Saturday, June 29, 2024

ദൈവമേ നീ ഇല്ലെന്ന് പറയാൻ ഞാനാര്?

അറിയില്ല, അറിയില്ല, എനിക്കൊന്നും അറിയില്ല.

അറിയില്ലെന്നറിയുന്ന ഞാനാരെന്നും എനിക്കറിയില്ല.

ദൈവമേ നീ ഇല്ലെന്ന് പറയാനും എനിക്കറിയില്ല.

അല്ലേലും ദൈവമേ നീ ഇല്ലെന്ന് പറയാൻ ഞാനാര്?

ഞാനില്ലെന്നറിയുന്ന ഞാൻ, എന്നെ നിശ്ചയിച്ചത് ഞാനല്ലെന്നറിയുന്ന ഞാൻ, പിന്നെ  പ്രത്യക്ഷമായിക്കാണുന്ന ബാക്കിയുള്ളതിനെ മുഴുവൻ എന്ത് വിളിക്കണം? 

പ്രത്യക്ഷമായിക്കാണുന്ന ബാക്കിയുള്ളതിനെ മുഴുവൻ നീയെന്ന് വിളിക്കുകയല്ലാതെ ഞാൻ പിന്നെന്ത് ചെയ്യണം?

ദൈവമേ നീ ഉണ്ടെന്ന് പറയാനും ഞാനാര്?

അറിയയ്കയിൽ എനിക്കെൻ്റെ അറിയയ്കയാണ് അറിവ്. അതുകൊണ്ട് നീയുണ്ട്.

അറിവിൽ അറിവാണ് എനിക്കെൻ്റെ അറിവ് എന്നത് പോലെത്തന്നെ അറിയയ്കയിൽ അറിയയ്കയാണ് എനിക്കെൻ്റെ അറിവ്.

പക്ഷേ എൻ്റെ അറിവ് അറിവാണെന്നും അറിയായ്ക അറിയായ്‌കയാണെന്നും അറിയാനും എനിക്കെന്ത് വഴി?

ഒരുവഴിയുമില്ല.

ധരിക്കുന്നുവെന്ന് കരുതി തെറ്റിദ്ധരിക്കുക മാത്രം.

അറിയുന്നു എന്ന് കരുതി അറിവുകേടിനെ അറിവായി കൊണ്ടിനടക്കുക.

കുടുങ്ങിയ, എന്നെ ഞാനാക്കിയ മാനത്തിൻ്റെ സൗകര്യത്തിനനുസരിച്ച് സംഗതികളെടുക്കുക.

വന്നുവീണ് കെണിഞ്ഞ മാനത്തെ എനിക്കും ആർക്കുമൊരു കെണിയായി കാണാനാവുന്നില്ല, കാണാനാവില്ല.

വന്നുവീണ് കെണിഞ്ഞ ആ മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ച്, ആ മാനത്തെ സർവ്വവുമായി കണക്കാക്കി സൗകര്യം പൊലെയെടുക്കുക മാത്രം. ഞാനെന്നും നീയെന്നും വരെയെടുക്കുക മാത്രം.

മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ച് അറിയാവുന്നത് മാത്രമേ അറിയൂ. അറിയാത്തതൊന്നും അറിയില്ല.

മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ചുള്ള "ഉണ്ട്" "ഇല്ല" എന്നത് മാത്രമേ ഉള്ളൂ. 

മാനത്തിനുള്ളിൽ വെച്ച് അനുഭവഭേദ്യമാകാത്തത് ഇല്ലാത്തത്.

മാനത്തിനുള്ളിൽ വെച്ച് അനുഭവഭേദ്യമാകുന്നത് ഉള്ളത്. 

നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ മാനത്തിനുള്ളിൽ വെച്ച് ഉള്ളതും ഇല്ലാത്തതും വെച്ച് മാത്രം "ഉണ്ട്" "ഇല്ല" എന്ന കരുതൽ, പറച്ചിൽ.

*******

അറിയയ്ക കൊണ്ട് ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒരുപോലെ. 

രണ്ടും അറിയയ്ക മാത്രം. 

ഏറിയാൽ ഉണ്ടെന്ന് പറയുന്നത് അല്പം കളവാണെന്ന് കൂടി വരാമെന്ന് മാത്രം. 

കാരണം, അറിയില്ലെങ്കിൽ അറിയില്ലെന്ന്  പറയുന്നതിന് പകരം അറിയാം, ഉണ്ടെന്ന് പറഞ്ഞ കളവ്.

ഉണ്ടെന്നത് കാഴ്ചയും തെളിവും ആവശ്യപ്പെടുന്നത്. 

എന്നിരിക്കെ കാഴ്ചയും തെളിവും ഇല്ലാതെ ഉണ്ടെന്ന് പറയുന്ന കളവ്.

*******

നിഷേധിക്കാൻ മാത്രം ഞാനില്ല, നിഷേധിക്കാൻ ഞാൻ ആളല്ല. 

വിശ്വാസം പോലെത്തന്നെ ഒരു വിശ്വാസമാണ് നിഷേധവും. 

നിഷേധമെന്ന വിശ്വാസം. 

ഉണ്ടെന്നത് പോലെ തന്നെ ഇല്ലെന്ന കരുതൽ, വിശ്വാസം.

********

അറിവുകേടാണ് എൻ്റെ അറിവ്.

കഴിവുകേടാണ് എൻ്റെ കഴിവ്.

ദൈവം ദൈവമെങ്കിൽ എൻ്റെ കഴിവുകേടും ദൈവം അറിയും.

എനിക്ക് സാധിക്കില്ലെന്നും അറിയാനാവില്ലെന്നും ദൈവം.

എന്നെ ഉണ്ടാക്കിയത് ദൈവമെങ്കിൽ എൻ്റെ കഴിവും കഴിവില്ലായ്മയും ദൈവം തന്നെ ഉണ്ടാക്കിയത്.

അതിനാൽ തന്നെ സത്യസന്ധമായ, അറിയായ്‌ക കൊണ്ടും അറിയാൻ പറ്റായ്‌ക കൊണ്ടുമുള്ള, മാനം നൽകിയ മറയും പരിമിതി കൊണ്ടുമുളള നിഷേധത്തെ വിശ്വാസത്തേക്കാൾ ആ ദൈവം നന്നായെടുക്കുകയും ചെയ്യും.

എനിക്ക് എന്നെയും അറിയില്ല, ദൈവത്തെയും അറിയില്ലെന്ന് ഞാനറിയുന്നു. 

ദൈവം ദൈവമെങ്കിൽ ആ ദൈവവും അറിയും എനിക്ക് എന്നെയും ദൈവത്തെയും അറിയില്ലെന്ന്.

ദൈവം ദൈവമെങ്കിൽ ആ ദൈവത്തിന് എന്നെയും ദൈവത്തെയും അറിയും. എന്നെ എൻ്റെ എല്ലാ പരിമിതികളും കഴിവുകേടുകളും അറിവുകേടും ദൗർബല്യങ്ങളും വെച്ച് തന്നെ അറിയും.

അണു തൊട്ട് അണ്ഡകടാഹം വരെ ഒന്നും എനിക്കറിയില്ല എന്നറിയും. 

ഞാനും എൻ്റേതും എങ്ങിനെയായി എന്നുപോലും എനിക്കറിയില്ല എന്നറിയും.

No comments: