Friday, July 13, 2018

ഇനി കോൺഗ്രസ്സുകാരുടെ കാര്യം. ഞാനെന്തിന് ഒരു കോൺഗ്രസുകാരൻ ആവണം?

കാക്ക രാജാവിന്റെ ഗതിയും കഥയും ആണ് കോൺഗ്രസിന്റേത്. മുകളിലിരുന്ന് അധികാരവും ആർഭാടവും കൊണ്ടാസ്വദിച്ചു, അഹങ്കരിച്ചു. താഴേക്ക് നോക്കിയതേ ഇല്ല. മുകളിൽ എല്ലാം സ്ഥിരമെന്നും ഭദ്രമെന്നും അങ്ങുറപ്പിച്ചു. തണ്ടിനും വേരിനും വേണ്ടതൊന്നും ചെയ്യാതെ അങാഘോഷിച്ചു. തണ്ടും വേരും ചിതലെടുത്തു. അണികളും നേതാക്കളും അധികാരത്തിനു വേണ്ടി മാത്രം,  അപ്പവും മധുരവും നുള്ളാൻ മാത്രം, വന്നവർ ആയി.  അഹങ്കാരം ഒട്ടും കുറയാതെ തന്നെ കാക്കരാജാവ് നിലംപൊത്തി. നൂല് വിട്ട പട്ടം പോലെ നിലം പൊത്തി.

ആകാശത്തിലിരിക്കുന്ന ഒരു പട്ടവും അതിനെ  ഉയർത്തിലെത്തിച്ച കീഴെയുള്ള വിരലിനെയും അതിലൂടെ വന്ന നൂലിനെയും മറക്കരുത്, അവഗണിക്കരുത്. കോഗ്രസിനു പറ്റിയത് അത് മാത്രമാണ്. ആകാശവും അധികാരവും വലുതും വിശാലവും ആയിരിക്കാം. വിശാലമായ ഒരു ലോകത്തെയും ആർഭാട ജീവിതത്തെയും അത് തന്നേക്കാം. പക്ഷെ ഒന്നും അവിടെ ഉറപ്പല്ല, വീണാൽ വളരെ താഴേക്കു തന്നെ വീഴും.  

ദേശവും ദേശം തരുന്ന പിന്തുണയും കാരണങ്ങളുമാണ് നൂലും വിരലും. നൂല് പിടിച്ച വിരലാണ് ജനങ്ങൾ തന്ന വിശ്വാസവും വോട്ടും. നൂലാണ് ദേശവും ദേശവാസികളും. ദേശമായ ആകാശത്തിൽ നിന്ന് വീണാൽ അതെ കൈകൾ നിങ്ങളെ വെച്ചേക്കില്ല. മുസ്സോളിനിയെയും ഹിറ്റിലേറെയും വെച്ചേക്കാതിരുന്നത് പോലെ. ജനാധിപത്യം എന്നതൊന്നും അപ്പോൾ ഒരു മറയും ആവില്ല. അത്രക്കങ്ങു ജനങ്ങൾ കോപിഷ്ഠരായാൽ.  

ഇത് കോൺഗ്രസ് എന്നല്ല എല്ലാ രാഷ്ട്രീയ പാർട്ടികളും അറിഞ്ഞാൽ നന്ന്.

***********

ഞാനെന്തിന് ഒരു കോൺഗ്രസുകാരൻ ആവണം? ഇതിനുള്ള ഉത്തരം ഓരോ അനുയായിക്കും പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും കൊടുക്കാനായാൽ കോൺഗ്രസ്സിന് ഒരു തിരിച്ചു വരവുണ്ട്. ആ ഉത്തരം  ഇന്ധനവും ഊർജവുമായി മാറണം. ആ ഉത്തരം പാർട്ടിയുടെ പ്രത്യേയശാസ്ത്രവും  ദർശനവും ആവണം. ആരുടെയും  മനസ്സ് നിറക്കുന്ന ആരെയും ആവേശ ഭരിതരാക്കാൻ പറ്റുന്ന ഉത്തരം.  അങ്ങിനെ ഒരു ഉത്തരം കൊടുക്കാൻ കഴിയാതെ കോൺഗ്രസിന് ഒരു തിരിച്ചു വരവ് പാർട്ടിയെന്ന നില്ക്കില്ല.

ഭരണ വിരുദ്ധ തരംഗം ഒന്ന്  മാത്രം ഉപയോഗിച്ച് ഭരണം തിരിച്ചു പിടിക്കലാവരുത് ജനാധിപത്യത്തിന്റെ സാരം. രാജ്യം ഭരിക്കാനും പാർട്ടികൾക്ക് രക്ഷപ്പെടാനുമല്ല ജനാധിപത്യം. പകരം രാജ്യത്തെ രക്ഷിക്കാനും രക്ഷപ്പെടുത്താനും സേവിക്കാനും ആണ്, ആവണം പാർട്ടികൾ, അഥവാ കോൺഗ്രസ്സ്, എന്ന ബോധവും വികാരവും ഉണ്ടാവണം, ഉണ്ടാക്കിയെടുക്കാൻ ആവണം. അങ്ങിനെ ഒരു പ്രത്യേയശാസ്ത്രവും ദർശനവും രൂപപ്പെടുത്തണം, രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഗാന്ധിയും ഖദറും വസ്ത്രത്തിലല്ലായിരുന്നു വേണ്ടിയിരുന്നത്. ഹൃദയത്തിലും ബുദ്ധിയിലുമായിരുന്നു. രാജ്യവും രാജ്യവാസികളും ഉള്ള സ്ഥിതിക്കും ആ രാജ്യത്തെയും രാജ്യവാസികളെയും കാത്തുരക്ഷിക്കേണം എന്ന നിലക്കും.

*********

തകർക്കുകയും നശിപ്പിക്കുകയും സാധാരണ ഗതിയിൽ വളരെ എളുപ്പമുള്ള കാര്യം. പ്രകൃതിയിൽ തകർക്കുക, തകരുക, അതല്ലെങ്കിൽ നശിക്കുക, നശിപ്പിക്കുക എന്നത് മാത്രമായി ഒരു കാര്യവും നടക്കുന്നില്ല. നാശത്തോടൊപ്പം തന്നെ സൃഷ്ടിയും തകർച്ചയോടൊപ്പം തന്നെ നിർമാണവും തളർച്ചയോടൊപ്പം തന്നെ വളർച്ചയും മറ്റൊരർത്ഥത്തിൽ നടക്കുന്നു. മാനവും മാനദണ്ഡവും വ്യത്യാസപ്പെട്ടാണെങ്കിലും. അതല്ലെങ്കിൽ മാനത്തെയും മാനദണ്ഡത്തെയും വ്യത്യാസപ്പെടുത്തി കണ്ടാൽ മതി.

പക്ഷെ, ഇന്ത്യൻ ജനാധിപത്യത്തിൽ സംഗതി മറ്റൊന്നാണ്. തകർക്കുന്നവർ തകർക്കുന്നു. തകർത്തതിന് പകരമാവാൻ തങ്ങൾക്കു പറ്റാതെ തന്നെ. പകരം വെക്കുന്നതിനെ കുറിച്ച ഒരു കാഴ്ചപ്പാടും പരിഹാര നടപടിയും ഇല്ലാതെ തന്നെ. അധികാരദുരയും സ്വാർത്ഥമോഹവും മാത്രം ലാക്കാക്കിയും ലക്ഷ്യമാക്കിയും. അവർക്ക് വളർത്തുന്നതിന്റെയും സൃഷ്ടിക്കുന്നതിന്റെയും നിർമിക്കുന്നതിന്റെയും ദർശനമോ ലക്ഷ്യമോ ഇല്ല.

തറവാട് തകർക്കാം. പഴക്കം ഒരു പ്രശ്നവും പ്രയാസവും തന്നെയാണെങ്കിൽ. തറവാട് അതിന്റെ ഉദ്ദേശം നിർവഹിക്കുന്നില്ലെങ്കിൽ.  പക്ഷെ, തറവാട് തകർക്കുമ്പോൾ  ഒരു കുടിയിലെങ്കിലും പകരമായി വരേണം, വരുത്തേണ്ടതിന്റെ പദ്ധതിയും കഴിവും വേണം. ഒരു കുടില് കെട്ടാനുള്ള പദ്ധതിയും ശേഷിയും തറവാടിനെ തകർക്കുന്നവർക്കുണ്ടായിരിക്കേണം.

തറവാട് വെറും ഒരു തറവാട് മാത്രമായിരിക്കാം. എന്തിന്റെയെങ്കിലും പേരിലല്ലാതെ രൂപപ്പെട്ട ഒരു തറവാട്. ഭാഗം വെച്ചും അനന്തിരമായും സംഭവിച്ച ഒരു തറവാട്.  പക്ഷെ അത് മൂലം സ്വസ്ഥത പൂകുന്നവരും അന്തിയുറങ്ങുന്നവരും അതിലുണ്ടാവും. അതിൽ കൂട് കൂട്ടിയവർക്കും പ്രതീക്ഷ അർപ്പിച്ചവർക്കും പകരമൊന്നു നൽകാനാവണം.

ഇന്ത്യയിലെ കോൺഗ്രസ് ചുരുങ്ങിയത് അങ്ങിനെ ഒരു തറവാട് ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ മേൽവിലാസത്തിൽ അറിയാതെയും വെറുതെയും രൂപപ്പെട്ട ഒരു തറവാട്. എട്ടുകാലി മമ്മുഞ്ഞിയെ പോലെ സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ഏറ്റെടുത്ത കൊണ്ട്‌. അത് മൊത്തം ഇന്ത്യക്കാർ നേടിയെടുത്തതാണെന്നു മനസിലാക്കാതെ വീമ്പിളക്കിക്കൊണ്ട്.

ആ തറവാട് വെറും അധികാരത്തിനു വേണ്ടി മാത്രം നിലകൊണ്ടതായി എന്നത് വെറും വിരോധാഭാസം. അധികാരമല്ലാത്ത ഒരു ദിശാബോധവും ഇല്ലാതെ. ഒരു വെറും അധികാര ഷെൽട്ടർ പാർട്ടി മാത്രമായ്. സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്സും സ്വാതന്ത്ര്യാനന്തരം ഭരിച്ച കോൺഗ്രസ്സും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ തന്നെ. അഥവാ ഉണ്ടെങ്കിൽ തന്നെ സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന് സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര കോൺഗ്രസിന് ഒരു ലക്ഷ്യവുമില്ല.  ഇന്ത്യ എന്താവണം എന്ന ഒരു ദർശനവും പ്രത്യേയശാശ്ത്രവും, ആ പാർട്ടി തന്നെ എന്തെങ്ങിനെ ആവണമെന്നും  ഇല്ല.

അതിനാൽ തന്നെ കാര്യമായ ഉറച്ച അസ്ഥിവാരമൊന്നും ഇല്ലാത്ത ആ തറവാടിനെ തകർക്കുക ആർക്കും എളുപ്പമായിരുന്നു.  ഇന്ത്യയിൽ ആ തറവാടിനെ തകർത്തവർക്കും, അത് ഇടതു പക്ഷമായിരുന്നാലും, അസൂയയും അധികാര ദുരയും മാത്രമായിരുന്നു ആയുധം.  ആ സ്ഥാനത്തു ദേശീയാടിസ്ഥാനത്തിൽ ഒരു കുടില് പോലും വെക്കാനാവുമെന്ന വിചാരമോ ആഗ്രഹമോ ശേഷിയോ അവർക്കുണ്ടായിരുന്നില്ല. ഒരു കുടില് പോലും ആ സ്ഥാനത്തു അവർക്കു വെക്കാനായുമില്ല. വെറും അധികാര ദുരയുടെ പേരിൽ മാത്രം തകർത്തവർക്കാർക്കും.

അങ്ങിനെ വരുമ്പോൾ പ്രകൃതി ചെയ്യുന്നതാണ് അതിന്റേതായ പകരം വെക്കൽ. തകർച്ചയോടപ്പം അത് മൂലം തന്നെ ഉണ്ടാവുന്ന അവസ്ഥാന്തരം പോലെ നടക്കുന്ന നിർമാണം. ബി ജെ പി. ആരുണ്ടാക്കിയില്ലെങ്കിലും പ്രകൃതി കോൺഗ്രസ്സിന് പകരം ബി ജെ പി യെ കൊണ്ട് വരുമായിരുന്നു. താത്കാലിക ലാഭത്തിനു തങ്ങളുടെ തട്ടകം മാത്രം സംരക്ഷിക്കാൻ വേണ്ടി തകർത്തവർ അത് ഉദ്ദേശിച്ചിരുന്നാലും ഇല്ലെങ്കിലും.


*********


ഇന്ത്യൻ ജനാധിപത്യം അമ്പേ പരാജയമാണെന്നത് ആഘോഷമാക്കിയ രാഷ്ട്രീയ നേതാക്കളും പാർട്ടികളും മാത്രമേ ഇന്ത്യയിൽ ഉള്ളൂ. ചൂഷണം എളുപ്പമാക്കുന്ന ഒരു ജനത ഇന്ത്യയിൽ ഇന്ത്യക്കാരായുണ്ട് എന്ന തെളിച്ചത്തിന്റെ ആഹ്ലാദത്തിൽ ആഘോഷിക്കുന്നവർ.

പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണ് യഥാർത്ഥ ജനാധിപത്യത്തിൽ. ജനങളുടെ ഇങ്ങിതം  നടപ്പാക്കുന്നതിലും ജനജീവിതം സുരക്ഷിതമാക്കുന്നതിലും.

പക്ഷെ ഇന്ത്യയിൽ കാര്യം മറിച്ചാണ്. ജനങളുടെ ഇങ്ങിതം അട്ടിമറിക്കുന്നതിലും ജനജീവിതം ദുസ്സഹമാക്കുന്നതിലുമാണ് ഇവർ ഒന്ന്. ഒത്തുകളിച്ചു ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ. വഞ്ചനയിൽ പാർട്ടി മറന്നു ഭരണ പക്ഷം പ്രതിപക്ഷം എന്ന വ്യത്യാസം മറന്നു പരസ്പരം സംരക്ഷിക്കുന്ന കാര്യത്തിൽ.

ഇവിടെ വിഷത്തിൽ മായമില്ല. വഞ്ചനക്കിടയിൽ വഞ്ചനയുമില്ല. അങ്ങിനെ വഞ്ചകരെ പരസ്പരം വഞ്ചിക്കാതിരിക്കുന്നതിനെയും ജനങ്ങളെ വഞ്ചിക്കുന്നതിനെയും വിളിക്കുന്ന പേര് ജനാധിപത്യം. അത് ഇന്ത്യക്കാർ ഇന്ത്യക്കാരോട് ചെയ്യുന്നതിനാൽ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് വഴിയുമില്ല.


********

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന അവസ്ഥ വന്നപ്പോൾ ഇന്ത്യയിൽ കോഗ്രസിനു എന്നല്ല ഒരു പാർട്ടിക്കും മറ്റൊരു പാർട്ടിയെ അതിരു വിട്ടു എതിർക്കാൻ കഴിയില്ല എന്ന മട്ടായി. എന്ന് മാത്രമല്ല പരസ്പരം സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും വന്നു പെട്ടു എല്ലാ പാർട്ടികൾക്കും നേതാക്കൾക്കും.

അതിനാൽ ജനങളുടെ മുൻപിൽ പുകമറയുണ്ടാക്കി വോട്ട് തട്ടാൻ വേണ്ടി മാത്രം അവർ പരസ്പരം പോരടിക്കുന്നു. രഹസ്യത്തിൽ അവർ പരസ്പരം സംരക്ഷിക്കും, പരസ്യത്തിൽ ജനങ്ങൾക്കു ചർച്ച ചെയ്തു, സ്വയംഭോഗം ചെയ്തു സംതൃപ്തിയടയാൻ അവർ വിഷയങ്ങളും ചർച്ചകളും ഉണ്ടാക്കിക്കൊടുക്കും. ജുഡീഷ്യറി എന്ന ജുഡീഷ്യൽ കമ്മീഷൻ എന്നും മറ്റും മറ്റും പേരുള്ള ഒരു വിലയും നിലവാരവും ഉപയോഗവും ഇല്ലാത്ത ഉമ്മാക്കി കാണിച്ചു ജനങ്ങളെ അങ്ങ് സംതൃപ്തിപ്പെടുത്തി മറവിയിലേക്കു ആനയിക്കും. രാഷ്ട്രീയ തൊഴലാളി യൂണിയനിലെ അംഗങ്ങളായാ എല്ലാവരെയും സംരക്ഷിക്കും എന്നത് ജനാധിപത്യത്തിന്റെ പേരിൽ അവർ ഉറപ്പായും നടപ്പാക്കുന്ന അജണ്ട.

എന്നിട്ടുമെന്തേ കോൺഗ്രസ് പരാജയപ്പെടുന്നത്?

അത് കമ്യുണിസ്റ്റുകളുടെതിനേക്കാൾ മോശമല്ല. പാർട്ടിയെന്ന നിലയിൽ പ്രത്യേയശാസ്ത്രമോ ആദർശമോ ഇല്ലാത്ത ഒരു പാർട്ടി. നാല്പതിലധികം വർഷങ്ങൾ സ്വാതന്ത്ര്യത്തിന്റെ പേരിൽ തീറെഴുതിക്കിട്ടി അവർക്കു ഇന്ത്യയെ. എന്നിട്ടും എന്താണ്, എന്തിനാണ് രാജ്യം, രാജ്യ സംസ്കാരം എന്ന്  പറയാനും പഠിപ്പിക്കാനും അവർ മറന്നു പോയി. എന്താണ്, എന്തിനാണ് കോൺഗ്രസ് എന്ന് പോലും മനസ്സിലാക്കാനും പഠിപ്പിക്കാനും മറന്നു പോയി. ഒരാൾ എന്തിനു ഒരു കോൺഗ്രസ്സുകാരൻ ആവണം എന്നതിനുള്ള ന്യായവും ഉത്തരവും  കൊടുക്കാനും പഠിപ്പിക്കാനും, അത്തരം ഒരു ന്യായവയും ആദർശവും ഉത്തരവും പാർട്ടിക്ക് വേണ്ടി ഉണ്ടാക്കാനും മറന്നു പോയി.

ഏറിയാൽ അധികാരം കയ്യേറാനും നടത്താനും മാത്രമായി ഒരു അധികാര ബസ് ഷെൽട്ടർ പാർട്ടി മാത്രമായി അതിനെ അവരങ് ചുരുക്കിക്കളഞ്ഞു.  വെറും ഒരു അധികാര  ഷെൽട്ടർ  പാർട്ടി.  അധികാര മഴ അവരിൽനിന്നും തോർന്നപ്പോൾ ഇന്ത്യയിൽ ആകമാനം അണികളും നേതാക്കളും ആ പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയി.  മറ്റു അധികാര ബസ് ഷെൽട്ടർ പാർട്ടികളിൽ ചേക്കേറി.  മറ്റു മുറിവൈദ്യന്മാരെ അവർ രോഗിയായ രോഗിയാക്കേണ്ട അമ്മക്കുള്ള വൈദ്യന്മാരായി കണ്ടെത്തി.

**********

ഇക്കാലമത്രയും നാട് ഭരിച്ചിട്ടും രാജ്യത്തെ രാജ്യമാക്കി നിർത്തുന്നുവെന്ന് അവർ തന്നെ കപടമായ അഹങ്കാരത്തോടെ പറയുന്ന മതേതരത്വവും ജനാധിപത്യവും രാജ്യസംസ്കാരവും രാജ്യസ്നേഹവും അവർ ആരെയും പഠിപ്പിച്ചില്ല.  ബി ജെ പി യെ പ്രതിരോധിക്കാൻ ഒരു മരുന്നായി പോലും ഇപ്പോൾ അപ്പറഞ്ഞ സംജ്ഞകളെയും  സങ്കല്പങ്ങളെയും അവർക്ക് ഉപയോഗിക്കാൻ കഴിയുന്നുമില്ല.  പാർട്ടിക്കും രാജ്യത്തിനും അതിനെ നിലനിർത്തുന്ന വിശ്വാസത്തിന്റെയും അറിവിന്റെയും വേരും ശാഖയും അവർ പടർത്തിയില്ല.

ബി ജെ പി വന്നപ്പോൾ രാജ്യസ്‌നേഹത്തിന്റെ പേരിൽ അവരോടോപ്പം മത്സരിക്കാനാവുന്നില്ല എന്ന് വന്നപ്പോൾ കരിവാരിത്തേക്കാൻ മാത്രം ഉപയോഗിക്കുന്ന ഒന്നാക്കി ജനാധിപത്യം, മതേതരത്വം എന്നീ സംജ്ഞകളെയും സങ്കല്പങ്ങളെയും അവർ.   ന്യൂനപക്ഷങ്ങളെ പറഞ്ഞു പറ്റിക്കാനുള്ള സംജ്ഞകളും സങ്കല്പങ്ങളും.  അധികാരത്തിനു വേണ്ടിയും അധികാരം തിരിച്ചു പിടിക്കാൻ വേണ്ടിയും ഉരുളേണ്ട വെറും ചക്രങ്ങളായ സംജ്ഞകളും സങ്കല്പങ്ങളും.


*******

ദേശീയ പാർട്ടികൾ, അത് കോൺഗ്രസ് ആയാലും മറ്റേത് പാർട്ടി ആയാലും, അറിയേണ്ട ഒന്നുണ്ട്:

ദേശീയ പാർട്ടികൾ, അത് കോൺഗ്രസ് ആയാലും മറ്റേത് പാർട്ടി ആയാലും, അറിയേണ്ട ഒന്നുണ്ട്. തങ്ങൾ അധികാരത്തിലിരിക്കാൻ ആഗ്രഹിക്കുന്നത് കൊമ്പത്താണ്. ഏതൊരു വൃക്ഷത്തിന്റെ കൊമ്പത്താണോ, ആ വൃക്ഷത്തിന്റെ തണ്ടും തടിയും ആ ദേശമാണ്. അതിന്റെ വേര് ജനങ്ങളാണ്. അവർക്കു തണ്ടിനെയും തടിയേയും കുറിച്ച കൃത്യമായ ധാരണ വേണം. തണ്ടിനും വേരിനും വേണ്ടത് നൽകാനുള്ള കാഴ്ചപ്പാടും കരുത്തും ഒരുക്കവും വേണം. കൊമ്പിലാണ്, അതിലെ ഇലകളിലാണ്, വൃക്ഷത്തിന് വേണ്ടതൊക്കെയും ഭക്ഷണമായി പ്രകാശ സംശ്ലേഷണം എന്ന പേരിൽ ഉണ്ടാവുന്നത്.

തണ്ടിനെയും തടിയേയും വേരിനെയും അവഗണിച്ചു ഭരിക്കുക അസാധ്യമാണ്.  തണ്ടിനെയും തടിയേയും നശിപ്പിച്ചു, തണ്ടിനും തടിക്കും വേണ്ടതൊന്നും ചെയ്യാതെ, നടത്തുന്ന കാര്യത്തെയല്ല ഭരണം എന്ന് വിളിക്കുക.

വാഴുന്നേടത്തോളം വാണാൽ മതിയെന്നും, പ്രതിപക്ഷത്തിന്റെ കഴിവുകേടിനെ മാത്രം കരുത്തും ദർശനവും ആക്കിയാൽ മതിയെന്നും, വാഴാൻ പറ്റാത്ത വിധമായാൽ വാണകാലത്ത് ദേശത്തെ മുഴുവൻ കട്ടുമുടിച്ചും, ചതിച്ചും വഞ്ചിച്ചും സമ്പാദിച്ചതും സ്വരൂപിച്ചതും വെച്ച് വിദേശങ്ങളിൽ പോയി സുഖവാസം നടത്താം എന്നാവരുത് ദേശീയ പാർട്ടികളുടെയും അതിലെ നേതൃത്വത്തിന്റെയും വിചാരം. ആ വിചാരം ആയിരിക്കരുത്, ആ വിചാരം ഭംഗിയായി കച്ചവട മനസോടെയും ഒത്തുകളിയോടെയും നടപ്പാക്കാനാവുന്നു എന്നതായിരിക്കരുത് ദേശീയ പാർട്ടികളുടെയും അവരുടെ നേതാക്കളുടെയും ദേശീയ പാർട്ടിയും നേതാക്കളും ആവാനുള്ള പ്രധാന യോഗ്യത?

No comments: