Tuesday, July 3, 2018

ചക്കിലിട്ട് കുഴച്ചാലും മണ്ണിലിട്ടു മൂടിയാലും ചിതയൊരുക്കി കത്തിച്ചാലും സംഭവം ശവത്തെ ഒഴിവാക്കലാണ്.

ആശയപരമാവുമ്പോൾ വ്യക്തിപരമാവരുത്. പ്രതികരിച്ചാലും ഇല്ലെങ്കിലും.  വ്യക്തിപരമായതു ചർച്ചക്കിടയിൽ ചോദിക്കേണ്ട കാര്യമല്ല.

ചർച്ചയിൽ പറഞ്ഞത് മനസിലായോ ഇല്ലേ എന്നതാണ് ചർച്ചയിൽ പ്രധാനം. അത് അംഗീകരിക്കാൻ ആവുന്നുണ്ടോ ഇല്ലേ എന്നത്. ഇല്ലെങ്കിൽ എന്ത് കൊണ്ട്, ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്നത്.

ഒരു പോസ്റ്റിട്ടാൽ ആ പോസ്റ്റിന്റെ ശരിയും തെറ്റും ആണ് പറയേണ്ടത്. മനസിലായില്ലേൽ മനസിലായില്ല എന്നും. അതാണ് അതിലെ ഒരു വിനയം? അല്ലാതെ കാർക്കിച്ചു തുപ്പലും, അധിക്ഷേപിക്കലും വക്തിപരമായി വിമർശിക്കലും അല്ല.

വ്യക്തിപരമായി വിമർശിക്കാം, അയാൾ നിങ്ങളുടെയൊക്കെ ചിലവിൽ നേതാവായി വിലസുന്നുണ്ടെകിൽ. നിങ്ങളോടു ഒന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ശമ്പളം പറ്റി, അയാൾക്കു വേണ്ടി മറ്റൊന്ന് നടപ്പാക്കുന്നുണ്ടെകിൽ. പുരോഹിതന്മാരെയും പണ്ഡിതന്മാരെയും രാഷ്ട്രീയ നേതാക്കന്മാരെയും പോലെ. സാഹചര്യം വ്യത്യസ്തമല്ലെങ്കിൽ, പറയുന്ന കാര്യത്തിന് വിരുദ്ധമായാണ് അയാൾ ജീവിക്കുന്നതെങ്കിൽ, ഒരളവോളം.  ഡോക്ടർ രോഗിക്ക് കൊടുത്ത മരുന്ന് കഴിക്കാത്തത് ഒരു കുറ്റമായി കാണരുത്. ഡോക്ടർക്കു അതെ രോഗം ഇല്ലാത്തിടത്തോളം.

ഒരാൾ അകപ്പെട്ട സാമൂഹ്യ ചുറ്റുപാട് അയാളെ ചിലതു ചെയ്യാൻ അനുവദിക്കാത്തത് അയാളുടെ കുറ്റം ആയിരിക്കില്ല? കമ്മ്യൂണിസ്റുകാരെന്  കമ്മ്യൂണിസവും സോഷ്യലിസവും ഇസ്ലാമിസ്റ്റിനു ഇസ്ലാമിക രാഷ്ട്രവും ഹിന്ദുത്വ വാദിക്കു ഹിന്ദു രാഷ്ട്രവും (അങ്ങിനെ ഒന്നില്ല) ഒരു ക്രൈസ്തവന് ക്രിസ്ത്യൻ രാഷ്ട്രവും (അങ്ങിനെ ഒന്നില്ല) നടപ്പാക്കാൻ കഴിയാത്തതു അവരുടെ വ്യക്തിപരമായ കുറ്റം ആയി മാത്രം കണ്ട് കൂടാ.

പിന്നെ പേരിന്റെ കാര്യം.
പേരൊന്നും ആരുടേയും ഒരു മതത്തിന്റെയും കുത്തകയല്ല.  അബ്ദുൽ റഹീം എന്നതും  അബ്ദുൽ റഹ്‌മാനെന്നതും  അറബി പേരുകൾ ആണെന്നെ ഉള്ളൂ. ഒരു മതവും ഇന്നാലിന്ന പേര് മാത്രമേ ഇടാവൂ, ഇടണം എന്ന് എവിടെയും നിഷ്കര്ഷിച്ചിട്ടും ഇല്ല.

പേര് ആ കുട്ടി ജനിച്ച നാടിനെയും ചുറ്റുപാടിനെയും സംസ്കാരത്തെയും സൂചിപ്പിക്കും എന്ന് മാത്രം വേണമെങ്കിൽ പറയാം. അറബ് ലോകത്തു ക്രിസ്ത്യാനികളും ജൂതന്മാരും ഒക്കെ ഇടുന്ന പേര് കൂടിയാണ് ഏറെക്കുറെ മുസ്ലിംകൾ ഇടുന്ന ഒട്ടുമിക്ക പേരുകളും. മതേതര ഇന്ത്യയിൽ ആണ് എന്നത് കൊണ്ടെങ്കിലും പേരിന്റെ സ്വത്തവകാശം വെച്ചുള്ള ഫാസിസം പറയാതിരിക്കാൻ ശ്രമിക്കുക.

അറബ് ഭാഷയെ തന്നെ ഒരു മതമാക്കരുത്. ദൈവത്തിന് പോലും വേറൊരു ഭാഷ മനസിലാകാത്തത് പോലെ. അറബ് ഭാഷയെ ഒരു മതത്തിന്റേതു മാത്രം എന്ന് ധരിക്കുന്നതും പറയുന്നതും മറ്റൊരു തരത്തിലെ തീവ്രതയും അസഹിഷ്ണുതയും ഫാസിസവും തന്നെ ആണ്.

മാതാപിതാക്കൾ അവർക്കിഷ്ടപ്പെട്ട പേരിടുന്നു എന്നല്ലാതെ പേരിലൊന്നും ഒരു കാര്യവും ഇല്ല. ആരും സാധാരണ ഗതിയിൽ അവരുടെ പേര് സ്വയം ഇട്ടിട്ടും തെരഞ്ഞെടുത്തിട്ടും ശേഷം വല്ലാതെയൊന്നും മാറ്റിയിട്ടും ഇല്ല.  ഇക്കാലം വരെയും അതങ്ങനെയാണ്.  മുഹമ്മദായാലും ഉമറായാലും യേശുവായാലും ഒക്കെ അങ്ങിനെ തന്നെ. അവർക്കു ജന്മം കൊണ്ട് വീണു കിട്ടിയ പേര് വഹിച്ചു തന്നെ മരിക്കുവോളം ജീവിച്ചു.

മാതാപിതാക്കൾ പേരിടുമ്പോൾ അവരുടെ വിശ്വാസം അവരിടുന്ന പേരിനെ സ്വാധീനിച്ചിട്ടുണ്ടായാവാം. മുഹമ്മദ് നബിയുടെ പേരും അങ്ങിനെ തന്നെ. ആമിന എന്ന മുഹമ്മദ് നബിയുടെ ഉമ്മ മുഹമ്മദ് നബിക്കു പേരിടുമ്പോൾ മക്കയിൽ ഇസ്ലാം ഉണ്ടായിരുന്നില്ല.  മുഹമ്മദ് നബിയുടെ പേര് ഒരു മുസ്ലിം ഇട്ടതല്ല. ഇസ്ലാമിക സങ്കല്പ പ്രകാരം ഇട്ടതല്ല. അനുചരന്മാരായ സഹാബാക്കളുടെ പേരും അപ്പടി തന്നെ. എന്നത് കൊണ്ട് മുഹമ്മദ് നബിയും സഹാബാക്കളും അവരുടെ പേരുകൾ മാറ്റിയിട്ടില്ല. രജിസ്‌ട്രേഷനും സർക്കാരും നിയമവും ഗസെറ്റും ഒന്നുമില്ലാത്ത അക്കാലത്തു അത് വളരെ എളുപ്പമായിരുന്നിട്ടും.  എന്ത് കൊണ്ടാണെന്നറിയുമോ? പേരിൽ ഒരു കാര്യവും ഇല്ല എന്നത് കൊണ്ട്. ആത്മീയതയും അന്വേഷണവും കണ്ടെത്തലും സാക്ഷാത്കാരവും വെറും പേര് കൊണ്ടും യാന്ത്രികമായി നടക്കുന്ന ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ഏതെങ്കിലും മതത്തിലും സമുദായത്തിലും ജനിച്ചത് കൊണ്ടും നടക്കുന്നതല്ല.

മുസ്ലിംകൾ അല്ലാതിരുന്നിട്ടും മുഹമ്മദ് നബിയുടെ മാതാപിതാക്കൾക്ക് അബ്ദുല്ല എന്നും ആമിനയെന്നും പേര് ഉണ്ടായി.  എന്താ ചെയ്യുക? ഭൂതത്തിലേക്കു പോയി അവരുടെ പേരും മാറ്റാൻ ആവശ്യപ്പെടുകയോ?


അബ്ദുൽ മുത്തലിബും അബു താലിബും ഖാലിദ് ബിനു വലീദും എന്നീ പേരുകളും അങ്ങിനെ തന്നെ. ഉമറും ഉസ്മാനും അലിയും അബ്ദുൽ റഹ്മാൻ ഇബ്ൻ ഔഫും എല്ലാം മുശ്രികീങ്ങൾ (ബഹുദൈവ വിശ്വാസികൾ) ഇട്ട പേരുകൾ ആണ്. പിന്നീട് അത് ഇസ്ലാമിന്റെ പേര് കൂടി ആവുകയായിരുന്നു. പേര് മാറ്റം എവിടെയും ആവശ്യമായില്ല, വിഷയമായില്ല. ആശയ ലോകത്തു വെറും പേരിൽ ഒരു കാര്യവും ഇല്ലെന്നറിയുന്നതിനാൽ.

സൽമാനുൽ ഫാരിസ് എന്നതിന് പേർഷ്യക്കാരനായ സൽമാൻ എന്നാണ് അർഥം ആണ്. സൽമാൻ എന്നാണു അയാളുടെ പേര്. പേർഷ്യക്കാരൻ ആണെന്ന് മനസിലാക്കാൻ അൽ ഫാരിസി എന്ന് കൂടി വിളിച്ചു. അല്ലാതെ അദ്ദേഹം  മുസ്ലിം ആയപ്പോൾ പേര് മാറ്റിയിട്ടില്ല. അവയൊക്കെയും മുസ്ലിം അല്ലാതിരുന്ന മാതാപിതാക്കൾ ഇട്ട പേരുകൾ ആണ്. പേര് മാറ്റമോ വിവാഹം ആര് ചെയ്തു തന്നു എന്നതോ പോലുള്ള  ബാലിശമായതാകരുത് ചർച്ചക്കിടയിലെ വാദമുഖങ്ങൾ.  ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവർക് വേണ്ടി നാം അതൊന്നും പറയാതെ സൂക്ഷിക്കേണം.

പിന്നെ ശമടക്കിന്റെ കാര്യം.
അതും ഇപ്പറഞ്ഞ പോലെ മരിച്ചവൻ തീരുമാനിക്കുന്നതല്ല. മരിച്ചവന്റെ ആവശ്യവുമല്ല. മരിച്ചവന് വേണ്ടി നടത്തുന്നതും അല്ല.

നാട്ടുകാരുടെയും ചുറ്റുമുള്ളവരുടെയും ആവശ്യമാണ് അത്.

മരിച്ചാലും ചത്താലും ആരെയാണെങ്കിലും എന്തിനെയാണെങ്കിലും കുഴിച്ചിടും, സംസ്കരിക്കും (സംസ്കാരം എന്ന വാക് തന്നെ തെറ്റാണ്).

ശവമടക്ക് നടത്താൻ കാരണം മറ്റൊന്നാണ്.  പുറത്തു വെച്ചാൽ നമുക്ക് ശല്യമാവുന്ന കോലത്തിൽ നമ്മുടെ മുൻപിൽ വെച്ച് ജീർണിക്കും, ദുർഗന്ധം വമിയ്ക്കും എന്നത് തന്നെ. അതിനാൽ ജീവിച്ചിരുക്കുന്നവർക് വേണ്ടി, അവർക്കു വേണ്ടി അവർ നിശ്ചയിച്ച ബഹുമാനം തോന്നുന്ന ഒരു രീതി ആവിഷ്കരിച്ചു എന്ന് മാത്രം. അതിൽ ചിലതു മതങ്ങളുടെ രീതിയും ആയി കാണപ്പെടുന്നു എന്ന് മാത്രം. മതങ്ങളില്ലാത്തിടത്തും ഇത്തരമോ അല്ലാത്തതോ ആയ പല രീതിയിലുള്ള ശവമടക്ക് ചടങ്ങുകൾ ഉണ്ട്. ജീവിക്കുന്നവർക്ക് ആശ്വാസമാകാൻ. ഒരുപക്ഷെ അവരുടെ കുറ്റബോധവും ഭയവും ഒഴിവാക്കാൻ.

ബഹുമാനം എന്നതും രീതിയെന്നതും ആളുകൾ കൂടുകയെന്നതും  മരിച്ചവരെ ബാധിക്കുന്നില്ല. ജീവിക്കുന്നവന്റെ സ്വയം തിരിച്ചറിവിനും ആശ്വാസത്തിനും അഹങ്കാരത്തിനും ഉപയോഗപ്പെട്ടേക്കും എന്ന് മാത്രം. അതിനാൽ തന്നെ, ചക്കിലിട്ട് കുഴച്ചാലും മണ്ണിലിട്ടു മൂടിയാലും ചിതയൊരുക്കി കത്തിച്ചാലും സംഭവം ശവത്തെ ഒഴിവാക്കലാണ്. ഞാനും നീയും ഇല്ലാത്ത ശവത്തെ. ജീർണിച്ചു ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാൻ.

പിതാവായാലും ഭാര്യയായാലും കാമുകിയായാലും സുന്ദരിയായാലും ഗുരുവായാലും ഇതല്ലാതെ ജീർണിക്കുന്നതും ദുർഗന്ധം വമിക്കുന്നതും ഒഴിവാക്കാൻ മറ്റൊരു വഴി ജീവിച്ചിരിക്കുന്നവർക്കിടയിൽ ഇല്ല.  അതൊന്നും ഒരു വലിയ വിശ്വാസ കാര്യങ്ങൾ ഒന്നും അല്ല. അതിലൊന്നും അല്ല ആത്മീയതയും സത്യവും ദർശിക്കേണ്ടത്.

ദൈവം മാത്രമുള്ളിടത്തു എല്ലാം ദൈവം തന്നെ ആയിത്തീരുന്നു പ്രക്രിയയെ ഉള്ളൂ. അത് കൊണ്ടാണ് അതുമായി ഭയത്തെ കോർത്തിണക്കുന്ന ചില മതപുരോഹിതന്മാരുടെ നിലപാടിലെ അർത്ഥമില്ലായ്മയെ പോസ്റ്റിലൂടെ ഒന്ന് വ്യക്തമാക്കാൻ ശ്രമിച്ചത്. അങ്ങനെ മതത്തെ വളർത്തുന്ന രീതിയെ. ദൈവവുമായി ഒരു ബന്ധവുമില്ലാത്ത മതങ്ങളെ.

മരിച്ചാലും താൻ ബാക്കിയുണ്ടെന്ന് വിചാരിച്ചു ഖബറിൽ ഒറ്റക്കാവുന്നതും പറഞ്ഞു പേടിക്കുന്ന പാവങ്ങളെയും വൃദ്ധന്മാരെയും കാണുമ്പോൾ അങ്ങിനെയൊക്കെ പോസ്റ്റ് ഇട്ടും പോവും, പറഞ്ഞു പോവും. അതിനെ വെച്ച് മാത്രം പുരോഹിതന്മാരും പണ്ഡിതന്മാരും ആയ നേതാക്കൾ മതത്തെ മാർക്കറ്റ് ചെയ്യുന്നതു കാണുമ്പോഴും.

No comments: