ഒരു കല്യാണക്കത്ത്.
ആ കത്തിലൊരു വിത്ത്.
(ആ വിത്തും
വിത്ത് പേറുന്ന കത്തും
താഴെ ചിത്രത്തിൽ).
കത്ത് വിത്തും
വിത്ത് കത്തുമാകുന്ന
വേറിട്ട കാഴ്ച,
വ്യത്യസ്തമായ അനുഭവം.
എല്ലാറ്റിലുമൊരു വിത്തും
എല്ലാ വിത്തിലും
ഒരായിരം സന്ദേശങ്ങൾ പേറുന്ന കത്തും
ഉണ്ടെന്നറിയിക്കുന്ന കാഴ്ച, അനുഭവം.
ഓരോ വിത്തും
ഒരു പ്രപഞ്ചത്തെ
ഗർഭം ധരിക്കുന്നു,
ഓരോ പ്രപഞ്ചവും
സ്വയമൊരു
വിത്തുമായിത്തീരുന്നു.
വല്ലാത്ത കാഴ്ച,
വേറിട്ട അനുഭവം.
ഓരോ നിമിഷവും
ഓരോ വിത്ത് കൂടിയാണ്,
എന്തൊക്കെയോ അറിയിക്കുന്ന
കത്ത് കൂടിയാണ്.
ജീവിതം പേറുന്ന വിത്ത്
സ്വയമൊരു കത്ത്.
ജീവിതമായി വളരേണ്ട വിത്ത്,
ജീവിതത്തെ വിളംബരം ചെയ്യുന്ന കത്ത്.
ജീവിതത്തെ പേറിനടക്കേണ്ട വിത്ത്,
ജീവിതത്തിന് വഴിയും വിളക്കുമാകുന്ന കത്ത്.
വിത്തായി മുളച്ച്
വൃക്ഷമായി വളർന്ന്
വൃക്ഷത്തിലൊരായിരം
വിത്തുകളുണ്ടായി
ആ വിത്തുകളും മുളച്ച്
ജീവിതം സ്വയമൊരു
പൂന്തോട്ടമാവണമെന്നാഗ്രഹിച്ച്
വിത്തുംപേറി വന്നൊരു
കല്യാണക്കത്ത്.
വേരിറക്കാനുറച്ച്,
കൊമ്പുകുലുക്കാൻ നിനച്ച്,
ആകാശം മുട്ടാൻ തന്നെ ഉയരുന്ന
വിത്ത്, കത്ത്.
അങ്ങനെയൊരു
വിത്തായ കത്തായ
പുതിയ ആശയം,
പുതിയ സന്ദേശം.
കല്യാണപ്പെണ്ണ് (Siya'a Inaya)
തന്നെ ഒരുക്കിയ കല്യാണക്കത്ത്.
സ്വയമൊരു വിത്തായ
ആശയം, സന്ദേശം, കത്ത്.
അതും,
സ്വന്തം അനുജത്തിയുടെ (Anam Leen)
കൈപ്പടയിൽ ഒരുങ്ങിയ
ചേച്ചി കല്യാണപ്പെണ്ണ് തന്നെ
നൂല് കോർത്ത് കെട്ടി നൽകുന്ന
വിത്തായ കത്ത്.
സ്വന്തം ജീവിതവും
സ്വന്തം ജീവിതം പോലെ
സർവ്വരുടെ ജീവിതവും
വിത്തായി
വൃക്ഷമായി
പൂന്തോട്ടമായി
പുഷ്‌കലമാവണമെന്നാഗ്രഹിക്കുന്ന
ഒരു കല്യാണക്കത്ത്.
ഒരു വിത്ത്.
അതുകൊണ്ട് മാത്രം
ഈയൊരു കുറിപ്പ്.
വേറൊരു വിത്ത്,
മറ്റൊരു കത്ത്.
No comments:
Post a Comment