Friday, July 6, 2018

മാർക്സിനു പിഴച്ചില്ല. പക്ഷെ കമ്യുണിസ്റ്റുകൾക്കു പിഴച്ചു. ജീവിതമല്ലാത്ത ഒന്നും ആർക്കും പ്രധാനമാകേണ്ടതില്ല.

മാർക്സിനു പിഴച്ചില്ല. ജീവിതം ലക്ഷ്യമാക്കിയ ആർക്കും മാർക്സിനും പിഴക്കുകയുമില്ല. പക്ഷെ മാർക്സിസ്റ്റുകൾക്കു പിഴച്ചു, പിഴക്കുന്നു. ജീവിതം ലക്ഷ്യമാക്കാൻ മറന്നുപോകുന്നിടത്ത്.

കമ്യൂൺ എന്നത് ഒരിക്കലും നടക്കാത്ത തെറ്റായ ആശയം ആയിരുന്നില്ല. ജീവിതം തുടിതുള്ളുന്ന ഇടവും അവസ്ഥയുമാണത്.

പക്ഷെ കമ്യുണിസ്റ്റുകൾക്കു തെറ്റുന്നു. അവർ കമ്യൂൺ നടപ്പാക്കാനാവാത്ത വഴിയിലൂടെ മാത്രം ചരിക്കുന്നു. ജീവിതം മാത്രം തന്നെ ലക്ഷ്യമാകാതെ. ആപേക്ഷികതയിലും ആത്യന്തികതയിലും ജീവിതം കാണാതെ.

ജീവിതമല്ലാത്ത ഒന്നും ആർക്കും പ്രധാനമാകേണ്ടതില്ല. ദൈവത്തിനു പോലും. ജീവിക്കുന്നവന് ജീവിതമാകണം പൂജയും ധ്യാനവും വിശ്വാസവും എല്ലാം. ജീവിക്കാനും ജീവിപ്പിക്കാനും ജീവിതം എളുപ്പമാക്കാനും ആവണം എല്ലാ പറച്ചിലും പ്രവൃത്തിയും പ്രാർത്ഥനയും പൂജയും. അത് സമ്പദശാസ്ത്രമായാലും രാഷ്ട്രമീമാംസയായാലും. രാജ്യ സങ്കല്പമായാലും ഭരണ സങ്കല്പമായാലും ഭരണം തന്നെ ആയാലും.

മാര്ക്സിനെന്നല്ല ബുദ്ധനും മുഹമ്മദിനും ശങ്കരനും നാരായണനും ഗുരുനാനാക്കിനും താഓ തെച്ചിങ്ങിനും ഒന്നും പിഴച്ചിട്ടില്ല. എല്ലാവരും അതാത് സമയം കണ്ട രോഗത്തിന് മരുന്ന് പറഞ്ഞു എന്ന് മാത്രം. മറ്റു മരുന്നുകൾ കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടല്ല. അസ്ഥാനത്ത്  അനുചിതമായതു പറഞ്ഞില്ല, ചെയ്തില്ല.  മുൻപിൽ വന്ന രോഗിക്ക് പറ്റിയ മരുന്നു കൊടുത്തു. ഇവിടെ കാണുന്ന കമ്യുണിസ്റ്റുകാരെ പോലെ അറിയാത്ത, അനുഭവമാകാത്ത മരുന്ന് പരീക്ഷിക്കുകയും കച്ചവടം വളർത്തുകയും ആയിരുന്നില്ല; രോഗിയെ ചികിൽസിക്കുകയല്ലാതെ.

സാഹചര്യം വ്യത്യസ്‍തമായിരുന്നെങ്കിൽ മാർക്സും ബുദ്ധനും മുഹമ്മതും ശങ്കരനും നാരായണനും  ഗുരുനാനാക്കും താഓതെച്ചിങ്ങും നൽകിയ മരുന്നും വ്യത്യസ്തമാകുമായിരുന്നു. പക്ഷെ അവർ സത്യസന്ധരായിരുന്നു. മരുന്ന് രോഗമായി അവശേഷിക്കരുതെന്നു ആഗ്രഹിച്ച സത്യസന്ധർ. എന്തെങ്കിലും എവിടെയെങ്കിലും കൊടുക്കരുതെന്ന് ശഠിച്ചവർ.

സത്യസന്ധതയ്ക്ക് പിഴവില്ല. സത്യസന്ധമായും ആത്മാർത്ഥമായും സമീപിക്കുന്നവന് പിഴക്കില്ല, പിഴക്കുന്നില്ല. സത്യസന്ധന്റെ ആത്മാവും ഉള്ളുമറിയാതെ അത് നടപ്പാക്കുന്നവർക്കു അതിനാൽ തന്നെ പിഴക്കും. അത് കമ്യുണിസ്റ്റുകൾക്കായാലും ക്രിസ്ത്യാനികൾക്കായാലും മുസ്ലിംകൾക്കായാലും. കാരണം അവർ വെറും വിശ്വാസികളായി അനുകരിക്കുന്നവർ മാത്രമാണ്

സത്യസന്ധതക്കും  സത്യസന്ധനും പിഴച്ചാൽ പോലും അതിലൊരു ശരിയുണ്ട്, ശരിയുണ്ടാവും.  മനസ്സായക്ഷിയോട് സത്യം ചെയ്യുന്നവന് കളവില്ല, തെറ്റില്ല എന്ന ശരി.

ജീവിതം അതിന്റെ മുഴുത്വത്തിൽ എല്ലാറ്റിലും ഒരു ശരിയെ  കുടികൊള്ളിക്കുന്നുണ്ട്. ഓരോ നാശത്തിലും ഒരു വളർച്ചയും ജീവിതവുമുണ്ട്. ഓരോ തകർച്ചയിലും ഒരു നിർമാണം ഉണ്ട്.  അതാണ് ജീവിതത്തിന്റെ ശാസ്ത്രവും തത്വവും. ഓരോ സത്യസന്ധനും  തന്റെ പരിധികൾക്കുള്ളിൽനിന്നും  പരിമിതികൾക്കുള്ളിൽനിന്നും മനസ്സിലാക്കിയ, കാപട്യവും കളവുമില്ലാത്ത ശരി. അവൻ ദൈവം ഇല്ലെന്നു പറഞ്ഞാൽ ഉണ്ടെന്നു പറയും പോലെയാവുന്ന ശരി. ദൈവത്തെ കള്ളനെന്നനും പോടാ എന്നും വിളിച്ചാൽ അതും ശരിയാണ്, സ്നേഹമാണ് എന്ന് വരുന്ന ശരി. നന്മയും തിന്മയുമില്ല, രണ്ടും ഒന്നാണെന്ന് പറഞ്ഞാൽ ശരിയാവുന്ന ശരി.

സത്യസന്ധമായ വിളിയിൽ ഏതു കാമുകിയെയും പോലെ ദൈവവും വന്നു വീഴും, ശരി കാണും. തീയിൽ മഴപ്പാറ്റയെന്ന പോലെ. രതിക്രീഡയിൽ എന്ന പോലെ, അവിടെ തെറ്റ് മാത്രമാണ് ശരി. വസ്ത്രം ഉരിഞ്ഞില്ലാതാവുന്നതു പോലും ശരിയാവുന്നതു പോലെ.

സത്യസന്ധന്നും ശരിക്കും ദൈവത്തിനുമിടയിൽ ഉപചാരങ്ങളുടെയും രീതികളുടെയും വസ്ത്രങ്ങൾ ഇല്ല. എല്ലാം അവിടെ കീഴടങ്ങും, ഇല്ലാതാവും.

മാർക്സിനു മാത്രം അത് വേറെയല്ല. അതിനാലാണ് മാർക്സ് പറഞ്ഞ പദാർത്ഥം ദൈവവും, മുഹമ്മത് പറഞ്ഞ ദൈവം പദാർത്ഥവും ആവുന്നത്. ഒന്നാവുന്നത്. ശങ്കരനും മാർക്സും "രണ്ടില്ല; ഒന്നേ ഉള്ളൂ" എന്ന് പറഞ്ഞ ഒരേ ആശയക്കാരാവുന്നത്. അത് ആത്മാവെന്നു വിളിച്ചായാലും പദാർത്ഥമെന്നു വിളിച്ചായാലും.

സത്യസന്ധത പോലെ വേറെ എന്തുണ്ട് ജീവിതത്തിൽ വിലയായി നൽകാൻ? അതിനാൽ മാർക്സിനു പിഴച്ചിട്ടില്ല, പിഴക്കില്ല. മാർക്സ് പറഞ്ഞ പദാർത്ഥം ദൈവം തന്നെയാണ്. നമ്മുടെ ദൈവം അയാളുടെ പദാർത്ഥവുമാണ്. പദാർത്ഥമെന്നു വിളിച്ചതിനെ വേറെ ചിലർ ആത്മാവെന്നു വിളിച്ചാൽ വ്യത്യാസം ഉണ്ടാവില്ല. കാരണം, എപ്പോഴും ഉള്ളതേ  ഉണ്ടാവുന്നുള്ളൂ, ഉണ്ടായിട്ടുള്ളൂ. വാക്കുകൾക്കും വിചാരങ്ങൾക്കും അതിലുണ്ടാക്കാവുന്ന വ്യത്യാസം ഏതുമില്ല. കാഴ്ചയിലെ വ്യത്യാസം മാത്രം. ഒരേ കാഴ്ച പലരും വേറെ വേറെയായി കാണുമ്പോലെയുള്ള നിസ്സാരമായ വ്യത്യാസം.

മാർക്സ് ജീവിതത്തിനു വേണ്ടി തന്നെ ചിന്തിച്ചതാണ്. ജീവിതത്തിനു വേണ്ടിയും ജീവിതത്തെ ഉൾകൊണ്ട് പറയുന്നതും മാത്രമേ സത്യമാവൂ. ജീവിതത്തിനു വേണ്ടിയും അതിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയല്ലാതെ ആർക്കും ചിന്തിക്കാൻ കഴിയില്ല. ജീവിതം ആരെയും അതിന്നനുവദിക്കുകയുമില്ല. കാരണം, ജീവിതം മനുഷ്യനും മനുഷ്യ യുക്തിക്കും അപ്പുറത്താണ്. ജീവിതനിരാസം ആരെക്കൊണ്ടും ജീവിതം ചിന്തിപ്പിക്കില്ല, അതിനാൽ മാർക്‌സും ജീവിതം മാത്രം തന്നെ പറഞ്ഞു, വിഷമയമാക്കി. തനിക്കാവുന്ന, ലഭ്യമായ മാനങ്ങളും മാനദണ്ഡങ്ങളും  ഉയോഗിച്ചും പ്രയോഗിച്ചും കൊണ്ട്.

ജീവിതത്തെ ഒരു സമസ്യയായി  കണ്ടാൽ അതിനു പരിഹാരം കാണാൻ ആരും വെമ്പും.  ജീവിതം എങ്ങിനെയും എളുപ്പമുള്ളതാക്കാൻ വേണ്ടി.  ജീവിതത്തിനു വേണ്ടത് സംഭവിക്കാനും സംഭവിപ്പിക്കാനും.

ജീവിതം എല്ലാവരിലൂടെയും പലവിധേന എന്ന പോലെ മാര്ക്സിലൂടെയും ചിന്തിച്ചു എന്ന് മാത്രം. സമ്പന്നരിലൂടെയും കര്ഷകനിലൂടെയും ആശാരിയിലൂടെയും മീൻകാരനിലൂടെയും ഇറച്ചിവെട്ടുകാരനിലൂടെയും ഒക്കെ ജീവിതം ജീവിതത്തിനു വേണ്ടതും അത് വിതരണം ചെയ്യാൻ വേണ്ടതും ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും പോലെ തന്നെ.

***********

പക്ഷെ, കമ്യുണിസ്റ്റുകൾക്കു പിഴച്ചു. മനസിലാക്കുന്നതിലും നടപ്പാക്കുന്നതിലും. മതക്കാരനും പുരോഹിതനും പിഴച്ചത് പോലെ തന്നെ.

അവർ ജീവിതത്തിനും അപ്പുറം മാർക്സിനെ എടുത്തു. മതക്കാരൻ മുഹമ്മദിനെയും യേശുവിനെയും ബുദ്ധനെയും ഒക്കെ എടുത്തത് പോലെ. മനുഷ്യന് വേണ്ടിയുള്ള മാർക്സ് എന്നതിന് പകരം രാജ്യത്തിന് വേണ്ടിയുള്ള സാന്പത്തികശാസ്ത്രം പറഞ്ഞ മാർക്‌സും അതനുസരിക്കേണ്ട മനുഷ്യനും എന്ന് തിരുത്തി വായിച്ചു. എന്നല്ല, മാർക്സിനു വേണ്ടിയുള്ള രാജ്യവും മനുഷ്യനും എന്നായി ചുരുങ്ങി അവരുടെ വീക്ഷണങ്ങൾ.

മതക്കാർ മതത്തെ എടുത്തത് പോലെ തന്നെ അവർ മാർക്സിസത്തെ എടുത്തു. മരുന്നിനെ രോഗിയേക്കാൾ പ്രധാനമായി കണ്ടു, പ്രേമിച്ചു. മരുന്ന് രോഗം ഉണ്ടാക്കുമെന്നായാലും അതിനെ നിലനിർത്തണം എന്ന് വാശി പിടിച്ചു.  മരുന്ന് പ്രയോഗിക്കാൻ ഒരു രാജ്യം വേണം എന്ന നിലയിലേക്കു അധംപതിച്ചു. രോഗം ഇല്ലേലും മരുന്ന് വേണം എന്ന് ശഠിച്ചു. മരുന്ന് തന്നെ രോഗമായി മാറിയതറിയാതെ. പരിഹാരം ക്രമേണ പ്രശ്നമായി മാറുന്ന ജീവിതത്തിന്റെ പ്രകൃതിപരമായ രീതിയെ മനസിലാക്കാതെ അവർ പ്രശ്നത്തെ വളർത്തി. സമയവും സ്ഥാനവും മാറിയാൽ മരുന്നും ഭക്ഷണവും എല്ലാം വിഷമായി ഭവിക്കും എന്ന ജീവിതത്തിന്റെ പാഠം മനസ്സിലാക്കാതെ.

തൊഴിലാളിയിൽ തുടങ്ങി തൊഴിലാളിയിൽ മാത്രം ഒതുങ്ങുന്നേടത്തും ഒതുക്കുന്നേടത്തും അവർ  മാര്ക്സിനെയും മാർക്സിസത്തെയും ചുരുക്കി. മാർക്സ് അത് രൂപപ്പെടുത്തിയെടുത്ത സാഹചര്യം ഇല്ലെങ്കിലും, നിലനിൽകുന്നില്ലേലും, അത് തന്നെ നടപ്പാക്കേണം എന്ന് വാശി പിടിച്ചു ചിന്തിച്ചു.  കുഞ്ഞു വലുതായിക്കഴിഞ്ഞാലും കുപ്പായം പഴയതു തന്നെ മതി എന്ന് പറയുംപോലെ.

അതിനപ്പുറം ഒരാകാശവും ഭൂമികയും അവർ കണ്ടില്ല. മാർക്‌സും മുഹമ്മദും യേശുവും ഒന്നുമല്ല ജീവിതം ആണ് പരമപ്രധാനം എന്നവർ അറിഞ്ഞില്ല. ജീവിതത്തെ പുതക്കുന്ന കുപ്പായങ്ങൾ അതാത് സമയത്തു വേണ്ടത് പോലെ ഓരോരുവനിലൂടെയും അവരുടെ ചിന്തയിലൂടെയും അദ്ധ്വാനത്തിലൂടെയും വിശ്വാസങ്ങളിലൂടെയും ജീവിതം തന്നെ ഒരുക്കിയെടുക്കുമെന്ന നഗ്നസത്യം. മനുഷ്യനും ഭൂമിക്കും അപ്പുറത്താണ് ജീവിതമെന്നതും.

കമ്യുണിസം പറഞ്ഞ മാർക്സിനു കമ്യുണ് എന്തെന്നും എന്തിനെന്നും അറിയാമായിരുന്നു. ജീവിതത്തെ ലക്ഷ്യമാക്കിയവൻ അതിനെ എളുപ്പമാക്കാൻ വേണ്ടതിലാണ് സംഗതികൾ അവസാനിപ്പിക്കുക. ഒരു കെട്ടിക്കുടുക്കുമില്ലാതെ നടത്താൻ വേണ്ടതിൽ. പക്ഷെ, കമ്യൂണിസ്റ്റുകാർക്ക് അത് വെറും രാഷ്ട്രീയ വാക്കുകൾ മാത്രം ആയി. രാഷ്ട്രത്തിനും തത്വസംഹിതകൾക്കും അപ്പുറത്തേക്ക് നോക്കാനുള്ള ജനാലകൾ ആയില്ല.

മാർക്സിന്റെ കമ്യൂൺ, ബുദ്ധന്റെ സംഘവും യേശുവിന്റെയും മുഹമ്മദിന്റെയും സ്വർഗ്ഗവും ഗാന്ധിയുടെ ഗ്രാമസ്വരാജ്ഉം ഒക്കെ പോലെയായിരുന്നു. അവക്കൊന്നും വിരുദ്ധവുമായിരുന്നില്ല. ബുദ്ധനും യേശുവും മുഹമ്മതും ഗാന്ധിയും ഒക്കെ ജീവിതം എളുപ്പമുള്ളതായിക്കാണാൻ അങ്ങിനെയൊക്കെ സ്വപ്നം കണ്ടതായിരുന്നു, സ്വപ്നം നല്കിയതായിരുന്നു.   ഏകം എന്ന് പറയുമ്പോഴുള്ള പദാർത്ഥവും അദ്വൈദത്തിലെ ആത്മാവും ഒന്നാവുന്നത് പോലെ തന്നെ വിരുദ്ധമാവാത്ത രണ്ടല്ലാത്ത ഒന്ന്. നിയമവും രാജ്യവും നിയന്ത്രണങ്ങളും ഇല്ലാത്ത ഒന്ന്.  സ്വയം സമ്പൂർണമായി ജീവിതം മാത്രം തുടിച്ചു തുള്ളുന്ന ഒരവസ്ഥ.  ജീവിതത്തിനു വേണ്ടി മാത്രം എല്ലാം ഉണ്ടാവുന്ന, അല്ലാത്തതൊന്നും വേണ്ടെന്നു വരുന്ന ഒരു സ്വതന്ത്ര സ്വാഭാവിക ലോകം. സ്വന്തവും സ്വന്തമാക്കാനുള്ള ശ്രമങ്ങളും ആവശ്യമില്ലാത്ത ഇടം. എല്ലാം നൽകപ്പെടുന്ന, നല്കപ്പെടാൻ മാത്രമുള്ളത്ര മാത്രം ചെയ്യപ്പെടുന്ന ഇടം. ആശ്രമവും സ്വർഗ്ഗവും പോലെ തന്നെ ശ്രമങ്ങളില്ലാത്ത ജീവിതം തന്നെയല്ലാത്ത ഒരു ശ്രമം ഉണ്ടാവാത്ത ഒരിടം. ഒരവസ്ഥ. രണ്ടില്ല്ലാത്ത ഒരവസ്ഥ. രാജ്യവും രാജാവും പ്രജയും എന്ന രണ്ടും മൂന്നും ഇല്ലാത്ത ഇടം.

*************
സോഷ്യലിസം മാർക്സിനു ലക്ഷ്യമായിരുന്നില്ല, ആവാനിടയില്ല. ലക്ഷ്യമാക്കാനാവുക ജീവിതത്തിന്റെ സൗകര്യപൂര്ണമായ ഒഴുക്ക് തന്നെ. അതിനു വേണ്ടത് സംഭവിപ്പിക്കുക എന്നത് തന്നെ.

കമ്യൂണിനെ കുറിച്ച് പറയുന്ന ഒരാൾ ജീവിതത്തിന്റെ നൃത്തം തന്നെയാണ് സാധിപ്പിക്കാൻ ഉദ്ദേശിച്ചത് എന്നുറപ്പു. സോഷ്യലിസം മാത്രമായി വഴിമുടക്കേണ്ട, പിന്നെ  വെറുതെ പറഞ്ഞു നടക്കേണ്ട ഒരു സുന്ദര വചനവും ആവില്ല. പകരം സോഷ്യലിസം വഴിയും പാലവും മാത്രമായിരുന്നു.

പക്ഷെ കമ്യുണിസ്റ്റുകൾക്കു കാര്യം പിടികിട്ടിയില്ല. അവർ വഴിയെ ലക്ഷ്യമാക്കി.  ജീവിതം എന്ന സമസ്യക്ക് വേണ്ടിയാണ് എല്ലാം എല്ല്ലാ വിധത്തിലും നടക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങിനെ അവർ പാലത്തെ തന്നെ വീടുമാക്കി.

അവർ സോഷ്യലിസത്തിൽ മുറുക്കിപ്പിടിച്ചു.  ജീവിതത്തിനും ജീവിക്കുന്ന മനുഷ്യന്മാർക്കും മീതെ അവർ സോഷ്യലിസത്തെയും രാജ്യത്തയും പ്രതിഷ്ഠിച്ചു. സോഷ്യലിസത്തെ പ്രതിരോധിക്കുന്ന വഴിയിൽ അക്രമിയെക്കാൾ അപകടകാരികളായി. രാജ്യവും രാജ്യ നിയമവും ഏറ്റവും ആവശ്യമുള്ളവരായി അവർ. അത് സംരക്ഷിക്കുന്നതിലും സോഷ്യലിസം കയറ്റുമതി ചെയ്യുന്നതിലും എല്ലാ അതിർവറുമ്പുകളും ലംഘിച്ചു. ജീവിതത്തെ നിഷേധിച്ചു. കമ്യൂൺ രൂപപ്പെടുത്താനും കമ്യൂണിലേക്കു വളരാനും വേണ്ടതൊന്നും ചെയ്തില്ല. വേണ്ടതല്ലാത്തതെല്ലാം ചെയ്തു, പാലത്തിന്മേൽ കയറ്റിവച്ചു.

രാജ്യരക്ഷയുടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഭാരം പാലത്തിൽ കൂട്ടി. പാലത്തിനു താങ്ങാവുന്നതിലും ഭാരം കൂട്ടി. തകരുമെന്നായപ്പോൾ കമ്യുണിസത്തെ തള്ളിപ്പറയുമാറ് അവരും ഏതൊരു പാർട്ടിയെയും പോലെയായി. പാലത്തെയും തള്ളിപ്പറഞ്ഞു. സോഷ്യലിസത്തെ വെറും മറയും വസ്ത്രവുമായി പിന്നീടങ്ങോട്ട് ഉപയോഗിക്കുകയും ചെയ്തു. കപട ജനാധിപത്യത്തിലെ കപടമായ ഒരു സംജ്ഞയായി മാത്രം പിന്നീട് സോഷ്യലിസവും കമ്യുണിസവും മാറി.

*************

ഇതിനൊക്കെ പുറമെ, പക്ഷെ,  കമ്യുണിസ്റ്റുകാരനു  ഇന്ത്യയിൽ സോഷ്യലിസം പോലും ലക്ഷ്യമായി നേടുന്നതിന് മുൻപേ പാതിവഴിയിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?

മറ്റൊന്നും കൊണ്ടല്ല.

തൊഴിലാളി സ്നേഹത്തിനിടയിൽ മനുഷ്യനെ മറന്നു. തൊഴിലാളിക്കപ്പുറം ഒരു മാനുഷിക രാജ്യത്തെ സങ്കലപിക്കാനാവാത്തിടത്തു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനിടയിൽ  മനുഷ്യാവകാശങ്ങളെയും സാധാരണ ജനങ്ങളെയും  മറന്നത് കൊണ്ട്. എല്ലാവരും തൊഴിലാളികളല്ലെന്നും എല്ലാവർക്കും തൊഴിലാളികൾ ആവാൻ പറ്റില്ലെന്നും അറിയാതെ പോയതു കൊണ്ട്. തൊഴിലാളിക്കപ്പുറം രാജ്യത്തെയും രാജ്യതാല്പര്യത്തേയും കയ്യൊഴിഞ്ഞതു കൊണ്ട്.

അവർ ഇന്ത്യയെന്ന മാതാവിനെയല്ല സ്നേഹിച്ചത്. അങ്ങിനെ ഒരു മാതാവിനെ സ്നേഹിക്കാനും  അമ്മയായി മനസിലാക്കാനും അവർ മറന്നു പോയി. പഠിപ്പിക്കാനും മറന്നു പോയി. അമ്മയായ രാജ്യവും രാജ്യസ്നേഹവും അവർക്കു പ്രധാനം ആയില്ല. അമ്മയെ അമ്മയാക്കുന്ന ഭാരത രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും അവർക്കു ഒന്നും ആയില്ല.

പകരം തങ്ങളുടെ മുറിവൈദ്യനായ പാർട്ടിയും പാർട്ടിയുടെ പ്രത്യേയ ശാസ്ത്രവുമായിരുന്നു അവർക്കെല്ലാമെല്ലാം. മുറിവൈദ്യനെ പരീക്ഷിക്കുകയും രക്ഷിക്കുകയും ആയിരുന്നു അതിനേക്കാൾ പ്രധാനം.

ജനാധിപത്യത്തിന്റെ പേരിൽ ഭാരതമാതാവിന്റെ നെഞ്ചത്ത് കത്തിവെക്കുന്ന ഒന്നുമറിയാത്ത മുറിവൈദ്യന്മാരെയും അവരെ തെരഞ്ഞെടുത്തയക്കുന്ന വിഡ്ഢികളായ പൊതുജനം കഴുതകളെയും അവർ കണ്ടില്ല. പകരം അങ്ങനെ തെരഞ്ഞടുക്കപ്പെടാൻ എല്ലാവരെയും പോലെ അവരും ആഗ്രഹിച്ചു.

ജനങ്ങൾക്കു ഒരു പരിഹാരം ആവുന്നതിനു പകരം ജനങ്ങളിൽ അവർ അവർക്കുള്ള പരിഹാരത്തെ കണ്ടു. പാർട്ടിക്കുള്ള നിലനില്പും ആർഭാടവും നേടാൻ കൊതിച്ചു.

അത്തരം ഒന്നുമറിയാത്ത വിഡ്ഢികളായ ഒരു സമൂഹത്തെ സ്നേഹിക്കാനും ആ ജനതയുടെ സഹിഷ്ണുതയിൽ അധിഷ്ഠിതമായ സംസ്കാരത്തെ മനസിലാക്കാനും മറന്നു പോയി.

ഒരു കാലം വരെ മിച്ചമൂല്യ സിദ്ധാന്തവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമായിരുന്നു അവർക്കു പ്രധാനം. ജനവും ജീവിതവും മിച്ചമായി ഭവിക്കുന്ന ഒന്നും പറയാൻ കഴയാതെ പോയി.

വർഗ സംഘട്ടനത്തെ കുറിച്ച് പറയുന്നതിനിടയിൽ നാനാജാതി വര്ഗങ്ങളെയും ജാതികളെയും മതങ്ങളെയും ഭാഷകളെയും വിവരക്കേടിനിടയിലും വിശാലമായ സഹിഷ്ണുത കൊണ്ടുമാത്രം ഒരുമിച്ചു കൊണ്ടുപോവുന്ന  ഇന്ത്യയിൽ അതെങ്ങനെ ഇനിയും കൊണ്ട്പോവും എന്നതിനെ കുറിച്ച് അല്പവും ആത്മാർത്ഥമായി ആലോചിക്കാതെ പോയി അവർ.

അവർക്കു തൊഴിലാളികളുടെ അവകാശമായിരുന്നു പ്രധാനം; അമ്മയോടും ചുറ്റുപാടിനോടും ഉള്ള തൊഴിലാളികളുടെ ബാധ്യതകളും ചുമതലകളും ആയിരുന്നില്ല.

വൈദ്യനെയും പ്രത്യേയശാസ്ത്രത്തെ പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ആയിരുന്നു പ്രധാനം; അമ്മയുടെ ജീവനും ജീവിതവും ആരോഗ്യവുമായിരുന്നില്ല.

അതിനാൽ തന്നെ ഇക്കാലമത്രയും അവർ അണികളെ പാർട്ടിയെന്തെന്നു പഠിപ്പിച്ചു. ഇയ്യടുത്ത കാലത്തു അവരുടെ തന്നെ അപചയത്തിന്റെ ഭാഗമായി അതുമവർ മറന്നു പോയതു പോലെയാണെങ്കിലും‌.

ക്രമേണ അവർ പാർട്ടിയെയും മറന്നു. അധികാരത്തെ മാത്രം താലോലിച്ചു, അതിന്റെ ഭാഗമായി ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തെ പുൽകി.

************

കമ്യുണിസ്റ്റുകൾക്കു  രാജ്യവും അതിന്റെ സംസ്കാരവും ആയിരുന്നില്ല പ്രധാനം. അധികാരം മാത്രമായി പ്രധാനം. അതിനാൽ തന്നെ രാജ്യസ്നേഹവും രാജ്യസംസ്കാരവും  രാജ്യെമെന്തെന്നും അവർ പഠിച്ചില്ല,  അണികളെ പഠിപ്പിച്ചില്ല. മതേതരത്വം പോലും ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ എന്തെന്നും എങ്ങിനെയാവണമെന്നും അവർ അറിഞ്ഞതും പഠിപ്പിച്ചതുമില്ല.

പാർട്ടിയെ പരീക്ഷിക്കാൻ വേണ്ട അനേകം രാജ്യങ്ങളിൽ ഒരു രാജ്യം മാത്രമായിരുന്നു ഇന്ത്യയിലും അവർക്കാവശ്യം. ഇന്ത്യക്കാരെയും ഇന്ത്യയെയും കണ്ടെത്തേണ്ടതുണ്ടായിരുന്നില്ല. പാർട്ടിക്കും അതിന്റെ പ്രത്യേയശാസ്ത്രത്തിനും കൃഷിയിറക്കാൻ വേണ്ട വെറും ഒരു വിളനിലമല്ലാതെ.

ക്രമേണ അറിവുകേടുകൊണ്ട് അല്പ്പം പോലും ഒരു നിലക്കും നടക്കാത്ത ഇന്ത്യൻ ജനാധിപത്യവുമായി അവർ രാജിയായതോടെ ഒരു സാധാ പാർട്ടിയായി അവർ മാറി. അനേകം പാർട്ടികളിൽ ഒരു പാർട്ടി. അധികാരം മാത്രം ലക്ഷ്യമാക്കുന്ന ഒരു അധികാരപ്പാർട്ടി. എല്ലാവരെയും പോലെ പേര് മാത്രം മാറി വന്ന അധികാരത്തിന്റെ കള്ളുകുപ്പി. പേര് വേറെ. ഉള്ളിൽ അതെ അധികാരക്കള്ളു.

അതിന്നാലെ ഇപ്പോൾ എന്ത് സംഭവിച്ചു?

തെറ്റായിട്ടായാലും ശരിയായിട്ടായാലും ബി ജെ പി ഇന്ത്യയെ കുറിച്ചും രാജ്യസ്നേഹത്തെ കുറിച്ചും  സംസ്കാരത്തെക്കുറിച്ചും പറഞ്ഞു പ്രവർത്തിച്ചപ്പോൾ കമ്യുണിസ്റ്റുകാർക്ക് പ്രതിരോധിക്കാൻ മറ്റൊന്നില്ലാതായി. തങ്ങൾക്കും എന്ത് കൊണ്ട് ബി ജെ പി യെ പോലെ വേരൂന്നാൻ കഴിയാതെ പോയi എന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത്.

മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും അണികളെയും ജനങ്ങളെയും പഠിപ്പിക്കേണ്ടതിനു പകരം ബി ജെ പി യെ പ്രതിരോധിക്കാൻ വേണ്ടി മാത്രം പ്രയോഗിക്കേണ്ട ആയുധം മാത്രം ആയിപ്പോയത് അതുകൊണ്ടാണ്.  അങ്ങനെയല്ലാതെ അവർ അണികളെ പഠിപ്പിച്ചതായിരുന്നില്ല അതൊന്നും.

രാപ്പകലില്ലാതെ മതവും മതസ്നേഹവും വിശ്വാസികളെ പഠിപ്പിച്ചു രാജ്യത്തെക്കാൾ വലുത് മതമെന്ന് പറഞ്ഞു പഠിപ്പിച്ചു മതസംഘടനകൾ മതാനുയായികളെ കൂട്ടിനിർത്തിയപ്പോൾ കമ്യുണിസ്റ്റുകൾ അതറിയാതെപോയി.  ഒരുപക്ഷെ അതെല്ലാം നോക്കി നിന്ന്. മതേതരത്ത്വം മതേതരത്ത്വം എന്തൊക്കെയോ ആണെന്ന് കരുതിക്കൊണ്ട്. അപ്പോഴും മതേതരത്വത്തെയും രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ജനങ്ങൾക്കും അണികൾക്കും പഠിപ്പിച്ചു കൊടുക്കാതെ. ഒരുപക്ഷെ വോട്ടിനു വേണ്ടി അതിനൊക്കെ കൂട്ട് നിന്ന്.

ഇത്രകാലം നാട് ഭരിച്ചിട്ടും നാട്ടിൽ പ്രവർത്തിച്ചിട്ടും നാട്ടുകാരെയും അണികളെയും മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും സംസ്കാരവും പഠിപ്പിക്കാൻ മറന്നു പോയ അവർ  ബി  ജെ  പി  അധികാരത്തിൽ  വന്നപ്പോൾ ഇതൊക്കെയും  എടുത്തു പ്രയോഗിക്കുന്നു.

പാർട്ടിക്ക് വേണ്ടി മരിക്കുമെന്നാലും രാജ്യത്തിന് വേണ്ടി മരിക്കാൻ തയാറാവുന്ന ഒരു വിഭാഗത്തെ പാർട്ടിയുടെ അണികളായി ഉണ്ടാകിട്ടിയെടുക്കാൻ അവർക്കറിയാതെ പോയി.

No comments: