Wednesday, July 18, 2018

മാനങ്ങൾ മാറിയാൽ മാനദണ്ഡങ്ങളും മാറും.

വലിയ പ്രപഞ്ചത്തിലെ ചെറിയ ഭൂമി.
വലിയ ഭൂമിയിലെ ചെറിയ മനുഷ്യൻ.
പകച്ചും നിസ്സഹായനായും പോകും
വിശ്വാസങ്ങൾ ഉണ്ടായില്ലെങ്കിലേ ഉള്ളൂ.

*******

ഒന്നും ആവാനില്ല
അവനവനും അതാതും തന്നെയല്ലാതെ.
ഒന്നും ആവാത്തവർ തന്നെ മഹാഭൂരിപക്ഷവും.
എന്തെങ്കിലും ആയവർ ജീവിതം നഷ്ടപ്പെടുത്തിയവരും.

********

എല്ലാവരും കൊതിക്കുന്നു.
പക്ഷെ, ആർക്കും കൊതിക്കും പോലെ 
ജീവിക്കാനാവുന്നില്ല. കൊതി അറിയായ്ക മൂലം
ആവും പോലെ ആവാനേ ആവൂ

**********

മാനങ്ങൾ മാറിയാൽ മാനദണ്ഡങ്ങളും മാറും.
അപ്പോഴറിയും അറിഞ്ഞ സത്യങ്ങൾ
ആപേക്ഷികങ്ങൾ മാത്രമായിരുന്നു എന്ന്.

എല്ലാം ഒരുപോലെ തെറ്റ്, അതിനാൽ ശരി.

*********

നരകത്തെ പേടിയില്ല, സ്വർഗത്തെ കൊതിയില്ല.
എങ്കിലും, ഇന്ന് മരിക്കുമെന്നാലും സംതൃപ്തൻ.
മരിക്കുമ്പോഴും സ്വാര്ഥതയെ ചുമന്നു നടക്കാനില്ല

*********

ജീവിക്കുവോളം ജീവിക്കും
ജീവിക്കാൻ വേണ്ടതും ആവുന്നതും ചെയ്യും.
വിശ്വാസം ആശ്വാസത്തിനും കുറ്റബോധം തീർക്കാനും.
അങ്ങനെ തന്നെ എല്ലാവരും.

********

നിരുപാധികമായതു സ്നേഹം.
ഉപാധികളുള്ളത് ഇഷ്ടം
പ്രേമം ബഹുമാനവും അംഗീകാരവും കൂടിയാണ്.

*********

ആരും തൊടാത്ത, തൂങ്ങി നിൽക്കാത്ത മുലകളുള്ള 
തരുണീമണികളെ വാഗ്ദാനം പറയുന്നതിലും 
കൊതിക്കുന്നതിലും എന്ത് ആത്മീയത, നിര്മലത?

***********

നീതി ജീവിക്കുന്നവരോട്.
മരിച്ചാൽ ചെയ്യുന്നത് നിങ്ങൾക്കു വേണ്ടി.
മരിച്ചവരോട് ചെയ്യാനാവുന്ന നീതി ഇല്ല.
ആത്മാവ്എന്നാൽ മരിച്ചവൻ അല്ല

*******

1/2+1/2=1 എന്നത് വെറും കണക്ക്
ജീവിതത്തിൽ അത് -2.
എങ്ങിനെയെന്ന് ചോദിക്കരുത്. എങ്ങിനെയും.
ജീവിതത്തിൽ മുഴുവൻ ഒന്ന് തന്നെയേ ഒന്നാവൂ.


******** 

കൗമാരം. നൂറു ജനാലകൾ ഒരുമിച്ചു തുറക്കും.
മാതാപിതാക്കളാം ഒരു ജനാല അടയും.
തനിക്കെതിരെ താനാവും.
വജ്രം കല്ലും കല്ല് വജ്രവുമാകും.

**********

എല്ലാം ശരിയെന്നു പറയുന്നത്
എല്ലാം തെറ്റെന്നു പറയാതിരിക്കാനാണ്.
പരിമിതമായ ശരിയേ ഉള്ളൂ.
ആത്യന്തികതയിലേക്കു എത്താനാവാത്ത ശരി

*********

സ്വാതന്ത്ര്യം ചെയ്യുന്നതിലും ഭോഗിക്കുന്നതിലും അല്ല
ചെയ്യേണ്ടിയും ഭോഗിക്കേണ്ടിയും വരാതിരിക്കുന്നതിലാണ്
ചെയ്യേണ്ടിയും ഭോഗിക്കേണ്ടിയും വരുന്നത്  അടിമത്വമാണ്.

*********

ദൈവം തന്നെ പിശാച്.  
നന്മ തന്നെ തിന്മ, തിന്മ നന്മയും.
നന്മയും തിന്മയും ദൈവം, ഒന്ന്.
എല്ലാം ദൈവം, ദൈവത്തിൽ നിന്ന്. പിന്നെന്ത്?  

********

അനാവശ്യങ്ങൾ ആവശ്യങ്ങളായാൽ 
അനർഹർക്ക്  ഭരണം,
മരുഭൂമിയിൽ സമൃദ്ധി, മലർവാടിയിൽ ദരിദ്ര്യം.
അപ്പോൾ ജീവിതമെന്നാൽ ജോലി, അർഹത ശാപം.

********** 

തലച്ചോറിന്റെ ഞാൻ മാത്രം.
ഓട്ടിസവും അൽഷിമേഴ്സും അപസ്മാരവും 
'ഞാൻ' എന്നതില്ലാതാക്കുന്നത് അതിനാൽ.

ബാക്കിയാവുന്ന 'ഞാൻ' ജീവിതം, ദൈവം.


***********

പരലോകം സ്വാർത്ഥതയുടെ എക്സ്റ്റൻഷൻ കൗണ്ടറോ?  
ആത്മീയതയിലും സ്വാര്ഥതാമോഹങ്ങളോ
തീവ്രവാദത്തിനും അസഹിഷ്ണുതക്കും ന്യായം 
സ്വാർത്ഥത

***********

അത്ഭുതം കണ്ട് കൂടെ കൂടിയവർ 
കീഴ്വായു കേട്ടാൽ തിരിച്ചു പോകുന്നവരെ ആവൂ.
അനുകരണവും ഒളിച്ചോട്ടവും അല്ല ആത്മീയത
പിന്തുടരൽ.

*********

അനുകരണവും ഒളിച്ചോട്ടവും 
ഫാഷനും കൊണ്ട് സത്യസാക്ഷാത്കാരം നടക്കില്ല.
അറിയായ്കയും അസൂയയും നിസ്സഹായതയും പേടിയും ആവരുത് 

ആശയവും ആദർശവും.

********

നഷ്ടപ്പെടാൻ തയാറായവനെ നേടൂ
വിറകും അരിയും നഷ്ടപ്പെടുത്താതെ ചോറ് ഇല്ല
നേർമാർഗം അന്വേഷിക്കുമ്പോൾ
നിലവിലുള്ളതിനെ സംശയിക്കണം.

*********

നിന്നേടത്തു നിന്നാൽ 
നടക്കലും ചലിക്കലും ആവില്ല
നടക്കാൻ, ചലിക്കാൻ 
നിന്നേടത്തെ നഷ്ടപ്പെടുത്തണം.  

**********

മുഹമ്മദ് രാഷ്ട്രമുണ്ടാക്കി.
രാഷ്ട്രം ഇസ്ലാമിനെയും മുഹമ്മദിനെയും ഉണ്ടാക്കി.
അതിൽ ഇസ്ലാം കെട്ടും മട്ടുമുള്ളതായി
സ്പോൺസേർഡ് മതമായി.

No comments: