Wednesday, November 28, 2018

ജീവിതത്തിന്റെ ആത്മീയതയും ഭൗതികതയും ജീവിതം തന്നെ, ജീവിതം കൊണ്ട് തന്നെ. ജീവിച്ചു കൊണ്ട് തന്നെ.

ജീവിതം ജീവിക്കാൻ തന്നെ പാട്.
ജോലി, (വിവാഹം), പ്രജനനം, കുഞ്ഞുങ്ങൾ.
അതിനപ്പുറത്തേക്കൊരു മാനവും കമാനവും ഇല്ല.
ഉള്ളത് വെറും മനോവിലാസം.


*******

Question: അത് വെറുതെ Mr. റഹീമിന് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് തോന്നുന്നതാണ്..... ലോകത്തു പലവിധ വിപ്ലവങ്ങളും നടത്തിയത് ആ പറഞ്ഞ മനുഷ്യർ തന്നെയായിരുന്നു..... എന്തെങ്കിലും ഭൂമിയിൽ അടയാളപ്പെടുത്തിയിട്ട് പോകാൻ ശ്രമിക്കൂ സഹോ......

Answer: സുഹൃത്തേ, ഒരു വസ്തുത പറഞ്ഞതാണ്. വെറും വസ്തുത. ഈ വസ്തുതക്കപ്പുറത്തേക്കോന്നും ഒരു വിപ്ലവവും പോയിട്ടില്ല. നടന്നെന്നു താങ്കൾ വിചാരിക്കുന്ന എല്ലാ വിപ്ലവങ്ങളും ഈ വസ്തുത സാധൂകരിക്കുന്ന, ഈ  വസ്തുതക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംഗതികൾ മാത്രം.

വസ്തുതയും വാസ്തവവും ആർക്കും വേണ്ട. പകരം സ്വപ്നങ്ങളും സങ്കല്പങ്ങളും മാത്രം. അതിനാൽ കുറെ വിശ്വാസങ്ങളും. അവരറിയുന്നില്ല വെറും വസ്തുതയോടൊപ്പവും വാസ്തവത്തിലും അവരുടെ, അവർക്കു വേണ്ട സത്യം ഉണ്ടെന്നു. ദൈവം കുടിയിരിക്കുന്നുവെന്നു. അവരിലൂടെ നടക്കുന്ന ഓടുന്ന സത്യവും ദൈവവും.

താങ്കൾ തന്നെ എത്ര കാലമായി ജോലി ചെയ്യുന്നു?
എന്തിനു?
കാര്യമായും കുടുംബം പോറ്റാൻ.
കുടുംബം ഉണ്ടായതു വിവാഹം കൊണ്ട്.
വിദ്യാഭ്യാസം നേടി എന്ന് പറയുന്നു.
എന്തിനു?
എന്തെങ്കിലും ജോലി കിട്ടാൻ, നേടാൻ.

മഹാഭൂരിപക്ഷവും ജീവിക്കുന്നത് ഇങ്ങനെയല്ലെന്നു താങ്കൾക്കു തോന്നിയോ? അവർക്കു ജീവിതം രണ്ടറ്റം മുട്ടിച്ചു ജീവിച്ചു തീർക്കുക തന്നെ പാട്. ജീവിതം ഉണ്ടാക്കിക്കൊടുക്കുന്ന ഒരു വാശി കൊണ്ട് മാത്രം എന്തിനെന്നില്ലാതെ അവർ  ജീവിക്കുന്നു. ഒരു പക്ഷെ മഹാഭൂരിപക്ഷവും മരിക്കാനുള്ള പേടികൊണ്ട് മാത്രം ജീവിക്കുന്നു, ജീവിക്കാൻ തീരുമാനിക്കുന്നു.

മഹാഭൂരിപക്ഷത്തിനും ജീവിതം ഒരു വൃത്തം തന്നെ രൂപപ്പെടുത്തുന്നു. ജീവിക്കാൻ തൊഴിലെടുക്കുന്നതായി തോന്നും. ഫലത്തിൽ തൊഴിലെടുക്കാനായി ജീവിക്കുന്നത് പോലെ ആയിത്തീരും. അവസാനം തൊഴിലിലൂടെ മാത്രം ജീവിക്കുന്നതായി. തൊഴിലില്ലെങ്കിൽ താനില്ലെന്ന മട്ടിൽ.

എങ്ങനെ വന്നാലും ജീവിച്ചുകൊണ്ടും ജീവിക്കാൻ വേണ്ടി തൊഴിലെടുത്തും ധർമം രൂപപ്പെടുന്നു, ചെയ്യപ്പെടുന്നു. ജീവിതം ജീവിതത്തിനു വേണ്ട ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കി എല്ലാ ഒരുവനെ കൊണ്ടും ധർമം ചെയ്യിക്കുന്നു.

വണ്ടി ഓടിക്കാൻ പെട്രോൾ അടിക്കുന്നു. അടിച്ച പെട്രോൾ മുതലാക്കാനും ഇനിയുള്ള പെട്രോൾ വാങ്ങാനുള്ള പൈസ ഉണ്ടാക്കാനും വേണ്ടി വണ്ടി ഓടിക്കുന്നു. ഇതിനിടയിൽ വണ്ടി കൊണ്ട് നടക്കേണ്ട ധർമം നടക്കുന്നു. ഈ ഒരു വൃത്തത്തിൽ ജീവിതം. വണ്ടി നടത്തുന്ന ധർമം പോലെ, മനുഷ്യനും ഓരോ ജീവിയും അതാതിന്റെ ധർമം നിർവഹിക്കുന്നു.

വിശ്വാസവും ആത്മീയതയുമൊക്കെ ആരോ പറഞ്ഞത് പോലെ. ജീവിതം സുരക്ഷിതമാക്കാൻ, ഭൗതികമായത് നേടാൻ,  ജീവിതം മുഴുക്കെ വിദ്യ അഭ്യസിക്കുകയും ജോലി ചെയ്യുകയും തന്നെയാണ് മഹാഭൂരിപക്ഷവും കാര്യമായും ചെയ്യുന്നത്. അത് തന്നെയാണ് നമ്മുടെ ജീവിതത്തിലെ പ്രധാന പരിപാടി. ഒരു ആത്മീയതയും വിശ്വാസവും അറിവ് തേടലും അല്ല.

ഭൗതികം ആരെങ്കിലും പറഞ്ഞിടത്തു (അത് പറഞ്ഞത് മുഹമ്മതായാലും യേശുവായാലും ബുദ്ധനായാലും) നിർത്താനുള്ള ഉദ്ദേശവും പരിപാടിയും നമുക്കുണ്ടാവില്ല.

അതെ സമയം വിശ്വാസം ആരോ എപ്പോഴോ പറഞ്ഞിടത്തു നിർത്തി ആലസ്യം പൂകാൻ നാം വല്ലാതെ ഉൽസുകാരുമാണ്.

ഇനി താങ്കൾ കുട്ടികളെ പഠിപ്പിക്കുന്നു, വളർത്തുന്നു.
എന്തിനു?
തൊഴിൽ നേടാൻ.
എന്നിട്ടോ?
അവരെ  വിവാഹാം കഴിപ്പിക്കാൻ.
എന്നിട്ടോ?
വീണ്ടും പ്രജനനം നടത്തിപ്പിക്കാൻ.

അങ്ങനെ തൊഴിൽ, വിവാഹം, പ്രജനനം, കുട്ടികൾ എന്ന വൃത്തം ഉണ്ടാക്കി അതിൽ സ്വന്തത്തെയും സ്വപ്നങ്ങളെയും പ്രതിബിംബിക്കാനും തെളിയിക്കാനും ശ്രമിക്കുന്നു.  അങ്ങനെയങ്ങു പോകുന്ന പരിപാടിക്ക് ജീവിതം എന്ന പേരും.

അതിനപ്പുറം ഒരു മാനവും കമാനവും ആരും ജീവിതത്തിനു ഉണ്ടാക്കിയിട്ടില്ല. അഥവാ നടപ്പിലാവുന്ന മാനവും നടന്നു പോകുന്ന കമാനവും ഇത് മാത്രമാണ്.

ഉണ്ടാക്കിയെന്ന് താങ്കൾ പറയുന്ന എല്ലാ വിപ്ലവങ്ങളും ഇത് സാധിപ്പിച്ചു കൊടുക്കുന്നേടം വരെ തന്നെയേ എത്തിയിട്ടുള്ളു. എല്ലാ കണ്ട് പിടുത്തങ്ങളും ഇത് കൂടുതൽ ആസ്വാദ്യകരമാക്കുന്ന ഇടത്തോളവും.

അല്ലാത്ത എന്തോ വലിയ വിപ്ലവം എവിടെയോ നടന്നെന്നു താങ്കൾ ഊഹിക്കുന്നു.

നടന്നെങ്കിൽ നല്ലത്. ആ ഊഹം താങ്കളെ ആശ്വസിപ്പിക്കട്ടെ.

ഇയ്യുള്ളവൻ അങ്ങനെയൊരു വിപ്ലവവും എവിടെയും കണ്ടില്ല.

രാഷ്ട്രീയമായ മാറ്റങ്ങളൊന്നും ഈ പറഞ്ഞ വസ്തുതയെ മാറ്റുന്നതല്ല. രാഷ്ട്രീയവും ശാസ്ത്രവും ഉണ്ടാക്കുന്ന എല്ലാ മാറ്റങ്ങളും ഈ വസ്തുത കൂടുതൽ എളുപ്പമുള്ളതും സൗകര്യപ്രദവും സുരക്ഷിതവും ആക്കുന്നതു മാത്രം. ശാസ്ത്രവും രാഷ്ട്രീയവും അതിൽ ഏർപെട്ടവർക്ക്  മറ്റൊരു തൊഴിൽ മാത്രവും. സ്വന്തത്തെ ജീവിതത്തിൽ തെളയിച്ചെടുക്കാൻ ഓരോരുത്തനും ഓരോരോ മാർഗം കാണുന്നു, ശ്രമിക്കുന്നു എന്ന് മാത്രം.

എന്ന് വെച്ചാൽ ജീവിതത്തിന്റെ ആത്മീയതയും ഭൗതികതയും ജീവിതത്തിന്റെ, ഈ മേൽ പോസ്റ്റിൽ ഇട്ട, വസ്തുതയിൽ തന്നെ ചേന്നമർന്നു നില്കുന്നതെ ആവൂ എന്നർത്ഥം. ജീവിവത്തിന്റെയും ജീവിക്കുന്നവന്റെയും ധർമ്മവും ധാർമികതയും ജീവിതം കൊണ്ട് തന്നെ രൂപപ്പെടുന്നു. സ്വാർത്ഥത പോലും ധർമം ആകുന്നു. ഓരോരുത്തനെ കൊണ്ടും അവൻ ചെയ്യേണ്ട ധർമം ചെയ്യിക്കാനുള്ള വിദ്യ, തന്ത്രം. പ്രകൃതിയുടെ, ദൈവത്തിന്റെ, ജീവിതത്തിന്റെ  ഒരു ഹയർ മാനേജ്‌മന്റ്. അങ്ങനെ ആന്ധ്രായിലെ കർഷകനും നാട്ടിലെ കച്ചവടക്കാരനും കല്പണിക്കാരനും ചെയ്യേണ്ടത് ചെയ്യുന്നു. ലോകത്ത് നടക്കേണ്ടത് നടക്കുന്നു. എന്റെയും നിങ്ങളുടെ ടേബിളിൽ എത്തേണ്ടത് എത്തുന്നു. വണ്ടി ഓടുന്നു. റോഡ് ഉണ്ടാവുന്നു.

ഈ വസ്തുതയെ ഒന്ന് തച്ചുടക്കാൻ ശ്രമിച്ചവർ കുടുംബത്തെ നിഷേധിച്ചവർ മാത്രമാണ്. ഒരു വേള, ഒരളവോളം. സന്യാസിമാരും ബുദ്ധനും മാർക്‌സും ഒക്കെ. ഒരുപക്ഷെ  അങ്ങനെ പറഞ്ഞ അവർ അവരുടെ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടാവാം. പക്ഷെ ജനങ്ങളിൽ വിജയിച്ചില്ല. അവർ പറഞ്ഞു. ജനങ്ങൾ അത് ആഘോഷിച്ചു, ഇപ്പോഴും ആഘോഷിക്കുകയും ചെയ്യുന്നു. പക്ഷെ നായയുടെ വാൽ വളയും പോലെ ജനങ്ങൾ ഒരിടതടവും ഇല്ലാതെ ഈ മേൽ പോസ്റ്റിൽ പറഞ്ഞ വസ്തുത മാത്രം ശരിയെന്ന മട്ടിൽ ഈ വസ്തുതയിലേക്കു മാത്രമായി ജീവിതത്തെ ചുരുക്കുന്നു.

ജീവിതം മാത്രം, അങ്ങിനെ ഈ വസ്തുത  പ്രായോഗികമാക്കി, തുടരുന്നു. ജീവിതം കൊണ്ട് സാധിക്കാൻ ജീവിതമല്ലാത്ത മറ്റൊന്നും ഇല്ല, ഉണ്ടാവില്ല എന്ന മട്ടിൽ. ജീവിതത്തിന്റെ ആത്മീയതയും ഭൗതികതയും ജീവിതം തന്നെ, ജീവിതം കൊണ്ട് തന്നെ. ജീവിച്ചു കൊണ്ട് തന്നെ.

ഇനി ഈ വസ്തുത പറഞ്ഞത് ഇയ്യുള്ളവനായി എന്നത് ആണോ താങ്കളുടെ പ്രശ്നം? എങ്കിൽ വേറെ ആരെങ്കിലും പറഞ്ഞു എന്ന് കരുതിയാൽ മതി. സത്യം ഇയ്യുള്ളവന്റെ മാത്രം സ്വത്തല്ല. എല്ലാവരുടേതുമാണ്. ഇയ്യുള്ളവൻ പറയാനിടയാവുന്നു എന്ന് മാത്രം. മറ്റാരെയും പോലെ. ഒരു കനാലിലൂടെ എന്ന പോലെ.

ഇയ്യുള്ളവനെ അങ്ങ് മറന്നു കളയുക. ഇയ്യുള്ളവൻ പറയുന്നതാണ് ഒരു ശരിയായ വസ്തുത  തെറ്റാവാൻ നിര്ബന്ധമായ ന്യായം എന്നുണ്ടെങ്കിൽ. ഇയ്യുള്ളവൻ പറഞ്ഞാൽ ശരിയും തെറ്റാവും എന്ന മുൻവിധി ഉണ്ടെങ്കിൽ.

ആരോടുമുള്ള വെറുപ്പ് അവരോടു അനീതി കാണിക്കാൻ താങ്കളെ പ്രചോദിപ്പിക്കരുത്. പ്രത്യേകിച്ചും ഏതോ ഒരു വിശ്വാസത്തെ എന്ത് വില കൊടുത്തും (ശരി തെറ്റുകൾ നോക്കാതെ) സംരക്ഷിച്ച മതിയാവൂ എന്ന ബോധം താങ്കളെ  അങ്ങനെ അനീതി കാണിക്കാൻ ഇടവരുത്തരുത്.

ശരി ആര് എപ്പോൾ പറഞ്ഞാലും ശരി. തെറ്റ് ആര് എപ്പോൾ പറഞ്ഞാലും തെറ്റ്. വ്യക്തമായ ന്യായങ്ങൾ കൊണ്ടും കാര്യങ്ങളേ കൊണ്ടും.

സന്ദർഭവും സാഹചര്യവും ഒരു തെറ്റിനെ ശരിയും ശരിയെ തെറ്റും ആക്കുകയും ചെയ്യും.

No comments: