അറബിക് ഒരു മതഭാഷയായാണ് ഇന്ത്യയിലുള്ളത്.
മുസ്ലിംകൾ അത് പഠിക്കുന്നതും പഠിപ്പിക്കുന്നതും അവരതിനെ മതഭാഷയായി കണക്കാക്കുന്നത് കൊണ്ട് തന്നെയാണ്.
മതഭാഷയെന്ന നിലക്ക് ഒരു ഭാഷയും സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതില്ല.
അത് സംസ്കൃതമായാലും സുറിയാനിയായാലും ശരി.
മതഭാഷ പഠിക്കാനും പഠിപ്പിക്കാനും വേറെതന്നെ അതാത് മതക്കാരുടെ ഇടങ്ങളുണ്ട്, സംവിധാങ്ങളുണ്ട്.
മതഭാഷകൾ പഠിപ്പിക്കാനും മതം വിൽക്കാനുമല്ല സർക്കാർ ശമ്പളം നൽകേണ്ടത്.
വെറുതെ വന്നുപോയി ശമ്പളം വാങ്ങുന്നതല്ലാതെ അറബിക്, സംസ്കൃത അദ്ധ്യാപകർ ആരെയെങ്കിലും എന്തെങ്കിലും എപ്പോഴെങ്കിലും കാര്യമായി പഠിപ്പിച്ചതായി അറിയില്ല.
മാത്രവുമല്ല നമ്മുടെ കുട്ടികൾ എത്ര ഭാഷകളാണ് വെറും വെറുതെ ഒന്നിനുമല്ലാതെ പഠിക്കാൻ നിർബന്ധിതരായി പ്രയാസപ്പെടുന്നത്. മാതൃഭാഷയായി മലയാളം, മതഭാഷയായി അറബിക്/സംസ്കൃതം/ഉറുദു, രാഷ്ട്രഭാഷ എന്ന നിലക്ക് ഹിന്ദി. അന്താരാഷ്ട്ര ഭാഷയായി ഇംഗ്ലീഷ്. ഇങ്ങനെ നാല് ഭാഷകൾ.
എന്നാലോ?
ഒരു ഭാഷയും കാര്യമായി പഠിക്കാതെയും പോകുന്നു നമ്മുടെ കുട്ടികൾ. പല തോണികളിൽ കലുവെച്ച് ഒരു തോണിയിലും അല്ലാതെ ആയിപ്പോകുന്നത് പോലെ.
*******
മതഭാഷ ഏതും സ്കൂളുകളിൽ സർക്കാർ ചിലവിൽ പഠിപ്പിക്കേണ്ടതില്ല.
എങ്കിലും ഇന്ത്യയിൽ നിന്ന് ചിന്തിക്കുമ്പോഴും പറയുമ്പോഴും സംസ്കൃതത്തിന് അറബിയെക്കാൾ പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
അറബിഭാഷയുടെയും അതുപോലുള്ള എല്ലാ ഭാഷകളുടെയും എല്ലാ സാധ്യതകളും ഗുണഗണങ്ങളും അംഗീകരിച്ചു കൊണ്ട് തന്നെ സംസ്കൃത ഭാഷ ഒരിന്ത്യൻ ഭാഷ എന്ന നിലക്ക് അതർഹിക്കുന്നുവെന്ന് തോന്നുന്നു.
അറബിഭാഷക്ക് അറബ് നാട്ടിൽ കിട്ടുന്ന പരിഗണനയോ അതിൻ്റെ പകുതിയെങ്കിലുമോ നമ്മുടെ നാട്ടിൽ നമ്മുടെ ഭാഷകൾക്ക്, ആ ഭാഷകളിൽ ഒന്നായ, ഏറെ പ്രത്യേകതകൾ ഉള്ള, എന്നാൽ പല കാരണങ്ങളാൽ അന്യംനിന്നുപോകുന്ന സംസ്കൃതത്തിന് കിട്ടുന്നതിൽ എന്താണ് തെറ്റ്?
ഇന്ത്യൻ ഭാഷകൾക്ക് ഇന്ത്യയിലല്ലാതെ വേറെ എവിടെ പരിഗണനയും പ്രോത്സാഹനവും കിട്ടും?
**********
അറബിഭാഷ (ചുരുങ്ങിയത് ഇന്ത്യയിൽ) മതഭാഷ തന്നെയാണ്.
അറബ് രാജ്യങ്ങളായിത്തീർന്ന കുറെ രാജ്യങ്ങളിൽ അറബിഭാഷ രാഷ്ട്രഭാഷയും മറ്റുമൊക്കെയായിട്ടുണ്ട്.
അറബിഭാഷ മതഭാഷയായത് കൊണ്ടാണ് ഇന്ത്യയിലെ സ്കൂളുകളിൽ അറബിഭാഷ എന്തിന് പഠിപ്പിക്കുന്നുവെന്ന് ചോദിക്കുമ്പോൾ മുസ്ലിംകൾ ഒന്നടങ്കം അസ്വസ്ഥരാവുന്നത്, സംരക്ഷിക്കാനെന്നോണം ഇറങ്ങിപ്പുറപ്പെടുന്നത്, പകരംവീട്ടാൻ സംസ്കൃത പഠിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നത്.
*********
അല്ലെങ്കിലും സംസ്കൃതം പോലെയല്ലല്ലോ ഇന്ത്യക്കാർക്ക് അറബിഭാഷ?
എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ നമുക്കിടയിൽ ഉണ്ടെങ്കിലും സംസ്കൃതം ഏതെങ്കിലും കോലത്തിൽ ഇന്ത്യയുടെ പൈതൃകം പേറുന്ന ഭാഷയാണ് എന്നത് നാം സമ്മതിക്കേണ്ടി വരും.
അതിനർത്ഥം പാലിക്കും ദ്രാവിഡ ഭാഷകൾക്കും അതില്ലെന്നല്ല.
ഒന്നിനെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ മറ്റൊന്നില്ല എന്നർത്ഥമില്ല.
തൂക്കം ഒപ്പിക്കാൻ എല്ലാറ്റിനെക്കുറിച്ചും അപ്പോൾ തന്നെ പറയണമെന്നുമില്ല.
ദ്രാവിഡ ഭാഷകൾ അതാത് സംസ്ഥാനങ്ങളിൽ മാതൃഭാഷയായി പഠിപ്പിക്കപ്പെടുന്നുമുണ്ട്.
സംസ്കൃതം വളരെ ആഴവും പരപ്പും ഉള്ള ഭാഷായായിട്ടും എന്തൊക്കെയാ കാരണം കൊണ്ട് മൃതഭാഷയായിപ്പോയിട്ടുമുണ്ട്
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകൾക്കും സംസ്കൃതവുമായി എന്തെങ്കിലും ബന്ധവുമുണ്ട്.
ഇന്ത്യൻ സംസ്കാരവും ദർശനങ്ങളും അതിലെ വൈവിധ്യവും വിളിച്ചോതുന്ന വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും സംസ്കൃതത്തിലാണ് എന്നതെങ്കിലും സംസ്കൃത ഭാഷയുടെ പ്രത്യേകതയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അറബിഭാഷ തീർത്തും വൈദേശികവും പലപ്പോഴും ഒരേയൊരു മതവുമായി ബന്ധപ്പെട്ടതുമാണ്.
ഇംഗ്ലീഷ് പോലെ അറബ് ഭാഷ ഇന്ത്യയിലോ അന്താരാഷ്ട്രതലത്തിലോ പൊതുവായ വിനിമയത്തിന് ഉപയോഗപ്പെടുന്നുമില്ല.
********
അറബിഭാഷ പഠിച്ചാൽ വിദേശങ്ങളിൽ ജോലി തേടുന്ന, നേടുന്ന ആളുകൾക്ക് ഉപയോഗപ്പെടില്ലേ?
ശരിയാണ്.
അതിലൊന്നും ഒരു തർക്കവുമില്ല.
ഗൾഫിൽ എന്നല്ല പലേടത്തും പലതും പല ഭാഷകളും ഉപയോഗപ്പെടും.
എന്നത് കൊണ്ടല്ലല്ലോ സർക്കാർ ശമ്പളം കൊടുത്ത് സർക്കാർ സ്കൂളുകളിൽ ഇപ്പോൾ അറബിഭാഷ പഠിപ്പിക്കുന്നത്?
ആർക്കും അറബി പഠിക്കാം, അതിനുള്ള അവകാശവും അനുവാദവും എല്ലാവർക്കും ഉണ്ട്. അതില്ലെന്ന് പറയാനും അത് പാടില്ലെന്ന് പറയാനുമല്ല ശ്രമിക്കുന്നത്. അറബിഭാഷ പഠിക്കാനുള്ള വഴികൾ ഒട്ടനവധി വേറെയും ഉണ്ട്. മറ്റുപല സംഗതികൾക്കും എന്നപോലെ.
പക്ഷെ ഇന്ത്യയിൽ അറബിഭാഷ സർക്കാർ ചിലവിൽ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം?
എന്നിട്ടോ?
ഇത്രയൊക്കെ അറബിക്ക് അധ്യാപകർക്ക് അറബിക്ക് പഠിപ്പിക്കാൻ ശമ്പളമായി സർക്കാർ ചിലവഴിച്ചിട്ടും ഏതെങ്കിലും സ്കൂളിൽ വെച്ച് ആരെങ്കിലും ഈ അദ്ധ്യാപകരിൽ നിന്ന് അറബിഭാഷ പഠിക്കുന്നുണ്ടോ?
ഇല്ല.
ഏതെങ്കിലും അറബി ഭാഷാ അദ്ധ്യാപകൻ വെറുതേ വന്ന് പോകുകയല്ലാതെ അറബിഭാഷ പഠിപ്പിക്കാറുണ്ടോ?
ഇല്ല.
സ്കൂൾ അധ്യാപകർ ആരേയും അറബിഭാഷ പഠിപ്പിക്കുന്നില്ല എന്നതാണ് സത്യം. സ്കൂളിൽ നിന്നും, കൂടെ മദ്റസാ പഠനവും ഉണ്ടായിട്ടും, ആരും അറബിഭാഷയുടെ ബാലപാഠങ്ങൾ പോലും പഠിക്കുന്നില്ല എന്നതും വാസ്തവം.
ഗൾഫിൽ ചെന്നാൽ സംഭവിക്കുന്നത് മറിച്ചാണ്.
മിക്കവാറും എല്ലാവരും ഗൾഫിൽ ചെന്ന്പെട്ടതിന് ആവുമ്പോലെ അറബി പഠിക്കലാണ്. മറ്റേതൊരു ഭാഷയും അതാത് ഭാഷയുമായി ബന്ധപ്പെട്ട നാട്ടിൽ എത്തിപ്പെട്ടാൽ പഠിക്കുന്നത് പോലെ.
ഏറിയാൽ അറബി എഴുതാനും വായിക്കാനും മദ്റസയിൽ നിന്ന് പഠിക്കുന്നതിനെക്കാൾ കൂടുതലായി എന്തെങ്കിലും അധികം സ്കൂളിൽ നിന്നും പഠിക്കുന്നില്ല, പഠിപ്പിക്കുന്നില്ല. സ്കൂളിൽ നിന്ന് പഠിക്കാത്ത കാര്യം വിടാം. അറബിഭാഷയിൽ ബി ഐയും എം എയും കഴിഞ്ഞവർക്ക് പോലും അറബിഭാഷ ഉപ്പിന് പോലും അറിയില്ല. എല്ലാം വെറും ഘോഷ്ടികൾ മാത്രമായി നടക്കുന്നു, നടപ്പാക്കുന്നു.
ഇവിടെ സ്കൂളിൽ നിന്ന് പഠിച്ചത് കൊണ്ട് ഗൾഫിൽ അറബി പ്രയോഗിച്ചവർ ഇല്ല തന്നെ.
********
ശരിക്കും തോന്നിയ മറ്റൊരു കാര്യം, അറബി അധ്യാപകർ സ്കൂളിൽ വന്നിട്ട് നാടോടി നൃത്തം വെക്കുകയായിരുന്നുവെങ്കിൽ അതെങ്കിലും ഉപകാരമായിരുന്നു എന്നാണ്.
എന്തായാലും എല്ലാവർക്കും എ പ്ലസ് കിട്ടുന്ന വളരെ കുറച്ച് വിഷയങ്ങളിൽ ഒന്നാണ് അറബിഭാഷ.
പഠിച്ചത് കൊണ്ടും പഠിപ്പിച്ചത് കൊണ്ടുമല്ല എ പ്ലസ് കിട്ടുന്നത്.
ആർക്കും അറബിഭാഷ ഉപ്പിന് പോലും അറിയില്ല എന്നത് കൊണ്ട്. എല്ലാം വെറുമൊരു കപടനാടകം പോലെ മാത്രം. സർക്കാരിന് ഭീമമായ ചിലവും.
********
അല്ലെങ്കിൽ പിന്നെ, ലോകത്തിലെ എല്ലാ ഭാഷകളും പഠിപ്പിക്കാൻ എല്ലാ സ്കൂളുകളിലും സംവിധാനം ഒരുക്കുകയാണെങ്കിൽ പ്രശ്നമില്ല.
പക്ഷെ അതെവിടെയും സാധിക്കാത്ത, സാധ്യമല്ലാത്ത ഉട്ടോപ്യൻ പരിപാടി മാത്രമായി നിൽക്കും.
മാത്രമല്ല കുട്ടികൾക്ക് ഇത്രയധികം ഭാഷകൾ പഠിക്കേണ്ടിവരുന്ന ഗതികേട് ഇന്ത്യയിൽ മാത്രമേ ഉള്ളൂ.
വിഷയങ്ങൾ പഠിച്ച് മനസ്സിലാക്കേണ്ട സമയത്ത് ഭാഷകൾ പഠിക്കാൻ വൃഥാശ്രമം നടത്തി വിഫലമാകുന്ന വല്ലാത്തൊരു ഗതികേട് നമ്മുടെ കുട്ടികളുടേത്.
ലോകത്തിലെ എല്ലാ ഭാഷകളും പഠിപ്പിക്കാനാണെങ്കിൽ സർക്കാരിന് എല്ലാ സ്കൂളുകളിലും എത്രതരം ഭാഷാഅധ്യാപകരെ നിയമിക്കേണ്ടി വരും, തീറ്റിപ്പോറ്റി സംരക്ഷിക്കേണ്ടി വരും?
*******
അപ്പോൾ ഹിന്ദി പഠിപ്പിക്കുന്നതോ എന്ന് ചോദിക്കും.
ചോദ്യം ശരിയാണ്.
ഹിന്ദി വളരേ പുതിയ ഭാഷയാണ്.
വലിയ ചരിത്രവും സാഹിത്യ സംഭാവനയും ഇല്ലാത്ത ഭാഷയാണ് ഹിന്ദി.
സംസ്കൃത ലിപി ഉണ്ട് എന്നത് ഹിന്ദിക്ക് തുണയായി എന്നുമാത്രം.
മാതൃഭാഷയും ഏറിയാൽ അന്താരാഷ്ട്ര തലത്തിൽ ആവശ്യമുള്ള ഇംഗ്ലീഷും മാറ്റിനിർത്തിയാൽ വേറൊരു ഭാഷയും പഠിപ്പിക്കാൻ പണിപ്പെട്ട് കുട്ടികൾക്ക് ഭാരം കൂട്ടേണ്ടതില്ല. പ്രത്യേകിച്ചും ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ.
വലുതാകുമ്പോൾ എല്ലാവരും സാഹചര്യവും സന്ദർഭവും ആവശ്യപ്പെടുന്നത് പോലെ എല്ലാം പഠിച്ചുകൊള്ളും.
അങ്ങനെ തന്നെയാണ് ബോംബെയിലും ഡൽഹിയിലും പോയാൽ നമ്മളെല്ലാവരും ഹിന്ദിയും ഗൾഫിൽ പോയാൽ അറബിയും വളരെ ചുരുങ്ങിയ കാലത്തിനിടയിൽ പഠിക്കുന്നത്.
അതോടൊപ്പം പറയട്ടെ. ഹിന്ദി പഠിപ്പിക്കുന്നതിനെ ഇന്ത്യയിൽ ജീവിച്ചുകൊണ്ട്, ഇന്ത്യക്കാരനായിക്കൊണ്ട് അറബിഭാഷ പഠിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിൽ വലിയ അർത്ഥമില്ല.
ഹിന്ദിഭാഷ ഇന്ത്യയിൽ നമ്മുടെ സ്വന്തം രാജ്യത്തിൻ്റെ ഔദ്യോഗിക ഭാഷയാണ്.
ഇന്ത്യയിൽ എവിടെ പോയാലും സംസാരിക്കാൻ ഹിന്ദിഭാഷ വേണം. അത് തന്നെ ഹിന്ദിയുടെ ഇന്ത്യക്കുള്ളിൽ തന്നെയുള്ള ഉപകാരം.
അറബിഭാഷ ഇന്ത്യയിൽ അങ്ങനെ പോലുമല്ല.
******
എന്നാൽ ഉറുദുഭാഷയോ?
ഉറുദുഭാഷ അറബിഭാഷ പോലെയല്ല.
ഇന്ത്യയിൽ തന്നെ രൂപപ്പെട്ട ഇന്ത്യൻ ഭാഷയാണത്.
ഇന്ത്യൻ സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട, ഇന്ത്യൻ (ഹിന്ദി) ഭാഷയും പേർഷ്യൻ ഭാഷയും അറബ് ഭാഷയും (ഒപ്പം അറബി ലിപിയും) ചേർന്നുണ്ടായ ഭാഷയാണ് ഉറുദുഭാഷ.
ഉച്ചാരണത്തിലും സംസാരത്തിലും പൂർണമായും ഹിന്ദി ചുവയുള്ള ഭാഷ കൂടിയാണ് ഉറുദുഭാഷ.
ഇന്ത്യൻ ഹിന്ദുസ്ഥാനി സംഗീത സാഹിത്യ രംഗത്ത് വളരെയേറെ സംഭാവന നൽകിയ, കവിതക്കും പാട്ടിനും സംഗീതത്തിനും ഏറെ പറ്റിയ, അതിലേറെ സൗന്ദര്യമുള്ള ഭാഷ കൂടിയാണ് ഉറുദുഭാഷ.
പരിണമിച്ചും സമന്വയിച്ചും ഉണ്ടായ നവീന സങ്കരഭാഷയാണ് ഉറുദു.
എല്ലാ ഭാഷകളും ഫലത്തിൽ സങ്കരമായി തന്നെയല്ലേ രൂപപ്പെട്ടത് എന്ന ചോദ്യവും ഉത്തരവും പ്രസക്തമാണ്.
എന്നാലും നവീന ഇന്ത്യൻ സങ്കരഭാഷ എന്നത് ഉറുദു ഭാഷയെ വ്യത്യസ്തമാക്കി നിർത്തിന്നു.
ഇന്ത്യ മുസ്‌ലിം ഭരണാധികാരികൾ ഭരിച്ചത് മൂലം കൂടി രാഷ്ട്രീയമായ ഭരണപരമായ ഒരാവശ്യം പോലെ കൂടി രൂപപ്പെട്ട സങ്കരഭാഷയാണ് ഉറുദുഭാഷ.
ഉറുദു ഏതെങ്കിലും മതഗ്രന്ഥം പേറുന്ന, ഏതെങ്കിലും പ്രവാചകൻ സംസാരിച്ചു എന്ന് പറയപ്പെടുന്ന ഭാഷയല്ല.
മുസ്ലിംകൾ നിർബന്ധമായും അറബിയിൽ പ്രാർത്ഥിക്കുന്നത് പോലെ, അറബിയിൽ തന്നെ ഖുർആൻ പാരായായണം ചെയ്യുന്നത് പോലുള്ള ഒരു പ്രത്യേക മതപ്രാർത്ഥന നടത്തേണ്ട ഭാഷയുമല്ല ഉറുദുഭാഷ.
******
ഫ്രഞ്ചും ഇംഗ്ലീഷും ഒക്കെ പഠിപ്പിക്കപ്പെടുന്നില്ലേ?
ചോദ്യം ശരിയാണ്.
പക്ഷെ, ഫ്രഞ്ചും ഇംഗ്ലീഷും പോലെ വെറുമൊരു ഭാഷയാണോ അറബിഭാഷ?
അങ്ങനെയാണോ ഇന്ത്യയിൽ അറബിഭാഷ പഠിക്കുന്നതും പഠിപ്പിക്കപ്പെടുന്നതും?
അങ്ങനെയാണോ അറബിഭാഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെടുന്നവർ ഇടപെടുന്നത്?
അല്ല.
യഥാർഥത്തിൽ അങ്ങനെയല്ല അറബിഭാഷയുടെ കാര്യത്തിൽ ഇവിടെ സംഭവിക്കുന്നത്.
അറബിഭാഷയുടെ പിന്നിൽ ഒളിഞ്ഞുനിൽക്കുന്ന മതവികാരവും മതഅജണ്ടയുമുണ്ട്.
നമ്മൾ യാഥാർഥ്യം തൊട്ട് കപടമല്ലാതെ, വെറും അവകാശവാദമല്ലാതെ വിഷയം പറയണമല്ലോ?
*******