Sunday, June 23, 2024

എങ്ങനെ നോക്കിയാലും വെറും ഭ്രാന്ത്.

എല്ലാ തിരിച്ചറിവും ബോധോദയവും പ്രായോഗികലോകത്ത് നിന്ന് നോക്കിയാൽ വെറും ഭ്രാന്ത്. 

നേരെമറിച്ച് തിരിച്ചറിവിൻ്റെയും ബോധോദയത്തിൻ്റെയും ലോകത്ത് നിന്ന് നോക്കിയാൽ പ്രായോഗികലോകം വെറും ഭ്രാന്ത്. 

താഴ്‌വരക്കും മലമുകളിലിനും ഇടയിൽ നിൽക്കാനോ നന്നേബുദ്ധിമുട്ടും.

********

എന്തെല്ലാം കടന്നുപോയി. 

കടന്നുപോയ അവസ്ഥകളെല്ലാം അപ്പപ്പോൾ പ്രധാനമായിരുന്നു. 

ഒരവസ്ഥയും നമ്മളും സ്ഥിരമല്ല. 

ഒരവസ്ഥയിലും നമുക്ക് പിടിച്ചുനിൽക്കാനാവില്ല. 

ഒരവസ്ഥക്കും നമ്മളിലും പിടിച്ചുനിൽക്കാനാവില്ല. 

എന്നിട്ടും ശ്രമിക്കുന്നു. 

പിടിച്ചുനിൽക്കാൻ. 

അവസ്ഥയിൽ നമ്മെയും 

നമ്മളിൽ അവസ്ഥയെയും 

പിടിച്ചുനിർത്താൻ.

*******

എന്തായാലും മരിക്കും. ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും മരിക്കും. എന്തായാലും മരിക്കുമെന്നറിഞ്ഞിട്ടും, 'ഞാനും ' 'നീയും' ഇല്ലാത്തതും നിൽനിൽക്കാത്തതും എന്നറിഞ്ഞിട്ടും എന്തിന് ജീവിക്കുന്നു? എന്തിന് ജീവിപ്പിക്കുന്നു? 

ചോദ്യമുണ്ട്. 

ഉത്തരമില്ല.

*****

ജീവിക്കുവോളം ജീവിക്കുക തന്നെയെല്ലാവരും. 

ആദ്യമാദ്യം ആലോചനയുണ്ട്, സ്വപ്നങ്ങളുണ്ട്, ആസ്വാദനമുണ്ട്. 

പിന്നെപ്പിന്നെ ആലോചനകളും സ്വപ്നങ്ങളും ആസ്വാദനങ്ങളും ഇല്ലാതെ, 

പകരം അവയുണ്ടാക്കിയ കെണിയിലകപ്പെട്ട് ആ കെണിയെത്തന്നെ സമ്പാദ്യമായിക്കണ്ട്, താനെന്നും തൻ്റേതെന്നും ധരിച്ച് അഹങ്കരിച്ച് നടക്കുക.

********

ഓരോ പുരുഷനും ഗൗരവം നടിച്ച് അടയിരിക്കുന്നത് താനനുഭവിക്കുന്ന ശൂന്യതയുടെ പുറത്താണ്. 

കവിതയും അധികാരവും ചിന്തയും ജോലിയും ഒക്കെയായ്.

********

അവരുടെ ദൈവം പോലും സെൽഫ് മാർക്കറ്റിംഗ് നടത്തുന്ന ദൈവം. 

എങ്കിൽ അവർ എല്ലാവരെ കുറിച്ചും അങ്ങനെ ചിന്തിച്ചുപോകും. 

ഓരോരുത്തൻ്റെയും നിരീക്ഷണവും അഭിപ്രായവും അവരവരുടെ നിലവാരവും മനോഗതിയും പോലെ. 

തനിക്ക് വേണ്ടി താൻ ചിന്തിക്കുന്നത് അവർ മറ്റുള്ളവരുടെമേലും ആരോപിച്ച് പറയും. 

അതുകൊണ്ട് അത്തരക്കാരോട് മറിച്ചെന്ത് പറയാൻ?

*******

No comments: