Wednesday, August 23, 2023

ഒരുടൽ, ഒരു തല, രണ്ട് കൈകൾ, രണ്ട് കാലുകൾ.

പുഴുക്കളിലൂടെ നാമും 

നമ്മളിലൂടെ പുഴുക്കളും. 

കാലാകാലം നാം കണ്ട സൗന്ദര്യങ്ങൾ 

പിന്നീട് ചീഞ്ഞളിഞ്ഞ് 

മണ്ണിൽ മണ്ണായിത്തീർന്നു. 


ആരുമൊന്നും 

അതായിത്തന്നെ തുടരാതെ 

എന്തൊക്കെയോ ആയിത്തീരുന്നു. 

*******

ഒരുടൽ, ഒരു തല, രണ്ട് കൈകൾ, രണ്ട് കാലുകൾ. 

തീർന്നു. ഇത്രയേ ഉള്ളൂ. 

ഇവയും ഇവയിലുള്ളതും നിലനിർത്താനും വളർത്താനും കൊണ്ടുനടക്കാനുമുള്ള ശ്രമം. ജീവിതം.

*******

എങ്ങിനെ എവിടെ നിന്ന് കാണുന്നു, 

എന്ത് കിട്ടി എന്നതിനപ്പുറം എങ്ങനെയെടുക്കുന്നു 

അത് പോലെ ജീവിതം. 


ആശുപത്രിയിൽ നിന്ന് കാണും പോലെയല്ല 

ജീവിതം 

നൃത്തശാലയിൽ നിന്ന് കാണുന്നത്.

*******

മലമുകളിൽ നിന്ന് കാണുന്നതല്ല താഴ്വാരത്ത്.

മലമുകളിൽ നിന്ന് പറയാൻ തോന്നിയത് താഴ്വാരത്ത് പറഞ്ഞത് കൊണ്ട് കാര്യമില്ല.

******

ആകെമൊത്തം ഒന്നുമില്ലെന്നറിയാൻ വലിയ പണിയൊന്നും വേണ്ട. 

ജനിച്ചത് കൊണ്ട് മാത്രം,പിന്നെ മരിക്കാൻ പേടിയുള്ളത് കൊണ്ടും മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട. 

എല്ലാവരും ഏറിയാൽ ജിവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട.

******

പ്രപഞ്ചവും അതിലെ എല്ലാ സംഗതികളും മഹാൽഭുതങ്ങളാവാം. 

ഓരോ കോശവും ആറ്റവും മൺതരിയും മഹാപ്രപഞ്ചത്തെ തന്നെ ഉൾകൊള്ളുന്നുമുണ്ടാവാം. 

എന്നുവെച്ച് നമ്മുടെ ജീവിതത്തിന് നമ്മൾ അറിയാത്ത അർത്ഥം ഉണ്ടെന്ന് എങ്ങനെ വരും?

എന്നുവെച്ച് എങ്ങിനെ നമ്മുടെ ജീവിതം അർത്ഥമുള്ളതാണെന്ന് കരുതും? 

അവനവന് തോന്നാത്ത, മനസിലാവാത്ത അർത്ഥവും ആഴവും പ്രപഞ്ചത്തിനുളളത് കൊണ്ട് എൻ്റെ ജീവിതത്തിനെന്തർത്ഥം? 

എനിക്ക് മനസിലാവാത്ത ജീവിതം എന്നെ സ്ബന്ധിച്ചേടത്തോളം ഒരർത്ഥവും ഇല്ലാത്തത് തന്നെ. 

മറ്റാര് എന്തൊക്കെയോ പ്രവർത്തിച്ച്, ചിന്തിച്ച് മനസിലാക്കിയുണ്ടാക്കുന്ന എന്തൊക്കെയോ അർത്ഥമുണ്ടായാലും ഇല്ലേലും.

നമ്മൾ അറിയാത്ത അർത്ഥം നമ്മുടെ ജീവിതത്തിന് ഉണ്ടായിട്ട് നമുക്കെന്ത് കാര്യം?

നമ്മളറിയാത്തതിൻ്റെ ഉത്തരവാദിത്തം നമുക്കില്ലല്ലോ?

ദൈവം ചെയ്യുന്നതിൻ്റെയും, ദൈവം മാത്രം അറിയുന്നതിൻ്റെയും ഉത്തരവാദിത്തം ദൈവത്തിന് മാത്രം.

ദൈവം അറിയുന്നത് ദൈവം മാത്രം തന്നെ അറിയട്ടെ. അതിനുളള ഉത്തരവാദിത്വവും ദൈവം മാത്രം തന്നെ ഏറ്റെടുക്കട്ടെ.

*******

പ്രവാചകൻമാരും ഗ്രന്ഥങ്ങളും മുമ്പും ശേഷവും ഒരേറെ വന്നിട്ടുണ്ട്, എപ്പോഴും വരുന്നുണ്ട്, ഇപ്പോഴും വന്ന്കൊണ്ടിരിക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസം പോലെ. ഒഴുക്ക് പോലെ. എല്ലാവരിലൂടെയും. എല്ലാത്തിലൂടെയും... 

ദൈവവും ദൈവികമായ ഇടപെടലും തുടർച്ചയാണ്. നിലക്കാത്തത്. ജീവിതം പോലെ. ജീവിതത്തിലുടനീളം.....  ഏതെങ്കിലും മാത്രമായ സ്ഥലകാല വ്യക്തി ഗ്രന്ഥ ബന്ധിതമല്ലാതെ. 

പക്ഷേ ആരും അംഗീകരിക്കില്ല.

അംഗീകരിക്കപ്പെട്ട പ്രവാചകരേക്കാള്‍ നൂറായിരങ്ങളാണ് അംഗീകരിക്കപ്പെടാതെ പോയവര്‍. ജീവിതങ്ങള്‍..... 

പറയപ്പെടുന്ന യാഥാര്‍ത്ഥ യേശുവും കൃഷ്ണനും ബുദ്ധനും മുഹമ്മദും തന്നെ ഇപ്പോൾ നിലവിലുള്ള വിശ്വാസികളുടെ അടുക്കല്‍ തിരിച്ചുവന്നാല്‍ അവരെ വിശ്വാസികള്‍ അംഗീകരിക്കില്ല.

മതത്തെ മുറുകെപ്പിടിച്ച് വിശ്വാസികള്‍ അവരെ തള്ളിക്കളയും. കൊന്നുകളയും.

വിശ്വാസികള്‍ക്ക് എന്നും പ്രധാനം സ്ഥാപനമാണ്, സമൂഹമാണ്, നിലവിലുള്ളതാണ്.

No comments: