1/2+1/2=1 എന്നത് വെറും കണക്ക്
ജീവിതത്തിൽ അത് -2.
എങ്ങിനെയെന്ന് ചോദിക്കരുത്. എങ്ങിനെയും.
ജീവിതത്തിൽ മുഴുവൻ ഒന്ന് തന്നെയേ ഒന്നാവൂ.
********
കൗമാരം. നൂറു ജനാലകൾ ഒരുമിച്ചു തുറക്കുന്നു.
മാതാപിതാക്കളാവും ഒരു ജനാല അടക്കപ്പെടുന്നു.
തനിക്കെതിരെ താനിരിക്കുന്നു.
വജ്രം വെറും കല്ലും, കല്ല് വജ്രവുമാകുന്നു.
***********
എല്ലാം ശരിയെന്നു പറയുന്നത്
എല്ലാം തെറ്റെന്നു പറയാതിരിക്കാനാണ്.
പരിമിതമായ ശരിയേ ഉള്ളൂ.
ആത്യന്തികതയിലേക്കു എത്താനാവാതെ ശരി.
************
സ്വാതന്ത്ര്യം ചെയ്യലും ഭോഗിക്കലുമല്ല;
ചെയ്യേണ്ടിയും ഭോഗിക്കേണ്ടിയും വരാതിരിക്കലാണ്.
ചെയ്യുന്നതും ഭോഗിക്കുന്നതും ഒരടിമത്വമാണ്.
*********
ദൈവം തന്നെ പിശാചാകുന്നു.
നന്മ തിന്മയും, തിന്മ നന്മയുമാകുന്നു.
നന്മയും തിന്മയും ദൈവം തന്നെ,
ദൈവത്തിൽ നിന്ന് തന്നെ. പിന്നെന്ത്?
********
അനാവശ്യങ്ങൾ ആവശ്യങ്ങളായാൽ
അനർഹർക്ക് ഭരണം,
മരുഭൂമിയിൽ സമൃദ്ധി, മലർവാടിയിൽ ദരിദ്ര്യം.
അപ്പോൾ ജീവിതമെന്നാൽ ജോലി, അർഹത ശാപം.
**********
തലച്ചോറിന്റെ ഞാൻ മാത്രം.
ഓട്ടിസവും അൽഷിമേഴ്സും അപസ്മാരവും
'ഞാൻ' എന്നതില്ലാതാക്കുന്നത് അതിനാൽ.
ബാക്കിയാവുന്ന 'ഞാൻ' ജീവിതം, ദൈവം.
********
ഗുരോ ആരാണ് കപടൻ?
കൂടെയുണ്ടെന്നു തോന്നും; പക്ഷെ ഉണ്ടാവില്ല.
പുല്ലിനും പിണ്ണാക്കിനും പറ്റില്ല.
പ്രതിസന്ധിയിൽ നൂറു കുറ്റം കാണുന്നവൻ
*******
കുറിക്കു കൊള്ളിച്ചതല്ല; കൊണ്ടതാണ്.
കൊള്ളിച്ചതാണെന്നത് പോസ്റ്റ് ഇവന്റ് തിയറി.
ആവർത്തിക്കാൻ കഴിയില്ല.
ബുദ്ധനും കൃഷ്ണനും മുഹമ്മദിനും
*********
എപ്പോഴുമുള്ള ഒരു തോന്നൽ.
‘ബസ് മുന്നോട്ടു പോകുന്നതല്ല;
മരവും മലയും പിറകോട്ടു പോകുന്നതാണ്’.
കുട്ടിത്തത്തിന്റെ കൗതുകം തന്നെ ഭംഗി.
***********
പ്രതിയോഗിയില്ലേൽ ദൈവം ഇല്ലെന്നോ?
അതല്ലേൽ ദൈവം ദൈവമാകാൻ
പ്രതിസ്ഥാനത്തു ഞാനും നീയും പിശാചും
വേണമെന്നു നിർബന്ധം?
*********
എഫ്ബിയിൽ ബോധപൂർവം നടക്കുന്ന പരിപാടി?
ലൈക് ഇടാതിരിക്കുക.
ലൈക് ഇടുക യാന്ത്രികം, അഭിനയം.
വെറുക്കുക ഏറെ അദ്ധ്വാനമുള്ളത്.
*********
മരിച്ചാലും ബാക്കിയുണ്ടെന്ന് കരുതി
ഭയക്കുന്നവനെ കേൾക്കൂ:
'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ'
ഒറ്റയായ ദൈവം എന്ത് പറയാൻ?
*********
മുഖ്യനും ഹാജിയും നായരും മരിക്കുന്നു.
ജനിച്ചത് അവരാരുമായിരുന്നില്ല: പീളക്കുഞ്ഞുങ്ങൾ മാത്രം.
മരിക്കുന്നത് ജനിക്കാത്തവർ. അതെങ്ങനെ?
**********
ചിതയാവുന്നവന്റെയും
ചിതയൊരുക്കുന്നവന്റെയും ധൈര്യം നോക്കൂ:
താനില്ല, അവശേഷിക്കുന്നില്ല
എന്നറിയുന്നതിന്റെ ഉറപ്പാണത്.
**********
ഒറ്റക്കായാൽ ഭയം, ബോറടി?
പരിഹാരമില്ല.
കാരണം, ദൈവം ഒറ്റയ്ക്കും ഒറ്റയും.
അതിനാൽ? എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും.
********
ഒന്നായ ദൈവം പലതാവുന്നു നമ്മളാവുന്നു.
പലതായ നമ്മൾ ഒന്നാവുന്നു ദൈവമാവുന്നു.
ഒന്നിന് പലതും ഒന്ന്.
പലതിന് രണ്ടെന്നും പലതെന്നും ഉണ്ട്
**************
നന്മയും തിന്മയും ഉണ്ടോ? ഇല്ല.
ഇനി ഉണ്ടെങ്കിൽ, അതിന്നാധാരം?
ജീവിതം.
ആവശ്യം നന്മ. അനാവശ്യം തിന്മ.
*********
ദൈവത്തിന്റെ സ്വാർത്ഥതയും അഹങ്കാരവും തന്നെ
എന്റേതും നിന്റേതും.
ജീവിതം ജീവിതമായി തുടരാൻ വേണ്ടത്.
ഞാനും നീയുമില്ലാത്തത്.
*********
ജീവിതത്തിന്റെ അർത്ഥം? ജീവിതം.
ജീവിതം കൊണ്ടുള്ള നേട്ടം? ജീവിതം.
ദൈവത്തിന് അർത്ഥവും നേട്ടവും
ദൈവമല്ലാതെ പിന്നെന്ത്?
*********
ഉള്ളത് എന്തോ അത് തന്നെ.
ജീവിത നിരാസം അല്ല
പുണ്യത്തിന്റെയും പൂജയുടെയും
ധർമത്തിന്റെയും വഴി.
*********
പൗരോഹിത്യം മതത്തിൽ മാത്രമല്ല;
നിയമ, വൈദ്യ, രാഷ്ട്രീയ രംഗത്തും.
ജനങ്ങളുടെ പണം മാത്രം ലക്ഷ്യമെങ്കിൽ.
ന്യായവും മറയും അതിന്നാവുമ്പോൾ.
*********
ഗുരോ ആരാണ് കപടൻ?
അറിവിനേയും ചിന്തയെയും ബോദ്ധ്യതയേയും
ആൾക്കൂട്ടത്തിനും അധികാരികൾക്കും മുൻപിൽ
രാജിയാക്കുന്നവൻ.
***********
തനിക്കു താൻ ശത്രുവെങ്കിൽ,
കുളിമുറിയിലും കിടപ്പറയിലും ശത്രു, നരകം.
രക്ഷയില്ലാത്ത ബോറടി എന്ന് പേര്.
ഉള്ള രക്ഷ തിരിച്ചറിവിൽ.
***********
ഒറ്റക്കായാൽ ഭയം, ബോറടി?
പരിഹാരമില്ല. കാരണം, ദൈവം ഒറ്റയ്ക്കും ഒറ്റയും.
അതിനാൽ, എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും.
**********
എന്താണ് ബോറടി?
തനിക്കു താൻ വേണ്ടാതാവുക, ശത്രു ആവുക.
താനല്ലാത്തതെല്ലാം വേണമെന്നാവുക.
മുഴുകാനും തെളിയിക്കാനും മറക്കാനും.
********
മരണവും മരണാനന്തരവും പറഞ്ഞു
പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ
മതങ്ങൾ ക്ലച്ച് പിടിക്കില്ല.
********
ഗുരോ ആരാണ് കപടൻ?
നിലപാടുകൾക്ക് വേണ്ടി നിലകൊള്ളാത്തവൻ.
*******
മതപാഠങ്ങൾ എന്നുമെപ്പോഴും.
രാജ്യവും സ്നേഹവും ഒക്കെ പുറംപൂച്ച്.
മതനിരപേക്ഷതയെന്നാൽ
മതങ്ങളെ സുഖിപ്പിച്ചു വളർത്താനുള്ള മറ.
*******
എല്ലാവരെയും എന്നല്ല;
ആരെയും സംതൃപ്തിപ്പെടുത്താൻ പറ്റില്ല.
അത് കൊണ്ടാണ് യേശു കൊല്ലപ്പെട്ടതും
മുഹമ്മതും ബുദ്ധനും നാട് വിട്ടതും.
*********
ഗുരോ ആരാണ് കപടൻ?
നേട്ടങ്ങൾക്കു വേണ്ടി മാത്രം നിലകൊളളുന്നവൻ.
നഷ്ടപ്പെടാൻ തയാറില്ലാത്തവൻ.
********
ഗുരോ ആരാണ് കപടൻ?
സ്ഥാനങ്ങൾ അവനു പ്രധാനം.
അധികാരം അവനു അപ്പം.
നഷ്ടപ്പെടാതിരിക്കുക അവനു മുഖ്യം.
*********
ഗുരോ ആരാണ് കപടൻ?
അധികാര്യത്തോട് രാജിയാവുന്നവൻ.
അധികാരമില്ലാത്തവനിൽ
നൂറു കുറ്റം കണ്ടെത്തുന്നവൻ.
********
ജനിക്കുന്നതും പുനർജനിക്കുന്നതും ജീവിതം.
ജീവിതത്തിന്റെ ഞാനേ ഉള്ളൂ.
എന്റെ ജീവിതം ഇല്ല.
തത്കാലികമായല്ലാതെ.
*********
ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം.
വ്യത്യാസമൊന്നും ഇല്ല.
എല്ലാരും ഒരുപോലെ, അറിയാതെ.
ആവുംപോലെ ആവുന്നു.
*********
ദൈവം ദൈവമാവാൻ
പ്രതിസ്ഥാനത്തു സ്ഥായിയായ
ഞാനും പിശാചും വേണമെന്ന്
എന്തിനു നിർബന്ധം?
*********
ദൈവം ഏതെങ്കിലും മതത്തിന്റെ സ്വത്തല്ല.
ഏതെങ്കിലും മതം ദൈവത്തിന്റെ സൃഷ്ടിയുമല്ല.
സ്ഥായിയായ ഞാനും പിശാചും ഉണ്ടോ?
ദൈവം അല്ലാതെ?
*********
ചരിത്രരചന അങ്ങനെയാണ്.
ചിലർ വീരപുരുഷന്മാരാണെന്നു വരുത്താൻ
മറ്റു ചിലരെ മഹാമോശമാക്കും,
അവർ ജീവിച്ച കാലത്തെയും.
*********
ചില വൻടീമുകളും ചില വൻമതങ്ങൾ പോലെയാണ്.
വെറുതെ കുറെ ആളുകളെ കിട്ടും. ഒന്നും തിരിയാതെ.
***********
ചില മതങ്ങളെക്കാൾ വലിയ ഫാസിസം ഉണ്ടോ?
കുട്ടികളിൽ അടിച്ചേല്പിച്ചല്ലേ അവർ തുടങ്ങുന്നത്?
***************
വാക്കുകൾ പിഴക്കാം. പിഴച്ചെന്നറിഞ്ഞാൽ
തിരുത്താം, തിരുത്തണം. എന്നാലും
ബെൽജിയം തന്നെ കൊണ്ടുപോകില്ലേ?
കളി തന്നെയാണ് കാര്യമെങ്കിൽ.
********
ജനിക്കുന്നതും പുനർജനിക്കുന്നതും ജീവിതം.
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ?
എന്റെ ജീവിതം ഉണ്ടോ?
തത്കാലികമായല്ലാതെ.
********
പറയുന്നത് തങ്ങൾക്കു വേണ്ടിയാണേൽ
നല്ലവൻ; ആളാവാനല്ല പറയുന്നത്.
പറയുന്നത് തങ്ങൾക്കെതിരാണെങ്കിൽ,
ശരിയല്ല. ആളാവാൻ പറയുന്നു.
********
മൗനം സ്വർണമാണ് പോൽ.
അധികാരികളുടെയും
സ്ഥാപിതമതക്കാരുടെയും ഭാഷ്യം.
പക്ഷെ അവർക്കെന്തും പറയണം.
*********
സ്ഥായിയായ ഞാൻ ഉണ്ടോ? ഇല്ല.
പിന്നെ ആർക്കു പുനർജ്ജന്മം?
എങ്ങിനെ പുനർജ്ജന്മം?
ബാക്കിയാവുന്നത് ദൈവം മാത്രം.
***********
തിട്ടൂരങ്ങൾ ഇറങ്ങട്ടെ.
മതഹിതമല്ലാത്തതു ബോറടിയെന്നു.
വായിക്കരുതെന്നും കേൾക്കരുതെന്നും.
ഇരുട്ട് കൊണ്ട് ഒറ്റയടക്കാം.
**********
ഞാനും നീയുമല്ല:
ജീവിതമാണ് ആത്മാവ്.
ജീവിക്കുന്നതിലാണ് ആത്മീയത.
ജീവിച്ചാൽ ഉണ്ടാവുന്നതാണ്
പുണ്യവും പൂജയും ധർമവും.
********
ശീലമായിക്കഴിഞ്ഞാൽ
മതവും മദ്യവും ഒരു പോലെ.
ഒഴിവാക്കാനാവില്ല.
********
ആരാണ് മതവിശ്വാസി?
പിശാച് വേണമെന്നും വിജയിക്കുന്നുവെന്നും,
ദൈവം പാരായജപ്പെടുന്നുവെന്നും
കരുതുന്നവൻ.
No comments:
Post a Comment