ആത്യന്തികതയിൽ ഇരുട്ട് മാത്രം.
ആ ഇരുട്ടിൽ പോകണം,
ആ ഇരുട്ടിൽ പോകാൻ തയ്യാറാവണം,
ആ ഇരുട്ടിൽ പോകാൻ സാധിക്കണം.
കൃത്രിമമായി ഉണ്ടാവുന്ന നിഴലില്ലാത്ത,
നിഴൽ പിന്തുടരാത്ത ഇരുട്ടിൽ പോകണം, പോകാൻ തയ്യാറാവണം, പോകാൻ സാധിക്കണം.
നിഴൽ വ്യക്തിത്വവും അസ്തിത്വവും നിശ്ചയിക്കാത്ത ഇരുട്ടിൽ പോകണം, പോകാൻ തയ്യാറാവണം, പോകാൻ സാധിക്കണം.
ഇരുട്ട് സ്ഥിരമായത്,
ഇരുട്ട് ഉപാധികൾ വേണ്ടാത്തത്,
അതിനാൽ ഇരുട്ട് സ്വാഭാവികം.
ഇരുട്ടിൽ രണ്ടില്ല.
വെളിച്ചവും നിഴലും ഉണ്ടാവുന്നത് പോലെ ഇരുട്ടിൽ രണ്ടില്ല.
വെളിച്ചവും ഇരുട്ടും ഉണ്ടാവുന്നത് പോലെ ഇരുട്ടിൽ രണ്ടില്ല.
അതിനാലെ ഇരുട്ടിൽ വകതിരിവില്ല, വേർതിരിവില്ല.
ഇരുട്ടിൽ ഒന്നേയുള്ളൂ.
ഇരുട്ടിൽ ഇരുട്ട് എന്ന് പറയാനാവാത്ത വിധം ഒന്ന് പോലും ഇല്ല. ഇരുട്ട് പോലുമില്ല
ഇരുട്ടിൽ തുലനമില്ല, അതുകൊണ്ട് ഇരുട്ട് എന്നത് പോലുമില്ല.
വെളിച്ചമെന്നത് ഇരുട്ടിൽ കേട്ടുകേൾവി പോലുമല്ല
വെളിച്ചം താത്കാലികം, ഉപാധികൾ വേണ്ടത്, അതിനാൽ കൃത്രിമം.
വെളിച്ചത്തിൽ രണ്ടുണ്ട്.
വെളിച്ചവും നിഴലും ഉണ്ടാവുന്നത് പോലെ രണ്ടുണ്ട്. വകതിരിവുണ്ട്, വേർതിരിവുണ്ട്.
വെളിച്ചവും ഇരുട്ടും ഉണ്ടാവുന്നത് പോലെ രണ്ടുണ്ട്. ഇരുട്ടും വെളിച്ചവും ഉണ്ട്.
വെളിച്ചത്തിൽ രണ്ടും അനേകവും ഉണ്ട്.
വെളിച്ചത്തിൽ വെളിച്ചം എന്ന് പറയേണ്ടി വരുന്ന വിധം രണ്ടും അനേകവും ഉണ്ട്.
വെളിച്ചത്തിൽ തുലനമുണ്ട്, അതുകൊണ്ട് വകതിരിവുണ്ട്, വേർതിരിവുണ്ട്, ഇരുട്ട് വെളിച്ചം എന്നതുണ്ട്.
ആപേക്ഷിതയുടെ ലോകത്ത് ചുറ്റിലും വെളിച്ചം കൃത്രിമമായി ഉപാധികളോടെ ഉണ്ടാവുമ്പോഴും അവിടവിടെ വെളിച്ചം കയറാത്ത സ്വാഭാവിക ഇടമുണ്ടാവുന്നു. ഇരുട്ടുണ്ടാവുന്നു.
ആ സ്വാഭാവിക ഇരുട്ടിനെ നാം നമ്മുടെ മാനവും തലവും വെച്ച് മോശമായിക്കണ്ട് നിഴൽ എന്ന് വിളിക്കുന്നു എന്ന് മാത്രം.
തെറ്റായി മാത്രം ധരിക്കുന്ന നാം ദൈവത്തെയും സത്യത്തെയും അറിവിനെയും അങ്ങനെ വെളിച്ചമായി അവതരിപ്പിക്കുന്നു.
ആപേക്ഷികതയിൽ നമുക്ക് വെളിച്ചമാണ് വേണ്ടത്, വെളിച്ചമാണ് നല്ലത് എന്ന ഒറ്റക്കാരണത്താൽ ദൈവവും അറിവും സത്യവും വെളിച്ചമാണ് എന്ന് നാം വരുത്തുന്നു.
നമ്മുടെ ആവശ്യവും അളവുകോലും മാത്രം വെച്ചുകൊണ്ട് അങ്ങനെ ദൈവവും അറിവും സത്യവും വെളിച്ചമാണ്
വെളിച്ചം സ്ഥിരമല്ല, സ്വാഭാവികമല്ല. സത്യമല്ല.
ഇരുട്ടാണ് സ്ഥിരമായത്, സ്വാഭാവികമായത്, സത്യമായത്.
യഥാർത്ഥത്തിൽ ദൈവവും അറിവും സത്യവും ഇരുട്ട് മാത്രമാണ്, ഇരുട്ടിലേക്കാണ് നമ്മെ നയിക്കുന്നത്, നയിക്കേണ്ടത്.
കാരണം ആത്യന്തിയതയിൽ ഇരുട്ട് മാത്രം, ഇരുട്ടെന്ന് പോലും വിളിക്കപ്പെടാതെ അവശേഷിക്കുന്നു.
ആത്യന്തികതയിൽ ആവശ്യങ്ങൾ ഇല്ലാത്ത ഉപാധികൾ ആവശ്യമില്ലാത്ത ഇരുട്ട്.
രണ്ടില്ലെന്നു വരുത്തുന്ന, ഒന്ന് മാത്രമായി, പിന്നീട് ആ ഒന്ന് പോലും അല്ലെന്നും ഇല്ലെന്നും വരുന്ന, വരുത്തുന്ന ഇരുട്ട് മാത്രം.
ആത്യന്തികത മാത്രമായ ഇരുട്ട്.
വകതിരിവുകളും വേർതിരിവുകളും ഇല്ലാതാവുന്ന ഇരുട്ട്.
രണ്ടില്ലാത്ത ഇരുട്ട്.
ഒന്ന് മാത്രമായ ഇരുട്ട്.
ഒന്നും പോലും അല്ലെന്നും ഇല്ലെന്നും വരുന്ന, വരുത്തുന്ന ഇരുട്ട്.
(ദൈവം എന്ന വാക്ക് വെളിച്ചം കൊണ്ടാണ് വെളിച്ചം എന്ന അർത്ഥം തരും
വിധമാണ് എന്നതും നാം നമ്മുടെ ആപേക്ഷികമായ ആവശ്യവും അളവുകോലും മാത്രം വെച്ചുണ്ടാക്കിയ മറ്റൊരബദ്ധം)
No comments:
Post a Comment