ചില സമയങ്ങളിൽ അങ്ങനെയാണ്.
ഒരു പ്രവൃത്തി ഒരുകുറേ പറച്ചിലാവും.
പലപ്പോഴും ഒരുകുറേ പറച്ചിൽ
ഒരു പ്രവൃത്തി പോലും ആവുകയുമില്ല.
******
സുന്ദരമായ വെറും വാക്കുകൾ
ഉപചാരത്തിനും അഭിനയിച്ചും പറയാം.
അവ
കവിയെ പോലെ
കാൽപനികനായി പറയാം.
കച്ചവടക്കാരനും രാഷ്ട്രീയക്കരനും
പറയും പോലെയും പറയാം.
ഉള്ളു തൊടാതെ,
പൊരുളറിയാതെ,
ഉള്ളു പൊള്ളാതെ,
ഉദ്ദേശിക്കാതെ പറയാം.
യാഥാർത്ഥ്യം മാത്രമായ
ഏത് മുള്ള് കൊണ്ടും
സൂര്യവെളിച്ചം കൊണ്ടും
പൊട്ടിപ്പോകാവുന്ന പറച്ചിൽ
വലുതും സുന്ദരവും എന്ന് തോന്നുന്ന പറച്ചിൽ.
എന്നാൽ
ഉള്ളുപൊള്ളയായ
ബലൂൺ പോലെ
വെറും കാറ്റ് നിറച്ച് വലുതായ,
അർത്ഥത്തിൻ്റെയും ഉദ്ദേശത്തിൻ്റെയും
ഭാരമില്ലാത്ത വാക്കുകൾ.
******
പക്ഷേ,
പ്രവൃത്തി അത് പൊലെയല്ല.
പ്രവൃത്തിക്ക്
ഉദ്ദേശിച്ചാലും ഇല്ലെങ്കിലും
അർത്ഥമുണ്ട്, ഭാരമുണ്ട്, ഫലമുണ്ട്.
പ്രവൃത്തി പ്രവൃത്തിയാവാൻ
വാക്കുകൾ മാത്രമല്ലാത്ത
ഒരുകുറേ കാര്യങ്ങളും ഒത്തുവരേണം.
ഒരുകുറേ ഘടകങ്ങൾ ഒത്തുചേരണം.
*******
നാം എപ്പോഴും
വാങ്ങേണ്ടവരും കിട്ടേണ്ടവരുമാണ്
എന്ന ചിന്ത.
ആ ചിന്തയാണ്
ഏറ്റവും ദുർബലമായ ചിന്ത,
ഏറ്റവും നീചമായ ചിന്ത.
നാം ഒരിക്കലും
നൽകേണ്ടവരും കൊടുക്കേണ്ടവരുമല്ല
എന്ന ചിന്ത.
ആ ചിന്തയാണ്
ഏറ്റവും ദുർബലമായ ചിന്ത.
ഏറ്റവും നീചമായ ചിന്ത.
*******
മലമുകളിൽ തപസ്സിരുന്ന് പറയുന്നതല്ല
ശരിയായ പറച്ചിൽ
ശരിയായ ദർശനം.
മലമുകളിൽ തപസ്സിരുന്ന് പറയുന്നവർ
സ്വയം കുടുങ്ങിപ്പോയവരാണ്.
പ്രായോഗികതയുമായും
യാഥാർത്ഥ്യങ്ങളുമായും
യാതൊരു ബന്ധവും സ്പർശവുമില്ലാതെ.
മലമുകളിൽ തപസ്സിരുന്ന് പറയുന്നവ
ഏറെക്കുറെ കാൽപനികം.
അവനവൻ കുടുങ്ങിയതിനെ
ദർശനമാക്കുന്നത് മാത്രം.
അവനവന്
ന്യായവും ന്യായീകരണവും
ഉണ്ടാക്കുന്നത്.
ചിലന്തി വലനെയ്യും പോലെ.
അവനവനു വേണ്ടി,
അവനവനു ചുറ്റും,
അവനവൻ്റെ പ്രശ്നങ്ങൾക്ക് ചുറ്റും,
അവനവൻ്റെ ഇരപിടിക്കാനും
അവനവൻ രക്ഷപ്പെടാനുമുള്ള
വലകൾ മാത്രം
അത്തരം ദർശനങ്ങൾ, പറച്ചിലുകൾ.
തപസ്സിരിക്കേണ്ടത്
ആശുപത്രിയിലും അങ്ങാടിയിലും.
ആശുപത്രിയിലും അങ്ങാടിയിലുമിരുന്ന്
എല്ലാം കണ്ട് മനസ്സ് മരവിച്ച്
അർത്ഥവും അർത്ഥരാഹിത്യവും അറിയണം,
നിസ്സംഗത പൂകണം
ആശുപത്രിയിലും അങ്ങാടിയിലും.
തപസ്സിരിക്കുന്നത്
അവനവനു വേണ്ടിയല്ല,
അവനവനു ചുറ്റുമല്ല,
അവനവൻ്റെ പ്രശ്നങ്ങൾക്ക് ചുറ്റുമല്ല,
അവനവൻ്റെ ഇരപിടിക്കാനല്ല.
അവനവന് രക്ഷപ്പെടാനുള്ള
വലകൾ മാത്രമായ
ദർശനങ്ങൾ പറയാനല്ല.
ഒളിച്ചോട്ടം മാത്രമായ
ന്യായീകരണം മാത്രമായ
കുറേ മറകളുടെയും മാറാലകളുടെയും
പറച്ചിലുകൾ നടത്താനല്ല.
No comments:
Post a Comment