Tuesday, August 15, 2023

നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ചെയ്യുന്ന കാര്യം ശരിയാകാനുള്ള ന്യായമല്ല.

ഒരാളുടെ നിഷ്ക്കളങ്കതയും ശുദ്ധമനസ്സും മാത്രം (അവകാശവാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ) അയാൾ ചെയ്യുന്ന കാര്യം ബുദ്ധിപരവും ശരിയും ആകാനുള്ള ന്യായമല്ല. 

മാത്രവുമല്ല പലപ്പോഴും കൃത്യമായ വിവരത്തിൻ്റെ പിൻബലമില്ലാത്ത, ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്ത നിഷ്ക്കളങ്കതയും ശുദ്ധമനസ്സും സംഗതി നടത്തുന്നതിലെ പ്രയാസവും ദൂരവും താമസവും കൂട്ടൂക മാത്രം ചെയ്യും. ഫലത്തിൽ അത് സംഗതി ചെയ്യാത്തതിനും ചെയ്യുന്നതിന് നേർവിപരീതഫലം ഉണ്ടാക്കുന്നതുമാക്കും. ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യുന്നത് ഇങ്ങനെ മാത്രം.

മരിക്കുന്നതിന് മുൻപ് കൊണ്ടുകൊടുക്കേണ്ട വെള്ളവും മരുന്നും ബുദ്ധിരാഹിത്യവും വിവരക്കേടും കാരണം മാത്രമായി നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും മരിച്ചതിന് ശേഷം എത്തിക്കുന്നത് പൊലെ ആവും കാര്യം.

പശുവും ചത്ത് മോരിൻ്റെ പുളിയും പോയതിനു ശേഷം ആ പശുവിനുള്ള തീറ്റ കൊണ്ടുവരുന്നത് പോലെ. 

തീവണ്ടി പോയതിനു ശേഷം മാത്രം പ്ലാറ്റ്ഫോമിൽ ആ വണ്ടിക്ക് വേണ്ടി എത്തുന്നത് പോലെ. 

ആപേക്ഷിക വ്യാവഹാരിക ലോകത്തെ മാനവും മാനദണ്ഡവും വെച്ചാണ്, അത്തരം കാര്യങ്ങളിലാണ് ഇത് പറയുന്നത്. 

ആത്യന്തിക കാര്യത്തിൽ എല്ലാവരും ഒരുപോലെ നിസ്സഹായരാണ്. 

ആത്യന്തിക കാര്യത്തിൽ എല്ലാവരും ഒരുപോലെ തെറ്റാണ് എന്നതിനാൽ എല്ലാവരും ഒരുപോലെ ശരിയാണ് എന്ന് പറയാം എന്ന് മാത്രം.

നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും ഒരാൾക്ക് ആപേക്ഷിക വ്യാവഹാരിക ലോകത്ത് എത്ര വലിയ പമ്പരവിഡ്ഢിത്തവും കൊടുംക്രൂരതയും ചെയ്യാം. മൊത്തം സംഗതികളുടെ ദിശയും ഗതിയും മാറ്റാം. 

ഒരാൾ അയാളുടെ കാര്യത്തിൽ അവകാശപ്പെടുന്ന നിഷ്ക്കളങ്കതയോടെയും ശുദ്ധമനസ്സോടെയും സ്നേഹം പറഞ്ഞ് തന്നെ മറ്റൊരാളെ നക്കിക്കൊല്ലുക എന്നത് ഒരുപക്ഷേ ഞെക്കിക്കൊല്ലുന്നതിനേക്കാൾ ഭയാനകമായതാണ്, ക്രൂരമാണ്.

കാരണം നക്കിക്കൊല്ലുമ്പോൾ, ഇരക്ക് (മറ്റേയാൾക്ക്) അല്ലെങ്കിൽ തന്നെ സ്വയം എടുക്കാമായിരുന്ന ന്യായമായ പ്രതിരോധം പോലും എടുക്കാൻ സാധിക്കാതെ വരും. 

എല്ലാ പ്രതിരോധവും വേണ്ടെന്ന് വെപ്പിക്കും വിധം സ്നേഹിച്ച്, സ്നേഹം വാദിച്ച് നക്കിക്കൊല്ലുകയാണല്ലോ? എന്ത് ചെയ്യാം?

ദൈവത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ ബലികൊടുക്കുന്ന നിഷ്ക്കളങ്കതയും ശുദ്ധമനസ്സും നോക്കൂ. സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനെ അത് അല്പവും വിഡ്ഢിത്തമല്ലാത്തതും ക്രൂരമല്ലാത്തതും തെറ്റല്ലാത്തതുമാക്കുന്നില്ല.

മംഗലാപുരം പോകേണ്ടവൻ കൊച്ചിയിലേക്കുള്ള ബസ്സിൽ ശുദ്ധമനസ്സോടെയും നല്ല ഉദ്ദേശത്തോടെയും കയറിയത് കൊണ്ട് കാര്യമില്ല. 

അവൻ മംഗലാപുരം എത്തില്ല. 

അവൻ്റെ ദൂരവും പ്രയാസവും കൂടും. 

അവൻ്റെ സമയവും അദ്ധ്വാനവും ഒരേറെ നഷ്ടമാകും.

അക്കാര്യത്തിൽ അവൻ കയറിയ ബസ്സും ആ ബസ്സ് പോകുന്ന ദിശയും തെറ്റാണ്. 

ശരിയായ വിവരം കൂടാതെയുള്ള നല്ല ഉദ്ദേശവും ശുദ്ധമനസ്സും അതിൻ്റെ അടിസ്ഥാനത്തിൽ മാത്രം നടത്തുന്ന തെറ്റായ പ്രവൃത്തിയെ ശരിയാക്കില്ല.

മാത്രമല്ല, അതവനെ അവൻ്റെ ഉദ്ദിഷ്ടകാര്യത്തിൽ നിന്നും ബഹുദൂരം പിറകിലാക്കും.

വസ്തുതാപരമായും വസ്തുനിഷ്ഠമായും ഒരുകാര്യം തെറ്റെങ്കിൽ അത് തെറ്റ് തന്നെ. 

നിഷ്ക്കളങ്കതയും ശുദ്ധമനസ്സും തീർത്തും ആത്മനിഷ്നിഷ്ഠമായ കാരൃം മാത്രം. 

വസ്തുതാപരതയും വസ്തുനിഷ്ഠതയും നടക്കാത്തിടത്ത് മാത്രം നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ന്യായമാക്കി ആത്മനിഷ്ഠതയെ ശരിയാക്കി പറയാം. 

കുഞ്ഞിന് മരുന്നും ഭക്ഷണവും തെറ്റായി കൊടുക്കുന്നേടത്ത് അത് ശരിയെന്ന് പറഞ്ഞുകൂടാ, സമ്മതിച്ചുകൂട.

ചെയ്യുന്ന ആളുടെ നിഷ്ക്കളങ്കതയും ശുദ്ധമനസ്സും ആർക്കെങ്കിലും സ്വന്തം നിലക്ക് മനസ്സിലായിയെങ്കിൽ അങ്ങനെ മനസ്സിലാക്കിയ ആൾക്ക് അയാളെ അയാൾ ചെയ്ത തെറ്റിൽ നിന്ന് വേണമെങ്കിൽ വ്യക്തിപരമായി കുറ്റവിമുക്തനാക്കാം. 

അപ്പോഴും, അയാൾ ചെയ്ത തെറ്റും, ഒരു കുഞ്ഞും രോഗിയും അയാളുടെ വിവരക്കേട് കാരണവും തെറ്റായ പ്രവൃത്തി കാരണവും കൊല്ലപ്പെട്ടതും, നാട്ടിൽ വലിയ അപകടം ഉണ്ടായതും, നാട് കത്തിയതും നശിച്ചതും കലാപമുണ്ടായതും അതിൻ്റെ വ്യാപ്തിയും അങ്ങനെ തന്നെ നിൽക്കും.

വെറും നൂറ രൂപക്ക് തൊട്ടടുത്ത കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒരു ചാക്ക് മണൽ, തൻ്റെ വിവരക്കേട് മാത്രം ന്യായമാക്കി ശുദ്ധമനസ്സും നല്ല ഉദ്ദേശവും പറഞ്ഞ് നാൽപത് കിലോമീറ്റർ ദൂരം നടന്ന് കടൽക്കരക്ക് പോയി മണൽ ശേഖരിച്ച് മൂന്ന് ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ആ മണൽ കൊണ്ടുവന്നു എന്നത് മഹാ പാതകം തന്നെയാണ്. അത് മണലിൻ്റെ വില കൂട്ടില്ല എന്ന് മാത്രമല്ല, ആ മണൽ ആവശ്യ മില്ലാത്തതാക്കും. ആ മണൽ കൊണ്ട് സമയത്ത് ചെയ്യേണ്ട പണി സമയത്ത് ചെയ്യാൻ സാധിക്കുകയില്ല. 

അയാൾ ചെയ്തത് എത്ര വലിയ നല്ല ഉദ്ദേശവും ശുദ്ധമനസ്സും വെച്ചിട്ടായാലും ശുദ്ധ വിഡ്ഢിത്തം മാത്രം.  

******

ശുദ്ധമനസ്സും നിഷ്കളങ്കതയുമാണ് ചെയ്യുന്ന കാര്യം ശരിയാവുന്നതിന് ന്യായമെങ്കിൽ കുഞ്ഞുകുട്ടികൾ ചെയ്യുന്നത് മുഴുവൻ ശരിയാവേണ്ടതാണ്. 

പക്ഷേ യഥാർഥത്തിൽ എന്താണ് കഥ?  

കുഞ്ഞു കുട്ടികളെ വെറും വെറുതെ ഒറ്റക്ക് എല്ലാം ചെയ്യാൻ വിടുകയാണെങ്കിൽ അവർ ചെയ്യുന്നത് മുഴുവൻ അപകടങ്ങളും അബദ്ധങ്ങളും ആയിരിക്കും.

എന്താണ് കാരണം?

കാരണം, ചെയ്യുന്നത് ശരിയാവാനുള്ള ഏക ന്യായം ശരിയായ അറിവും വിവേകവുമാണ്. 

അവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും ആവശ്യപ്പെടാനും മാത്രമേ അറിയൂ. അറിവിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അറിയില്ല. 

അവർക്ക് അറിവും ഉത്തരവാദിത്തബോധവും കൂടിയ നിരാശ്രയത്വത്തിലേക്ക് നീങ്ങാൻ അറിയില്ല.

അവർക്ക് സ്വാതന്ത്ര്യ മെന്നാൽ പ്രവൃത്തിയും ഭോഗവും കൂട്ടുക എന്ന അർത്ഥം മാത്രമേ അറിയൂ.

സ്വാതന്ത്ര്യമെന്നാൽ കൃത്യമായി അറിഞ്ഞ് മാത്രം എന്തും ചെയ്യുക, ഉത്തരവാദിത്തം പേടിച്ച് പലപ്പോഴും ഒന്നും ചെയ്യാതിരിക്കുക, ഒന്നും ചെയ്യേണ്ടി വരാത്തത്ര ആവശ്യങ്ങൾ കുറഞ്ഞ്, അനാവശ്യങ്ങൾക്ക് പോകാതായി സ്വതന്ത്രനാവുക, അങ്ങനെ നിരാശ്രയത്വം പൂകുക എന്നത് കൂടിയാണ്. എന്നത് കുഞ്ഞുകുട്ടികൾക്ക് മനസ്സിലാവുക പോലുമില്ല.

ചെയ്യുന്നത് ശരിയാവാനുള്ള ഏക ന്യായം വെറും വെറുതെയുള്ള ശുദ്ധമനസ്സും നിഷ്കളങ്കതയുമല്ല. 

No comments: