹാ ഭൂരിപക്ഷത്തിൻ്റെയും കാര്യത്തിൽ.

No comments: