Saturday, November 3, 2018

സുമൻ, ഇവിടെ ആരും ആരെയും സുഖിപ്പിച്ചില്ലല്ലോ?

സുമൻ, താങ്കൾ ആത്മീയതയെ ആശ്ലേഷിച്ചു നില്കുന്നവനാണെന്നത് താങ്കളുടെ കമെന്റുകളിൽ ഭംഗി ചേർക്കുന്നുണ്ട്. താങ്കളോട് എപ്പോഴൊക്കെ വിഷയാസ്പദമായി നേരിൽ സംസാരിച്ചുവോ അപ്പോഴൊക്കെ നല്ല ആഴവും പരപ്പും ഇയ്യുള്ളവൻ അനുഭവിച്ചിട്ടുമുണ്ട്. താങ്കളുടെ വിശദീകരണങ്ങൾ കേട്ട് ശരിക്കും അന്താളിച്ചും പോയിട്ടുണ്ട്. അതിനാൽ വെറുപ്പും അനിഷ്ടവും തോന്നില്ലെങ്കിൽ ഒന്നുണർത്തികൊള്ളട്ടെ? വ്യക്തിപരമായി പറയുന്നു എന്നതിന് പകരം അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് പോലെയേ കണക്കാക്കാവൂ.

സുമൻ, ഇവിടെ ആരും ആരെയും സുഖിപ്പിച്ചില്ലല്ലോ? സുഖിക്കാനും സുഖിപ്പിക്കപ്പെടാനും മാത്രം ഒന്നും ഇവിടെ ഇല്ലല്ലോ? ഒരു രഹസ്യ അജണ്ട ഇവിടെ ആര്ക്കും ഇല്ലല്ലോ? അങ്ങനെ ഒരു അജണ്ട വെച്ചു നേടേണ്ട നിക്ഷ്പത താല്പര്യങ്ങളും ഇവിടെ ഇല്ലല്ലോ? അങ്ങനെ അജണ്ട ഉള്ളവർക്കല്ലേ മറ്റുള്ളവരിലും അത് തോന്നേണ്ടതുള്ളൂ?

എന്നിരിക്കെ വ്യക്തിപരമായി അവഹേളിക്കുന്നത് ശരിയാണോ? "നിന്നെ സുഖിപ്പിച്ചത് കൊണ്ടാണോ" എന്നൊക്കെ ചോദിക്കുന്നത്. അങ്ങനെ പറയുമ്പോൾ അതിൽ ഒരു കൊച്ചാക്കലില്ലെ? സൗഹൃദം കൊണ്ടാണെന്നൊക്കെ പറയാം. എന്നാലും അതിൽ ഒരു സംസ്കാരത്തിന്റെ പ്രശ്നം ഇല്ലേ? പ്രത്യേകിച്ചും ചില വ്യക്തികൾക്കെതിരെ മാത്രം സൗഹൃദത്തെ ഉപയോഗിച്ച് പോകുന്നുണ്ടെകിൽ.

മറ്റൊരു ഇടവേളയിൽ സംഗീതയും സജേഷ് ഭാസ്ക്കരിനോട് ഇതുപോലെ മറ്റൊരു ചോദ്യം ചോദിച്ചു. ഹാഫിസ് ഇത് പോലെ ചോദിക്കുന്നത് പലപ്പോഴും പതിവാക്കിയത് പോലെയാണ്. ഉത്തരം മുട്ടുമ്പോഴൊക്കെ അടിച്ചിരുത്താൻ. സുഹൃത്തുക്കൾ എന്ത് കൊണ്ടോക്കെയോ പരസ്പരം പിന്തുണച്ചാൽ ഹാഫിസിനു അത് വക്കാലത് ഏറ്റെടുത്തത് പോലെ എന്ന് തന്നെ കരുതേണ്ടി വരുന്നത് അതിനാൽ തന്നെയാണ്.

ഹാഫിസിന്റെ കാര്യത്തിൽ, അവൻ പോലും അറിയാതെ, ഏകസത്യാവാദം നൽകുന്ന അസഹിഷ്ണതയാണ് അങ്ങനെ പറയിക്കുന്നത്. അത് സമര്ഥിക്കുന്നതിൽ പലയിടത്തും വേണ്ടത്ര സാധിക്കാഞ്ഞാൽ, അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെ. വലിയ കുറ്റം പറയാനില്ല.

അതല്ലെങ്കിൽ നമുക്കിടയിൽ ഏറ്റവും നല്ല പ്രകൃതത്തോടെ സ്വീകാര്യനായവൻ തന്നെയാണ് ഹാഫിസ്. കളിയും ചിരിയും നർമവും കുട്ടിത്തവും എല്ലാം ഒരുപോലെ നിറഞ്ഞു തുളുമ്പി നിൽക്കുന്നവൻ. വിശ്വാസപരമായ കെണി മാത്രമേ ഹാഫിസിനെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിക്കുന്നുള്ളു. അതുറപ്പാണ്. ഹാഫിസ് എന്ന വ്യക്തി അപ്പോഴും ക്ലീൻ തന്നെയാണ്. പാത്രമാണ്, അതിൽ വെച്ച ഭക്ഷണം മാത്രമേ മോശമായിട്ടുള്ളൂ.

പക്ഷെ, സുമന്റെയും സംഗീതയുടെ കാര്യവും കഥയും അതല്ലല്ലോ? വിശ്വാസപരമായ അത്തരം സങ്കുചിതത്വമൊന്നും അലട്ടുന്നവർ അല്ലാല്ലോ നിങ്ങൾ രണ്ട് പേരും? സുമൻ ആണെങ്കിൽ ആത്മീയതയുടെ നിറവ് അറിയുന്നവനും, വിട്ടു വീഴ്ചയുടെ വഴികളെ തൊട്ടറിയുന്നവനും ആണ്.

മറ്റൊരു വ്യക്തിയിലേക്കും അയാളുടെ വ്യക്തിത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വ്യക്തിത്വ ഭദ്രതയിലേക്കുമുള്ള കടന്നു കയറ്റമല്ലേ അങ്ങനെയുള്ള പറച്ചിൽ? വിഷയ സംബന്ധിയായി മറ്റൊന്നും പറയാനില്ലാത്തപ്പോൾ ഒരുതരം അടിച്ചിരുത്താനുള്ള ശ്രമം. അതാണോ സുമൻ അതിലെ ശരി? ഇത് പറയുമ്പോഴും താങ്കൾ കോപിക്കില്ലെന്നു കരുതുന്നു.

താങ്കൾക്കുള്ള വ്യക്തിത്വവും സ്വാതന്ത്ര്യവും അഭിമാനബോധവും തന്നെ എല്ലാവർക്കും ഉണ്ടെന്നു കരുതേണ്ടേ? വിഷയത്തിൽ വിഷയമല്ലാതെ pinne അങ്ങനെ പറയേണ്ടതുണ്ടോ? സൗഹൃദത്തിലെ മാധുര്യത്തെ ഹനിച്ചും ചോർത്തിയും കളയുന്ന ഒരു പറച്ചിൽ.

ഉള്ള ഗുണങ്ങൾ വെച്ച് സംസാരിക്കുന്നതു സുഖിപ്പിക്കൽ ആണെന്ന നെഗറ്റീവ് അപ്പ്രോച്ച് എന്തിനാണ്? അത് ശരിയാണോ? അതാണോ നമുക്ക് വേണ്ടത്? മറ്റൊരു അർത്ഥത്തിൽ നമ്മളിലുള്ള നെഗറ്റീവ് മറ്റുള്ളവരിൽ പ്രതിബിംബിച്ചു കാണലും ആരോപിച്ചു പറയലും അല്ലെ അത്? യഥാർത്ഥത്തിൽ നമ്മൾ അങ്ങനെയൊക്കെ ആണെന്ന് സമ്മതിക്കുന്നത് പോലെ. അതല്ലെങ്കിൽ ആരും ആരെയും അംഗീകരിക്കാനും അഭിന്ദിക്കാനും പാടില്ലാത്തത്ര പിശുക്കരും സങ്കുചിതരും ആവണമെന്നു ഉപദേശിക്കുന്നത് പോലെ.

സുമൻ, എല്ലാവരിലുമുള്ള നന്മയെ നാം കാണുന്നു, കാണണം. അംഗീകരിക്കുന്നു, അംഗീകരിക്കണം. നന്മയെ പരസ്യമായും അംഗീകരിക്കണം. തിന്മയെ രഹസ്യമായി തിരുത്തുകയും വേണം. അതല്ലേ അതിന്റെ ഒരു ശരി. അത് സുമനിലായാലും മാറ്റ് ആരിലായാലും.

സുമൻ, നന്മയെ അംഗീകരിക്കുക എന്നത് ഒരു ശരിയായ ഏർപാടല്ലേ? അംഗീകരിച്ചു കൊണ്ട് തന്നെയല്ലേ നന്മ വളരുന്നത്‌, നന്മയെ വളർത്തേണ്ടത്? അല്ലാതെ അവഗണിച്ചു കൊണ്ടാണോ? . അംഗീകാരം വളർച്ചയ്ക്കുള്ള വെള്ളവും വായുവും വെളിച്ചവുമെല്ലെ? തട്ടാൻ ഉലയിലെ തീയിനെ ഊതിക്കാച്ചി വലുതാകുന്നത് കണ്ടിട്ടില്ലേ, സുമൻ? തിന്മയെ അവഗണിക്കുകയോ തിരുത്തുകയോ എന്നതും അത് പോലെ തന്നെ. അപ്പോഴും വ്യക്തിയെ നോക്കാതെ. വ്യക്തിപരമായി കാണാതെ.

തിന്മയുള്ളവനെയല്ല വെറുക്കുന്നത്, വെറുക്കേണ്ടത്. പകരം തിന്മയെ മാത്രമാണ്. കുപ്പിയെ അല്ല, കള്ളിനെ മാത്രം. നന്മയുടെ കാര്യത്തിലും അങ്ങനെ തന്നെ. അതും വ്യക്തിപരമല്ല.

കുപ്പിയെ കള്ള് കുപ്പിയെന്നും മരുന്ന് കുപ്പിയെന്നും വിളിച്ചു പോകുന്നത് പോലെ വ്യക്തിപരമായിപ്പോകുന്നതും തോന്നുന്നതുമാണ്. അല്ലാതെ അതിനപ്പുറം ഒന്നുമില്ല സുമൻ. നമ്മൾ നമ്മുടെ അസൂയയെയും അറിവുകേടിനെയും അല്പത്വത്തെയും പേടിയെയും ആദര്ഷമായി കാണിക്കാൻ ഇടവരരുത്. അതാണ്‌ പലപ്പോഴും സംഭവിക്കുന്നത്.

മാത്രമല്ല, ചിലതു നമുക്കക്കില്ലെന്നു വെച്ചു, മറ്റുള്ളവരെയും അങ്ങനെ കരുതാമോ, അടച്ചാക്ഷേപിക്കാമോ?

പ്രവാചകന്റെ ഒരു വചനം മാത്രം ഓര്മ വരുന്നു "നാണമില്ലെങ്കിൽ എന്തും ചെയ്തോളൂ" എന്ന്. ആ ഗണത്തിൽ നാം പെട്ട് പോകാമോ?

No comments: