Monday, April 1, 2019

മക്കള്‍ കഴിവുള്ളവര്‍ ആയിരിക്കാം

മക്കള്‍ കഴിവുള്ളവര്‍ ആയിരിക്കാം.

അവരെക്കുറിച്ച നിങ്ങളുടെ ധാരണയും ശരിയായിരിക്കാം.

പക്ഷെ ശ്രമിക്കാത്തത് കൊണ്ട്‌ അവർ എത്ര പിറകോട്ട് പോയെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലാവില്ല.

നിങ്ങൾ തോല്‍ക്കുന്നത് അവിടെയാണ്.

നിങ്ങളുടെ മക്കളുടെ തിരിഞ്ഞിരുപ്പിന് മുന്‍പില്‍.

അവര്‍ക്കെതിരെ അവർ ഇരുന്നാല്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല.

കൗമാരം അവരെക്കൊണ്ടത് ചെയ്യിച്ചാൽ.

കൗമാരം വരെ നിങ്ങൾ മാത്രമായിരുന്നു അവരുടെ കൂട്ട്, വഴികാട്ടി, പുറത്തേക്ക് നോക്കാനുള്ള ജനവാതില്‍.

നിങ്ങൾ കാണിച്ചത് മാത്രം അവർ കണ്ടു.

ഇപ്പോൾ അവർക്ക് ഒരു നൂറു ജനവാതിലുകള്‍ ഉണ്ട്.

ഒരു നൂറു വഴികാട്ടികള്‍. ഒരു നൂറു കാഴ്ചകളും വഴികളും.

സുഹൃത്തുക്കൾ അവര്‍ക്കു ദൈവങ്ങങ്ങള്  ആണ്.

അവര്‍ക്കു മുത്തുകള്‍ ഇപ്പോൾ കല്ലുകൾ ആണ്.

കല്ലുകൾ ആണ്‌ ഇപ്പോൾ മുത്തുകള്‍, രത്നങ്ങള്‍.

അവര്‍ക്കെതിരെ അവർ ഇരുന്നാല്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല.

കൗമാരം അവരെക്കൊണ്ടത് ചെയ്യിച്ചാൽ.

*********

കുട്ടികൾ നമ്മുടെതല്ല. പകരം നമ്മൾ കുട്ടികളുടേത് മാത്രം. ഒരു നിശ്ചിത പ്രായം വരെയെങ്കിലും അതങ്ങിനെ. അതിനാല്‍ അവര്‍ക്ക് വേണ്ടി മാത്രം, അവർ തിന്നാനും സ്വസ്ഥമായി ഉറങ്ങാനും വേണ്ടി മാത്രം, മാതാപിതാക്കള്‍ അധ്വാനിക്കു ന്നു, ഉറങ്ങാതെ ഇരിക്കുന്നു.

കുട്ടികളെ വിശ്വാസപരമായും അല്ലാതെയും തങ്ങളുടെ അടിമകളായി  കണ്ടുപോകുന്നവരും ആക്കുന്നവരും അറിയാത്തത്, അവര്‍ക്കു ജന്മം കൊടുത്തതിന്റെ പാപം പേറി മാതാപിതാക്കളാണ് കുട്ടികളുടെ അടിമകള്‍ ആവുന്നത് എന്നതാണ്. ജീവിതത്തിന്റെ തുടര്‍ച്ചയും ഒഴുക്കും കൈവരാൻ. മാതാപിതാക്കള്‍ക്ക് മറ്റൊരു വഴിയില്ലാതെ. ജീവിതം അങ്ങിനെ അവരെക്കൊണ്ട് ചെയ്യിപ്പിക്കും. എന്റേത് എന്നും സ്വന്തം എന്നും ഉള്ള വെറും മായാമോഹങ്ങളും തോന്നലുകളും അവരില്‍ ഉണ്ടാക്കിക്കൊണ്ട്. മാതാപിതാക്കളും വലിയ ഒരു തീരുമാനത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിൽ മാതാപിതാക്കള്‍ ആയതല്ല എന്ന തിരിച്ചറിവോടെ, തോന്നൽ വെച്ച്. നിസ്സഹായതയോടെ.

അതിനാല്‍ മക്കളുടെ സ്വപ്നം പേറി നടക്കുക മാതാപിതാക്കളുടെ ബാധ്യത. സ്വാഭാവികമായും അതങ്ങിനെ ആയിപ്പോകും. മാതാപിതാക്കള്‍ കുട്ടികളെ പേറുന്ന, അവരുടെ സ്വപ്നം പേറുന്ന കഴുതകള്‍ ആവും, ആയിപ്പോകും. പച്ചിലകളെ തളിര്‍പ്പിക്കുക, അവയെ ആവുന്നത്ര വളര്‍ത്തുക നിലനിര്‍ത്തുക എന്നതാണ് പ്രകൃതിയുടെ ജീവിതനൃത്ത നിയോഗം.

പ്രകൃതിപരമായി തന്നെ മാതാപിതാക്കളുടെ സ്വപ്നം വഹിക്കുക കുട്ടികള്‍ക്ക് ബാധ്യതയല്ല. ഒരു ഔദാര്യം പോലെ സംഭവിച്ചാല്‍ ഭാഗ്യം എന്നത് മാറ്റി നിര്‍ത്തിയാല്‍. ഉണങ്ങിയ ഇലകളെ വളര്‍ത്തുകയും പിടിച്ചുനിര്‍ത്തുകയും സംരക്ഷിക്കുകയും പ്രകൃതിയുടെ ജീവിതനൃത്ത നിയോഗം അല്ല. ഏറെ വന്നാല്‍ കൊഴിഞ്ഞുപോകാന്‍ അനുവദിക്കുക മാത്രം. കൊഴിഞ്ഞുപോകുക അത്ര ചിലവും അദ്ധ്വാനവും ആവശ്യമുള്ളത് അല്ലല്ലോ?

ഇവിടെയാണ് വേറൊരു പ്രശ്നം.

കുട്ടികള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടാവും. വളരെ എളുപ്പം, അനേകം. അവരുടെ ആദ്യകാലത്ത് പ്രത്യേകിച്ചും. ബാധ്യതയും ഭാരവും പ്രയാസവും അറിയാത്ത കുട്ടിക്കാലത്ത്. കൗതുകം മാത്രം കൈമുതലായ കാലത്ത്. കൗമാരത്തിന് മുമ്പ്. ഹോര്‍മോണുകളുടെ തിരമാലയുദ്ധം പുതിയ വഴികളും വികാരങ്ങളും ഉണ്ടാക്കുന്നതിന്‌ മുന്‍പ്‌. അവർ തന്നെ കണ്ട സ്വപ്നം സാക്ഷാൽകരിക്കുന്ന പ്രക്രിയയിലും വഴിയിലും ഉള്ള പ്രയാസങ്ങളും ഉരുക്കങ്ങളും അറിയാതെ.

അതിനാല്‍ തന്നെ സ്വര്‍ണ്ണം ആഭരണം ആവുന്ന വഴിയില്‍, സ്വപ്നം യാഥാര്‍ത്ഥ്യം ആവുന്ന, ആക്കുന്ന വഴിയില്‍, തീയിലൂടെ കടന്നു പോകുന്ന വഴിയില്‍, കൗമാരം തിളച്ചുമറിയുന്ന വഴിയില്‍, അവിടെ വെച്ച്, അതുവരെ സ്വപ്നം കണ്ട അതേ കുട്ടികൾ, കഴിവ് ഉണ്ടായിട്ടും, അവരുടെ കഴിവ് സ്വര്‍ണ്ണവും പ്ലാറ്റിനവും ആയിരുന്നിട്ടും, അവർ അവരുടെ സ്വപ്നം പാതിവഴിയില്‍ ഇട്ടേച്ചു ഉപേക്ഷിച്ചു പോകും.

അവർ അതുവരെ കണ്ട സ്വപ്നം, അവര്‍ക്കു വേണ്ടി പിന്തുടര്‍ന്ന മാതാപിതാക്കളുടെത്  മാത്രമാകും അപ്പോൾ മുതൽ.

അവിടെയാണ് മാതാപിതാക്കള്‍ അവരുടെ സ്വപ്നം കുട്ടികളുടെ മേല്‍ അടിച്ചു നടപ്പാക്കുന്നത് പോലെ തോന്നുന്നത്. സ്വര്‍ണ്ണത്തെ അതിന്‌ ഇഷ്ടം ഇല്ലാതെയും ആഭരണം ആക്കാന്‍ തീയില്‍ ഇടേണ്ട അവസ്ഥ വന്നു ഭവിക്കുന്നത്.

*******

കുട്ടികളുടെ സ്വപ്നവും മാതാപിതാക്കളുടെ സ്വപ്നവും സ്വാധീനിക്കപ്പെട്ടത്. ജീവിതം മാത്രം ശരി. എല്ലാം ജീവിതത്തിന് വേണ്ടി എന്നതും ശരി.

ജീവിതം ജീവിതത്തിനു വേണ്ടി കെട്ടിക്കുന്ന വേഷങ്ങളും സ്വപ്നങ്ങളും തന്നെയേ ഉള്ളൂ.

സ്വാര്‍ത്ഥതയും ജീവിതം കെട്ടിക്കുന്ന വേഷം.

കര്‍ഷകന്റെതായാലും തേനീച്ചയുടെതായാലും.

നിസ്വാര്‍ത്ഥത ഫലം ആകാന്‍.

തേനും മാങ്ങയും തേങ്ങയും അങ്ങിനെ ജീവിതത്തിനു ഉപജീവനം ആകാൻ.

No comments: