നീ വിത്താണെങ്കിൽ നിന്നെ മുളപ്പിച്ച് വൃക്ഷവും തോട്ടവും ആക്കുന്നവനാണ് സുഹൃത്ത്.
നീ ഒരടഞ്ഞ മുറിയായിരിക്കുമ്പോൾ ജനാലയായി വന്ന് തുറന്ന് ശുദ്ധവായുവും വെളിച്ചവും ഒപ്പം വിശാലമായൊരു ലോകവും പുറത്ത് നിന്ന് കൊണ്ടുവന്നു തരുന്നവനാണ് സുഹൃത്ത്.
നീ അറിയാത്ത, അറിഞ്ഞിട്ടില്ലാത്ത ലോകത്തേക്ക് നിന്നെ നയിച്ച് പുതിയത് പഠിപ്പിക്കുന്ന ഗുരുവാണ് സുഹൃത്ത്.
ഒറ്റയിൽ ഒറ്റയായി അപരിചിതനായി നിൽക്കുന്ന നിനക്ക് കൂട്ടും ധൈര്യവും തുണയുമാകുന്നവൻ, വഴിയാകുന്നവൻ സുഹൃത്ത്.
അർത്ഥമില്ലാത്ത നിനക്ക് അർത്ഥം തരുന്നവൻ.
നീയൊരു വാക്കാണെങ്കിൽ, ആ വാക്ക് വാക്കാവാൻ പശ്ചാത്തലമൊരുക്കുന്നവൻ.
******
നിനക്കുണ്ടോ, നിനക്ക് വേണമോ എന്നത് നല്ല സുഹൃത്തിന് വിഷയമല്ല.
കണക്ക് നോക്കിയല്ല നല്ല സുഹൃത്ത് ചെയ്യുന്നത്, തരുന്നത്.
നിൻ്റെത് തീരാൻ വേണ്ടി കാത്തിരുന്നു, നിൻ്റെത് തീർന്നാൽ നിനക്ക് തരാം എന്ന് പറഞ്ഞ് കാത്തിരിക്കുന്നവനല്ല സുഹൃത്ത്.
വേണമെന്ന് നീ പറയുന്നത് കൊണ്ടല്ല,
നീ എന്തെങ്കിലും എന്തിനെങ്കിലും ചോദിക്കുന്നത് കൊണ്ടല്ല
ഒരു സുഹൃത്ത് തരുന്നത്.
അവൻ ചെയ്യും, അവൻ തരും.
എന്തിന്, എങ്ങിനെ?
അവന് തോന്നുന്നത് കൊണ്ട്.
അവന് ചെയ്യാൻ സാധിക്കുന്നത്,
അവന് പറ്റുന്നത് അവൻ ഉന്തിയും തള്ളിയും തരും.
നിർബന്ധിച്ച് തരും.
ഉണങ്ങുന്ന കണ്ണിനെ കണ്ണീരായി വന്ന് നനപ്പിച്ച് ജീവിപ്പിക്കുമവൻ.
നീയൊരു ശരീരമാണെങ്കിൽ നിൻ്റെ ഹൃദയവും ശ്വാസകോശവും മിടിക്കുന്നത് പോലെ അവൻ നിനക്ക് വേണ്ടി മിടിക്കും.
*******
ചോദിക്കുന്നവർ നൽകില്ല.
(മൻ ഷാവറ മാ അത്വാ).
അറബിയിൽ ഒരു പഴമൊഴിയാണത്.
നിത്യജീവിതത്തിലെ കാപട്യം തുറന്നുകാണിക്കുന്ന ഒരു വലിയ മൊഴി.
"നിനക്ക് വേണമോ, നിനക്ക് വേണമെങ്കിൽ പറയണേ" എന്ന് ചോദിക്കുന്നവർക്ക് നേരെ അസ്ത്രം കണക്കെ പാഞ്ഞടുക്കുന്ന, വസ്ത്രുമുരിച്ച് കളയുന്ന കരുത്തുറ്റ പാഠം തന്നെയായ മൊഴി.
അങ്ങനെ ചോദിക്കുന്നവർ ചോദിക്കുന്നത് നൽകാനല്ല.
അങ്ങനെ ചോദിക്കുന്നവരോട് വേണമെങ്കിലും നീ വേണമെന്ന് പറയില്ല.
വിശന്ന് പൊരിയുന്നവൻ പോലും അങ്ങനെ ചോദിക്കുന്നവരുടെ വീട്ടിൽ നിന്നും അത്തരം ചോദ്യങ്ങളെ തള്ളി ഇറങ്ങിപ്പോയി അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കും.
ഉപചാരം പോലെ ഉള്ളുപൊള്ളയായ വാക്കുകൾ കോർത്ത് സുന്ദരമായി വെറും വെറുതെ ചോദിക്കുക മാത്രമാണവർ.
ഊതിവീർപ്പിച്ച ബലൂണുകൾ പോലുള്ള ചോദ്യങ്ങൾ.
ചോദിച്ചത് അർത്ഥമാക്കാത്ത വാക്കുകൾ.. വെല്ലുവിളികളെ നേരിടാൻ കഴിയാത്തവ.
യാഥാർത്ഥ്യത്തിൻ്റെ ഏത് മുള്ളും വെളിച്ചവും ഒന്നുമല്ലെന്നു വരുത്തുംവിധം നിമിഷനേരം കൊണ്ട് പൊട്ടിച്ചുകളയും അത്തരം ചോദ്യങ്ങളെ.
******
അത്തരം ചോദ്യങ്ങൾ ഒരുവേള യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മരീചികകൾ സൃഷ്ടിച്ചേക്കും.
പക്ഷേ, അവ സൃഷ്ടിക്കുന്ന മരീചികകളിൽ നീ പ്രതീക്ഷ വെക്കരുത്, കുടുങ്ങരുത്.
മരീചികകളെ നീ അവയായി തന്നെ തിരിച്ചറിയണം.
മരീചികകളിൽ നീ പ്രതീക്ഷ വെച്ചാൽ നീ വഞ്ചിക്കപ്പെടും.
സമയം തന്നെയായ നിൻ്റെ ജീവിതം മരീചികകൾ കാരണം വഴികേടിലാവും, വൃഥാവിലാവും.
*******
അങ്ങനെ ചോദിക്കുന്നവൻ പലപ്പോഴും ചോദിക്കുന്നത്, എന്തോ ചെയ്യുന്നുവെന്ന് വരുത്തി ഒന്നും ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് നേടാനും തേടാനും മാത്രമാണ്.
അവൻ തൊലിപ്പുറത്ത് മാത്രമാണ്.
അത് ഈയുള്ളവൻ തന്നെയായാലും.
അറിയാമല്ലോ, പഴം അനുഭവിക്കുമ്പോൾ തൊലി കളയാനുള്ളതാണ്.
ചിത്രത്തിലെ പഴവും ചാറും വിശപ്പും ദാഹവും മാറ്റില്ല.
********
സൗഹൃദത്തിൻ്റെ വലുപ്പവും ആഴവും അർത്ഥവും നിങ്ങൾക്കറിയില്ലെങ്കിൽ ഈയുള്ളവൻ അറിയിച്ചു തരാം.
ഇതുവരെയും നിനക്കറിയാത്ത ആഴക്കടൽ പോലെ തന്നെയത്.
ഈയുള്ളവൻ ഇതുവരെ ജീവിച്ചെങ്കിൽ, ഈയുള്ളവൻ ഇപ്പോഴും ജീവിക്കുന്നുവെങ്കിൽ അതിന് കാരണം നല്ല സുഹൃത്തുക്കൾ മാത്രമാണ്. അവർ ജീവവായുവും ശ്വാസവും ആകുന്നത് കൊണ്ട്
നല്ല സുഹൃത്ത് നല്ല ജീവിതമാണ്.
നിനക്ക് കളവ് അനുവദനീയമായത് ആ ഒരേയൊരു കാര്യത്തിൽ.
വീണുകിട്ടിയാലും അല്ലെങ്കിലും നിനക്കത് എവിടെ നിന്നും കട്ടെടുക്കാം.
നല്ല സുഹൃത്തിനെ നീ എവിടെ നിന്നും കട്ടെടുക്കണം.
അവൻ മറ്റാരുടെ സുഹൃത്തായാലും ശരി, നീ കട്ടെടുക്കുക.
പിന്നെ നല്ല അറിവും.
നല്ല അറിവും അത് നിനക്ക് വീണുകിട്ടിയാലും അല്ലെങ്കിലും നിനക്ക് കട്ടെടുക്കണം.
ആ അറിവ് മറ്റാരുടെതായാലും ശരി, നീ കട്ടെടുക്കുക.
******
നല്ല സുഹൃത്ത് നിൻ്റെ വേരായി വർത്തിക്കും.
ആകാശത്തിൽ നിൻ്റെ ശിഖരങ്ങൾ ഉയർന്നുനിൽക്കാൻ ആരുമറിയാതെ ഇരുട്ടറകളിൽ വേരുകൾ പണിയെടുക്കും.
അതാണ് നിൻ്റെ സുഹൃത്ത്.
1 comment:
friend in need... എന്ന പ്രശസ്ത ഉദ്ധരണി പോലെ.
Post a Comment