Monday, July 23, 2018

നായയുടെ വാൽ ഉപബോധ മനസ്. ബോധ മനസു നേരെയാക്കുന്ന കുഴലും. കുട്ടിക്കാലത്തെ അനുഭവ പരീക്ഷണ കഥ പറയാം. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിന് നന്ദി.

നല്ല ചോദ്യങ്ങൾ. ശരിക്കും ചോദിക്കേണ്ടത്. സൃഷ്ടിയെന്ന വിശ്വാസം ഇതിനകം മനസ്സിൽ കയറി നിന്ന സ്ഥിതിക്കും അതിനെ അടിസ്ഥാന വിശ്വാസവും മാനദണ്ഡവും ആക്കി നടക്കേണ്ടിയും ജീവിക്കേണ്ടിയും വരുന്ന സ്ഥിതിക്കും ഇങ്ങനെ ഒരു ചോദ്യം പ്രസക്തം, ചോദിച്ചതിന് നന്ദി.

ഉത്തരങ്ങൾ ഇതിനകം പലേടത്തും പറഞ്ഞതിൽ തന്നെ ഉണ്ട്. ആവർത്തനം പോലെയാവും വീണ്ടും എഴുതിപ്പറഞ്ഞാൽ. എന്നിരുന്നാലും എവിടെയോ തന്നെന്നും ആവർത്തനമാകുമെന്നും പറഞ്ഞു ഉത്തരം തരാതിരിക്കാൻ പറ്റില്ലല്ലോ? ചോദിച്ചവനോട് പോയി തപ്പി കണ്ടെത്തത്താൻ പറയുന്നതിൽ ഒരനൗചിത്യം ഉണ്ടല്ലോ?

ഉത്തരം നാല് വരിയിൽ ചുരുക്കുകയുമാവാം. എന്നെ സംബന്ധിച്ചേടത്തോളം അത് മതിയെന്നുമാവും. പക്ഷെ, ചോദിച്ചവന് അത് ബോധ്യം വരുത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടല്ലോ? അവൻ അകപ്പെട്ട അവസ്ഥയിൽ നിന്നുമാണല്ലോ ചോദ്യം വരുന്നത്. ആ അവസ്ഥയെ കൈകാര്യം ചെയ്യുകയാണ് ചോദ്യത്തിന് ഉത്തരം നൽകുന്നതിലും പ്രയാസം. അതിനാൽ അല്പം നീണ്ടു പറഞ്ഞാൽ മുഷിയരുത്.

ഒന്നേയുള്ളൂ. സത്യം ശുദ്ധവായുവും വെള്ളവും വെളിച്ചവും പോലെ എല്ലാവർക്കും ഒരു പോലെ കിട്ടണം, അനുഭവമാക്കാനാവണം. ലളിതമായിരിക്കണം. ഒരു കെട്ടിക്കുടുക്കും വ്യാഖ്യാനവും ആവശ്യമില്ലാതെ, ആവശ്യമാക്കാതെ. സാമാന്യ യുക്തിക്കു ഏറ്റ  ദഹിക്കുന്നതാവണം സത്യവും ദൈവവും. ദൈവം തന്ന ബുദ്ധി ദൈവത്തെയും അവന്റെ സത്യത്തെയും മനസിലാക്കാൻ ഉതകുന്നില്ല എന്ന പരാതിയും പരിമിതിയും ഉണ്ടാവരുത്.

പിന്നെ ഈയ്യുള്ളവൻ നൽകുന്ന ഉത്തരം എന്തേ നീളുന്നത്? ഈയുള്ളവൻ എന്തേ വിശദീകരണം നൽകുന്നത്? എന്ന ചോദ്യം ഉണ്ടാവും. ശരിയാണ്. ഈയുള്ളവൻ പറയുന്ന സത്യത്തിനല്ല നീളം കൂടുന്നത്. പകരം നിലവിൽ കലത്തിൽ നിറഞ്ഞിരിക്കുന്ന വൃത്തികേടുകളും ആവശ്യമില്ലാത്തതും നീക്കം ചെയ്യാനാണ് വിശദീകരണവും നീളവും ഉണ്ടാവുന്നത്.

********

കുട്ടിക്കാലത്തെ ചില സത്യസന്ധമായ അനുഭവ പരീക്ഷണ കഥ പറയാം.

ചെറുപ്രായത്തിലേ ഇസ്ലാം നന്നായി തലയിൽ കയറിയത് കാരണവും, ഖുർആൻ മാത്രമാണ് എല്ലാറ്റിനും പരിഹാരം എന്ന് വിശ്വസിച്ചതിന്നാലും, ഖുർആൻ പൂർണമായും ദൈവികമായ അവസാനത്തെ ഗ്രൻഥം, വചനം എന്നുറപ്പിച്ചു മനസിലാക്കിയത് കൊണ്ടും പലപ്പോഴും റോഡിൽ കൂടി നടക്കുമ്പോഴൊക്കെ (പ്രത്യേകിച്ചും മമ്മിമുക്കിലേക്കും മമ്മിമുക്കിൽ നിന്നു സാധനങ്ങൾ വാങ്ങാനും വാങ്ങി തിരിച്ചും നടക്കുന്ന വഴിയിൽ) ഞാൻ ഖുർആൻ അത്യുച്ചത്തിൽ ചൊല്ലുമായിരുന്നു, ഒതുമായിരുന്നു (ഹൃദിസ്ഥമായ ഭാഗം. അത്യാവശ്യം നന്നായി ഹൃദിസ്ഥം ഉള്ളവനുമായിരുന്നു).

അങ്ങനെ ചൊല്ലുമ്പോൾ സത്യസന്ധമായും കുട്ടിത്തത്തിന്റെയും ഒരു നല്ല വിശ്വാസിയുടെയും നിസ്വാർത്ഥമായ സ്വാർത്ഥവിചാരവും വികാരവും ആഗ്രഹവും കൂടിയുണ്ടായിരുന്നു മനസ്സിൽ. അതിങ്ങനെയായിരുന്നു.  'ഇത് ഖുർആൻ. ഉറപ്പായും ദൈവ വചനം. ദൈവം മനുഷ്യന്മാർക് വേണ്ടി അവസാനമായി കൊടുത്ത വെളിച്ചം, സന്ദേശം. എങ്കിൽ, ഇങ്ങനെ ചൊല്ലുന്നതും ഓതുന്നതും കേട്ടാൽ, അത് കേൾകുന്നവനിൽ മാറ്റൊലിയും മാറ്റവും ഉണ്ടാവും. ദൈവ വചനം മാറ്റമുണ്ടാക്കിയില്ലേൽ പിന്നെ ആർക്കു എന്തിനു എങ്ങിനെ പറ്റും? ആർക്കും ഒന്നും പറ്റില്ല'. പ്രത്യേകിച്ചും മനുഷ്യന് മാർഗദർശനവും പരിഹാരവും ഖുർആൻ മാത്രമെന്നും വിശ്വസിച്ചതിനാൽ.

അതിനാൽ തന്നെ അമുസ്ലിംകൾ അടുത്തുകൂടെ പോകുമ്പോൾ ഇത് കൂടുതൽ വ്യക്തമായി നിഷ്കളങ്കമായി ഞാൻ ചൊല്ലി. അതിൽ ദെച്ചൂട്ടിയും നാണിയേടത്തിയും അയ്യൻ നാണുവും ഗോവിന്ദേട്ടനും യശോദേച്ചിയും ഗോപാലേട്ടനും ഒക്കെയുണ്ടായിരുന്നു അങ്ങനെ എന്റെ അടുത്ത് കൂടെ നടന്നവരിലും ഞാൻ ചൊല്ലിയത് കേട്ടവരിലും.

അവരൊക്കെ എന്തായാലും എന്നെ അങ്ങിനെ കേട്ടിട്ടുണ്ടാവും. ഉറപ്പ്. ഇത് കേട്ടുകൊണ്ടെങ്കിലും വിശ്വാസ  മാറ്റം ഉണ്ടാവട്ടെ എന്ന് ഞാനും കരുതി. അവർക്കു വേണ്ടി ചെയ്യാവുന്ന നന്മയും നീതിയും എന്ന നിലക്ക്. അങ്ങനെ ഉച്ചത്തിൽ  തന്നെ ഞാൻ ഓതി, ചൊല്ലി. നടുറോഡിൽ നടന്നുകൊണ്ടിരിക്കെ,. ലോകത്തിനു മുഴുവൻ നന്മയും സത്യവും ഭവിക്കട്ടെ എന്ന് ഉള്ളാൽ ആത്മാർത്ഥമായി ആഗ്രഹിച്ചതിനാൽ. കുട്ടിത്തത്തിൽ കയറിയ വിശ്വാസം അത്രയ്ക്ക് ശക്തമായിരുന്നു. കുറച്ചൊക്കെ നന്നായി ഖുർആൻ അർത്ഥസഹിതം പഠിച്ചു കൊണ്ട്.

സത്യം പറയാമല്ലോ, ഇങ്ങനെയൊക്കെ ആയിട്ടും, ആരിലും ഒരനക്കവും ഒരോളവും അതുണ്ടാക്കിയില്ല. ഞാൻ ഖുർആനിൽ വല്ലാതെ പ്രതീക്ഷ വെച്ചെങ്കിലും അത് വെച്ച് വല്ലാതെ ആഗ്രഹിച്ചുവെങ്കിലും. ആരും ഒരിക്കലും സ്വാധീനിക്കപ്പെട്ടതായും കേട്ട ഭാവം പോലും നടിച്ചതായും കണ്ടില്ല. അവരാരും അറിഞ്ഞുകൊണ്ട് സത്യം നിഷേധിക്കുന്നവരും നിഷേധിക്കാൻ ഒരുമ്പെട്ട് നിൽക്കുന്നവരും ആണെന്ന് ഇന്നും എനിക്ക് കരുതാൻ പറ്റുന്നില്ല.

ഒരുപക്ഷെ ഞാൻ ഒരു വിഡ്ഢിയോ, വെറും കുട്ടിയോ, ആളെ കേൾപ്പിക്കാൻ ചൊല്ലുന്നവനോ മാത്രം ആയതല്ലാതെ ഒന്നും സംഭവിച്ചില്ല. എന്നെ സംബന്ധിച്ചേടത്തോളം അക്കാലത്തു അതൊരു പ്രശ്നം ആയതുമില്ല. കാരണം, മനസ്സാക്ഷിയിൽ സത്യസന്ധനായവന്ന് തെറ്റില്ല, ഒന്നും തെറ്റാവില്ല, തെറ്റാവാനില്ല. അവന്റെ തെറ്റും ശരിയാണ്. അന്ന് മുതൽ മനസിലാക്കാൻ തുടങ്ങേണ്ടതായിരുന്നു ശരി മനസ്സാക്ഷിയിൽ സത്യം പുലർത്തുമ്പോഴാണെന്നു. എങ്കിൽ ദെച്ചൂട്ടിയും നാണിയേടത്തിയും അയ്യൻ നാണുവും ഗോവിന്ദേട്ടനും യശോദേച്ചിയും ഗോപാലേട്ടനും ഒക്കെ ശരി തന്നെയായിരിക്കുമെന്ന്. എന്നാലും പിന്നെയും സമയമെടുത്തു.

എന്ത്കൊണ്ട് ഇങ്ങനെയൊക്കെ ഉച്ചത്തിൽ ചൊല്ലിയിട്ടും ഓതിയിട്ടും ആരിലും ഒരു മാറ്റവും മാറ്റൊലിയും അതുണ്ടാക്കിയില്ല?  അങ്ങനെ ഒരാലോചന പിന്നീട് എപ്പോഴും കുഴപ്പിച്ചു. ദൈവവചനം കേൾകുന്നവന് കൂടി ബാധകമാവേണ്ടതല്ലേ, അനുഭവഭേദ്യമാകേണ്ടതല്ലേ? അവനു വേണ്ടി കൂടി അവതരിച്ചതാണെങ്കിൽ? അതല്ലെങ്കിൽ ദൈവത്തിന് മനുഷ്യനെ അളക്കാനും മനസിലാക്കാനും കഴിയാതെ പോയി എന്നാവില്ലേ? ദൈവം പരാജയമാകുകയല്ലേ ചെയ്യുന്നത്? കേൾക്കുന്നവനിൽ മാറ്റവും ഓളവും ഉണ്ടാക്കേണ്ടതല്ലേ? പ്രത്യേകിച്ചും, ഖുർആൻ മാത്രമാണ് ഇനിയങ്ങോട്ട് മനുഷ്യൻ പിൻതുടരേണ്ട, മനുഷ്യനെ സ്വാധീനിക്കേണ്ട ഗ്രൻഥവും വചനവും സന്ദേശവും എങ്കിൽ?

ഉപബോധ മനസ്സിൽ തിരുകിക്കയറ്റി നിർത്തപ്പെട്ട ആ വിശ്വാസവുമായി തന്നെ എന്നിട്ടും മുന്നോട്ടു പോയി. സംശയങ്ങൾ ബോധമനസിലും. മറ്റൊരു മതവും സംഘവും ഇതിനു ഉത്തരമായില്ല, തന്നില്ല. അതിന്നാലേ, മറ്റൊരു സംഘത്തിന്റെ പിന്നാലെയും പോകേണ്ടി വന്നില്ല. കുറച്ചു വർഷങ്ങൾ കൂടി അവനവന്റേതായ അന്വേഷണത്തിന്റെയും ആത്മസംഘര്ഷത്തിന്റെയും ലോകത്തിലൂടെ. യാഥാർഥ്യവുമായി വിശ്വാസം ഒരു നിലക്കും പൊരുത്തപ്പെടാത്ത പൊരുത്തമില്ലായ്മയിലൂടെ. തർക്കിച്ചും സംഘർഷപ്പെട്ടും. സ്ഥാപിച്ചും സ്ഥാപിക്കാൻ ശ്രമിച്ചും.

സത്യസന്ധമായ വിശ്വാസം ഒരടയിരിപ്പു പോലെയാണ്. കുറച്ചു കാലമേ വേണ്ടി വരൂ. കുഞ്ഞു വിരിഞ്ഞിരിക്കും. മുട്ട മുട്ടായല്ലാതായിരിക്കും. പകരം നൂറായിരം അത്തരം മുട്ടകളിടുന്ന ഒരു നൂറു കുഞ്ഞുങ്ങളെ അത് വിരിയിച്ചിട്ടും വളർത്തിയിട്ടും ഉണ്ടാവും. എന്റെ കാര്യത്തിൽ അതങ്ങനെ തന്നെ സംഭവിച്ചു, ഒരു വോൾക്കാനിക്‌ അനുഭവം പോലെ. സമുദ്രാനുഭവം പോലെ. ഒറ്റയ്ക്ക് നടക്കുന്ന, പിന്നീട് നമ്മെ ഒറ്റക്കാക്കുന്ന അനുഭവം. പങ്കു വെക്കലിന് വിധേയമാക്കാനാവാത്ത അനുഭവം.

അങ്ങനെ ഇപ്പോൾ ഞാനറിയുന്നു, പറയുന്നു. ഒരു വിഭാഗത്തിന്റെയും പിന്തുണയില്ലാതെ. ആരുടേയും ഓരത്തും തണലിലും നിൽക്കാതെ. എല്ലാവരുമായും സമദൂരം സൂക്ഷിച്ചുകൊണ്ട്. എല്ലാറ്റിലും എല്ലാവരിലും ഒരുപോലെ ശരിയും തെറ്റും കണ്ടുകൊണ്ട്. എന്നാൽ ആരിലും പ്രത്യേകിച്ച് തെറ്റു കാണാതെ. ശരിയും. എല്ലാവരെയും ശരിയായി കാണാൻ തുനിഞ്ഞുകൊണ്ട്. തെറ്റെന്ന നെഗറ്റീവ് ടോൺ ഉപേക്ഷിക്കാൻ. 'ദൈവത്തിന് ആരോടും അവരറിയാത്ത ഭാഷയിൽ സംസാരിക്കേണ്ടതില്ല. എല്ലാവരോടും അവരവരുടെ വിതാനത്തിലും അവരവരുടെ ഭാഷയിലും തന്നെ സംസാരിക്കാൻ ആവും. ദൈവം അങ്ങനെ തന്നെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനാൽ ആണ് എല്ലാ ഓരോരുത്തർക്കും ജീവിതം.   അത്കൊണ്ടാണ് എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ ധൈര്യവും ന്യായവും കിട്ടുന്നത്, ഉണ്ടാവുന്നത്. ജീവിതമാണ്, അതിലെ എല്ലാം തന്നെയാണ്, ദൈവത്തിന്റെ സംസാരവും സന്ദേശവും. അതേ ജീവിതം തന്നെയാണ് ദൈവത്തിനുള്ള വണക്കവും പൂജയും ആരാധനയും അനുസരണവും എല്ലാം. എല്ലാ ധർമവും ജീവിതം കൊണ്ട് നടക്കുന്നു. ജീവിതത്തിലൂടെ പുലരുന്നു'.

അപ്പോൾ ഖുർആൻ എന്നത്?
തൊരു ഗ്രന്ഥാവും പോലെ ഒരു ഗ്രൻഥം. പ്രവാചകൻ എന്ന് പറയപ്പെടുന്ന ആൾ അങ്ങനെ ഒരു ഗ്രൻഥം അയാൾ ജീവിച്ചിരുന്ന കാലത്ത് കൊണ്ട് വന്നിട്ടില്ല. അവസാനത്തേതെന്നു അയാളും അയാളുടെ ദൈവവും ഉദ്ദേശിച്ചതാണെങ്കിൽ അയാളിലൂടെ തന്നെ, അയാൾ ഉള്ള കാലത്തു തന്നെ, ആ ഗ്രൻഥം ഗ്രൻഥ രൂപത്തിൽ ക്രോഡീകരിച്ചു വരുമായിരുന്നു. ദൈവം അല്ലേ? അതിനു കഴിവില്ലാത്തവൻ ദൈവം ആവില്ലല്ലോ?

പിന്നെ എന്താണ് ഖുർആൻ? ഏതൊരു ഗ്രൻഥവും പോലെ ദൈവത്തിന്റേത്. ഖുർആൻ മാത്രം ദൈവികം ആവാൻ ഒന്നും ഖുർആനിൽ പ്രത്യേകിച്ചില്ല; മറ്റു ഗ്രൻഥങ്ങളിൽ ഇല്ലാതില്ല. ആന്ധ്രയിലെ കർഷകൻ ചെയ്യുന്നതും പറയുന്നതും വരെ ദൈവികമായ ചെയ്തിയും പറച്ചിലും. അങ്ങനെയേ ആവാൻ വഴിയുള്ളൂ. പാടുള്ളൂ.

അക്കാലത്തെ അക്കോലത്തിലെ ജനങ്ങളോട് പറഞ്ഞ ദൈവിക ജീവിത ഭാഷ്യം. ഖുർആൻ എന്നല്ല, ദൈവികം അല്ലാത്തതെന്തുണ്ട് ഈ പ്രാപഞ്ചികതയിൽ? പൂവും പഴവും ഇലയും മുള്ളും മലവും ചാണകവും മലയും പുഴയും ഞാൻ പറയുന്നതും നീ പറയുന്നതും മറ്റാര് പറയുന്നതും ചെയ്യുന്നതും എല്ലാം ദൈവികം തന്നെ.

ഖുർആൻ ഇക്കാലത്തു ഇക്കോലത്തിലുള്ള അനേകം ഭാഷക്കാർക്കു ഒരു നിലക്കും ബാധകമല്ലാത്തത്. അതിലെ ചിലതല്ലാതെ. മറ്റു പല പുസ്തകങ്ങളിലെയും ചിലതെന്ന പോലെ.  അതിനാൽ തന്നെയാവണം അങ്ങനെയൊക്കെ ഓതിയതും ചൊല്ലിയതും ഒരോളവും അനക്കവും ആരിലും ഉണ്ടാക്കാതിരുന്നത്. കുട്ടിത്തത്തിൽ സ്വാധീനിക്കപ്പെട്ടതു വെച്ച് അസ്ഥാനത്തും അസമയത്തും പ്രയോഗിച്ചു ദൈവത്തെ പരാജയെപ്പെട്ടവനാക്കുക മാത്രമായിരുന്നു ഞാൻ. ആപേക്ഷികമായ തെറ്റ് എന്റേതും ഞാൻ മനസിലാക്കിയതിലും എന്നെ അങ്ങനെ മനസിലാക്കിത്തന്നവരിലും.

ദൈവത്തെ അങ്ങനെ അന്യഭാഷയിലൂടെ കേൾപ്പിച്ചു മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല. ദൈവം എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ശബ്ദവും ജീവിതവും തന്നെയാണ്. ദൈവം ജീവിതത്തിലൂടെ തന്നെയാണ്. നവീനമായ്. പുതുമയായ്.

ഒരുപക്ഷെ അക്കാലത്തും എക്കാലത്തും അങ്ങനെ സത്യസന്ധമായും ആത്മാർത്ഥമായും സമീപിച്ചത് കൊണ്ടായിരിക്കും നടന്നടുത്ത്, പിന്നീട് അതും മുറിച്ചു കടന്നു, നടന്ന് അകലാൻ കഴിഞ്ഞത്.

സത്യസന്ധൻ മുറിച്ചു കടക്കും. കാരണം, അവൻ ആൾക്കൂട്ടത്തിനു വേണ്ടി വിശ്വസിക്കുന്നവനും നിഷേധിക്കുന്നവനും അല്ല. അവന്റെ മനസ്സാക്ഷിയിലും മനസ്സാക്ഷിക്കു വേണ്ടിയും വിശ്വസിക്കുന്നവനും അന്വേഷിക്കുന്നവനും ആണ്. അവൻ ഉള്ളും പുറവും അറിയും, അറിഞ്ഞു മുറിച്ചു കടക്കും. നിന്നേടത്തു നിൽക്കാൻ അവനു പറ്റില്ല. അരിയെ നഷ്ടപ്പെടുത്തി ചോറ് നേടും അവൻ. അതിനവൻ വിറകും വെള്ളവും നഷ്ടപ്പെടാൻ തയാറാകും. സത്യാന്വേഷണത്തിനുള്ള, സന്മാർഗ്ഗദര്ശനത്തിനുള്ള അരിയും വിറകും വെള്ളവും താൻ തന്നെയെന്നും തന്നിൽ തന്നെയെന്നും അവനറിയും. അതിനാൽ അവനെയും അവന്റേതും നഷ്ടപ്പെടുത്തിയും അവൻ നേടും. ഒരു ശരിയെ. ഉള്ളിലറിയുന്ന ഒരു സത്യത്തെ. സാക്ഷാത്കാരമായ്. സത്യസന്ധൻ വെറുതെ ഇരുന്നും ചലിക്കുന്നവൻ ആയിത്തീരുക നിർബന്ധം. എങ്കിലേ അവനു സമാധാനവും സ്വസ്ഥതയും വരൂ. സന്മാർഗം സന്മാർഗം ആവൂ.

*********

നീ ഉന്നയിച്ച ചോദ്യങ്ങളിലേക്കു കടക്കണം.

സൃഷ്ടി എന്ന് മനസിലാക്കിത്തന്നവർ അത് മനസിലാക്കിത്തന്നുവോ, അതെങ്ങിനെ മനസിലാക്കിത്തന്നു എന്നറിയില്ല. അതവർക്ക് തന്നെയും ബോധ്യപ്പെട്ടതിനു ശേഷമാണോ കയറ്റിവെച്ചതും എന്നറിയില്ല. നമ്മുടെയൊക്കെ മാതാപിതാക്കൾ അതിനു മാത്രം  അന്വേഷണവും ചിന്തയും നടത്തിയവർ ആണെന്ന് എനിക്കഭിപ്രായമില്ല. അവർ മാതാപിതാക്കൾ തന്നെ. പക്ഷെ വിശ്വാസത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ എന്നതില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ മുഹമ്മതും യേശുവും ബുദ്ധനും മാർക്‌സും ഉണ്ടാവുമായിരുന്നില്ല.

കുഞ്ഞുന്നാളിലേ, ചോദ്യങ്ങൾ ചോദിക്കാനാവുന്നതിനും മുൻപ്, അതങ്ങനെയങ് കയറ്റി നിർത്തപ്പെട്ടു വിശ്വാസങ്ങൾ. അത്ര മാത്രം. അതിനാൽ നിലവിലുള്ളതും വിശ്വസിച്ചു പോരുന്നതും വിശ്വസിക്കാൻ ന്യായങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ട, വേണ്ടി വന്നില്ല.

പക്ഷെ ഒന്നോർത്തു നോക്കൂ. നിലവിൽ വിശ്വസിച്ചു പോരുന്നതിനെതിരെ ഒന്ന് ചിന്തിക്കാൻ തുടങ്ങേണമെങ്കിൽ കുറെ ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടി വരുന്നു. എന്നിട്ടോ? എത്രയെല്ലാം ഉത്തരങ്ങളും ന്യായങ്ങളും തന്നാലും കിട്ടിയാലും മാറാനും മാറ്റാനും സാധിക്കുകയുമില്ല.

അതിനൊരു കാരണം ഉണ്ട്. ഇപ്പോൾ കിട്ടുന്ന ഉത്തരങ്ങളും ന്യായങ്ങളും ബോധ മനസിനെയേ ബോധ്യപ്പെടുത്തൂന്നുള്ളൂ. കുഞ്ഞു നാളിൽ കയറ്റിവെച്ചതോ? ഉപബോധ മനസ്സിൽ. തിരുത്താനാവാത്ത ഉപബോധ മനസ്സിൽ. കുഞ്ഞുനാളിൽ ആദ്യമേ കയറ്റിവെച്ചതിനെ അടിസ്ഥാനവും ശരിയുമാക്കിയാണ് നമ്മൾ ബാക്കി എല്ലാറ്റിനെയും ചോദ്യം ചെയ്യുന്നത്. അത് ശരിയായെന്നു മനസിലാക്കാൻ നമുക്ക് ചോദ്യങ്ങളും ഉത്തരവും വേണ്ടി വന്നതുമില്ല.

നായയുടെ വാൽ പോലെയാണ് ഉപബോധ മനസ്. ബോധ മനസു അതിനെ നേരെയാക്കാൻ ഉപയോഗിക്കുന്ന കുഴലും. ബോധമാവുന്ന കുഴലിൽ ഉപബോധത്തെ എത്ര തിരുകിക്കയറ്റി വെച്ചാലും, ബോധം എന്ന കുഴൽ എടുത്തു കഴിഞ്ഞാൽ, വീണ്ടും പൂർവ സ്ഥിതിയിലേക്ക് വളഞ്ഞു പോകും. ഭീതിയും അരക്ഷിത ചിന്തയും വരുമ്പോൾ ഉപബോധ മനസിലേക്ക് തിരിച്ചു പോകും.

അതിനാൽ ആണ് മരണഭയവും രോഗവും വാർദ്ധക്യവും വരുമ്പോൾ മഹാഭൂരിപക്ഷവും തിരിച്ചു പോകുന്നത്. യൗവനത്തിന്റെ തിളപ്പിൽ ചെയ്തത് ഒരു കുറ്റബോധമായി ഉപബോധ മനസ് മാറ്റുന്നത്. മഹാഭൂരിപക്ഷം ജനങളുടെ കാര്യത്തിലും കാര്യം അങ്ങനെയാണ്. വാൽ വളഞ്ഞു തന്നെ പോകും. വളഞ്ഞു തന്നെയിരിക്കും. ഉപബോധ മനസ് നിലനിൽക്കും. ഉപബോധ മനസിലേക്ക്  മഹാഭൂരിപക്ഷവും തന്നെ തിരിച്ചു പോകും. അങ്ങനെ, മതങ്ങൾ വിജയിക്കുക തന്നെ ചെയ്യും. കുറ്റബോധം തീർക്കാൻ മനുഷ്യൻ പിന്നീട് കൂടുതൽ മതകീയനാവുകയും ചെയ്യും. ലഹരി പോലെ തന്നെ. ലഹരി പോലും ഒരു തരം കുറ്റബോധത്തോടെ എടുക്കുന്ന മനുഷ്യന് കുറ്റബോധം അശേഷവും ഇല്ലാതെ എടുത്തടിക്കാവുന്ന ഏക ലഹരി മതമാണ്. ഉപബോധ മനസിലേക്ക് പോകുന്നത് മതമാണ്.

അത് കൊണ്ടാണ് മതങ്ങൾ നിലനിൽക്കുന്നത്. അത് കൊണ്ട് തന്നെയാണ് മതങ്ങൾ കുട്ടികളിൽ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേല്പിക്കണം എന്ന് വാശി പിടിക്കുന്നത്. ഉപബോധ മനസിലേക്ക് വിശ്വാസങ്ങൾ, ചോദ്യോത്തരത്തിനും ചിന്തക്കും അന്വേഷണത്തിനും ആത്മീയമായ ഒരു വ്യവഹാരത്തിനും വിധേയമാക്കാതെ, തിരുകിക്കയറ്റി വെക്കാനാവണമെങ്കിൽ കുട്ടികൾ ആണ് ഏറ്റവും നല്ല ഇടം. വിത്തിറക്കിയാൽ മാത്രം മതി. വലിയ അദ്ധ്വാനം ഇല്ലാതെ ലാഭകരമായി കൃഷി ചെയ്യാം. വിശ്വാസങ്ങളെയും അനുഷ്ടാനങ്ങളേയും കുട്ടികളിൽ ശീലമാക്കി ലഹരിയാക്കി ആ കുട്ടികളെ അടിമകളാക്കി മാറ്റാം. എത്രയെല്ലാം വലുതായാലും ബോധം ചെലുത്തിയാലും രക്ഷപ്പെടാനാവാത്തത്ര വലിയ അടിമകൾ.

വിശ്വാസ കാര്യത്തിൽ കുട്ടികളെ മാതാപിതാക്കളുടെ അടിമകൾ ആക്കേണമെന്നു മതങ്ങൾ ശഠിക്കുന്നത് അതിനാലാണ്. ഉപബോധ മനസിനെ മാറ്റിമറിക്കാൻ സാധാരണ ഗതിയിൽ ബോധമനസിന്‌ സാധിക്കില്ല. സാമൂഹ്യ സുരക്ഷിതത്വവും സ്വത്തുസംരക്ഷണവും കുടുംബജീവിതവും ഒക്കെയായി കൂടിക്കുഴഞ്ഞ ജീവിതത്തിൽ പ്രത്യേകിച്ചും. അതിനു മാത്രം തകിടം മറിക്കുന്ന ഒരു യഥാർത്ഥ വോൾക്കാനിക്‌ അനുഭവം ഇല്ലെങ്കിൽ. വഹ്‌യ്‌ എന്ന് പറയുന്ന,  ശരിക്കും പിടിച്ചു കുലുക്കുന്ന, സാക്ഷാത്കാരവും ബോധോദയവും തിരിച്ചറിവും നടക്കുന്നില്ലെങ്കിൽ ആരും ഒന്നും മാറ്റില്ല. സമൂഹവുമായി ആദ്യാവസാനം രാജിയാവും. ഇടയിൽ വല്ലതും ചെയ്തു പോയെങ്കിൽ കുറ്റബോധമായി അവശേഷിക്കുകയും ചെയ്യും. പ്രത്യേകിച്ചും ആ വിശ്വാസത്തിൽ പാരത്രിക രക്ഷയും ശിക്ഷയും കൂടി കൂട്ടിക്കലർത്തിയാൽ.

ഇനി ചോദ്യങ്ങൾക്കുള്ള ഉത്തരം.

ചോദ്യം ഒന്ന്. മനുഷ്യ സൃഷ്ടിയെ പറ്റി എന്താണ് പറയാനുദ്ദേശിക്കുന്നതു?  എന്തിനു വേണ്ടി നാം സൃഷ്ടിക്കപ്പെട്ടു?

എല്ലാ സൃഷ്ടിയും പോലെ മനുഷ്യ സൃഷ്ടിയും. സൃഷ്ടിയാണോ എന്ന് തന്നെയും തീർത്തു പറയേണ്ടതല്ല. എന്നാലും, താങ്കൾ അങ്ങനെ ഉപയോഗിച്ച സ്ഥിതിക്കും പ്രയോഗ സുഖത്തിനു വേണ്ടി, അങ്ങനെ തന്നെ ഉപയോഗിക്കുന്നു.

ദൈവം അല്ലാത്ത ഒന്നില്ല. സൃഷ്ടിയും സൃഷ്ടിജാലവും സൃഷ്ടാവും വേറെ വേറെ ആണെന്ന് കരുതാൻ ന്യായമില്ല. അങ്ങനെ നമുക്ക് തോന്നുന്നുവെങ്കിലും അങ്ങനെ തന്നെയാകണം എന്നില്ല.

ഇനി സൃഷ്ടി തന്നെ ആണെന്ന് വെക്കുക. അത് കൊണ്ടെന്ത്? സൃഷ്ടിച്ച സൃഷ്ടാവിനു അറിയാം സൃഷ്ടിച്ചതെന്തിനെന്നു. അതിലെന്തിത്ര ആകുലപ്പെടാനും വ്യാകുലപ്പെടാനും?  സൃഷ്ടാവിനുള്ള സൃഷ്ടിയുടെ ഉദ്ദേശം നടക്കാതെ പോകുമെന്ന ഭയമോ? അത് നടപ്പാക്കിയെടുക്കാൻ നമ്മുടെയൊക്കെ സഹായം സൃഷ്ടാവിനു വേണമെന്നോ? ശരി. വേണം എന്ന് തന്നെ വെക്കുക. എങ്കിൽ ദൈവത്തിന് അത് സാധിക്കുകയും ചെയ്യും. ദൈവം ഉദ്ദേശിച്ചാൽ നടക്കുന്നതും നടപ്പാവുന്നതും തന്നെയല്ലേ ഉള്ളൂ.

സൃഷ്ടി സൃഷ്ടിയുടെ മാനത്തിലും മാനമുണ്ടാക്കുന്ന പരിമിതിയിലും മാനദണ്ഡങ്ങളിലും തടഞ്ഞു നിർത്തപ്പെട്ടു തന്നെയല്ലേ ആവൂ. ദൈവം സൃഷ്ടിച്ചതിന്റെ ഉദ്ദേശം സൃഷ്ടി മനസിലാക്കണം എന്ന് സൃഷ്ടാവിനു വാശിയുണ്ടാവുമോ? അഥവാ അങ്ങിനെയുണ്ടെങ്കിൽ അത് സൃഷ്ടിയിൽ സ്വാഭാവികമായും നടക്കേണ്ടതല്ലേ? സൃഷ്ടി പോലും അസ്വസ്ഥപ്പെടാതെ. സൃഷ്ടിയുടെ മേൽ ഒരു ബാധ്യതയും കുറ്റവും ആകാതെ. സൃഷ്ടിയുടെ മേൽ കുറ്റമാരോപിച്ചു തടിയൊഴിയേണ്ടവൻ അല്ലല്ലോ ദൈവം?

അറിയാമല്ലോ? പ്രപഞ്ചത്തിന്റെ മഹാവലുപ്പത്തിൽ ഭൂമി തന്നെ വെറും മൺതരി. ആ മൺതരിയിൽ  കുറെ സംഗതികളിൽ ഒരു സംഗതി മനുഷ്യൻ.

മനുഷ്യനെ മനുഷ്യൻ കേന്ദ്രീകരിക്കുന്നത് മനസിലാക്കാം. ശരിയാണ് അവനു അവൻ തന്നെ പ്രധാനം. പക്ഷെ ദൈവം മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു നിരാശനും ഭീഷണിപ്പെടുത്തുന്നവനും ആകുന്നതും ആകേണ്ടി വരുന്നതും പരിഹാസ്യമല്ലേ? ദൈവത്തെ പരിഹാസ്യനാക്കലല്ലേ അത്?

മനുഷ്യന്റെ കാഴ്ചയും മനസിലാക്കലും അവന്റെ മാനത്തിൽ നിന്ന് കൊണ്ടുള്ള മാനദണ്ഡങ്ങൾ വെച്ചായതു കൊണ്ട്. ശരി. അതുകൊണ്ട് മനുഷ്യൻ മനുഷ്യനെ വലുതാക്കി കാണുന്നു. ഓരോ ജീവിയും അങ്ങനെ തന്നെ ചെയ്യുന്നുണ്ടാവും. വൈറസിന് വൈറസ് തന്നെയാണ് വലുത്. എണ്ണം കൊണ്ടും ഭാരം കൊണ്ടും, അല്ലെങ്കിലും, വൈറസ് ഈ ഭൂമിയിൽ മനുഷ്യനേക്കാൾ കൂടുതൽ ഉണ്ട് താനും. തലച്ചോറിലെ വ്യത്യാസം മനുഷ്യന്റെ വ്യത്യാസം. തലച്ചോറ് എന്നത് വളരെ ശാരീരികമായത്.


ചോദ്യം രണ്ട്. എന്താണ് എന്റെയും നിങ്ങളുടെയും ധർമം?

നിന്റെയും നിന്റെയും ധർമം നമ്മുടെ ജീവിതം തന്നെ. ജീവിതത്തിലൂടെ പുലരുന്നത് തന്നെ. കൃത്രിമമായ ഒരേര്പ്പാടും ആവശ്യമില്ലാതെ. ആവുംപോലെ ആയാലുണ്ടാവുന്ന ധർമം.

സൃഷ്ടി ആണെങ്കിൽ സൃഷ്ടാവ് നിശ്ചയിച്ച ധർമം ഉണ്ടാവും. ശരിയാണ്. രണ്ടില്ലാത്ത ഒന്നായ ധർമം. ആവുംപോലെ ആയാലുണ്ടാവുന്ന ധർമം.  സംശയം വേണ്ട.

സൃഷ്ടിയല്ലെങ്കിലും ഒരു ധർമം ഉണ്ടാവും.  ദൈവം തന്നെയായ ധർമം. രണ്ടില്ലാത്ത ഒന്നായ ധർമം. ധർമം അല്ലാത്ത മറ്റെതൊന്നും ഇല്ലാത്ത, ധർമ്മാധർമ ചിന്തയും ചോദ്യവും ഉത്തരവും ഇല്ലാത്ത ഒന്ന് മാത്രമായ ധർമം.സ്വാഭാവികതയിലും ജീവിതത്തിലും ഒന്നായിത്തീരുന്ന, സംഭവിക്കുന്ന ധർമം.

പക്ഷെ, സൃഷ്ടി ആണെങ്കിൽ, സൃഷ്ടാവ് നിശയിച്ച ധർമം നടക്കാതെ പോകുമോ? ഇല്ല.  നടക്കും. ആ ധർമം നാം അറിഞ്ഞായാലും അറിയാതെ ആയാലും ചെയ്യപ്പെടും, നടക്കും.

മാവ് മാവിന്റേതും തേനീച്ച തേനീച്ചയുടേതും ചെയ്യുന്നത് പോലെ. ചിന്തിക്കാതെയും വ്യാകുലപ്പെടാതെയും തന്നെ. സ്വാർത്ഥതയുടെ പോലും ദൈവകോദ്ദേശം നടപ്പാവും.  ദൈവം എന്തിനാണോ സൃഷ്ടിച്ചത് അത് സംഭവിക്കൽ നിർബന്ധം. ദൈവം അല്ലേ? തോറ്റുപോകില്ല. നാം അറിയാതെയും അത് നമ്മിലൂടെ സംഭവിക്കും, സംഭവിക്കണം. അവിടെയാണ്, അതിനാൽ ആണ് ദൈവം ദൈവം ആകുന്നത്.

ധർമം ദൈവം നിശ്ചയിച്ചതാണെങ്കിൽ അത് നടന്നിരിക്കും. ദൈവത്തിനെതിരെ ഒരു ധർമവും ഒരു അധർമവും നടക്കില്ല, രൂപപ്പെടില്ല. അതേക്കുറിച്ചു നമ്മൾ അസ്വസ്ഥപ്പെടേണ്ടതില്ല.

ദൈവത്തിന് വേണ്ടത് സംഭവിക്കാൻ ദൈവം പ്രാപ്തനായിരിക്കുക വളരെ സ്വാഭാവികം. ദൈവത്തിന് വേണ്ടത് എന്ന് പറയുന്നത് പോലും തെറ്റാണ്. ആവശ്യങ്ങളുണ്ടാവുന്ന അൽപ്പനല്ല ദൈവം.

അഥവാ, നമ്മൾ അസ്വസ്ഥപ്പെടുന്നുവെന്നാൽ അത് പോലും ദൈവത്തിന്റെ വിധിയും ചെയ്തിയും മാത്രം. നമ്മൾ അസ്വസ്ഥപ്പെട്ടു നടത്താൻ മാത്രം ദൈവം അൽപ്പനല്ല, ചുരുങ്ങിയവൻ അല്ല, അശക്തൻ അല്ല. അങ്ങനെ അസ്വസ്ഥപ്പെടുന്നത് കൂടി ദൈവം ദൈവത്തിന്റെ ഉദ്ദേശം നടപ്പാക്കാൻ ഉപയോഗിക്കുന്ന ഉപകരണവും മാധ്യമവും അല്ലെങ്കിൽ.

സൃഷ്ടിയുടെ ഉദ്ദേശം എന്തുമാവട്ടെ. അത് ദൈവം അറിയട്ടെ. സൃഷ്ടിയുടെ ധർമം എന്തുമാവട്ടെ. അത് ദൈവം അറിയട്ടെ. അത് ദൈവം സൃഷ്ടിയിലൂടെ സംഭവിപ്പിക്കട്ടെ, നടപ്പാക്കട്ടെ. ദൈവം പരാജയപ്പെടുന്നവൻ അല്ല.

ചോദ്യം മൂന്നു. ജനിച്ചു മരിക്കുക എന്നതിലുപരി വേറെ എന്തെങ്കിലുമുണ്ടോ?

ഉണ്ടെങ്കിൽ ഉണ്ട്. ഇല്ലെങ്കിൽ ഇല്ല. ഉണ്ടെങ്കിൽ അത് സംഭവിക്കും. ഇല്ലെങ്കിൽ അത് സംഭവിക്കില്ല. എല്ലാം ദൈവം അറിയട്ടെ, ചെയ്യട്ടെ. എല്ലാം ദൈവനിശ്ചയം തന്നെ. ചിലതു എന്റെ വകയും ചിലതു ദൈവത്തിന്റെ വകയും എന്നില്ല. നന്മയും തിന്മയും ദൈവത്തിന്റേതു തന്നെ. എല്ലാം ദൈവത്തിന്റെ വക.

പിന്നെന്തിനാണ് അസ്വസ്ഥത? നടക്കുന്നതെല്ലാം ദൈവികം. നടക്കേണ്ടതെല്ലാം ദൈവികം. ജീവിതം ജീവിതത്തിനു വേണ്ടി. അസ്വസ്ഥപ്പെടുന്നവർ ദൈവ വിശ്വാസികൾ അല്ല. അവർ ദൈവത്തെ പകുത്തു കാണുന്നു. അല്പനായും പരാജയപ്പെടുന്നവനായും വരുത്തുന്നു.

ഞാൻ എന്നതും നീ എന്നതും സ്ഥായിയായതല്ല. സ്ഥായിയായത് ജീവിതം, അഥവാ ദൈവം മാത്രം. ദൈവികോദ്ദേശം മാത്രം. നടക്കുന്നതും നടപ്പാവുന്നതും മാത്രം. ജനിച്ചതിനു ശേഷം രൂപപ്പെടുന്ന  ഞാനും നീയും മരിക്കുക മാത്രം തന്നെ. ജനിച്ചതിനു ശഷം രൂപപ്പെടുന്ന ഞാൻ മരിക്കുന്നതോടെ ഇല്ലാതാവുന്നു. ആദ്യമേ ഉള്ളത് അവസാനമില്ലാതെ തുടരുന്നു. ജീവിതവും ദൈവവും ബാക്കിയാവുന്നു.

ഞാൻ എന്ന ബോധത്തോടെ ആരും ജനിക്കുന്നില്ല, സ്ഥിരമായ ഞാൻ നിലനിൽക്കുന്നില്ല, ജീവിച്ചു മരിക്കുന്നതിനിടയിൽ ഞാൻ ബോധം പലതായി മാറുന്നു. കുട്ടിയുടെയും ബാലന്റെയും കുമാരന്റെയും യുവാവിന്റെയും വൃദ്ധന്റെയും ഒക്കെ വേറെ വേറെ ഞാൻ. പ്രായവ്യത്യാസമനുസരിച്ചു തലച്ചോറുണ്ടാക്കുന്ന വ്യത്യാസം ഞാൻ ബോധത്തിലും ഉണ്ടാവുന്നു.

ഞാൻ എന്ന ബോധവുമായി ആരും മരിക്കുന്നുമില്ല. അതിനാൽ തന്നെ ഞാൻ എന്ന ബോധത്തോടെ ഉള്ള ഒരു പുനർജന്മവും ഇല്ല. ഞാൻ ബോധത്തിന് സ്ഥിരതയോ തുടർച്ചയുടെ പ്രശ്നമോ ഇല്ല. അതിനാൽ തന്നെ ജനിച്ചു മരിക്കുക എന്നതിലുപരി വേറെ ഒന്നും സ്ഥായീഭാവമില്ലാത്ത "ഞാൻ"  "നീ" എന്നതിനില്ല. ദൈവം മാത്രം അവശേഷിക്കുന്നു. ദൈവത്തിന്റെ കാര്യം നോക്കാൻ ദൈവം പ്രാപ്തൻ.  ദൈവത്തിന് അതറിയാതിരിക്കുകയില്ല.

ചോദ്യം നാല്. ഇസ്ലാം പറയുന്നു,  അല്ലാഹു വിനെ ആരാധിക്കാനും നന്മയുടെ സംസ്ഥാപനവും തിന്മയെ പ്രതിരോധിക്കലുമാണ് ഓരോ മനുഷ്യന്റെയും ധർമം. എന്ത് പറയുന്നു?

ഇസ്ലാം എന്ത് പറയുന്നതു എന്നതല്ല ശരി തെറ്റ് മനസിലാക്കാനുള്ള അളവുകോലും ത്രാസും. അത് നിഷേധിക്കലും സമർത്ഥിക്കലും  അല്ല ശരി തെറ്റ് എന്ത് എന്ന് പറയൽ. അത് പല പറച്ചിലിൽ ഒന്ന് മാത്രം. ഇസ്‌ലാം പറഞ്ഞത് മുൻപ് ക്രിസ്ത്യാനിറ്റിയും ജൂത മതവും പറഞ്ഞു വന്ന വിശ്വാസം തന്നെ. അതിൽ ഇസ്‌ലാമിന്റെ ഒരു വലിയ കണ്ടെത്തലോ മുഹമ്മദിന്റെ ഒരു വലിയ ദര്ശനമോ ഇല്ല.

മുഹമ്മദ് ഇസ്ലാമും ഖുർആനും കൊണ്ട് വന്നിട്ടില്ല, കൊണ്ട് വരാൻ ഉദ്ദേശിച്ചിട്ടില്ല. മുഹമ്മദിന് ശേഷം ഉണ്ടാക്കപ്പെട്ട ഖുർആനും ഇസ്ലാമും മാത്രമേ ഉള്ളൂ. ഭരണ കൂടം ഉണ്ടാക്കിയത്.. ഭരണകൂടം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ. അങ്ങനെയാണ് ഇസ്‌ലാം ഒരു ഭരണകൂട മതമായത്. അതിനാൽ ആണ് ഇസ്ലാം കൃത്യമായ സ്ട്രിക്ട് ആയ കെട്ടും മറ്റും ചരിത്രവും ഉള്ള മതമായത്.

മുഹമ്മതും ഖുർആനും അവസാനത്തേതെന്നു പറയാനും അർത്ഥമാക്കാനും മുഹമ്മദിനെ അയച്ചുവെന്നു പറയപ്പെടുന്ന ദൈവം ഉദ്ദേശിച്ചിരുന്നെങ്കിൽ, മുഹമ്മദ് മരിക്കുന്നതിന് മുൻപ് തന്നെ ഖുർആൻ പൂർണമായി ക്രോഡീകരിക്കപ്പെട്ടേനെ. പുസ്തകരൂപത്തിൽ ഇറങ്ങിയേനെ, രൂപപ്പെട്ടേനെ.  മുഹമ്മദിന്റെ വചനങ്ങൾ ശേഖരിക്കപ്പെടാൻ നൂറ്റമ്പതു വർഷങ്ങൾ കഴിയുമായിരുന്നില്ല.

ഇനി ഇസ്ലാം "ആരാധനയും നന്മയുടെ സംസ്ഥാപനവും തിന്മയെ പ്രതിരോധിക്കലുമാണ് ഓരോ മനുഷ്യന്റെയും ധർമം" എന്ന് പറയുന്നു എന്ന് തന്നെ വെക്കുക.

നന്മയും തിന്മയും ദൈവത്തിന്റേതു. ദൈവമല്ലാത്തവരിൽ നിന്ന് ദൈവത്തെ വെല്ലുവിളിക്കുന്ന, പരാജയപ്പെടുത്തുന്ന എന്തുണ്ടാവാൻ? ഒന്നുമുണ്ടാവില്ല. ദൈവത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടാകുമോ? ആപേക്ഷികമായ, മനുഷ്യനെ സംബന്ധിച്ചേടത്തോളമുള്ള, നന്മയും തിന്മയും അല്ലേ ഉള്ളു? അത് ആപേക്ഷികവും അല്ലേ? ആത്യന്തികമായതിൽ നന്മയും തിന്മയും ഇല്ല. എല്ലാ ഇടകലർന്നു ഒരുപോലെ ഇരിക്കും. അതിനാൽ ആണ് നന്മയും തിന്മയും ദൈവത്തിങ്കൽ നിന്നെന്ന വിധി വിശ്വാസം ഉണ്ടാവുന്നത്.

ഇനി ദൈവം അതങ്ങനെ ആക്കിയിട്ടുണ്ടെങ്കിൽ, ആരും ഇടപെടാതെ തന്നെ അത് നടക്കുമെന്ന് മുഹമ്മതും ഇസ്ലാമും അറിയാതെ പോകുമോ? ദൈവം അത്രയ്ക്ക് സർവശക്തൻ ആണെന്ന്.

ആവശ്യപ്പെട്ടു, ആവലാതിപ്പെട്ടു, ഭീഷണിപ്പെടുത്തി ചെയ്യിക്കേണ്ടി വരാൻ മാത്രം സങ്കടത്തിൽ ആണോ, ആകുമോ ദൈവം? ആവശ്യപ്പെടേണ്ടിയും പേടിപ്പിക്കേണ്ടിയും വരുമോ ദൈവത്തിന്? ദൈവത്തെ ചുരുക്കലാവില്ലേ അത്?

ആരാധന ദൈവത്തിന്റെ ആവശ്യമായി അവതരിപ്പിക്കൽ തന്നെ തെറ്റ്. സൃഷ്ടിക്കു അതൊരു ആവശ്യമാവാം, ആയി മാറിയേക്കാം. ആപേക്ഷികമായി. ശരിയാണ്. എങ്കിൽ സൃഷ്ടി സ്വയം അന്വേഷിച്ചും ചെയ്തും പോകേണ്ട ഒന്നല്ലേ അത്? അത് സംഭവിച്ചാൽ സംഭവിച്ചു എന്ന നിലക്കല്ലേ ഉണ്ടാവൂ.

സൃഷ്ടി ആവശ്യപ്പെട്ടില്ലേലും സൃഷ്ടിക്കു വേണ്ടത് മുഴുവൻ ചെയ്തു കൊടുക്കുന്നവൻ അല്ലേ ദൈവം. സൃഷ്ടിയുടെ ആവശ്യവും ദൈവത്തിന്റെ കരുത്തും സൃഷ്ടിയേക്കാൾ അറിയുന്നവൻ ദൈവം ആകില്ലേ? സൃഷ്ടി പറഞ്ഞറിയേണ്ട എന്തെങ്കിലും കാര്യം ദൈവത്തിനുണ്ടാവുമോ? പ്രാർത്ഥിക്കുക, പരാതിപ്പെടുക എന്ന് വെച്ചാൽ തന്നെ ദൈവത്തെ കുറ്റപ്പെടുത്തൽ അല്ലേ? ദൈവം ചെയ്യേണ്ടത് ചെയ്തില്ല. നമ്മുടെ ആവശ്യം ദൈവം മനസിലാക്കിയില്ല. നമ്മ ദൈവത്തെ തിരുത്തേണ്ടിയും ഓര്മിപ്പിക്കേണ്ടിയും വരുന്നു എന്നൊക്കെ അതിനർത്ഥം ഉണ്ടാവില്ലേ? അത് ദൈവത്തിന്റെ പേരിൽ നടത്തുന്ന വലിയ അപരാധവും ആരോപണവും ആവില്ലേ?

പ്രാർത്ഥനയും ആരാധനയും പറഞ്ഞും ആവശ്യപ്പെട്ടും ഉണ്ടാവേണ്ടതും ഉണ്ടാക്കേണ്ടതുമാണോ? അങ്ങനെ ഉണ്ടായേക്കിയാൽ ഉണ്ടാവുന്നതാണോ യഥാർത്ഥ പ്രാർത്ഥനയും ആരാധനയും? അനുകരണവും അനുസരണവും കൊണ്ടുണ്ടാവുന്നതാണോ പ്രാർത്ഥനയും ആരാധനയും?

ദാഹിക്കുന്നവന്റെ ആവശ്യമല്ലേ വെള്ളം? അവൻ അത് അന്വേഷിച്ചു പോകുക സാധാരണം.
അങ്ങനെയല്ലേ പ്രാർത്ഥന? അവൻ കുടിക്കുന്നത് അവന്റെ ആവശ്യം അനുസരിച്ചല്ലേ? അതിനാൽ പ്രാർത്ഥനയും? ജൈവിക ബോധം പോലെ. കൂട്ടിലേക്ക്‌ തിരിച്ചു പോകുന്നത് പോലെ അല്ലേ പ്രാർത്ഥനയും ആരാധനയും? നടക്കുന്നുവെങ്കിൽ നടക്കേണ്ടത്? അത് ജൈവികമായും പ്രകൃതിപരമായും നടക്കും. അത് ദൈവം പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആവശ്യപ്പെടേണ്ട സംഗതി ആണോ? ദൈവത്തിന്റെ ആവശ്യമില്ലല്ലോ ഞാൻ പരാർത്ഥിക്കുക എന്നത്.

ആരാധന ആഗ്രഹിക്കാനും ആവശ്യപ്പെടാനും മാത്രം നിരാശയിൽ ആണോ ദൈവം?  ഇനി ആരാധിക്കാൻ ആണ് ദൈവം സൃഷ്ടിച്ചതെങ്കിൽ അത് നടക്കില്ലേ? നടക്കാതിരിക്കില്ലല്ലോ? അത് നടക്കുന്നില്ലെന്ന് വന്നാൽ ദൈവം അശക്തനാവുന്നു എന്നല്ലേ അർഥം വരിക? പരാജയപ്പെടുന്നു എന്ന്? അല്ലാഹുവിന്റെ ഉദ്ദേശം നടക്കുന്നില്ലെന്ന്? അല്ലാഹുവിന്റെ ഉദ്ദേശം നടക്കാതിരിക്കില്ലല്ലോ? 'മാഷാ അള്ളാഹു കാൻ' എന്ന് പറയുന്ന നമ്മൾ തന്നെ അങ്ങനെയും പറയാമോ?

*******

യഥാർത്ഥത്തിൽ എന്താണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. എല്ലാവരും എന്ത് ചെയ്താലും ദൈവിക ഉദ്ദേശം നടപ്പാവുന്നു. ആരാധന നടക്കുന്നു. ജീവിതം തന്നെ ആരാധന. എങ്കിൽ ദൈവം ആരാധിക്കാൻ വേണ്ടി സൃഷ്ടിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല.

എന്ന് വെച്ചാൽ, എല്ലാറ്റിന്റെയും പിന്നെ  മനുഷ്യന്റെയും ജീവിതം തന്നെ അവൻ അറിയാതെയും അറിഞ്ഞും ദൈവത്തിനുള്ള ആരാധന എന്നർത്ഥം.

മനുഷ്യന് ദൈവവിധിക്കപ്പുറം പോകാൻ കഴിയില്ല. ദൈവവിധി അവൻ ദൈവത്തെ ആരാധിക്കാൻ  വേണ്ടി എന്നാണെങ്കിൽ അത് നടന്നിരിക്കും.

അല്ലാതെ ദൈവം മനുഷ്യനെ ആരാധിക്കാൻ  വേണ്ടി സൃഷ്ടിച്ചു. പക്ഷെ ദൈവം വിചാരിച്ചതു പോലെ നടക്കുന്നില്ല എന്ന് പറയരുത്. അങ്ങനെ വരുമ്പോൾ ദൈവം പരാജയപ്പെടുന്നവൻ അല്ലെ ആവുന്നത്? ഇക്കോലത്തിൽ മതങ്ങൾ ദൈവത്തെ പരാജയപ്പെട്ടവൻ ആക്കും.   മനുഷ്യന് ദൈവത്തെ ആരാധിക്കാതെ വഞ്ചിക്കുന്നവൻ ആകാൻ പറ്റില്ലല്ലോ?

ദൈവികോദ്ദേശം നടക്കാതിരിക്കില്ലലോ? ദൈവം ഉദ്ദേശിച്ചതല്ലേ നടക്കൂ. ഞാനും നീയും ചെയ്യുന്നതും പറയുന്നതും എല്ലാം ദൈവികോദ്ദേശം മാത്രം. ദൈവികാരാധന മാത്രം.

No comments: