1/2+1/2=1 എന്നത് വെറും കണക്ക്
ജീവിതത്തിൽ അത് -2.
എങ്ങിനെയെന്ന് ചോദിക്കരുത്. എങ്ങിനെയും.
ജീവിതത്തിൽ മുഴുവൻ ഒന്ന് തന്നെയേ ഒന്നാവൂ
*********
Question: അങ്ങിനെ പറഞ്ഞാൽ പോരാ, അതൊന്ന് ദയവായി വിശദീകരിക്കണം. ഇവിടെ ചോദ്യമേയുള്ളൂ, ചോദിക്കരുതെന്ന് പറയരുത്, ഫാസിസമാകും
*********
Answer: ഫാസിസം ഉദ്ദേശിച്ചില്ല. ചോദിക്കാതിരിക്കാനും ചോതിക്കരുതെന്നും ഉദ്ദേശിച്ചു പറഞ്ഞതുമല്ല. ഒരു പ്രയോഗം - അത്രയ്ക്ക് അങ്ങനെയാണ് പ്രായോഗിക ജീവിതത്തിൽ എന്ന് ധരിപ്പിക്കാൻ. എങ്ങിനെയും അങ്ങനെ എന്ന് ധരിപ്പിക്കാൻ. ഒരു തിരിച്ചറിവിന് വേണ്ടി. എന്തായാലും സൂചിപ്പിച്ചത് നന്നായി. അങ്ങനെ ധരിക്കാൻ ഇടവരുത്തിയെങ്കിൽ ക്ഷമാപണത്തോടെ തിരുത്തണം, തിരുത്തും.
എങ്ങിനെയെന്ന് അറിയാത്ത പ്രശ്നമേ ഉള്ളൂ, പക്ഷെ അറിഞ്ഞാലും അറിഞ്ഞില്ലേലും അങ്ങിനെ തന്നെയാണ്. രണ്ട് പകുതി ഒന്നല്ല. ഒന്ന് മാത്രമാണ് ഒന്ന്. എന്നാലും വിശദീകരിക്കാം. താങ്കൾ താല്പര്യപ്പെട്ട പോലെ.
മേല്പറഞ്ഞത് വെറുതെ പറയാനുള്ള സുഖത്തിനും ഒഴുക്കിനും വേണ്ടി പറഞ്ഞതല്ല . പകരം കുട്ടികളും കുഞ്ഞുങ്ങളും വരെ അറിയേണ്ട കാര്യം എന്ന നിലക്ക് തന്നെ പറഞ്ഞതാണ്. ചുരുക്ക വചനമായി ഇട്ടു എന്ന മാത്രം. കോളത്തിന്റെ പരിമിതി വെച്ച്. വിശദീകരണം പിന്നീടും നൽകാമല്ലോ എന്ന് കരുതിക്കൊണ്ട്. ആർകെങ്കിലും മനസ്സിലായില്ലെന്ന് വന്നാൽ. ആരെങ്കിലും താല്പര്യപ്പെട്ടാൽ. വിത്ത് കൊണ്ട് മനസിലാവുന്നവൻ വിത്ത് കൊണ്ട് തന്നെ മനസിലാക്കുമല്ലോ? വൃക്ഷം കാണിച്ചു മനസിലാക്കിക്കൊടുക്കേണ്ടതുണ്ടെങ്കിൽ അങ്ങനെയും ആവാം.
ശ്രമങ്ങൾ പൂർത്തിയാവണം, പൂർത്തിയാക്കണം. പൂർത്തിയാവും വരെ ശ്രമിക്കണം. അർധശ്രമങ്ങൾ ശ്രമങ്ങൾ അല്ല. ഒരുപക്ഷെ അത് അപകടങ്ങൾ ആണ് കൂടുതൽ ഉണ്ടാക്കുക. വൃഥാവ്യയവും. പകുതി വരെ ശ്രമിച്ചാൽ ശ്രമം നഷ്ടം. ഫലം കിട്ടില്ല.
ഇത് കുട്ടികൾ അറിയേണം. ഒപ്പം എല്ലാ ഓരോരുത്തരും അറിയേണം. ഒളിച്ചോട്ട മനോഭാവം കുട്ടികളെ പകുതിയിൽ വെച്ചാവസാനിപ്പിക്കാൻ പ്രേരിപ്പിക്കും. പകുതി ഒന്നാണെന്ന് ധരിക്കാനും വരുത്താനും ഇടവരുത്തും.
പ്രയാസങ്ങൾ നേരിടേണ്ടി വരുമ്പോൾ പകുതിക്കു വെച്ച് നിർത്തിപ്പോവുക സാധാരണമാണ്. കുട്ടികൾ ആഭരണം കണ്ട് ആഭരണമാവാൻ കൊതിക്കും. ഓരോ കളിക്കാരനും വിജയിച്ചവനും ആഭരണം പോലെയാണ്. പക്ഷെ ആഭരണാമായിത്തീരാനുള്ള പ്രക്രിയയിലൂടെ കടന്നു പോകാൻ സാധിക്കാതെ വഴിയിൽ വെച്ച് അങ്ങനെ കൊതിച്ച സ്വപ്നം കണ്ട കുട്ടികൾ തന്നെ പിന്തിരിയും. സ്വപ്നത്തിലെ സൗന്ദര്യം അതിനു വേണ്ടിയുള്ള ശ്രമത്തിലൂടെ കടന്നു പോകുമ്പോൾ കാണാതിരിക്കുമ്പോൾ അവർ പിന്തിരിയും.
കടന്നു പോകുമ്പോൾ എല്ലാം പ്രയാസം ഉള്ളത് തന്നെയാണ്. അതിനാൽ ആണ് കുറെ പകുതികൾ ഉണ്ടാവുന്നത്. വളരെ കുറച്ചു മാത്രം മുഴുവൻ ഒന്നും.
വജ്രമാകാൻ എത്ര സമ്മർദ്ദത്തിലൂടെ കടന്നു പോകേണം എന്ന് അവരറിയേണം. ഓരോ കുട്ടിയും നമ്മളും അറിയണം. വജ്രത്തിന്റെ തിളക്കം അതും കടന്നു പോയ സമ്മർദ്ദവും പ്രയാസവും കൂടിയാണെന്ന്. ഒരൊന്ന് ഒന്നാവുന്നതിന്റെ പ്രയാസത്തിന്റേത് ആണെന്ന്. മുഴുവൻ ഒന്ന് അറിഞ്ഞു പൂർത്തിയാക്കാൻ അവർക്കാവണം. പകുതിക്കും പിന്തിരിയാതെ.
അതിനാൽ പകുതിക്കു വെച്ച് മടങ്ങരുത്. ആരും കുട്ടികളും. പകുതി ഒന്നാണെന്ന് ധരിച്ചു കൊണ്ട് പ്രത്യേകിച്ചും. പകുതികളായ ഒന്ന് ഭീരുക്കളുടെ ഒന്നാണ്. വഴിതെറ്റിക്കുന്ന ജീവിതം നഷ്ടമാക്കുന്ന ഒന്ന്. പ്രായോഗികതയിൽ അങ്ങനെയാണ് കാര്യം. തത്വത്തിൽ അല്ലെങ്കിലും.
അന്വേഷങ്ങൾ, ഉത്തരം കിട്ടും വരെ തുടരണം. ശ്രമങ്ങളും. എങ്കിലേ ഒരൊന്നുണ്ടാവൂ. പൂർണകായ ഒന്നുണ്ടാവൂ. വഴികണ്ടെത്തുന്നതിന്റെയും ദർശനങ്ങളുടെയും പുരോഗതിയുടെയും, വളർച്ചയുടെയും ഒന്നുണ്ടാവൂ. ബോധോദയത്തിന്റെയും സാക്ഷാത്കാരത്തിന്റെയും ഒന്നുണ്ടാവൂ. പപ്പടം വാങ്ങാൻ പോയവൻ പപ്പടം വാങ്ങി തന്നെ വരേണം. പകുതിക്കു വെച്ച് മാജിക്കിന്റെ പിന്നാലെ പോയി മടങ്ങി വന്നാൽ, പോയി വന്നു എന്നത് കൊണ്ട് മാത്രം പപ്പടം വാങ്ങി വന്നവൻ ആവില്ല. ലക്‌ഷ്യം വഴിയിൽ വെച്ച് ഉപേക്ഷിക്കപ്പെട്ടു കൂടാ. എന്തെല്ലാം അലസതയും പ്രലോഭനങ്ങളും ഉണ്ടായാലും.
സുഹൃത്തേ, ജാക്ക് ഓഫ് ഓൾ മാസ്റ്റർ ഓഫ് നൻ എന്ന അവസ്ഥയാണ് പകുതികളുടെ ഉടമസ്ഥർക്കുണ്ടാവുക. കുറെ പകുതികൾ ഒരു ഒന്നിനെ നൽകില്ല. പകരം, കുറെ പകുതികൾ മാത്രം തരും. അവ കുറെ മൈനസുകൾ ജീവിതത്തിൽ ഉണ്ടാക്കുകയും ചെയ്യും. ജീവിതം എവിടെയും എത്താതെ ആവും. അന്വേഷണം പൂർത്തിയാവാതെയും. ഒരുദ്ദ്യമവും വിജയിക്കാതെ. ഭൗതികാർത്ഥത്തിലും ആത്മീയാർത്ഥത്തിലും.
സുഹൃത്തേ, അന്വേഷണങ്ങളൊന്നും പൂർത്തിയാവാത്തത് അത് കൊണ്ടാണ്. യാന്ത്രികവും അനുകരണവും ആവുന്ന പ്രാർത്ഥനകളും അന്വേഷണങ്ങളും പകുതി പോലും ആവുന്നില്ല. അതിനാൽ ആണ് അത്തരം പ്രാർത്ഥനകളും അന്വേഷണങ്ങളും ഉത്തരം നൽകുന്നതാവാത്തത്. മഴ പെയ്യിക്കാത്തത്. വെള്ളം തിളപ്പിക്കാത്തത്. രൂപത്തിൽ മാത്രം, ഗുണത്തിൽ ഇല്ലാതെ. ചിത്രത്തിലെ മുന്തിരി പോലെ.
ഒന്നാലോചിച്ചു നോക്കുക. കോഴിക്കോടേക്ക് പോകേണ്ടവൻ രണ്ട് പ്രാവശ്യം പകുതി വരെ പോയി തിരിച്ചു വന്നാൽ കോഴിക്കോട് എത്തുമോ? അങ്ങനെ, രണ്ടല്ല കുറെ പ്രാവശ്യം തന്നെ പോയാലും ഒരു കോഴിക്കോട് പോകുന്നതിനു സമമാകുമോ? ഒരു കോഴിക്കോടെത്തുമോ?
ജീവിതത്തിലും പ്രയോഗത്തിലും രണ്ട് അര വെച്ചാൽ ഒന്നാവില്ല. ഓരോ പകുതിക്കും മുഴുവൻ ഒന്നിന് വേണ്ടത്ര അദ്ധ്വാനവും സമയവും ചിലവാകും. പകുതി വരെ വന്നു മടങ്ങിയാൽ പകുതി വരെ വന്ന അദ്ധ്വാനവും മടങ്ങിപോകേണ്ടതിന്റെ അദ്ധ്വാനവും ചേർത്താൽ പൂർണകായ ഒന്നിന് വേണ്ട അദ്ധ്വാനവും സമയവും ചിലവായി. എന്ന് വെച്ചാൽ ഒരു പകുതി എന്നാൽ ചെലവ് കൊണ്ട് മൈനസ് ഒന്ന്. വീണ്ടും അവൻ അതേപോലെ ചെയ്‌താൽ വീണ്ടും മൈനസ് ഒന്ന്. അങ്ങനെ രണ്ട് പകുതി എന്നാൽ മൈനസ് രണ്ട്. ജീവിവിധത്തിൽ മൈനസ് രണ്ട്, രണ്ടിന് വേണ്ട അദ്ധ്വാനം, സമയം. പക്ഷെ ഒന്നുമില്ല. നിന്നേടത്തു തന്നെ. തുടങ്ങിയേടത്തു തന്നെ. രണ്ട് നഷ്ടം. മൈനസ് രണ്ട്.
ഒന്ന് വേണേൽ ഒന്ന് തന്നെ വേണം. ഒരു ശ്രമം പൂർണമായും ഒരു ശ്രമം ആക്കേണം. വിജയിക്കുന്നത് വരെ. അതാണ് പ്രയോഗത്തിന്റെയും പ്രായോഗികതയുടെയും വഴിയും രീതിയും. വഴിക്കു വെച്ചുറങ്ങാത്ത മുയലിന്റെ രീതി. കഠിനമായി ശ്രമിച്ച അമ്മയുടെ രീതി.
Tuesday, July 17, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment