വിഡ്ഡികളുടെ ജീവിതത്തിനു സ്വാന്തന്ത്ര്യമുണ്ട്, സൗന്ദര്യം ഉണ്ട്.
ഉദ്ദേശമില്ലായ്മയുടെ സ്വാതന്ത്ര്യവും സൗന്ദര്യവും.
ഉദ്ദേശപൂര്ണതയുടെ കൂർത്തുമൂർപ്പില്ലാത്ത സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും.
ദൈവത്തെ തന്നെ, ദൈവികോദ്ദേശം തന്നെ, വഴിയും ഉദ്ദേശവും ആക്കിയതിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും ആനന്ദവും.
വിഡ്ഢി അതൊക്കെയും അനുഭവിക്കട്ടെ.
വിഡ്ഢികൾക്കേ അങ്ങിനെയൊക്കെ ആവാനും അതൊക്കെയും അനുഭവിക്കാനുമാവൂ.
**********
അയ്യൂബ്, എന്റെ കുട്ടിക്കാലത്തെ സുഹൃത്തേ, വളരെ സന്തോഷം, വളരെ നന്ദി. എന്നെ എനിക്കറിയിച്ചു തന്നതിന്. ഞാനാരെന്നു എനിക്ക് പറഞ്ഞു തന്നതിന്. എന്നെ വിഡ്ഢി എന്ന് വിളിച്ചതിനു.
അയ്യൂബ്, എന്നെ ഞാൻ അറിയുന്നതിനെക്കാൾ വലിയ അറിവില്ലല്ലോ? അല്ലെങ്കിൽ അതിനു വേണ്ടി ജീവിതം മുഴുവൻ ഞാൻ അലയേണ്ടി വരുമായിരുന്നു. താങ്കൾ എന്നെ സഹായിച്ചു, അത്തരം അലച്ചിലിൽ നിന്നും താങ്കൾ എന്നെ രക്ഷിച്ചു. ഒരു ജീവിതം സഫലവും അർത്ഥപൂർണവും ആക്കിത്തന്നു. താങ്കൾ മഹാഗുരു തന്നെ. മഹാ ഗുരു ആയതു കൊണ്ട് തന്നെയാണ് ഒരു ചെറിയ വാക്കു കൊണ്ട് ഒരു വലിയ സത്യം ഉരുവിടാനും മനസിലാക്കിത്തരാനും കഴിഞ്ഞത്. താങ്കൾക്കു ഒരു കോടി നന്ദി. ഗുരുക്കന്മാർ തന്നെ ആവാൻ യോഗ്യതയുള്ള താങ്കളുടെ മറ്റു ശിഷ്യന്മാർക്കും.
സത്യം പറയാമല്ലോ, താങ്കൾ ഇത്രത്തോളം മഹാഗുരുവായി വളർന്നതിൽ ഞാൻ തെല്ല് അത്ഭുതം കൂറി. ഇത് വരെ ഇതൊന്നും അറിയാതെ പോയല്ലോ എന്നതിൽ. നൂറ്റാണ്ടുകളും നൂറു ജന്മങ്ങളും തപസ്സിരുന്നാലും സാധിക്കാത്തതാണല്ലോ ഇത്? ഇയാൾ എന്റെ സുഹൃത്തുമല്ലോ? അയ്യൂബ്, ഞാൻ ധന്യനായി, എന്റെ ജീവിതം ധന്യമായി.
അയ്യൂബ്, അറിയാമല്ലോ? ഗുരു എന്നാൽ ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ. വെളിച്ചം നൽകുന്നവൻ. ഗുരുവെന്നാൽ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരേ ഒരു കർമം കൊണ്ട് നടത്തുന്നവൻ. അറിയിക്കുക, അറിയുക എന്ന ഒറ്റ കർമം കൊണ്ട്. അതിനാൽ ആണ് "ഗുരു ബ്രഹ്മ ഗുരുർ വിഷ്ണു ഗുരു ദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:" എന്ന് പാവം ഭാരതീയർ പണ്ടേ അത് അറിഞ്ഞു പാടിത്തുടങ്ങിയത്. താങ്കളെ പോലുള്ളവരെ കൂടി ഉദ്ദേശിച്ചായിരിക്കും. താങ്കളോട് അത് പറയേണ്ടതില്ലെന്നു എനിക്ക് അറിയാം. പൊറുക്കുക. അവിവേകമായെങ്കിൽ. ഗുരുസമക്ഷത്തിൽ അവിവേകം പറയരുതല്ലോ? ഏറിയാൽ ചോദിക്കാം. അത്ര തന്നെ.
അയ്യൂബ്, എന്നെ എനിക്കറിയിച്ചു തന്ന താങ്കൾ വെളിച്ചം തന്ന ഗുരു തന്നെ. അതിനേക്കാൾ വലിയ ഒരറിവും ഒരു ഗുരുവിനും നൽകാനാവില്ല. വിഡ്ഢിക്കു സ്വമേധയാ കിട്ടുന്ന സ്വാതന്ത്ര്യവും താങ്കൾ എനിക്ക് പതിച്ചു തന്നു. വളരെ സന്തോഷം. ഞാൻ സ്വതന്ത്രനായി. സ്വാതന്ത്ര്യം ഊർജം മാത്രം പുറപ്പെടുവിക്കുന്നു. സ്വാതന്ത്ര്യത്തിൽ സ്വാതന്ത്രനായാണല്ലോ ദൈവം. തുറന്നിടത്തു തുറന്നവനായി. വിഡ്ഢിയെ പോലെ. ഒന്നും ബാധകമാകാതെ. മഴയും വെയിലും ഉപമയും അലങ്കാരവും ഒന്നും.
അയ്യൂബ്, ഇനി എനിക്ക് ഊർജസ്വലനായി എന്തും വിളിച്ചു പറയാം. ഞാൻ തളരില്ല. കാരണം ഊർജസ്വലനായ വിഡ്ഢി ദൈവത്തോളമാണ്. വിഡ്ഢിയാണെന്നറിയുന്ന വിഡ്ഢി കൂടി ആവുമ്പോൾ ഒന്ന് കൂടി. പ്രതീക്ഷകൾക്കും ബഹുമാനങ്ങൾക്കും വേണ്ടി നിന്ന് കൊടുക്കേണ്ടതില്ലല്ലോ? താങ്കൾ എന്നെ എത്തിച്ചിരിക്കുന്നത് വല്ലാത്ത ഉയരത്തിൽ തന്നെ. ഉരുണ്ട് വീഴാനില്ലാത്ത ഉയരത്തിൽ. താങ്ങും തണലും ആവശ്യമില്ലാത്ത ഉയരത്തിൽ. സന്തോഷം, നന്ദി.
അയ്യൂബ്, നിങ്ങളെ കാത്തു നിന്നു, നിങ്ങൾ പറയുന്നതിനെ കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി. അവരും എന്നെ സഹായിക്കാൻ ആത്മാർത്ഥമായി കാത്തിരിക്കുകയായിരുന്നല്ലോ? സൗഹൃദം എന്നാൽ അവകാശപ്പെടാനുള്ളതാണെന്നും തരം കിട്ടിയാൽ, അസൂയയും അസഹിഷ്ണുതയും മറയായി വെച്ച്, പൊതുവേദിയിൽ തെറി പറയാനുള്ളതാണെന്നും മനസിലാക്കിത്തന്ന ഗുരുക്കന്മാരും അവരിലുണ്ട്. പിന്നിലും മുന്നിലും അസഹിഷ്ണുതയും വെച്ച് അവർ കാത്തിരുന്നു കൊണ്ടേയിരിക്കുന്നു. ഇഷ്ടപ്പെടാതിരിക്കാൻ ഏറെ പണിപ്പെടുന്ന അവർ വെറുക്കാൻ വേണ്ടി അദ്ധ്വാന്ദിക്കുന്നു, ന്യായങ്ങളും കാരണങ്ങളും കാത്തിരിക്കുന്നു. അവർക്കു നിങ്ങൾ ഒരു ആശ്വാസം തന്നെ.
അയ്യൂബ്, നിങ്ങൾ ബഹുമുഖ വ്യക്തിത്വമുള്ള ഗുരു തന്നെ. ഈ യുഗത്തിൽ അവതരിക്കേണ്ട യഥാർത്ഥ ഗുരു. ഗുരുവിന്റെ സംഹാരശേഷി ഉപയോഗിച്ച് താങ്കൾക്കു പറ്റുമെങ്കിൽ ഇനി ഇയ്യുള്ളവനെ സംഹരിക്കാൻ കൂടി ശ്രമിക്കാം. ഉന്മൂലനം എന്നത് സ്വർഗീയ പ്രവേശത്തിനുള്ള എളുപ്പ വഴിയുമല്ലേ?
അയ്യൂബ്. വിഡ്ഡിയാവാൻ തന്നെയാണ് ശ്രമം. കാരണം ബുദ്ധി വലിയ ബാധ്യതയാണ്, ഭാരമാണ്. ബുദ്ധി അഹങ്കാരമാണ്. അഭിനയിച്ചു കൊണ്ടേയിരിക്കുന്നവൻ അഹങ്കാരിയായ ബുദ്ധിമാൻ? ശ്രമിച്ചു പ്രയാസപ്പെട്ടു കൊണ്ടെയിരിക്കേണ്ടവൻ? സ്വാർത്ഥതക്കും അത്യാർഥിക്കുമുള്ള വേറൊരു പേരും കൂടിയാണല്ലോ ബുദ്ധി? മുഴുവനിൽ നിന്നും ദൈവത്തിൽ നിന്നും തന്നെ വേര്പെടുത്തുന്ന ബുദ്ധി. സ്വാഭാവികതയും അതിലെ എളുപ്പവും നിഷേധിക്കുന്ന ബുദ്ധി. പ്രതിരോധത്തിന്റെ വഴിയേ അക്രമിയാവാൻ പ്രേരിപ്പിക്കുന്ന ബുദ്ധി. ഉദ്ദേശവും അതിന്റെ കൂർത്തു മൂർപ്പും നൽകുന്ന ബുദ്ധി. എല്ലാം ദൈവികംമെന്നു സമ്മതിക്കാൻ മടിക്കുന്ന ബുദ്ധി. താനും അതും ഉണ്ടെന്നു തോന്നിപ്പിക്കുന്ന ബുദ്ധി.
അയ്യൂബ്, അറിയാമല്ലോ? വിഡ്ഢിക്കു അഭിനയിക്കാനില്ല, അഭിനയിക്കേണ്ടതേ ഇല്ല. പ്രയാസപ്പെടാനില്ല, പ്രയാസപ്പെടേണ്ടതെ ഇല്ല. കാരണം അവനു ബാധ്യതയും ഭാരവും അഹങ്കാരവുമായ ബുദ്ധിയില്ല. അവൻ ഒന്നിനും ഉത്തരവാദിയല്ല. അതിനാലേ, പേടിക്കാനില്ല, പേടിക്കേണ്ടതേ ഇല്ല. അവൻ നിരാശ്രയൻ, ധീരൻ. അവൻ അവനാൽ സ്വസ്ഥം, സംതൃപ്തൻ.
അയ്യൂബ്, ലാഭ-നഷ്ടങ്ങൾക്കു വേണ്ടി ജീവിക്കാത്ത വിഡ്ഢിക്കു മാത്രമേ ധീരനാവാൻ പറ്റൂ. അവന്നു ഇടം വലം നോക്കാനില്ല. ജീവിതം ആരുടേയും കല്പനക്കു മുൻപിൽ വിലയായി കൊടുക്കാത്തവൻ ആണ് അവൻ. ജീവിതത്തെ അദ്ധ്വാനവും തൊഴിലും മാത്രമാക്കി ചുരുക്കാത്തവൻ.
അയ്യൂബ്, വിഡ്ഢിയെ ഒരു നിലക്കും ചുറ്റുപാട് സ്വാധീനിക്കുന്നില്ല. വിഡ്‌ഡിക്കു സഹജ ബോധം ആവശ്യമില്ല. ദൈവത്തെ പോലെ. ആരുടേയും പ്രതീക്ഷകളും ആരെങ്കിലും നൽകിയേക്കാവുന്ന ആദരവും ബഹുമാനവും അവനു വിഷയമല്ല. സ്ഥാനവും മാനവുമല്ല; ഉള്ളറിവും ഉള്ളുറപ്പുമാണ് അവന് പ്രധാനം. അത് തന്നെ വിളിച്ചു പറഞ്ഞു പോകുന്നു അതിനാൽ അവൻ.
അയ്യൂബ്, അതിനാൽ വിഡ്ഢി സ്വതന്ത്രൻ. ബുദ്ധിമാൻ അസ്വാതന്ത്രൻ. മാനങ്ങളുടെയും മാനദണ്ഡങ്ങളുടെയും തടവറയിൽ അസ്വാതന്ത്രനായി അസ്വസ്ഥപ്പെടുന്നവൻ ബുദ്ധിമാൻ. ഭാരം തൂങ്ങുന്നവൻ. ഭാരം പേറുന്നവൻ. കച്ചവടക്കാരൻ. ഉപകാരണമാവുന്നവൻ. നഷ്ടം മാത്രം ലാഭമാക്കുന്ന കച്ചവടക്കാരൻ. ജീവിതം നഷ്ടമാക്കി ഭസ്മമാക്കി ആ ഭസ്മത്തെ ലാഭം ആക്കി നേടുന്നവൻ. ജീവിതം ജീവിച്ചു തീർക്കാൻ മറക്കുന്ന, അതിനാൽ സ്വർഗം നഷ്ടമാകുന്ന കച്ചവടക്കാരൻ.
അയ്യൂബ്, വിഡ്ഢി എപ്പോഴും ജീവിച്ചു കൊണ്ടേയിരിക്കുന്നു. അവനെപ്പോഴും സ്വർഗത്തിൽ. അവനു ഉദ്ദേശങ്ങൾ ഇല്ല. ഉപകാരണമാവാനുമില്ല. വിഡ്ഢികൾക്കേ സ്വർഗപ്രവേശം ഉള്ളൂ. കാരണം അവൻ ന്യായങ്ങൾ ആവശ്യമില്ലാതെ, വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തേടാതെ, ദൈവത്തിൽ വണങ്ങിയവൻ, വിധേയപ്പെട്ടവൻ. ദൈവത്തെ അവനിൽ കൂടിയുള്ള ഒഴുക്കായും പ്രവൃത്തിയായും കാണുന്നു. സ്വാഭാവികതയായ്. നൃത്തമായ്. തുടർച്ചയായി. ഒടുങ്ങാത്ത തുടർച്ച. എവിടെയും ആരിലും.
അയ്യൂബ്, ദൈവം തന്നെ ഒരു വിഡ്ഢിയല്ലേ? ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാത്തവൻ വിഡ്ഢിയല്ലാതെ പിന്നെ ആരാണ്? ആരുടെ മുൻപിലും ഒന്നും ബോധിപ്പിക്കാനില്ലാത്തവൻ വിഡ്ഢിയല്ലാതെ ആരാണ്? തന്നിൽ തന്നെ രമിക്കുന്നവൻ ആരാണ്? എല്ലാറ്റിനെയും സൃഷ്ടിച്ചു അതിന്റെ മഹത്വം സ്വയം രുചിക്കുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തവൻ വിഡ്ഢിയല്ലാതെ ആരാണ്? അവന്റെ സൃഷ്ടികളെ അവൻ തന്നെ ശിക്ഷിച്ചു കളയും എന്ന് പറയേണ്ടി വരുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? തന്നെ സ്തുതിച്ചും മഹത്വപ്പെടുത്തിയും കൊണ്ടേ ഇരിക്കേണം എന്ന് സൃഷ്ടികളോട് കേണു പറയേണ്ടി വരുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? തന്നെ മാർക്കറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? മാർക്കറ്റ് ചെയ്യാൻ ആളെയും ഏജന്റിനെയും വിട്ടിട്ടും പരാജയപെടുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? മാർക്കറ്റ് ചെയ്യാൻ കമ്മീഷനും ഡിസ്‌കൗണ്ടും വെച്ചിട്ടും ആളെ കിട്ടാതെ പോകുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? പ്രതിയോഗിയെ സ്വയം സൃഷ്ടിച്ചു, അതിനെ പിശാചെന്നു വിളിച്ചു, ആ പ്രതിയോഗിയുടെ പേരിൽ സ്വയം അസ്വസ്ഥപ്പെടുന്നവനും പരാജയപ്പെടുന്നവനും വിഡ്ഢിയല്ലാതെ ആരാണ്? ആ പ്രതിയോഗിയുടെ പേരിൽ ഒന്നും അറിയാത്ത പാവങ്ങളെ പരീക്ഷിക്കുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? ആ പാവങ്ങളെ ശിക്ഷിക്കും എന്ന് പേടിപ്പിക്കേണ്ടി വരുന്ന ദൈവം വിഡ്ഢിയല്ലാതെ ആരാണ്? അവൻ വിചാരിച്ചാൽ നടക്കുമെന്നാലും ഒന്നും താൻ വിചാരിച്ചതു പോലെ നടക്കുന്നില്ലെന്ന് പറയേണ്ടിയും ആവലാതിപ്പെടേണ്ടിയും വരുന്ന ദൈവം വിഡ്ഢിയല്ലാതെ ആരാണ്?
ഗുരോ, ഞാനും ആ ദൈവത്തെ പോലുള്ള ഒരു വിഡ്ഢിയാണോ, വിഡ്ഢിയാവണോ? ഒന്ന് തെളിച്ചു പറഞ്ഞാൽ എനിക്ക് അതും മനസ്സിലാക്കാമായിരുന്നു.
അയ്യൂബ്, സത്യം വിളിച്ചു പറയേണമെങ്കിൽ, അതിനുള്ള ധൈര്യം കിട്ടണമെങ്കിൽ വിഡ്ഢിയാവണം. വിഡ്ഢികളാണ് ലോകത്തെ ചാലക ശക്തികളായവർ. എല്ലാം നഷ്ടപ്പെടാൻ തയാറായ വിഡ്ഢികൾ. താൽപര്യങ്ങളും ലാഭവും പ്രശ്നമാക്കാത്ത വിഡ്ഢികൾ. അഭിമാനത്തിനും ബഹുമാനത്തിനും വേണ്ടി അദ്ധ്വാനിക്കേണ്ടിയും അഭിനയിക്കേണ്ടിയും വരാത്ത വിഡ്ഢികൾ.
അയ്യൂബ്, അത്തരം വിഡ്ഢികളെ ചരിത്രത്തിലുടനീളം കാണാം. അത്തരം വിഡ്ഢികളെ വിഡ്ഢികളെന്നു വിളിയ്ക്കാൻ, ഭ്രാന്തന്മാരെന്നും മാരണക്കാരനെന്നും വിളിച്ച, ബുദ്ധിമാനാമാരായ ബഹുഭൂരിപക്ഷം വരുന്നവരെയും കാണാം. ലോകം എന്നും ആയ മഹാ ഭൂരിപക്ഷം തന്നെ ഭരിച്ചു. ഇത്തരം വിഡ്‌ഡികളെ എതിർത്തും തെറിവിളിച്ചും അവർ ശമ്പളം പറ്റി, സ്ഥാനവും അധികാരവും ശേഷം നേടി. ഇത്തരം വിഡ്ഢികളെ തന്നെ തോളിലേറ്റിയും കൊണ്ടുനടന്നും കച്ചവടമാക്കിയും.
അയ്യൂബ്, എന്റെ പ്രിയങ്കരനായ ഗുരുവേ, എനിക്ക് എന്നെ അറിയിച്ചു തന്ന മഹാമാനസനെ, അറിയാമല്ലോ, രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുഞ്ഞുകുട്ടിയും പൊതുജനം കഴുതക്കു മുൻപിൽ സാഹചര്യവും ചുറ്റുപാടും അറിയാത്ത, വിഡ്ഢിമാത്രമായിരുന്നു. വിഡ്ഢി ആയാലേ ആ കൊച്ചു കുട്ടിയെ പോലെ വിളിച്ചു പറയാനാവൂ.
അയ്യൂബ്, മറുപടി പറയണം എന്ന് വിചാരിച്ചതല്ല. പക്ഷെ, ഗുരു സ്ഥാനത് നിന്ന് ഞാൻ വിഡ്ഢിയാണെന്നു വിളിച്ചറിയിച്ചവനോട് നന്ദിയുള്ളവൻ ആവേണമല്ലോ? താങ്കളിലെ ഗുരുവിനെ എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കുകയും വേണമല്ലോ? എല്ലാവരും നെല്ലും പതിരും മനസിലാക്കുകയും ചെയ്യട്ടെ. കാറ്റത്തു പാറിപ്പോകുന്നതും അല്ലാത്തതും അറിയട്ടെ. കാറ്റത്തു പാറിപ്പോകുന്നത് കണ്ണിനും കാഴ്ചക്കും പ്രയാസം ഉണ്ടാക്കുന്നതും.
അയ്യൂബ്, ശരിക്കും സോറി. ഇന്നലെ വീട്ടിൽ ഇല്ലാതെ പോയി. താങ്കളെ പോലുള്ളവർക്ക്, ഗുണകാംക്ഷ മാത്രം കൈമുതലായുള്ളവർക്ക്, മറുപടി തരാൻ ഒരു നിലക്കും താമസിക്കരുതായിരുന്നു. അതെന്റെ കുറ്റം. ക്ഷമാപണത്തോടെ നിർത്തട്ടെ.
********
അയ്യൂബിന്റെ അസ്വസ്ഥതക്കും ഉത്കണ്ഠക്കും നന്ദി.
വേറെ ഒരാൾ വിഡ്ഢിയായിപ്പോവുന്നതിലെ താങ്കളുടെ വേദന ശരിക്കും എടുത്ത് പറയേണ്ടത് തന്നെ.
യഥാർത്ഥ മനുഷ്യ സ്നേഹിയിലെ അതുണ്ടാവൂ.
അപ്പോഴും, വേറെ ഒരാൾ വിഡ്ഢിയെന്നു കാണാനും വിളിക്കാനുമുള്ള താങ്കളുടെ ഉൾക്കാഴ്ചയും വിവേകവും എടുത്തുപറയപ്പെടേണ്ടതും അഭിനന്ദനം അർഹിക്കുന്നതും ആണ്.
ഒരായിരം പൂച്ചെണ്ടുകൾ.
പക്ഷെ, അയ്യൂബ്, വിഡ്ഡികളുടെ ജീവിതത്തിനു സ്വാന്തന്ത്ര്യമുണ്ട്, സൗന്ദര്യം ഉണ്ട്.
ഉദ്ദേശമില്ലായ്മയുടെ സ്വാതന്ത്ര്യവും സൗന്ദര്യവും.
ഉദ്ദേശപൂര്ണതയുടെ കൂർത്തുമൂർപ്പില്ലാത്ത സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും.
ദൈവത്തെ തന്നെ, ദൈവികോദ്ദേശം തന്നെ, വഴിയും ഉദ്ദേശവും ആക്കിയതിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും ആനന്ദവും.
വിഡ്ഢി അതൊക്കെയും അനുഭവിക്കട്ടെ.
വിഡ്ഢികൾക്കേ അങ്ങിനെയൊക്കെ ആവാനും അതൊക്കെയും അനുഭവിക്കാനുമാവൂ.
No comments:
Post a Comment