ഹേമ കമ്മിറ്റി: ആരും പറയാതെ പോകുന്ന കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും.
പെൺകുട്ടികൾ അനുവാദം കൊടുത്തു നടന്ന, നടത്തിയ കാര്യം പിന്നീട് ഉദ്ദിഷ്ട കാര്യം നടക്കാത്തപ്പോൾ വിളിച്ചു പറയുന്നതല്ലേ ആകെമൊത്തം എന്ന വാദം.
1. സിംഹങ്ങളുടെ മുൻപിൽ ആടിന് സമ്മതം കൊടുക്കാൻ സാധിക്കുമോ?
2. സിംഹങ്ങളുടെ മുൻപിൽ ആട് കൊടുത്തു എന്ന് പറയുന്ന സമ്മതം സമ്മതമാണോ?
3. അല്ലെങ്കിലും സിംഹങ്ങൾക്ക് എന്തിന് ആടിൻ്റെ സമ്മതം? അധികാരവും ശക്തിയും കൊണ്ട് കീഴടക്കി ഭോജനം നടത്തുന്നതാണ് സിംഹ രീതി. അതിൽ ആടുകൾ കീഴങ്ങുക എന്നത് തന്നെ ആടിൻ്റെ സമ്മതം
4. ശക്തൻ്റെ മുൻപിൽ അശക്തനും ദുർബ്ബലനും ഓച്ചാനിച്ച് എന്തിനും തയ്യാറായി നിൽക്കുന്നത് സമ്മതവും ആത്മാർഥതയും ആണോ?
5. മാടമ്പികൾക്കും നാട്ടുപ്രമാണികൾക്കും കയ്യൂക്കുള്ളവനും എന്നും ഒരേ ഭാഷ, ഒരേ രീതി. അതുതന്നെയാണ് സിനിമാ മേഖലയിലെ മാടമ്പികളും ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്. മാടമ്പികളുടെ ഇത്തരം രീതി തന്നെയാണ് ബഹുഭാര്യത്വവും ഭ്രാഹ്മണർ താഴ്ന്ന ജാതിക്കാരായ സ്ത്രീകളുമായി യഥേഷ്ടം നടത്തിയ സംബന്ധവും ഒക്കെയായി മാറിയത്.
6. അധികാരസ്ഥാനത്ത് നിൽക്കുന്നവൻ്റെ വെറും വെറുതെയുള്ള നോട്ടം പോലും കല്പനയും ഭീഷണിയുമാണ്. അവർക്ക് കിട്ടുന്ന ഏത് സമ്മതവും നേട്ടവും ബഹുമാനവും അനുസരണവും സംശയത്തോടെ തന്നെ കാണണം. അവ യഥാർത്ഥത്തിൽ സമ്മതവും നേട്ടവും അനുസരണവും ബഹുമാനവും അല്ല
7. അത്തരം സമ്മതങ്ങളിലൊക്കെ അധികാരമില്ലാത്തവൻ്റെയും അതിജീവനം മാത്രം കൊതിക്കുന്ന നിസ്സഹായതയും ദൈന്യതയും ഉണ്ട്.
8. നിസ്സഹായതയും ദൈന്യതയും ചൂഷണം ചെയ്യുക മാത്രമാണ് ഭീഷണിയുടെ സ്വരത്തിൽ സിംഹങ്ങളായി അധികാരത്തിൽ നിന്ന് ചരടുവലിക്കുന്നവർ
9. അത്തരം നിസ്സഹായതയുടെയും ദൈന്യതയുടെയും ഏറ്റവും ഉയർന്ന ക്രൂരമായ മുഖമാണ് അമ്മമാർക്ക് പോലും സമ്മതം മൂളി പെൺമക്കളെ സിംഹങ്ങളുടെ മടയിലേക്ക് അയക്കാൻ കൂട്ടുനിൽക്കുന്നു എന്നത്.
10. അവരാരും അപ്പോൾ പറഞ്ഞില്ലല്ലോ, എന്നിട്ടെന്താ ഇപ്പോൾ എന്നത് ന്യായമല്ല. അതിജീവനം വിഷയമാകുന്നവർക്ക്, നിൽക്കക്കള്ളിയില്ലാത്തവർക്ക് ഒന്നും പുറത്ത് പറയാൻ സാധിക്കില്ല. പുറത്ത് പറയാൻ തയ്യാറാവുന്ന നിമിഷം അവർ സിനിമാരംഗത്ത് നിന്നും ഒരുപക്ഷേ ജീവിതത്തിൽ നിന്ന് പോലും നിഷ്‌ക്രമിക്കും, അപ്രത്യക്ഷമാകും.
11. തെളിയിക്കട്ടെ നിയമത്തിൻ്റെ വഴിയിൽ പോകട്ടെ എന്നത് ഒരു അവിവാഹിതയായ, അല്ലെങ്കിൽ വിവാഹിതയായ, വളരെ ദുർബലയും നിസ്സഹായയായയുമായ ഒരു പെൺകുട്ടിയോട് പറയേണ്ട വർത്തമാനമോ ചോദിക്കേണ്ട ചോദ്യമോ അല്ല.
12. അല്ലെങ്കിലും പുറത്ത് പറഞ്ഞവർക്ക് എന്ത് നീതിയാണ് ഇവിടെ നമ്മൾ നൽകിയത്. ഒന്നുകൂടി പൊതുമദ്ധ്യത്തിൽ അവരെ കടിച്ചു കീറി നമ്മുടെയൊക്കെ ക്രൂരവിനോദ വികാരം തീർക്കും എന്ന് മാത്രം.
13. ഇപ്പോഴും എപ്പോഴും ആവലാതി പറയുന്ന, പറയേണ്ടി വരുന്ന ആടിനെയാണ് വീണ്ടും വീണ്ടും നാം ചോദ്യം ചെയ്യുന്നത്, കുറ്റപ്പെടുത്തുന്നത്. അല്ലാതെ ആക്രമിക്കുന്ന അധികാരം തന്നെയായ സിംഹങ്ങളെ നമ്മൾ ചോദ്യം ചെയ്യുന്നില്ല.
14. നിയമങ്ങളും നീതിയും അധികാരികളായ സിംഹങ്ങൾ അവർക്ക് വേണ്ടി ഉണ്ടാക്കി വെച്ചവയാണ്
15. ആക്രമിക്കും അക്രമിക്കപ്പെട്ടവനും ഇടയിൽ നിഷ്പക്ഷത നടിക്കുന്നത് ശുദ്ധകാപട്യമാണ് കൊടുംക്രൂരതതയാണ്.
*******
നമ്മൾ തെരഞ്ഞെടുത്തുണ്ടാക്കിയ നമ്മുടെ സർക്കാർ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് ഒളിപ്പിച്ചു വെച്ച് അഞ്ചുവർഷം താമസിപ്പിച്ചത് എന്തുകൊണ്ട്, എന്തിന്?
ഉത്തരം വളരെ ലളിതം.
1. അധികാരം തെമ്മാടിത്തത്തിലൂടെ നേടുന്നതാണ്. സമൂഹത്തിലെ മാടമ്പികൾക്ക് മാത്രമാണ് നമ്മുടേത് പോലുള്ള നാട്ടിലും രാജ്യത്തും അധികാരം കരഗതമാകൂ. AMMAയും വ്യത്യസ്തമല്ല വ്യതസ്തമാകില്ല.
2. തെമ്മാടികളും മാടമ്പികളും എപ്പോഴും അധികാരികളുടെ കൂട്ടുകാരായിരിക്കും. അതുകൊണ്ട് തന്നെ AMMAയിലെ നാം നായകരെന്നു കരുതിയ യഥാർത്ഥ മാടമ്പികളും.
3. നമ്മുടേത് പോലുള്ള നാട്ടിൽ അധികാരത്തിന് പിന്നാമ്പുറത്ത് എപ്പോഴും തെമ്മാടികളുടെ കൂട്ടും കരുത്തും തൻ്റേടവും വേണം.
4. AMMAയെയും അതിലെ സകലതുമായ മാടമ്പികളെയും അഞ്ചു വർഷം പിടിച്ചുനിർത്താൻ അധികാരികൾ തന്നെയായ മറ്റൊരു മാടമ്പിക്കൂട്ടം അതുകൊണ്ട് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവുന്നത്ര ഒളിപ്പിച്ചു വെച്ചു.
5. അഞ്ചുവർഷം കൊണ്ട് തേച്ചുമായ്ക്കാൻ കഴിയുന്നത്ര ആരോപണങ്ങളും തെളിവുകളും തേച്ചുമായ്ക്കാൻ AMMAയിലെ കേമൻമാരെ അതുമൂലം സഹായിച്ചു.
6. AMMAയിലെ ഇപ്പോൾ നടന്ന കൂട്ടരാജിയെ അഞ്ചു വർഷം ഒഴിവാക്കാൻ അതുകൊണ്ട് സാധിച്ചു. അതല്ലായിരുന്നെങ്കിൽ ഈ കൂട്ട രാജിയും പിരിച്ചുവിടലുമൊക്കെ അഞ്ച് വർഷങ്ങൾക്ക് മുൻപേ നടക്കേണ്ടതായിരുന്നു
7. AMMAയിലെ കൊലകൊമ്പന്മാരുടെ പൈസ വിഴുങ്ങാൻ ഇതുമൂലം രാഷ്ടീയ മാടമ്പികൾക്ക് ഒരേറെ സാധിച്ചിട്ടുണ്ടാവും
8. എന്തുകൊണ്ട് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്നവർ കൂട്ടമായി ഇപ്പോൾ രാജിവെച്ചു?
9. എന്തുകൊണ്ട് അവരാരും പത്രമാധ്യമങ്ങളെ നേരിട്ട് ഒരു കമാ പോലും പറഞ്ഞില്ല, രാജി അറിയിച്ചില്ല.
10. പിന്നാമ്പുറത്ത് നിന്ന് ഒളിഞ്ഞ് രാജി വെക്കേണ്ടി വരുന്നത്ര എന്താണ് അവർക്കുള്ളിലും AMMAക്കുള്ളിലും ചീഞ്ഞുനാറാനുള്ളത്?
11. എന്തേ സ്ക്രീനിലെ നായകന്മാരുടെ മുഴുവൻ ആത്മവിശ്വാസം ചോർന്നു പോയി, അവരാരും പുലികൾ അല്ല എലികൾ മാത്രമാണെന്ന് വരുന്നു?
12. ആരുടെയും കണ്ണിൽ നോക്കി സംസാരിക്കാൻ മാത്രം എന്ത് കുറ്റബോധമാണ് അവരെയൊക്കെയും ഇപ്പോൾ ഭരിക്കുന്നത്?
13. ആരെയും നേരിടാൻ സാധിക്കാത്തത്ര എന്തെല്ലാം തെണ്ടിത്തറവും കളവുകളുമാണ് അവർ മാത്രം അറിയുംവിധം അവർ ഇക്കാലമത്രയും ചെയ്തത്, കൊണ്ടുനടന്നത്?