Monday, November 5, 2018

ആദ്യം നടക്കുന്നത് തെറ്റിദ്ധാരണ. പിന്നെ ചിലപ്പോൾ മാത്രം നടക്കുന്നത്, ധാരണ. അഥവാ ശരിയായ ധാരണ.

എല്ലാവരിലും ആദ്യം നടക്കുന്നത് തെറ്റിദ്ധാരണ. പിന്നെ ചിലപ്പോൾ മാത്രം നടക്കുന്നത്, ധാരണ, അഥവാ ശരിയായ ധാരണ. ശരിയായി ധരിച്ചാൽ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടും. ആശയം എന്ന കുഞ്ഞിനെ.  അമ്മക്ക് കുഴപ്പം ഉണ്ടാവുകയുമില്ല. ആശയം ഉള്കൊള്ളുന്നവന് പ്രശ്നം ഉണ്ടാവുകയില്ല എന്നർത്ഥം.

തെറ്റിദ്ധരിക്കാൻ എളുപ്പം. ഒന്നും അറിയേണ്ടതും പഠിക്കേണ്ടതും ഇല്ല. ശ്രമം ആവശ്യമില്ല.  തീരെ അറിയാതിരുന്നാലും അല്പം അറിഞ്ഞാലും അതുണ്ടാവും.

ധരിക്കാനാണ്, ശരിയായി ധരിക്കാൻ ആണ്  പ്രശനം. അതിനു ശ്രമിക്കേണം, അറിയേണം, പഠിക്കേണം, സഹിക്കേണം. സമയമെടുക്കും. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും നോക്കി ഉറപ്പു വരുത്തണം. അത് ഉകൊണ്ടാണ് ന്യൂസ് എന്നത് ന്യൂസ് (north east west sauth) ആയത്.

തെറ്റായി ധരിച്ചാൽ, കുഞ്ഞാവേണ്ട ആശയം ചത്തു പോകും, ചാപിള്ളയാകും. വേദനാജനകമായ അബോർഷൻ വേണ്ടി വരും. അമ്മ രോഗിയാവുകയോ ചത്തു പോവുകയോ ചെയ്യും. എന്ന് വെച്ചാൽ തെറ്റിദ്ധരിച്ചവൻ മാനസികരോഗിയാവും, അവൻ അവനല്ലാതെയുമാവും. ആരൊക്കെയോ പറയുന്നത് കേട്ട് എന്തൊക്കെയോ തെറ്റായി മനസിലാക്കി സ്വാധീനിക്കപ്പെട്ട യാന്ത്രികൻ മാത്രമായി ഭവിക്കും അവൻ.

തെറ്റിദ്ധരിപ്പിക്കലാണെങ്കിലോ? വ്യഭിചാരിക്കുന്നത് പോലെ.  വളരെ ഏറെ ശുദ്ധ വെള്ളത്തിൽ വളരെ കുറച്ചു മാത്രം കാഷ്ടിക്കുന്നത് പോലെയും മൂത്രം ഒഴിക്കുന്നത് പോലെയും. ഒരു പ്രയാസവും ഇല്ല. ആസ്ഥാനത്ത് അസമയത്ത് എന്ത് പറഞ്ഞും സൂചിപ്പിച്ചും തെറ്റിധാരണ ഉണ്ടാക്കാം. തന്തയില്ലാത്തവരെ ഏറെ സൃഷ്ടിക്കും.

ബിരിയാണി നല്ല ഭക്ഷണം തന്നെ. പക്ഷെ,  കുഞ്ഞുകുട്ടിക്കു കൊടുത്ത് വയറിളക്കം ഉണ്ടാക്കാം.  വയർ സ്തംഭനം ഉണ്ടാക്കാം.

*******

സുമൻ, അറബിയിൽ പിശാചിന് ഇബ്‌ലീസ് എന്നാണു പേര്? ഇബ്‌ലീസ് എന്നാൽ നിരാശപ്പെട്ടവൻ എന്നർത്ഥം. എന്ത് കൊണ്ട് നിരാശപ്പെട്ടവൻ പിശാചെന്നു വിളിക്കപ്പെടുന്നു?

കാരണം, നിരാശപ്പെട്ടവൻ തന്റെ നിരാശയിൽ നിന്നും ഏതറ്റം വരെയും തരംതാഴും, മോശമാകും. എന്തും ചെയ്യും? പിശാചിനെ പോലെ. ഏതറ്റം വരെ അവൻ പോകുമെന്ന് ആർക്കും പറയാനാവില്ല. അവൻ എന്തുമേതും ചെയ്‌തേക്കും പറഞ്ഞേക്കും. പല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പിന്നിൽ നാരായ വേര് ഉം ചാലകശക്തിയും നിരാശ കൂടിയാണ്. നിരാശ ഉണ്ടാക്കുന്ന, ചെന്നെത്തിക്കുന്ന മാനസികാവസ്ഥ, പുകമറ.

ഇസ്ലാമികവും ക്രിസ്തീയമായും പറഞ്ഞാൽ പിശാച് പിശാചായത് ദൈവത്തെ അറിയാത്തത് കൊണ്ടല്ല, നിഷേധിച്ചത് കൊണ്ടല്ല. ബഹുദൈവ വിശ്വാസി ആയത് കൊണ്ടും അല്ല. പിശാച് നല്ല ദൈവ വിശ്വാസിയും മാലാഖമാരിൽ ഒരാൾ തന്നെയും ആണ് എന്നാണു ഭൂരിപക്ഷ സെമിടിക് വിശ്വാസം.

എന്നിട്ടും എന്ത് കൊണ്ട് പിശാച് പിശാചായി? മറ്റൊന്നും കൊണ്ടല്ല; അസൂയ കൊണ്ട്. നിരാശയിൽ നിന്നുണ്ടാവുന്ന അസൂയ കൊണ്ട്. തന്റെ കഴിവുകേടിന്റെയും നിസ്സഹായതയുടെയും നിരാശയിൽ നിന്ന് അസൂയയെ ഉണ്ടാക്കി ആദർശമാക്കി അവതരിപ്പിക്കുന്നു പിശാച്. ആദാമിനോടുള്ള അസൂയയെ ആദർശമാക്കി ആദാമിനെ തന്നെ വീഴ്ത്തുന്നു. ആദാമിന്റെ അറിവിനോടുള്ള അസൂയയെ അതിനെ നിഷേധിക്കുന്നത് വരെ എത്തിച്ചു.  അറിവ് കാരണം ആദാമിലുണ്ടായ ഉയർച്ചയിലും വളർച്ചയിലും വിവരത്തിലും അസൂയപ്പെട്ടു ആദർശമുണ്ടാക്കി. വിവരമുള്ള ആദമിന് കീഴ്പ്പെടാനും സാഷ്ടാംഗം നമിക്കാനും വിസമ്മിതിച്ചു. (ഇത് ഖുർആന്റെ ഭാഷ്യം കൂടിയാണ്. ഹാഫിസ് മനസിലാക്കിയാൽ നന്ന്. നാമറിയാതെയും നമ്മൾ പിശാചുക്കൾ ആയിപ്പോകരുതല്ലോ? അറിയില്ല എന്ന ഒരൊറ്റക്കാരണത്താൽ. നാമറിയാതെ നമ്മുടെ അഹങ്കാരം കൊണ്ട്. അഹങ്കാരത്തിനും അസൂയക്കും പല മുഖങ്ങളും വകഭേദങ്ങളും ഉണ്ടാക്കിക്കൊണ്ട്.

ലോകത്തെ ഒട്ടുമിക്ക ആദര്ശങ്ങളിലും ന്യായമായി പിന്നാമ്പുറത്തു പണിയെടുത്തത് ഭയവും അസൂയയും നിരാശയും ആണ്. അവ മറപിടിച്ചിട്ടുണ്ടായവ ആദർശവും തത്വശാസ്ത്രവും ആയിട്ടുണ്ട്.  പേടിയെയും അസൂയയെയും നിരാശയെയും നിസ്സഹായതയെയും കഴിവുകേടിനെയും ആദര്ശവത്കരിച്ചു പറയുന്നവർ ആണ് മിക്കവാറും. കുറുക്കന്റെ നാം ആരോപിച്ച മുന്തിരി പുളിക്കുന്നുവെന്നു നാം പറയുന്ന തത്വശാസ്ത്രം വരെ ആ ഇനത്തിൽ  പറയുന്ന, ആരോപിക്കുന്ന ചിലത്.

******

സുമൻ, എന്ത് കൊണ്ട് അസൂയാലു പിശാചാവുന്നു? അസൂയാലു തന്റെ അസൂയയും കൊണ്ട് ഏതറ്റം വരെയും തരംതാഴും, മോശമാകും. എന്തും ചെയ്യും? എന്ത് ചെയ്തും അവൻ ഏതറ്റം വരെ പോകുമെന്ന് ആർക്കും പറയാനാവില്ല. അവൻ എന്തുമേതും ചെയ്‌തേക്കും, പറഞ്ഞേക്കും.  അവൻ മാത്രമാണ് അവനു പ്രധാനം. പല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പിന്നിൽ ചാലകശക്തി അസൂയ കൂടിയാണ്. അസൂയ ഉണ്ടാക്കുന്ന, ചെന്നെത്തിക്കുന്ന മാനസികാവസ്ഥ.

അസൂയാലു ശ്രമിക്കുക സ്വന്തം വളർച്ചക്ക് വേണ്ടിയല്ല; അപരന്റെ നാശത്തിനാണ്. നിരാശനും അപ്പടി. അതിനാൽ പിശാചും. മലയാള സിനിമയായ കളിയാട്ടവും ഷേക്‌സ്‌പെയറിന്റെ ഒഥെല്ലോയും കണ്ടാൽ ഒന്ന് കൂടി ബോധ്യപ്പെടും. അസൂയാലു തന്നെയാണ് പിശാചായി ഭവിക്കുന്നത്.

********

പിന്നെ, സുമൻ, പിശാച് പിശാച് ആവാൻ നിരത്തിയ മറ്റൊരു കാരണം എന്താണെന്നറിയുമോ? അഹങ്കാരം, ഉത്കര്ഷ ചിന്ത. അപരന്റെ കഴിവിനെയും അറിവിനെയും തരം താഴ്ത്തി കാണുക, നിഷേധിക്കുക. സങ്കല്പത്തിലെ പിശാച് സങ്കൽപ്പത്തിലെ ആദാമിനോട് ചെയ്തു. നമ്മളോ?

എല്ലാ അഹങ്കാരവും ഒളിഞ്ഞിരിക്കുന്ന അപകർഷബോധം കൂടിയാണ്. അപകർഷബോധത്തിന്റെ വേഷം കേട്ടാണ് അഹങ്കാരവും ഉത്കര്ഷ ചിന്തയും. തരം കിട്ടുമ്പോൾ, സമയം ഒ ്കുമ്പോൾ അപകർഷതാബോധം അഹങ്കാരവും ഉത്കര്ഷ ചിന്തയും ആയി അവതരിക്കുന്നു എന്ന് മാത്രം. തരം കിട്ടിയില്ലെങ്കിൽ സമയം ഒത്തു വന്നില്ലെങ്കിൽ അത് അപകർഷതയായ മറ്റൊരു തരം അഹങ്കാരം തന്നെയായി പ്രവർത്തിക്കുന്നു. അപകര്ഷതയും അഹങ്കാരം തന്നെ എന്നർത്ഥം.

അതിനാൽ അറിയുക. അപകർഷത മൂലമുള്ള (അപകർശതയുണ്ടാക്കിയ അഹങ്കാരം മൂലമുള്ള, ഉണ്ടായ)  ധിക്കാരവും നിരാസവും ആണ് പിശാചിനെ പിശാച് ആക്കിയത്. (അബാ വാസ്‌തകബറ, വാ കാണാ മിന്നൽ കാഫിരീൻ (ഖുർആൻ). ഹാഫിസ് അർഥം അന്വേഷിച്ചാൽ നന്ന്.) "അവൻ അഹങ്കരിച്ചു, ധിക്കരിച്ചു, പിന്നെ അത് കൊണ്ട് നിഷേധികളിലും പെട്ടുപോയി". അറിവിന്റെ നിഷേധവും അഹങ്കാരവും ധിക്കാരവും, അത് മൂലമുണ്ടാവുന്ന നിരാശയും അസൂയയും ഒക്കയാണ് പൈശാചികത.

********

സുമൻ, ഇതൊന്നും ഇവിടെ പറയേണ്ട കാര്യമില്ല. അറിയാം. പക്ഷെ, സംഗതി പാഠമാകുന്ന കോലത്തിൽ യുക്തിഭദ്രമായി പറയേണ്ടേ? കാടു കയറുന്നു എന്നും പറയാം. പക്ഷ പല്ലു കുത്തി മണപ്പിക്കും പോലെ താങ്കൾ തന്നെ ഇതൊക്കെയും, ഇനി പറയാൻ പോകുന്നതും, പറയിപ്പിക്കുന്നു. ക്ഷമിക്കുക. തിരുത്താൻ മാത്രമായുള്ള ഒരുണർത്തലായി കണക്കാക്കുക.

നല്ലത് മാത്രം പൊതുവേദിയിൽ പറയണം. പറയുന്നതൊന്നും വ്യക്തിപരമാവരുത്. വ്യക്തിപരമായത് നല്ലതാണെങ്കിൽ മാത്രം ഉച്ചത്തിൽ പറയുക. മോശമായതുണ്ടെങ്കിൽ രഹസ്യമായി, തിരുത്തണം, പറഞ്ഞു തീർക്കണം.

അംഗീകാരം നന്മക്കുള്ള വെളിച്ചവും വെള്ളവും വായുവും ആണ്. നന്മയെ അംഗീകാരം കൊണ്ട് വളർത്തണം. അംഗീകാരം നന്മയെ വളർത്തും. തിന്മക്ക് വളർച്ച വേണ്ട. അതിനാൽ അംഗീകാരവും വേണ്ട. ജീവിതത്തിനു അനുകൂലമായതെല്ലാം നന്മയും ജീവിതത്തിനു പ്രതികൂലം ആവുന്നതെല്ലാം തിന്മയും. അത്രയേ നന്മ തിന്മ എന്നത് കൊണ്ട്  അര്ഥമാക്കുന്നുള്ളൂ.

ജീവിതത്തിനു അനുകൂലമല്ലാത്തവ വളരുകയും അല്ലല്ലോ വേണ്ടത്? അതിനാൽ രഹസ്യമായി ഇല്ലാതാക്കുക. അങ്ങിനെ തിന്മ ഇല്ലാതാകുമ്പോൾ വ്യക്തി വേദനിക്കരുത്, മരിക്കരുത്. പാത്രം ഉടയാദി വൃത്തികേടുകൾ നീക്കണം. വൃത്തികേടുകൾ പോയാൽ പാത്രം ശുദ്ധമായ പാത്രമായി. സുഹൃത്ത് സുഹൃത്ത് തന്നെയായി നിലനിൽക്കും.

********

സുമൻ, നിലവിൽ വൃത്തികേടുള്ള പാത്രത്തിൽ ശുദ്ധ വെള്ളം ഏറെ ഒഴിച്ചിട്ടും കാര്യമില്ല. അതുകൊണ്ടാണ് ഗുരുമുഖത്തു ചെന്നാലും ചിലർ ഗുണം പിടിക്കാത്തത്. അവർ പഴയതിന്റെ തടവറയിൽ ആണ്. കുഴിമാടങ്ങൾ അവരെ ഭരിക്കുന്നു.  അവർ പുതിയതിനെയും പഴയതയ്ക്കുക്കുന്നു.

ഏതു ഗുരു ആയിട്ടും കാര്യമില്ല.  ചൂടാവാത്ത കല്ലിൽ മാവ് ഒഴിച്ചാൽ കല്ലും മാവും ഒരുപോലെ ചീത്തയാവും അത്ര മാത്രം. രണ്ടും നഷ്ടമാവും.

പക്ഷെ എന്ത് ചെയ്യാം? അവിവികം അഹങ്കരിച്ചു കൊണ്ട് തന്നെ കാഷ്ടത്തെ വീട്ടിന്റെ ഉമ്മറത്തു കൊണ്ട് വന്നു വെപ്പിക്കും. കണ്ണാടി തല്ലിപ്പൊളിപ്പിക്കുകയും ചെയ്യും. അഹങ്കരിക്കുന്നത്രയും അവിവേകം ആണെന്ന് മനസ്സിലാക്കാൻ പറ്റാതെ.

*********

ഒരു ബന്ധവുമില്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞു താങ്കൾ രക്ഷപ്പെടുന്നു. എന്തൊക്കെയോ എവിടെയൊക്കെയോ പറയുന്നു. വിഷയവുമായി ബന്ധമില്ലാതെ. താറടിച്ചു തോല്പിക്കാമെന്നു കരുതി അങ്ങെങ്ങോ ഉള്ള വിശ്വൻ വകീലിനെ വരെ വലിച്ചിട്ടു, ചർച്ചയിൽ. എന്തൊക്കെയോ വലിയ തെറ്റ് ചെയ്തത് പോലെ പൊതുവേദിയിൽ വ്യംഗ്യമായി ധ്വനിപ്പിക്കുന്നു, ധരിപ്പിക്കുന്നു. വിഷയവുമായി ഒരു ബന്ധവും ഇല്ലാതെ. വിഷയത്തിൽ തോല്കുമ്പോൾ എന്തെങ്കിലും പറഞ്ഞു തെറ്റിധാരണ ഉണ്ടാക്കാം എന്ന നിലയിൽ. താങ്കളുമായി മറ്റൊരു സഹപാഠികളോടും ഇല്ലാത്ത അത്ര അടുപ്പം തുടർച്ചയായി സൂക്ഷിച്ചവനാണെന്നു വരെ തോന്നിപ്പിക്കുന്ന കോലത്തിൽ, എന്തോ വലിയ പാതകം അത് നഷ്ടപ്പെടുത്തിയെന്നും വ്യംഗ്യമായി, സുഖകരമായി തെറ്റിദ്ധരിപ്പിച്ചു കൊണ്ട്. അതിനാൽ, വെറുതെ എന്ന് തോന്നിപ്പിക്കും വിധം  താങ്കൾ  ഒഴിച്ച വിഷം നിർവീര്യമാക്കാൻ ഇങ്ങനെ ഒരു വിശദീകരണം നിര്ബന്ധമായി. സത്യം ഏറെപ്പറയാനുള്ളവർക്ക്‌ ആർജവം ഒട്ടും കുറയാനില്ല.

*******

ഒന്നാമതായി ഇയ്യുള്ളവൻ താങ്കളുമായി പിരിഞ്ഞിട്ടില്ല. പിരിയാൻ മാത്രം അടുത്തിട്ടുമുണ്ടായിരുന്നില്ല. എല്ലാവരുമായി എന്നപോലെ, ലോ കോളേജ് കാലഘട്ടത്തിനു ശേഷം, താങ്കളുമായും ബന്ധപ്പെടാനും ബന്ധം പുലർത്താനും നേരിൽ കാണാനും സാധിച്ചത് വളരെ കുറച്ച്.  എല്ലാവരുമായി ഉള്ള തുല്യമായ അടുപ്പവും ബന്ധവും ഇല്ലാതെയുമില്ല.  ഗെറ്റ് ടുഗെദറിന്റെ സമയത്ത് താങ്കളെ വിളിക്കുമ്പോൾ അങ്ങിനെ മറിച്ചൊന്നും തോന്നിയിരുന്നുമില്ല. താങ്കൾ പിരിഞ്ഞതായി കരുതിയെങ്കിൽ അത് താങ്കളുടെ നിലപാടും നിലവാരവും. എന്തായാലും രണ്ട് കൈകളും കൂടിയാലുണ്ടാവുന്ന ശബ്ദം ഇക്കാര്യത്തിൽ (ബന്ധം പിരിയുന്ന കാര്യത്തിൽ) ഉണ്ടാവില്ല.

അപ്പോൾ ഒന്ന് മനസ്സിലാക്കാം, പിരിഞ്ഞതായി താങ്കൾ മനസ്സിലാക്കിയത്  കൊണ്ടോക്കെ ആയിരുന്നു താങ്കൾ അത്തരം ഒരു നിലപാട് ശേഷമുണ്ടായ ശരിയായ വിഷയങ്ങളിൽ വരെ കാണിച്ചത്?

താങ്കളെ സമ്മതിക്കുന്നു. താങ്കൾ എന്തും പറയും, ഇല്ലാത്ത അടുപ്പം അവകാശപ്പെട്ടൂണ്ടാക്കും. അത് താങ്കളുടെ പ്രകൃതവും ആയി ബന്ധപ്പെട്ടതാണ്. ഒരുപക്ഷെ എന്തുമേതും, ഒരു തെളിവും ഇല്ലാതെ, പൊതുസ്ഥലത്ത് പോലും പറഞ്ഞു ഫലിപ്പിക്കാനും കഴിയും. അതും താങ്കളുടെ പ്രകൃതം, കഴിവ്. അങ്ങനെ പറഞ്ഞു കളയുന്ന ആളെന്ന നിലക്ക് താങ്കളെ, ഒരുപക്ഷെ,  ഒഴുച്ചു നിർത്തിയിട്ടുണ്ടാവും. അല്ലാതെ വെറുത്തിട്ടില്ല, പിരിഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സ്നേഹിക്കാൻ തന്നെ സമയം പോരാ ഈ ജീവിതത്തിൽ. വെറുക്കാൻ മാത്രം ഊളർജം ഇല. വെറുക്കാൻ വല്ലാത്ത ഊർജവും സമയവും വേണം.

********

ഇനി വിഷയത്തിൽ പരാമർശിക്കപ്പെട്ട കാര്യത്തിലേക്കും വിശ്വൻ വകീലിലേക്കും വരാം.

നീട്ടിപ്പറയുന്നതിൽ ക്ഷമിക്കുക. നീട്ടുന്നതല്ല. നീണ്ടു പോകുന്നതാണ്. വിഷയം പറയുന്നത് കൊണ്ട്. അഞ്ഞാപിഞ്ഞാ കാര്യങ്ങൾ മാത്രം പറയാത്തതിനാൽ.

ആരോപണങ്ങൾ ഉണ്ടാക്കാൻ ഒരു വാക്കും വാചകവും മതി. ചോദ്യങ്ങൾ പ്പോഴും ചെറുതും ആയിരിക്കും. പക്ഷെ അതിനെ സത്യസന്ധമായി നേരിട്ടു ഉത്തരം നൽകാൻ ചിലപ്പോൾ ഒരു പുസ്തകം തന്നെ വേണ്ടി വരും. പറയാൻ ഉള്ളവർക്ക്. സത്യം സത്യമായി വിശദീകരിക്കാൻ. പക്ഷെ അതാരും നീട്ടിപറയുന്നതല്ല. ഗീതയും ഖുർആനും ബൈബിളും നീട്ടിപ്പറഞ്ഞുണ്ടായതല്ല.

ഒരു തുള്ളി  കൊണ്ട് അശുദ്ധമാക്കാം. പക്ഷെ, വൃത്തിയാക്കാൻ അതെ ഒരു തുള്ളി മതിയായില്ലെന്നു വരും. അതാണല്ലോ ശബരിമലയുടെ വിഷയത്തിൽ വരെ അക്രമികളുടെയും ക്ഷുദ്രശക്തികളുടെയും ധൈര്യം.  സർക്കാരിനെയും വ്യവസ്ഥിതിയെയും വട്ടം ചുറ്റിക്കുന്ന ധൈര്യം. അതിനാൽ, അത്തരമൊരു സാഹചര്യം ഉണ്ടാക്കിയാൽ, ഉത്തരവും മുൻകരുതൽ നടപടിയും എത്ര ദൈർഘ്യമുള്ളതായാലും വേണ്ടി വരും. സഹിക്കണം. ക്ഷമ കാണിക്കണം. അതാണ് നീതിയും രീതിയും.

**********

ഒരു നിലക്കും ചിത്രത്തിൽ ഇല്ലാത്ത വിശ്വന്റെ പേര് താങ്കൾ വലിച്ചിട്ടു. പരാമർശിക്കപ്പെട്ട വിശ്വൻ വക്കീലിനെ ആരും ഒരു നിലക്കും ബന്ധപ്പെട്ടു നിജസ്ഥിതി അന്വേഷിക്കില്ല എന്ന് താങ്കൾക്കു ഉറപ്പുണ്ടായിരുന്നു. ആ നിലക്ക് ചിത്രത്തിൽ ഇല്ലാത്ത ആളെ മുൻപിലേക്ക് കൊണ്ട് വരുന്ന രീതി തന്നെ  ശരിയല്ല. അതും വളരെ ആധികാരികമെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ.  താങ്കൾക്കനുകൂലമായ ഒന്നും വിശ്വൻ വക്കീലിന്റെ അടുക്കൽ ഇല്ല എന്ന് ഉറപ്പുണ്ടായിട്ടും. ഇവിടെ ഉള്ളവരിൽ ആരും ആ നല്ല മനുഷ്യനുമായി കാര്യമായി അന്ധം സ്ഥാപിച്ചവരല്ല. എന്നിരിക്കെ, അങ്ങനെ ഒരു പേര് ഇവിടെ എടുത്തു പറയേണ്ടതുണ്ടായിരുന്നോ, സുമൻ?

എന്നതിനാൽ കൂടിയാണ് ഈ മറുപടി.

********

വിശ്വൻ വകീലിനെ ഈ വിഷയത്തിൽ കൊണ്ട് വന്നത് തന്നെ താങ്കളുടെ അല്പത്തവും അന്തസ്സാരശൂന്യതയും. എങ്ങിനെയെങ്കിലും എന്തെങ്കിലും തെറ്റായി സൂചിപ്പിക്കാമെന്ന, അങ്ങനെ തെറ്റിദ്ധാരണ പരത്താമെന്ന, വക്രബുദ്ധി. അത്കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നില്ല. ഇല്ലാത്ത എന്തോ ഒരു തോന്നൽ ഉണ്ടാക്കി, ഉളവാക്കി തടി കൈച്ചലാക്കാമെന്നോ?

അങ്ങനെ എന്തെങ്കിലും തോന്നിപ്പിക്കുന്നതും തെറ്റിധാരണ സൃഷ്ടിക്കുന്നതും ഒരുതരം പൈശാചിക രീതിയല്ലേ? കൺഫ്യൂഷൻ ഉണ്ടാക്കി, സംശയം ഉണ്ടാക്കി, പ്രശ്നം ഉണ്ടാക്കി ലാഭമുണ്ടാക്കുക എന്നത്?

അതിനാൽ തന്നെ തെളിച്ചവും വെളിച്ചവും നൽകാൻ ബാധ്യസ്ഥനായി ഇയ്യുള്ളവൻ.

*********

ഇനി ആരാണ് വിശ്വൻ? വളരെ അടുത്ത സുഹൃത്തു. കഴിഞ്ഞ മുപ്പത്തി ഒന്ന് കൊല്ലമായും തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സുഹൃത്ത്. ഇപ്പോൾ ചന്ദ്രൻ പരിചയപ്പെടുത്തിയ പുസ്തകത്തിന്റെ (ഒരു വഴിപോക്കന്റെ മൗനം) പ്രകാശനം ചെയ്യുന്ന പരിപാടി നടത്തുന്നതിൽ മുൻപിൽ നിന്ന് മുഴുവൻ ചിലവും ഏകപക്ഷീയമായി വഹിച്ച ആൾ. കൂടെ തന്നെ നിന്ന എന്റെ എക്കാലത്തെയും നല്ല സുഹൃത്തുക്കളിൽ ഒരാൾ. ഒരുമിച്ചുണ്ണുന്നത്ര, ഒരു പായയിൽ കിടന്നുറങ്ങുന്നത്ര അടുത്ത സുഹൃത്തു. ആരോട് ചോദിച്ചാലും മനസിലാവും.

ബാക്കി പറയേണ്ടതില്ലല്ലോ? അവകാശ വാദങ്ങൾ ഉണ്ടാക്കാൻ അല്ല ഇതൊന്നും പറയുന്നത്. പുകമറ ഇട്ടു തെറ്റിദ്ധരിപ്പിച്ചു രക്ഷപ്പെടാനും അപകീർത്തിപ്പെടുത്താനും ആരെങ്കിലും ശ്രമിക്കുമ്പോൾ പറയേണ്ടി വരുന്നതാണ്. കലക്ക വെള്ളത്തിൽ നിന്നും  മീൻ പിടിക്കാം. അതിനു വേണ്ടി താങ്കൾക്കു വെള്ളം കലക്കാം. പക്ഷെ, കുടി വെള്ളം ഇല്ലാതാക്കി എല്ലാവരെയും വിഷമിപ്പിക്കരുതെന്നു മാത്രം.

********

താങ്കളുടെ വ്യക്തിപരമായ ജീവിത വഴികളെയോ, സാമ്പത്തിക ക്രമങ്ങളെയോ ഒന്നും മറ്റാരും ചർച്ചക്ക് വിധേയമാക്കരുത്. അത് ശരിയല്ല. ആത്മീയതയുടെ വസ്ത്രവും മറയും ഉള്ള താങ്കളും പ്രത്യേകിച്ചും അങ്ങിനെ ചെയ്യരുത്. ആടിനെ പട്ടിയാക്കി രക്ഷപ്പെടുന്നതും ആടിനെ കൊല്ലാൻ ശ്രമിക്കുന്നതും ശരിഎല്ലാ. ആടിനെ ആട് എന്ന്  പറഞ്ഞു കൊല്ലാൻ അനുവദിക്കില്ലെന്നറിയുമ്പോൾ, പട്ടി എന്ന് വിളിച്ചു എറിഞ്ഞുകൊല്ലുക തന്നെയാണ് എളുപ്പം. അതൊരു തന്ത്രം തന്നെയാണ്. പക്ഷെ, സുമൻ, അതെന്തിനാണ് നമ്മൾ കൂട്ടുകാർക്കിടയിൽ? നമ്മുടെ കൂട്ടുകാർക്കിടയിൽ?

മനസ്സാക്ഷിയും ദൈവഭയവും ഉള്ളവൻ ശരിതെറ്റുകൾ അവനവന്റെ മനസ്സിലിട്ടു ഒരു തവണയെങ്കിലും വായിച്ചല്ലേ പുറത്തു പറയുക? അതും തീർത്തും തെറ്റായ ഒരു കാര്യം മനസ്സാക്ഷിക്കുത്തു അനുഭവിക്കാതെ പറയുമോ? എന്തുമേതും എങ്ങിനെയും പറയാമെന്നു വെക്കുമോ? ദൈവം, ഉണ്ടെങ്കിൽ അത്, മനസാക്ഷിയിൽ തെളിയും വിധമല്ലേ സുമൻ? ഒരു പുലബന്ധവുമില്ലാത്ത കാര്യം പറഞ്ഞു ഉത്തരം പറഞ്ഞതായി വരുത്താമോ? മുളകിനെ പഞ്ചസാര എന്ന് വിളിച്ചാൽ മാത്രം മുളക് പഞ്ചസാരയാകുമോ സുമൻ?

*******

ഇനി വിഷയത്തിലേക്കു വരാം. താങ്കൾ വരുത്തുന്നത് കൊണ്ട് വരാം. നല്ലവരായ സുഹൃത്തുക്കളെ അത്തരം വിഷയം പറഞ്ഞു ബോറടിപ്പിക്കരുതെന്ന് നിർബന്ധം ഉണ്ടെങ്കിലും, പറയാതിരിക്കാൻ പറ്റാതായിരിക്കുന്നു. കറുപ്പും വെളുപ്പും രാത്രിയും പകലും ശരിയും തെറ്റും അത് തന്നെ ആയിരിക്കേണമല്ലോ? ആരെങ്കിലും വിപരീതമായി അവതരിപ്പിച്ചു ജനങ്ങളെ പ്രയാസപ്പെടുത്തരുതല്ലോ? വസ്തുതകൾ അത് പോലെ തന്നെ പറയണമല്ലോ? വസ്തുതയാവുമ്പോൾ അതിലൊരു വസ്തുനിഷ്ഠത ഉണ്ടാവണമല്ലോ? ആത്മീയ കാര്യം പോലെ ആത്മനിഷ്ടമല്ലല്ലോ? ആത്മനിഷ്ടമാണെന്നു പറഞ്ഞു വസ്തുതകളുടെ കാര്യത്തിൽ തടി തപ്പാൻ പറ്റില്ലല്ലോ?

******

വിഷയം ഒന്ന് കൂടി വിശദമായി പറയാം. എന്റെ മകൻ (എന്റേത് എന്ന് പറയുന്ന പരിപാടി തന്നെ അല്പത്വമാണ്. പക്ഷെ മക്കളെ അങ്ങനെ തന്നെയെ സാമൂഹ്യമായി അഡ്രസ് ചെയ്തു പറയാൻ പറ്റൂ. അതിനാൽ മാത്രം. സുരക്ഷയൊരുക്കാനും സംരക്ഷണമേകാനുള്ള ജീവിതത്തിന്റെ വികാരവും വിചാരവും വെച്ച് കൊണ്ട്.) ഇൽഹാം. അവൻ ഒന്നാന്തരം ക്രിക്കറ്റ് കളിക്കാരൻ ആണെന്ന് താങ്കൾക്കും അറിയാം. കളിച്ച കാലയളവിൽ അണ്ടർ പതിനാലു കാറ്റഗറിയിൽ കേരളത്തിലെ തന്നെ നമ്പർ ടു ആയിരുന്നു. റൺസ് കൊണ്ടും കളിയിലെ മികവ് കൊണ്ടും. അണ്ടർ പതിനാലു കേരളം സ്റ്റേറ്റ് ടീമിൽ ചെന്നൈയിൽ പോയി കളിച്ച ആളുമാണ്.

അണ്ടർ പതിനാറിൽ കേരളത്തിൽ ആകെമൊത്തം തന്നെ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറിയും അടിച്ചവൻ. കളിച്ച വർഷവും അതുവരെയും. കണ്ണൂർ ജില്ലക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് സെഞ്ചുറി അടിച്ചവൻ. കണ്ണൂർ ജില്ലാ നൂറ്റി അറുപത് റൺസിന്‌ ഓൾ ഔട്ട് ആവുമ്പോൾ ഇരുനൂറ്റി എൺപത്തിയഞ്ചു പന്തിൽ നൂറ്റി ആറ് റൺസുമായി ഔട്ട് ആവാതെ (നോട ഔട് ആയി) പിടിച്ചു നിന്നവൻ. അത് കൊണ്ട് മാത്രം കേരളത്തിന്റെ മുൻ ക്യാപ്റ്റൻ ആയ സി ടി കെ മസൂദ് അവന്നു ദുബൈയിൽ നിന്നും ഒരു  വലിയ കിറ്റ് (ക്രിക്കറ്റ് സംബന്ധമായ മുഴുവൻ സാധനങ്ങളും സാമഗ്രികളും നിറച്ചു) കൊടുത്തയാക്കുന്നത് വരെ കാര്യങ്ങൾ എത്തി.

********

എന്നാലും, താങ്കൾക്കറിയാവുന്നത് പോലെ, അവൻ തുടർച്ചായി അവൻ ബലിയാടാക്കപ്പെട്ടിരുന്നു.  കഴുകന്മാർ നിക്ഷിപ്ത താല്പര്യം വെച്ചു പിന്തുടർന്നു കൊണ്ടിരുന്നു. നന്നായി കളിക്കാത്തത്  കൊണ്ടല്ല; പിന്തുണയും കോച്ചിങ്ങും ഇല്ലാതെ നന്നായി കളിച്ചത് കൊണ്ട്. നന്നായി കളിച്ചത് ഒരു പാപം എന്ന് കാക്കയുടെയും ഏകലവ്യന്റെയും കാര്യത്തിൽ കണക്കാക്കുന്നതും, കണക്കാക്കിയതും കൊണ്ട്.

ഒരു ഘട്ടത്തിൽ (സ്കൂൾ ക്രിക്കറ്റിൽ) അവൻ ബലിയാടായപ്പോൾ ഏതോ നിലക്ക്, ഒരറ്റത്തു താങ്കളും അറിയാതെയോ അറിഞ്ഞോ വന്നു പെട്ടിട്ടുണ്ട്. എന്നിട്ടും ഇത്രയും വിവരങ്ങൾ നിരത്തിയത് താങ്കൾ മറ്റെന്തോ പറഞ്ഞത് കൊണ്ട് മാത്രം. നമ്മുടെ സുഹൃത്തുക്കളെ അസംബന്ധം പറഞ്ഞു ബോറടിപ്പിക്കുന്നത് അത് കൊണ്ടാണ്.  നിങ്ങൾ തേനീച്ച കൂട്ടിൽ കല്ലെറിയരുതായിരുന്നു. ഈ വിവരങ്ങളൊക്കെ എത്രമാത്രം ശരിയാണെന്നു താങ്കളുടെ മകൻ ആലാപിനോട് മാത്രം ചോദിച്ചാൽ മതി.

*****

ഇത്രയൊക്കെ നന്നായി കളിച്ച ഇൽഹാം ബലിയാടാക്കപ്പെടാൻ ഒരു ന്യായമായ കാരണം ഉണ്ട്. അവൻ കളിച്ചത് ഒറ്റക്കാണ്. ആരോരും പിന്തുണക്കാനില്ലാതെ. ആരോരും കോച്ച് ചെയ്യാനില്ലാതെ. അക്കാഡമിയുടെയോ ക്ലബിന്റെയോ അസ്സോസിയേഷന്റെയോ കോച്ചുമാരുടെയോ പിന്തുണയില്ലാതെ. വീട്ടിൽ ഒരുക്കിയ നെറ്റിലും പിച്ചിലും അവന്റെ പിതാവ് തന്നെ ബോൾ എറിഞ്ഞു കൊടുത്തു കൊണ്ട് മാത്രം. സ്വയം തന്നെ ഫിട്നെസ്സും പ്രാക്റ്റീസും ചെയ്‌തുകൊണ്ട്‌.

യഥാർത്ഥത്തിൽ അതൊരു നല്ല കാര്യം ആയിരുന്നെങ്കിലും പിശാചുക്കൾക്കു അതങ്ങനെയല്ല തോന്നുക. അവരുടെ റോൾ നഷ്ടപ്പെടുന്നത് പോലെ തോന്നും. അവരുടെ അഹങ്കാരത്തിനു മുറിവേൽക്കും. പുരോഹിതന് പ്രധാന വിശ്വാസിയുടെ ആത്മീയതയും ആത്മീയമായ വളർച്ചയുമല്ല. തന്റെ വയർ നിറക്കുക എന്നത് തന്നെയാണ്. കോച്ചുമാർക്കും ഒരുവേള അങ്ങിനെ തന്നെ. ആരെങ്കിലും നന്നായി കളിച്ചാൽ പോരാ. തങ്ങളുടെ ജോലി സംരക്ഷിക്കുന്ന കോലത്തിൽ മാത്രമുള്ള ചിലർ കളിക്കണം, വളരണം. തങ്ങളുടെ ബിസിനസ് വളരണം, വളർത്തണം.

യഥാർത്ഥ കോച്ചുമാരും അസോസിയേഷനും അവനെ ഏകലവ്യനെ എന്ന പോലെ എളുപ്പത്തിൽ ബലിയാടാക്കി. പിതാവല്ലാത്ത ആരും ചോദിക്കാനും പറയാനും ഇല്ല, വരില്ല എന്നുറപ്പുള്ളതിനാൽ. മറ്റു ഇഷ്ടപുത്രന്മാരെ തിരുകിക്കയറ്റാൻ. അതിന്റെ അവസാനത്തെ തെളിവായിരുന്നു താങ്കൾ പറയാനിടയായ സംഭവവും, പിന്നെ അണ്ടർ പതിനാറു സ്റ്റേറ്റ് ക്യാമ്പിൽ നിന്നും (രേഖാമൂലമുള്ള ഒരു തെളിവും വിവരവും തരാതെ) ബോൺ ടെസ്റ്റ് എന്ന ഉമ്മാക്കി വെച്ച് അവനെ പുറത്താക്കിയതും.

കേരളത്തിൽ തന്നെ ഏറ്ററ്വും കൂടുതൽ റൺസ് അടിച്ചവനും സെഞ്ചുറി അടിച്ചവനും ആയിരിക്കെ. കേരളത്തിൽ തന്നെ ഏറ്റവും നല്ല ഓപ്പണർ ബാറ്റ്സ്മാൻ ആയിരിക്കെ. അവനോളം മറ്റാരും ഇല്ലാതിരിക്കെ. സ്റ്റേറ്റ് ക്യാമ്പിൽ പ്രായം കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ആയിരിക്കെ.  ഒരു തെളിവോ കാര്യമോ ഒന്നും തരാതെ. അതിൽ എറണാകുളം ലോബിയും മറ്റു പല ലോബികളും ഒരുമിച്ചു കൂടി കളിച്ചപ്പോൾ സംഗതി കുശാലുമായി. (അക്കൊല്ലത്തെ പതിഞ്ചാംഗ സ്റ്റേറ്റ് ടീമിൽ എറണാകുളത്തു നിന്ന് മാത്രം ആറ് പേര്. ബാക്കി ഊഹിക്കാം).

ഊർവ്വശീ ശാപം ഉപകാരമായിരിക്കും എന്ന നിലയിൽ എടുത്ത്, കേസിനോ വക്കാണത്തിനോ പോയില്ല. കാരണം, അപ്പോൾ അവൻ പത്താം ക്ലാസ്സിലായിരുന്നു. സമയവും സാഹചര്യവും അനുവദിക്കില്ല. മാത്രമല്ല ബി സി സി ഐ യുമായി അങ്ങനെ ഒരു യുദ്ധത്തിന് പോകണമെങ്കിൽ നല്ല സമയവും സാമ്പത്തികവും എടുക്കും. പിന്നീട് കാലാകാലം ടാർജറ്റും ചെയ്യും. കണ്ണൂർ അസോസിയേഷൻ തീരെ പിൻതുണയും തന്നില്ല. കണ്ണിൽ നോക്കി സംസാരിക്കാനും കണ്ണിൽ നോക്കി സംസാരം കേൾക്കാനും കഴിയുന്ന ഒരു ജില്ലാ സെക്രട്ടറി അപ്പോൾ കണ്ണൂർ ജില്ലക്ക് ഉണ്ടായിരുന്നില്ല.

*******

എന്ത് കൊണ്ട് മകനെ എളുപ്പത്തിൽ ബലിയാടാക്കി എന്ന ചോദ്യത്തിന് ഉത്തരവും ലളിതമാണ്. മേല്പറഞ്ഞ പോലെ അസൂയ, നിരാശ. കോച്ചുമാരും അക്കഡമിയും രാപ്പകലില്ലാതെ പരിശീലിപ്പിച്ച കുട്ടികൾ വെറും മുപ്പത് റൺസ് പോലും അടിക്കാതിരിക്കുമ്പോൾ, എടുക്കാതിരിക്കുമ്പോൾ, (അപ്പ്രാവശ്യം സോണൽ മാച്ചുകളിൽ) അവൻ രണ്ട് സെഞ്ചുറിയും ഫിഫ്‌റ്റികളും അടിച്ചു. അപ്പോൾ ഉണ്ടായ അസൂയയും നിരാശയും. പുരോഹിതന്റെ പണി പോകുന്നതിന്റെയും ചോദ്യം ചെയ്യപ്പെടുന്നതിന്റെയും വെകിളി. ഒരു മകനും പിതാവും വിചാരിച്ചാൽ ഇത്രത്തോളം ആവുന്നതിലെ അസഹിഷ്ണുത. അവക്ക് കളിയല്ലായിരുന്നു പ്രധാനം. പകരം അവരുടെ ബിസിനെസ്സ്. പുരോഹിതന് ആത്മീയത അല്ലാത്ത പോലെ. അതൊന്നും ഇല്ലെന്ന മട്ടിൽ അവർ നമ്മുടെ മുൻപിൽ ചിരിച്ചു. പിറകിൽ നിന്ന് കളിച്ചു. പിശാചുക്കളെ പോലെ തന്നെ. ഏകലവ്യന്റെ വിരൽ മുറിച്ചു വീഴ്ത്തുംപോലെ തന്നെ അവനെ അവർ  മുറിച്ചു വീഴ്ത്തി. അവൻ അവർക്കു വേണ്ടി കളിയും നിർത്തി.

അത് കൊണ്ട് എന്തുണ്ടായി? വളരെ നല്ല ഭാവിവാഗ്ദാനമായ  ഒരു ക്രിക്കറ്റ് കളിക്കാരൻ തന്റെ ക്രിക്കറ്റ് കളി ഏറെക്കുറെ നിർത്തി. കേരളത്തിന് വെറുതെ കിട്ടുമായിരുന്ന ഒരുനല്ല കളിക്കാരനെ അവർ നഷ്ടപ്പെടുത്തി. അങ്ങിനെ നഷ്ടപ്പെടുത്തുന്ന പ്രക്രിയയുടെയും ശ്രമത്തിന്റെയും പരിപാടിയുടെയും മറ്റൊരറ്റത്തായിരുന്നു മറ്റൊരു രീതിയിൽ മറ്റൊരു സമയത്തു, ചെറിയ അർത്ഥത്തിൽ, താങ്കളും അറിയാതെയോ അറിഞ്ഞോ ഉണ്ടായത്. താങ്കൾ തന്നെ അത് ഓര്ത്താലും ആലോചിച്ചാലും നന്ന്.

വയറിളക്കം ഉണ്ടായ സ്ഥിതിക്ക്, ഉണ്ടാക്കിയ സ്ഥിതിക്ക്, അത് കൂടി ഛർദിച്ചു ചുറ്റുപാടിനെയും അന്തരീക്ഷത്തെയും മൊത്തമായി  വല്ലാതെയല്ലെങ്കിലും വൃത്തി കെടുത്തേണ്ടി വരും എനിക്ക്. സുഹൃത്തുക്കൾ ക്ഷമിക്കുക.

*******

ഇനി താങ്കൾ പറഞ്ഞ വിഷയത്തിലേക്കു വരാം. ഇങ്ങനെയൊക്കെ കളിച്ച മകൻ സ്കൂൾ ടീമിൽ, വളരെ ചെറിയ സ്‌കൂൾ ഉപജില്ലാ ടീമിനപ്പുറം, കളിച്ചിട്ടില്ല. എന്ത് കൊണ്ട്? എങ്ങിനെ?

ഇതേ മേല്പറഞ്ഞ കാരണം കൊണ്ട്. കഴുകമാർ അവിടെയും ഉറപ്പു വരുത്തി. അവൻ കളിക്കില്ലെന്നും കളിക്കാൻ പാടില്ലെന്നും. അതും കേരളത്തിൽ തന്നെ, സ്കൂൾ തലത്തിലും, ഒരു കളിയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തിട്ടും. താങ്കൾ സാക്ഷിയായിരിക്കെ. വെറും  ഇരുപത്തിരണ്ട് പന്തിൽ അറുപത്തിയാറു റൺസ്. എന്ന് വെച്ചാൽ മുന്നൂറു സ്ട്രൈക്ക് റേറ്റിൽ. ആറ് ഓവർ മാച്ച് ആണല്ലോ അധികവും സ്കൂൾ മത്സരത്തിനുണ്ടാവുക? ആറ് ഓവർ മച്ചിൽ അവനെക്കാൾ റൺസും സ്ട്രൈക്ക് റേറ്റും ഉള്ളവർ വേറെ ആരും ഉണ്ടായിരുന്നില്ലെന്ന് താങ്കൾ തന്നെ ചിന്തിക്കേണം. കേരളത്തിലുടനീളം.

താങ്കൾ ഓർക്കുന്നുണ്ടോ എന്നറിയില്ല. താങ്കൾ തന്നെ കൊടുത്ത, പക്ഷെ പാലിക്കാതെ പോയ, ഒരു വാഗ്‌ദാനം. കുട്ടികൾക്ക്. മാച്ച് കളിക്കുന്നതിനു മുൻപ്. സ്ട്രൈക്ക് റേറ്റ് ഇരുനൂറോ, ഇരുനൂറിനു മുകളിലോ വെച്ച് ആരെങ്കിലും കളിച്ചാൽ താങ്കളുടെ വക ഒരു വലിയ സമ്മാനം ഉണ്ടെന്നു, നൽകുമെന്ന്.

പക്ഷെ ഇൽഹാം മുന്നൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റ് വെച്ച് കളിച്ചിട്ടും താങ്കൾ ഒന്നും ചെയ്തതായി കണ്ടില്ല. കാക്കകുഞ്ഞാവുമ്പോൾ പരിഗണിക്കേണ്ടതില്ലല്ലോ? അല്ലെങ്കിലും വാക്കുകൾ പറയപ്പെടാൻ മാത്രമുള്ളത്. പാലിക്കപ്പെടാനുള്ളതല്ല. പ്രത്യേകിച്ചും നിഷ്കളങ്കരായ കുട്ടികളോടാവുമ്പോൾ പിന്നെ പറയാനും ഇല്ല. നിഷ്കളങ്കത ചൂഷണം ചെയ്യാനും ചതിക്കാനും ഒരു അവസരം മാത്രമല്ലേ നമുക്കും? വാക്കുകൾ മാറ്റി മാറ്റി സന്ദർഭോചിതം പറയാനുള്ളതും. ആളുകളെ വലയിലാക്കാൻ മാത്രം. അതല്ലേ പുതിയ ആത്മീയത?

*******

പതിവ് പോലെ മേൽ ടീമിലേക്കുള്ള സെലക്ഷൻ സമയം വരെ അവിടെ കാത്തു നിന്നില്ല. നമ്മൾ പോയി. താങ്കൾ അവിടെ തന്നെ കാത്തുനിന്നു.

നമ്മൾ പോയത് പല കാരണങ്ങൾ കൊണ്ട്.
ഒന്ന്. കളിക്കാനും, കളിപ്പിക്കാനും പരിശീലിപ്പിക്കാനും തിരിച്ചു കൊണ്ടുവരാനുണ്ടെങ്കിലും കുട്ടികളോടൊപ്പം നിൽക്കും. സെലക്ഷൻ സമയത്തു, അതുറപ്പിക്കാൻ വേണ്ടി മാത്രം, അങ്ങിനെ നിൽക്കാറില്ല. ആ നിലക്ക് കളി നടക്കുന്ന സ്ഥലത്ത് പോകാറുമില്ല. സെലക്ഷന് വേണ്ട കളിമികവ് ഉള്ളതിനാൽ. പല രക്ഷിതാക്കളും അങ്ങിനെ പോകാറുണ്ടെങ്കിലും, നില്കാറുണ്ടെങ്കിലും.

രണ്ട്. തെളിയിച്ച കളിമികവ് കൊണ്ടും നിലവാരം കൊണ്ടും കിട്ടുന്ന സെലക്ഷൻ മാത്രമേ വേണ്ടതുള്ളൂ. ഇവനോളം റൺസ് എടുത്ത ആരും ഇല്ല എന്നതിനാൽ സെലക്ഷൻ ഉറപ്പാണെന്ന് അവിടെ മൊത്തത്തിൽ സ്വരം ഉണ്ടായിരുന്നു.

മൂന്നു. സ്കൂൾ സെലക്ഷൻ ഇത്രത്തോളം തരം താഴ്ന്ന രീതിയിൽ ആകുമെന്ന് മനസ്സിലാക്കിയില്ല. ഇത് ആദ്യത്തെയും അവസാനത്തെയും അനുഭവം. ഗുരുക്കന്മാർ പിശാചുക്കളായ ആദ്യാനുഭവം. ഗുര് ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരു ദേവോ മഹേശ്വര. ഗുരു സാക്ഷാൽ പരബ്രഹ്മ: തസ്മൈ ശ്രീ കുറവ് നമ: എന്നതൊക്കെ അറംപറ്റിപ്പോയ സമയം.

നാല് നന്നായി പഠിക്കുന്ന കുട്ടിയാണ്  മകൻ എന്നതിനാലും, പഠിക്കാതെ കിട്ടുന്ന മാർക്ക് കിട്ടേണ്ടതില്ല എന്നതിനാലും ഗ്രേസ് മാർക്ക് കളിക്കുമ്പോഴൊന്നും വിഷയമായിരുന്നില്ല, ആലോചനയിൽ ഉണ്ടായിരുന്നില്ല, ലക്ഷ്യമിട്ടിരുന്നില്ല.  (ഒരു ട്യുഇഷനും സ്പെഷ്യൽ സ്കൂളും ഇല്ലാതെ വെറും ഗവണ്മെന്റ് സ്കൂളിൽ മാത്രം പഠിച്ചു, എന്നിട്ടും ഇന്നിതുവരെ മോശമായിട്ടില്ല.  പതിനൊന്നാം ക്‌ളാസ്സിലെ പരീകഷയിലും തൊണ്ണൂറ്റി ആറ് ശതമാനം മാർക്ക് വാങ്ങി. വലിയ മാർക് അല്ലെങ്കിലും, കളിയിൽ തെളിയിച്ച കുട്ടി പഠനത്തിലും മോശമല്ല എന്നറിയിക്കാൻ മാത്രം പറയുന്നു. എട്ടിലും ഒമ്പതിലും പത്തിലും കളിക്ക് വേണ്ടി മാസങ്ങളോളം (ഏകദേശം അഞ്ചു മാസം) ക്ലാസ് മിസ് ചെയ്തിട്ടും ഇങ്ങനെയൊക്കെ ആയി എന്നറിയിക്കാൻ. ഗ്രേസ് മാർക് ഇല്ലാതെ. ഒരു ട്യുഷനും സ്പെഷ്യൽ സ്കൂളും എന്നിട്ടും ഇല്ലാതെ.

*****

അവസാനം എന്ത് സംഭവിച്ചു? സെലക്ഷൻ നടന്നു. ഇൽഹാം പുറത്തു. മേൽ പറഞ്ഞ കേരളം ടീം പ്ലയെർ, സ്കൂൾ ഉപജില്ലാ ടീമിൽ ഇല്ല. അവൻ പുറത്തു. ഏറ്റവും കൂടുതൽ റൺസ് ഒരു കളിയിൽ എടുത്തവൻ പുറത്തു. അത് നടക്കുമ്പോൾ താങ്കൾ അവിടെ ഉണ്ടായിരുന്നു. ഞാൻ ഉണ്ടായിരുന്നുമില്ല. തെറ്റ് പറയാനില്ലെങ്കിലും താങ്കളുടെ മകനായ ആലാപ് അപ്പോൾ ടീമിൽ ഉണ്ടാവുകയും ചെയ്തു.

എന്താണ് അതിൽ നിന്നും സാമാന്യ ബുദ്ധി വെച്ച് ആർക്കും മനസിലാക്കാൻ ആവുക? താങ്കളുടെ മകൻ ആലാപ്  നല്ല കുട്ടിയാണ്. നിഷ്കളങ്കരായ കുട്ടികൾ ഒരു തെറ്റും ചെയ്യുന്നുമില്ല. കളിക്കുകയല്ലാതെ. കാര്യമായ ലെവലുകളിൽ കളിച്ചിട്ടില്ലെങ്കിലും, അവൻ നല്ല ലെഗ് സ്പിന്നർ തന്നെ ആണ്. നീളം തീരെ കുറവാണ് എന്നത് അവന്റെ ലെഗ് സ്പിന്നിനെയും പന്തെറിയുമ്പോൾ പ്രായത്തിനനുസരിച്ച് ഉണ്ടാവേണ്ട ത്രസ്റ്റിനെയും ബാധിച്ചു എന്നുമാത്രം പറയാം.

*******

ഇൽഹാമിനെ തുടർച്ചയായി വേട്ടയാടിയവരും ബലിയാടാക്കാൻ തുനിഞ്ഞിറങ്ങിയവരും അവിടെയും പിടി മുറുക്കിയിരുന്നു. അവർ ആരൊക്കെയെന്ന് പേരെടുത്തു പറയാൻ പറ്റും. പക്ഷെ, ഇത് അതിനുള്ള വേദി അല്ല. ഇനി അത്കൊണ്ട് കാര്യവുമില്ല. ഇൽഹാം സന്തുഷ്ടനാണ്. അവൻ നന്നായി ജീവിതം ആസ്വദിക്കുന്നു. സിനിമ കണ്ടും ഫോട്ടോ ഷൂട്ട് നടത്തിയും പാട്ടു പാടിയും ഒക്കെ. അവൻ കളിക്കട്ടെ, പടിക്കട്ടെ, പാടട്ടെ, ആസ്വദിക്കട്ടെ. പിന്നെ നമ്മൾ എന്തിനു അസ്വസ്ഥപ്പെടണം? താങ്കൾ വിഷയമായി ഉയർത്തിയത് കൊണ്ടും ഉണർത്തിയത് കൊണ്ടുമല്ലാതെ. താങ്കൾ അതിനു കാരണം ഉണ്ടാക്കിയത് കൊണ്ട് മാത്രം. വിഷം ചീറ്റി രക്ഷപ്പെടാൻ ശ്രമിച്ചത് കൊണ്ട്. നിജസ്ഥിതി അറിയിച്ചു കൊടുക്കൽ ബാധ്യതയായി മാറിയതിനാൽ.

******

മേല്പറഞ്ഞത്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംഭവിച്ചത്. അതിനാൽ തന്നെ അതിനു ശേഷം അവൻ സ്കൂൾ ക്രിക്കറ്റ് കളിക്കാൻ കാര്യമായ തുഞ്ഞിട്ടില്ല. പത്തിലും പതിനൊന്നിലും പന്ത്രണ്ടിലും. അവനെക്കാൾ നല്ല കളിക്കാരൻ, അവന്റെ പ്രായ പരിധിയിൽ, കണ്ണൂർ ജില്ലയിൽ ഇല്ല എന്ന അവസ്ഥ ഉണ്ടായിരിക്കെ പോലും. അവൻ സലാം ചൊല്ലി പിരിഞ്ഞു. പിശാചുക്കൾ ആഘോഷിക്കട്ടെ എന്ന് കരുതി. അവനു അവന്റേതായ സ്വര്ഗഭൂമിയുണ്ട്. നരകത്തിലേക്കില്ലെന്നു അവൻ തന്നെ അങ്ങ് തീരുമാനിച്ചു. പലരും വല്ലാതെ അനുഗ്രഹിച്ചത് കൊണ്ട്. അവരെല്ലാം  സന്തോഷിച്ചും ആഘോഷിച്ചും കൊള്ളട്ടെ.  ഇനി ക്രിക്കറ്റിൽ അവൻ ആർക്കും ഭീഷണി ആവില്ല. ഓച്ഛാനിക്കുന്നവർ ഓച്ചാനിക്കട്ടെ.

*******

സ്കൂൾ മാതൃകകൾ ഉണ്ടാവേണ്ട സ്ഥലമാണ്. നന്മകൾ വിളയേണ്ട കൃഷിഭൂമി. ഭാവി തലമുറയെ കൃഷിചെയ്തെടുക്കേണ്ട ഇടം. കർഷകരായ സ്കൂൾ അദ്ധ്യാപകന്മാർ റോൾ മോഡൽസ് ആവേണ്ടവരും.

അതല്ലെങ്കിൽ കുട്ടികൾ വ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെട്ട മാനസികരോഗികളോ തീവ്രവാദികളോ അരാചകവാദികളോ ഒക്കെ ആവും. ഇങ്ങനെയൊക്കെ തന്നെയാണ് അരാചകവാദികളും തീവ്രവാദികളും മാനസികരോഗികളും ഉണ്ടാവുന്നത്. നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും. നാം ഒരു ചെറിയ കല്ല് ഇടും. വെള്ളത്തിൽ.  അതുണ്ടാക്കുന്ന അനുരണനങ്ങൾ എന്താണെന്ന് അറിയാതെ, വകവെക്കാതെ. അത്തരം അനുരണനങ്ങൾ തന്നെയാണ് സാമൂഹ്യ വിരുദ്ധരെയും തീവ്രവാദികളെയും അരാചകവാദികളെയും മാനസികരോഗികളെയും സൃഷ്ടിക്കുന്നത്.

കൃത്യമായായ കൃത്യവിലോപവും നീതി നിഷേധവും ആയതു കൊണ്ട്, സത്യസന്ധരാണ്, ഒന്നും മറച്ചും ഒളിച്ചും വെക്കാനില്ല എന്നതിനാലും, നമ്മൾ ഇക്കാര്യത്തിൽ ഒന്നുകൂടി മുന്നോട്ടു പോയി. പത്രങ്ങളിൽ വാർത്ത വന്നു.  ഡി ഡി ഇ ക്കു കംപ്ലൈന്റ്റ് കൊടുത്തു. സംഗതി ശരിയാണെന്നു മനസിലാക്കിയ അദ്ദേഹം ആദ്യം സെലക്ഷൻ തന്നെ ക്യാൻസൽ ചെയ്തു. വീണ്ടും നടത്താമെന്നു അറിയിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ടവരെ പോലും. പക്ഷെ നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മർദ്ദം കാരണം പിന്നീട് അയാൾക്കു പിൻവലിയേണ്ട വന്നു. ആ നിക്ഷിപ്ത താല്പര്യക്കാരിൽ താങ്കളില്ലെന്നു, മനസ്സാക്ഷിയുണ്ടെയിൽ, നെഞ്ചിൽ കൈ വെച്ച് താങ്കൾക്കു പറയാൻ സാധിക്കണം. മനസ്സാക്ഷി വിറ്റു പോയതാണെങ്കിൽ പറയാനയും ഇല്ല.

*********

അങ്ങനെ അത് സംബന്ധമായി കോടതിയെ സമീപിച്ചു. എന്ത് കൊണ്ട്? മറ്റു പിന്നാമ്പുറ കളികളിൽ താല്പര്യം ഇല്ലാത്തതിനാൽ. ഇനി ഭാവിയിലെങ്കിലും മറ്റൊരു കുട്ടി, മാതൃകകൾ രൂപപ്പെടേണ്ട സ്കൂൾ തലത്തിൽ, ബലിയാടാവരുത് എന്ന് നിർബന്ധം തോന്നിയതിനാൽ.

അറിയാമല്ലോ, ഇപ്പറഞ്ഞ വിശ്വൻ വകീൽ ആയിരുന്നു കോടതിയിൽ എനിക്ക് വേണ്ടി ഒരു നയാപൈസ ഫീസോ ചിലവോ വാങ്ങാതെ ഹാജരായത്. സർക്കാർ വിഷയമായതിനാലും സ്കൂളിന് ചെലവ് വരുന്ന വിഷയമായതിനാലും, സംസ്ഥാനത്തെ മൊത്തം സ്കൂളുകളിലെ കാര്യങ്ങൾ അത് മൂലം സ്തംഭിക്കുമെന്നതിനാലും, ബാക്കി എല്ലാ കാര്യങ്ങളും അത് മൂലം സ്കൂളിന്റേത് മുടങ്ങും എന്നതിനാലും കോടതി തത്കാലം കേസ് അനുകൂലമായി പരിഗണിച്ചില്ല. പോരാത്തതിന് ക്രിക്കറ്റ് എന്താണെന്ന് മനസിലാകാത്ത ഒരു സ്ത്രീയുമായിരുന്നു അപ്പോൾ ജഡ്ജ്. അപ്പീൽ പോയാൽ നിൽക്കുമായിരുന്നു. പക്ഷെ ഉപേക്ഷിച്ചു.

പക്ഷെ കഴുകന്മാർ ഏതു വരെ പോയി എന്നറിയേണ്ടേ? താങ്കൾ അറിഞ്ഞിരിക്കും. എന്നാലും ഇവിടെ അറിയിക്കാം. കോടതിയിൽ ഹാജരാക്കേണ്ടി വരികയാണെങ്കിൽ, ഹാജരാക്കാൻ വേണ്ടി, സ്കോർ കാർഡ് വരെ തിരുത്തിയിട്ടുണ്ടായിരുന്നു അവർ.  എതിർഭാഗം (സർക്കാർ) വകീൽ നമ്മളെ അറിയിച്ചു. അത് കൊണ്ട് തത്കാലം കേസിൽ ഒരു നിലക്കും അനുകൂലമായ വിധി കിട്ടാൻ സാധ്യത ഇല്ലെന്നും. അത്രത്തോളം കാര്യം പോകുമെന്ന്  അദ്ദേഹം വരെ പ്രതീക്ഷിച്ചില്ലെന്നും. ഇൽഹാം പൂജ്യം റൺസ് ആയിരുന്നു എടുത്തത് എന്ന് സ്കോർ കാർഡിൽ തിരുത്തിയിരുന്നു.

എവിടെ വരെ എത്തിയിരുന്നു (താങ്കൾ അടക്കമുള്ളവർ എന്ന് ഞാൻ പറയുന്നില്ല) എന്ന് ഇത്തരുണത്തിൽ ഒന്നു പുറം തിരിഞ്ഞു ചിന്തിച്ചാൽ വളരെ നന്ന്. എങ്കിൽ വളരെ നന്ദി. എന്നിട്ടും താങ്കൾക്കു പൊള്ളി. കുറ്റം ചെയ്തെങ്കിലേ താങ്കൾക്കു പൊള്ളേണ്ടതുള്ളൂ.  അത് കുറ്റവാളിയുടെ  മാനസികാവസ്ഥയാണ്. മനസ് കല്ലായി പോയിട്ടില്ലെങ്കിൽ.

*******

ഇനി താങ്കളെ പ്രകോപിപ്പിച്ച, പൊള്ളിച്ച കാര്യം പറയാം. ചാക്കിലെ പൂച്ച എങ്ങിനെയോ പുറത്തു ചാടിയപ്പോൾ എന്ന പോലെ എന്ന് പറയാൻ പറ്റുമോ എന്നെനിക്കറിയില്ല. ഞാൻ പോലും അറിയാതെ, ഉദ്ദേശിക്കാതെ.

വിശ്വൻ വകീൽ അർഹതയില്ലാത്ത സെലക്ഷൻ കിട്ടിയ ഒരു കുട്ടിയുടെ പേര് എന്ന നിലയിൽ, താങ്കളുടെ മകന്റെ പേര് കോടതിയിൽ പരാമർശിച്ചു. അതിൽ താങ്കൾ പ്രകോപിതനായി. താങ്കൾക്കു പൊള്ളി. അപ്പോൾ കളിച്ചിട്ടും ബലിയാടാക്കപ്പെട്ടവന്റെ കാര്യം ഒന്നും താങ്കൾ ഓർത്തില്ല.

ശരിയാണ്, അത് വിശ്വൻ വകീൽ പറയരുതായിരുന്നു. വ്യക്തിപരമാണ് കാര്യം എന്നതിനാൽ. കേസിൽ അതിന്റെ ആവശ്യം ഇല്ല എന്നതിനാൽ. അത് പറഞ്ഞു ഒന്നും നേടേണ്ടതില്ല എന്നതിനാൽ. സെലക്ഷൻ പ്രക്രിയ തന്നെ മൊത്തമായും തെറ്റായതാണ് പ്രശ്നം എന്നതിനാൽ.

വിശ്വൻ വകീൽ അങ്ങിനെ പറയുമെന്ന് ഞാൻ കരുതിയും ഇല്ല.  കാരണം, ഞാൻ, എന്റെ സുഹൃത്തും വാകീലും എന്ന നിലക്ക് അദ്ദേഹത്തെ അങ്ങനെ ധരിപ്പിച്ചിരുന്നില്ല. താങ്കൾ ധരിച്ചത്, അഥവാ തെറ്റിദ്ധരിച്ചത്, ഞാൻ അങ്ങനെ ചെയ്യിപ്പിച്ചു എന്നാണു. താങ്കളുടെ നിലവാരവും മനോഗതിയും, താങ്കൾ എന്ത് ചെയ്യന്നു എന്നതും വെച്ചല്ലേ? അങ്ങനെയല്ലേ താങ്കൾക്കു ചിന്തിക്കാൻ പറ്റൂ? അതിൽ തെറ്റില്ല.

താങ്കളുടെ മകന്റെ പേര് പറയാനായിരുന്നെങ്കിൽ ഞാൻ കേസ്-നു പോകില്ലായിരുന്നു. ഇൽഹാമിനെ പിൻവാതിലിലൂടെ ടീമിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ തയാറായിരുന്നു സംഘാടകർ. അതവർ വ്യംഗ്യമായി സൂചിപ്പിച്ചിരുന്നു. ഒരു ഒത്തതീർപ്പെന്ന നിലയിൽ.  പക്ഷെ എന്റെ വിഷയം ഇൽഹാം മാത്രമായിരുന്നില്ല. നീതിയും സത്യവും ആയിരുന്നു. ഇൽഹാമിനെ പോലെ വേറെയും ചില കളിക്കാർ വേറെ നിലക്ക് ബലിയാടാക്കപ്പെട്ടിരുന്നു. അവരെല്ലാം  ഈ കേസിൽ എന്റെ കൂടെ നിൽക്കുകയും ചെയ്തിരുന്നു. നീരജ്, അമൽ മോഹൻ, തൽസീഹ്‌. എന്നിവർ. താങ്കൾക്കറിയാം.

******

പിന്നെ വിശ്വൻ വകീൽ എന്തിനു താങ്കളുടെ മകൻ ആലാപിന്റെ പേര് കോടതിയിൽ പറഞ്ഞു എന്നല്ലേ? ഞാൻ കാരണമല്ല,  ഞാൻ ഉപദേശിച്ചത് കൊണ്ടല്ല. താങ്കൾ പറഞ്ഞത് പ്രകാരം, താങ്കൾക്കു വേണ്ടി പലപ്പോഴും ആലാപിന്റെ പേര് സെലെക്ടർസിനോട്  ആവർത്തിച്ച പറഞ്ഞു കൊടുത്തവൻ ആയിരുന്നു ഞാൻ. അത് താങ്കളുടെ ഒരു ഗൂഢതന്ത്രം ആയിരുന്നെങ്കിലും എനിക്ക് പ്രശ്നവും പേടിയും ഉണ്ടായിരുന്നില്ല. കാരണം ഞാൻ കളിപ്പിക്കുന്നത് കളി മികവ് കൊണ്ട് മാത്രം. അതിനപ്പുറം ഒന്നുമില്ല. അവനു കളിക്കേണ്ടെങ്കിൽ കളിക്കേണ്ട. കേരളത്തിൽ തന്നെ എണ്ണം പറഞ്ഞ കളിക്കാരനായിട്ടും പലരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ടും നല്ല അനുഭവം കൊണ്ടും അവൻ കളി നിർത്തിയില്ലേ? അത് തന്നെ വലിയ ഉപകാരം.

വിശ്വൻ വകീൽ ആലാപിന്റെ പേര് പറഞ്ഞത് ഞാൻ പറഞ്ഞിട്ടല്ലെന്നു എനിക്ക് ഉറപ്പുണ്ട്. കേസിൽ കൂട്ട് കൂടിയ മറ്റു കക്ഷികളുണ്ടല്ലോ? അതിൽ ബാക്കി രണ്ട് പേര് കണ്ണൂർ ഉള്ളവർ തന്നെയാണല്ലോ? അവർ പറഞ്ഞില്ലെന്നു താങ്കളോട് ആരെങ്കിലും പറഞ്ഞുവോ? കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുകാത്തിരുന്നാൽ മതിയായിരുന്നു.  ആത്മീയത തൊട്ടു തീണ്ടാത്ത ഒരു നിലപാട്. അത്കൊണ്ടാണ്  പ്രശ്നവും തെറ്റിദ്ധാരണയും. ബന്ധം മുറിഞ്ഞെന്നു ഏകപക്ഷീയമായി താങ്കൾ ധരിക്കാൻ ഇടയായതും.

പിന്നെ, താങ്കൾക്കു ശീലമെന്ന പോലെ,  തെറി അഭിഷേകം നടത്താൻ മാത്രം താങ്കൾ ഫോൺ വിളിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഫോൺ എടുത്തില്ല. കാരണം, എനിക്ക് മതിയായിരുന്നു. കുറ്റബോധം നിറഞ്ഞ പ്രസംഗം കേൾക്കാൻ. പോരാത്തതിന് ഇന്നിത് വരെ തെറി വിളിക്കാൻ അറിയില്ല. അങ്ങിനെ വിളിച്ചതായി ആരും കേട്ടിട്ടും ഉണ്ടാവില്ല. താങ്കൾ ആണെങ്കിൽ അതിലും, പിന്നെ എന്തുമേതും പറയുന്നതിലും, മാസ്റ്റർ, പ്രഗത്ഭൻ. ഇല്ലാത്ത അടുപ്പവും സ്വന്തവും ബന്ധവും ഒക്കെ താങ്കൾ താങ്കളുടെ ആവശ്യത്തിനനുസരിച് പറഞ്ഞുണ്ടാക്കും. അത് താങ്കളുടെ പ്രകൃതം. അത്കൊണ്ട് തന്നെ താങ്കളുടെ ഫോൺ എടുക്കാനും അറ്റൻഡ് ചെയ്യാനും തയ്യാറായില്ല. നെഗറ്റീവ് എനർജിയുടെ പ്രസരണം കുറക്കാനെങ്കിലും. പോസിറ്റീവ് താങ്കൾ ആവണമെന്ന് എനിക്ക് നിർബന്ധിക്കാൻ കഴിയില്ലല്ലോ?

********

പിന്നെ ലോ കോളേജിനെ കുറിച്ച ഞാൻ എഴുതിയ ബ്ലോഗും അതിലെ ഉള്ളടക്കവും. അത് ചില വാസ്തവം മാത്രമാണ്. അതിൽ ആരെയും വ്യക്തിപരമായി മോശമായി കൈകാര്യം ചെയ്തിട്ടില്ല. ലോ കോളേജ് ക്യാമ്പസിനെ കുറിച്ച്. പിന്നെ ഗെറ്റ് ടുഗെദറിലെ അക്ഷരത്തെറ്റിനെ കുറിച്ചും.

പിന്നെ ലോ കോളേജ് സ്നേഹത്തെ കപട ദേശീയ വാദികളുടെ രാജ്യസ്നേഹം പോലെ നിലനിർത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. അതെനിക്കൊരു അജണ്ട അല്ല. നിങ്ങള്ക്ക് അങ്ങിനെ ആവുന്നുണ്ടോ എന്നെനിക്കറിയില്ല. ചില ഹാലിളക്കം അതിനെ ചുറ്റിപ്പറ്റി കാണുമ്പോൾ.

പലരും കടന്നു പോകുന്ന ഒരു ഇടവഴി മാത്രമാണത്. പക്ഷെ നിങ്ങളിൽ ചിലർക്ക് അതൊരു അജണ്ടയും വികാരം ഇളക്കി വിടാനുള്ള ആയുധവും ആയത് പോലെ തോന്നുന്നു.. എനിക്ക് ലോ കോളേജിനേക്കാൾ വലുത് സുഹൃത്തുക്കളും ജീവിതവും ആണ്. സുഹൃത്തുക്കൾ എനിക്ക് ശുദ്ധവായുവും വെളിച്ചവും കൊണ്ട് വരുന്ന, വരേണ്ട, ജാനാലകൾ ആണ്. അല്ലെങ്കിൽ അടഞ്ഞു ഇരുട്ട് പിടിച്ചു ശ്വാസം മുട്ടി നിൽക്കുന്ന മുറിയായ ഓരോരുവനിലും. സുഹൃത്തുക്കൾ അങ്ങിനെയാവണം. ഏട്ടിലെ പശു പോലെ മാത്രമല്ലാതെ.

അതിനാൽ തന്നെ താഴെ ലിങ്ക് കൊടുത്തിട്ടുള്ള ആ അഞ്ചു പോസ്റ്റുകളും (ഇതടക്കം ആറെണ്ണം) മുഴുവൻ വായിച്ചവർക്കു ആർകെങ്കിലും സംശയം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നതേ ഇല്ല. സന്ദർഭത്തിൽ നിന്നും അടർത്തി അതും ഇതും അവതരിപ്പിച്ചാൽ ഒഴികെ. അതിനാൽ തന്നെ താങ്കളും ഹാഫിസും അല്ലാത്ത ആരും ഒറിജിനൽ ആയി അതിനെ വിമർശിച്ചതും കണ്ടിട്ടില്ല.

ലോ കോളേജ് സ്നേഹം നിങ്ങള്ക്ക് കപട ദേശീയ വാദികളുടെ കയ്യിലെ രാജ്യം പോലെ ആവാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. എല്ലാവരെയും രാജ്യദ്രോഹികളാക്കുന്ന രാജ്യ സ്നേഹം പോലെയും. ഹിദുത്വത്തെ കൊല്ലുന്ന ഹിന്ദുത്വ സ്നേഹം  പോലെ. ഹൈന്ദവത എന്നത് ഹൈന്ദവതയുടെ നിരാസം ആവുന്നത് പോലെ. മണ്ടൻ എന്ന് വിളിച്ചാൽ മണ്ട ഇല്ലാത്തവൻ എന്ന് ആവുന്നത് പോലെ തന്നെ..

അതിനാൽ തന്നെ ചുവടെ ലോ കോളേജുമായി ബന്ധപ്പെട്ട മുഴുവൻ പോസ്റ്റുകളുടെയും ലിങ്ക് താഴെ കൊടുക്കുന്നു.

https://intuitionofthewomb.blogspot.com/2018/11/blog-post_3.html

https://intuitionofthewomb.blogspot.com/2018/11/blog-post.html

https://intuitionofthewomb.blogspot.com/2018/10/blog-post_18.html

https://intuitionofthewomb.blogspot.com/2018/10/blog-post_7.html

No comments: