Thursday, November 1, 2018

സാജേഷ് ഭാസ്കർ. എന്തൊരു സുഖം? എന്തൊരു നല്ല മറുപടി?

പ്രിയ സുഹൃത്തേ, സാജേഷ് ഭാസ്കർ. എന്തൊരു സുഖം? എന്തൊരു നല്ല നല്ല മറുപടി? വളരെ സുന്ദരമായ ഉദാഹരണങ്ങളോട് കൂടിയ ഒരപഗ്രഥനം. വളരെയധികം നന്ദി. ഇത്ര നല്ല മറുപടി നൽകി വിരുന്ന് ഊട്ടിയതിനു.

ഞാനും രണ്ട് മൂന്നു ദിവസം ഇവിടെ ഇല്ലാതെ പോയി. പന്ത്രണ്ട് വയസ്സുകാരൻ മകനെ ചെന്നൈയിൽ ക്രിക്കറ്റ് ക്യാമ്പിൽ കൊണ്ടാക്കാൻ പോയതായിരുന്നു. സ്റ്റേറ്റ് ടീമിന്റെ കാമ്പിൽ. ഇടയ്ക്കു സുമന്റെ ഒരു നല്ല കമന്റ് കണ്ട് അതിൽ ഒന്ന് തട്ടുകയും ചോറ്റുകയും ചെയ്തു. അതല്ലെങ്കിൽ ഈ ഇടവേളയിൽ എഫ് ബി യിൽ  നിഷ്ക്രിയം.

സാജേഷ് ഭാസ്കർ, നല്ല സിദ്ധിയുള്ള എഴുത്ത്. സമ്മതിച്ചിരിക്കുന്നു, സാജേഷ് ഭാസ്കർ, താങ്കളുടെ അവതരണ മികവ്. നല്ല വ്യക്തത. സത്യമായും മറുപടിയെന്ന നിലക്ക് തിരിച്ചൊന്നും പറയാനില്ലാത്ത അത്ര നല്ല മറുപടി. എന്നാലും സൗഹൃദത്തിന്റെ തുടർച്ചക്കു വേണ്ടി മിണ്ടുകയും പറയുകയും, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ നടത്തുകയും ശ്വാസോഛ്വാസം നടത്തുകയും വേണമല്ലോ? അതിനാൽ ചിലതു. സൗഹൃദത്തിന്റെ ജീവൻ നിലനിൽക്കാൻ. ശരീരം മരിക്കാതിരിക്കാൻ. ജീർണിക്കാതിരിക്കാൻ.

ശരിയാണ്, താങ്കൾ പറഞ്ഞ പോലെ എല്ലാം ആപേക്ഷികമാണ്. ആപേക്ഷികമാണെന്നു പറയാൻ തന്നെയേ എന്നും ശ്രമിച്ചുള്ളൂ. ഏകപക്ഷീയമായി പറയപ്പെടുന്ന ഏകസത്യാവാദം ശരിയല്ലെന്ന്. അങ്ങനെ പറയുന്നു, ശ്രമിക്കുന്നു എന്നതാണ് ഏകസത്യാവാദം പറയുന്നവരുടെ ശത്രുപട്ടികയിൽ പെടുത്തുന്നതും,  ഇയ്യുള്ളവന് നേരെ വ്യക്തിഹത്യയിലേക്കു അവരെ പോകാൻ പ്രേരിപ്പിക്കുന്നതും. ചിലരുടെ എപ്പോഴുമുള്ള പ്രതികരണം കണ്ടാൽ സാജേഷിനും അത് മനസിലാവും. അതുകൊണ്ട് തന്നെയാണ് ഇതിനു തൊട്ടു മുൻപ്  "ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. (ഖുർആൻ)" എന്ന പോസ്റ്റ് ഇടാൻ നിബന്ധിതമായതും. മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ.

ഓരോരുത്തന്റെയും വിതാനത്തിനും മനോഗതിക്കും അനുസരിച്ചാണ്, സ്ഥലത്തിനും കാലത്തിനും അവസ്ഥക്കും അനുസരിച്ചാണ് ശരിയും തെറ്റും സത്യവും അസത്യവും ഒക്കെ. കുഞ്ഞിന് ബാധകമായതല്ല മുതിർന്നവർക്ക്. അങ്ങനെ മാറിമറയേണ്ട തെറ്റുകളും ശരികളും തന്നെയേ ഉള്ളൂ, ഉണ്ടാവേണ്ടതുള്ളൂ... ഒന്നും ഇരുമ്പുലക്ക പോലെയല്ലാതെ. അത് ആര് പറഞ്ഞാലും.

ഭക്ഷണവും മരുന്നും വസ്ത്രവും വരെ അങ്ങനെയാണ്. എന്നേക്കുമായി ഒരേ വസ്ത്രവും ഭക്ഷണവും മരുന്നും ഇല്ല. പരിഹാരങ്ങളും അപ്പടി തന്നെ. ആരോ എന്നോ പറഞ്ഞത് എന്നും എപ്പോഴും ഒരുപോലെ ബാധകമല്ല.

സാജേഷ് ഭാസ്കർ, ഇയ്യുള്ളവനും ഏകപക്ഷീയമായ ശരിയെന്ന നിലക്ക് ഒന്നും പറഞ്ഞിട്ടില്ല. ഓരോരുവനും അവനവന്റേതായ ശരി ഇല്ലെന്നും അർത്ഥമില്ല. അവനവനു മനസിലായത്, ഇപ്പോൾ സാജേഷ് അവതരിപ്പിച്ചത് പോലെ തന്നെ.

സാജേഷ് ഭാസ്കർ, താങ്കൾ പറഞ്ഞതിൽ ഒട്ടും തെറ്റില്ല. ഇതുപോലുള്ള പ്രതികരണം തന്നെയാണ് വേണ്ടത്. ഇത് തന്നയാണ് ആരോഗ്യകരമായ ചർച്ചയും ചർച്ചയുടെ ഉദ്ദേശിച്ച പുരോഗതിയും.

സുമനും വളരെ നല്ല അപഗ്രഥനം തന്നെയായിരുന്നു നടത്തിയത്. താങ്കളുടെ പോസ്റ്റിനു താഴെ. ഭംഗിയായ ആവിഷ്കാരത്തോടെ, ഒരു കുറ്റവും പറയാനില്ലാത്ത വ്യക്തിപരത കലരാത്ത മറുപടി. ആവിഷ്കാര വൈഭവം നിറഞ്ഞ മറുപടി. പരസ്പര ബഹുമാനം നിറഞ്ഞു തുളുമ്പിച്ചു കൊണ്ട്. എന്നാൽ പറയാനുള്ളത് മുഴുവനും പറഞ്ഞു കൊണ്ടും. അത് കൊണ്ട് തന്നെ തിരിച്ചു ഒന്നും പറയാനുണ്ടായിരുന്നില്ല. ഒരു ലൈക് ഇട്ടു.

ലൈക് ഇടുമ്പോൾ വകതിരിവ് അല്ലെങ്കിലും കാണിക്കാറില്ല. വെറുതെ ഇടുന്ന ലൈക്-ൽ വരെ വകതിരിവ് ആണ് പലർക്കും. എഫ് ബി വെറുതെ കൊടുത്തത് വരെ അവർ വിധ്വേഷവും മുൻധാരണയും വെച്ച ഉപയോഗിക്കുന്നു. വകതിരിച്ചുള്ള പകപോക്കലാണ് കാര്യമായും. എന്ത് പറയാൻ. തമാശ തോന്നുന്നു. ചിരിയും വരും. വാലാട്ടി പക്ഷികളെ കുറിച്ച നാം ആരോപിച്ചു പറയുന്നത് അപ്പോൾ തോന്നും. "തന്റെ വാല് കുലുങ്ങുമ്പോൾ പ്രപഞ്ചം മുഴുവൻ കുലുങ്ങുന്നുവെന്നു" അതിനു തോന്നുന്നു എന്ന്.

വ്യക്തിപരമായ അവഹേളനമല്ലല്ലോ ചർച്ചയുടെ മുഖവും കൂരമ്പും. സമ്മതിക്കാം, വിസമ്മതിക്കാം. കാരണങ്ങൾ നിരത്തി. ന്യായവാദങ്ങൾ പറഞ്ഞു കൊണ്ട്. ആർക്കും ആരുടെ പക്ഷത്തും നിൽക്കാം. വക്കാലത്ത് ഇല്ലാതെ, വേണ്ടാതെ. ബുദ്ധിപരമായ അവലോകനം മാത്രം. തോക്കുമ്പോൾ, അല്ലെങ്കിൽ ചർച്ചക്ക് സാധിക്കാതാവുമ്പോൾ  അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടല്ലല്ലോ ചർച്ചയിലും മറുപടിയിലും വേണ്ടത്? വ്യക്തിപരത തീണ്ടരുതല്ലോ?

അനുഭവത്തെ സാക്ഷി നിർത്തി ഓരോരുത്തനും പറയാം. ആരും അപ്പോൾ ആർക്കും എതിരല്ല. എല്ലാവരും അവനവന്റെത് പറയുകയല്ലാതെ. സ്വാധീനിക്കപ്പെടാതെ പറയുമ്പോഴേ പറച്ചിലുമാവൂ. ശരിയുമാവൂ. വിഡ്ഢിത്തമാണെങ്കിൽ പോലും അങ്ങനെ പറഞ്ഞാൽ ശരിയാണ്. അവനവന്റെ ശരി. കാരണം, അനുഭവം എന്നത് ഓരോരുത്തനും കിട്ടിയ പശ്ചാത്തലവും അവസരവും വെച്ചുള്ളത് മാത്രം. ഒരാൾക്ക് മറ്റൊരാളിലേക്ക് അടിച്ചേൽപിക്കാൻ കഴിയാത്തത്. എരിവ് ആയാലും പുള്ളി ആയാലും ദുഖമായാലും സന്തോഷമായാലും.

നമ്മളിൽ ചിലർ വാടകക്ക് വീടെടുത്തു താമസിച്ചു എന്നത് ശരി തന്നെ. സാജേഷ്, ഒന്നോർത്തു നോക്കുക. അങ്ങനെ വാടകക്ക് വീടെടുത്തു താമസിക്കേണ്ടി വന്നു എന്നിടത്തല്ലേ നമ്മുടെ ലോ കോളേജിന്റെ തകരാറും പരിമിതിയും തുടങ്ങുന്നത്? വേറെ  ഒരുഓപ്ഷൻ ഇല്ലാതെ. ഓപ്ഷൻ ഉണ്ടായിരിക്കെ എടുത്ത് താമസിച്ചാൽ തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണെന്ന് കരുതാം. പക്ഷെ ഇവിടെ കാര്യം അങ്ങനെയല്ലലോ?

വീടെടുത്തു താമസിച്ചവർക്കു ഇപ്പറഞ്ഞതൊക്കെ ഉണ്ടാവാൻ ലോ കോളേജ് തന്നെ വേണമെന്നില്ല. കേരളത്തിൽ പണിയെടുക്കുന്ന തമിഴനും ബംഗാളിക്കും ഒക്കെ അതുണ്ടാവുന്നുണ്ടാവും. അത്തരമൊരവസ്ഥയിൽ, സാധാരണ ഗതിയിൽ, ഉണ്ടാകാവുന്ന ഒന്ന്. അതിനു ലോ കോളേജുമായി നേരിട്ട് ബന്ധമില്ല. അതൊരു ക്യാമ്പസ് അനുഭവം എന്നും പറയാനില്ല.

സാജേഷ്,അങ്ങനെ വീടെടുത്തു നിൽക്കാൻ എല്ലവർക്കും സാധിച്ചോ? ഇല്ല. സാധിക്കുമോ? ഇല്ല. പല കാരണം കൊണ്ടും ഇല്ല. അത് ലോ കോളേജ് ഉണ്ടാക്കിയ നിസ്സഹായത തന്നെ. ലോ കോളേജ് വെറും ബസ് ഷെൽട്ടർ പോലെയും കെട്ടിടം പോലെയും ആയതിന്റെ നിസ്സഹായത.

പിന്നെ അനുഭങ്ങൾ. ഒന്നുമില്ലാത്തിടത്തും എന്തെങ്കിലും ഉണ്ടാവും. ഉറങ്ങുമ്പോൾ സ്വപ്നങ്ങളുണ്ടാവുന്നത് പോലെ. ഒന്നുമില്ലാത്തിടത്ത് ഒന്നുമല്ലാത്തത് എല്ലാമായി ഭവിക്കുകയും ചെയ്യും. അതാണ് നമ്മുടെ സ്വപ്നം. നമ്മുടെ ടി വി, പത്ര വാർത്തകളിൽ പലപ്പോഴും അപ്രധാനമായത് പ്രധാനമായതാവുന്നത് അങ്ങനെയാണ്. വേറെ ഒന്നുമില്ലെങ്കിൽ  ഒന്നുമല്ലാത്തത് വലുത്. ബാപ്പയില്ലെങ്കിൽ വീട്ടിൽ സൂപ്പി ബാപ്പ. അങ്ങനെ നമ്മുടെ ലോ കോളേജ് അനുഭവനങ്ങളും.

അതിനാൽ, നമുക്കിപ്പോൾ പ്രധാനപ്പെട്ടത് താങ്കൾ പറഞ്ഞത് പോലെ അവയൊക്കെ തന്നെ. പക്ഷെ അവയൊക്കെ മാത്രമായിരുന്നോ ഉണ്ടാവുക, ഉണ്ടാവേണ്ടത് യഥാർത്ഥത്തിൽ? ലോ കോളേജ് ഒരു ലോ കോളേജ് തന്നെ ആയിരുന്നെങ്കിൽ? തീർച്ചയായും അല്ല. അതും ചിലർക്ക് മാത്രമോ ഇങ്ങനെയുണ്ടാവേണ്ടത്? തീർച്ചയായും അല്ല.

സാമ്പത്തികമോ സാഹചര്യമോ അനുവദിക്കുന്നത് കൊണ്ട്, കൂടെ താമസിച്ചവർക് മാത്രം ചിലത് കിട്ടി. ലോ കോളേജ് സ്ടുടെന്റ്റ് എന്ന നിലക്ക് അല്ല.

ശരിയാണ്. അല്ലാത്തവർക്ക് ഒന്നും കിട്ടിയില്ല. എന്ന് വെച്ചാൽ ലോ കോളേജ് ക്യാമ്പസ് ഒന്നും നൽകിയില്ല. അതിനുള്ള സാഹചര്യം ലോ കോളേജ് കാമ്പസിനുണ്ടായിരുന്നില്ല. പഠിക്കുന്നതും പഠിപ്പിക്കുന്നതും പോകട്ടെ. ഇതുപോലും ഇല്ല. ഇല്ലാതെ പോയതിൽ സാജേഷിനെ പോലെ ഖേദിക്കുക തന്നെയാണ് ഇയ്യുള്ളവൻ ചെയ്തത്. സാജേഷ് പറഞ്ഞില്ലേ മതിയായില്ല എന്ന്. അതെ പറച്ചിൽ തന്നെ വേറെ രീതിയിൽ ഇയ്യുള്ളവനും പറഞ്ഞു. സജേഷ് കിട്ടിയ പകുതിയേ കുറിച്ച് പറഞ്ഞു. ഞാൻ കിട്ടാത്ത മുഴുവനെക്കുറിച്ചും പറഞ്ഞു. ഉള്ളത് ഉള്ളത് പോലെ. ഒരുതരം പർവ്വതീകരണവും വ്യക്തിപരമായ ആരോപണവും കൂടാതെ. ആരിലും പ്രത്യേകിച്ച് കുറ്റം ആരോപിക്കാതെ.

ഒന്നോർത്തു നോക്കുക, ലോ കോളേജിൽ അങ്ങനെ ഒരു താമസം ഒരുമിച്ചു ഉണ്ടായിരുന്നെങ്കിൽ, നല്ല ഒരു കാമ്പസ്, ന്യായമായും ഉണ്ടാവേണ്ടത്, ഉണ്ടായിരുന്നെങ്കിൽ, എന്തൊക്കെ വ്യത്യാസം ഉണ്ടാവുമായിരുന്നു? എന്തെല്ലാം വ്യത്യാസം നമ്മൾ പരസ്പരം ഉണ്ടായിരുന്നാലും, ഇങ്ങനെ രണ്ട് തരം പൗരന്മാർ ഉണ്ടാവുമായിരുന്നില്ല. അവരവരുടെ പ്രകൃതം ഉണ്ടാക്കുന്നതല്ലാതെ. എങ്കിൽ എല്ലാവർക്കും ചിലത്  ഒരുപോലെ പറയാൻ ഉണ്ടാവുകയും ചെയ്യുമായിരുന്നു .

നമ്മുടെ ലോ കോളേജിന് ക്യാമ്പസും ഹോസ്റ്റലും ഒന്നും ഇല്ല എന്നുള്ളത് അതിനെ മരുഭൂമി തുല്യം തന്നെ ആക്കിയിരുന്നു. ചുരുങ്ങിയത് പലരെ സംബന്ധിച്ചേടത്തോളവും. ഒന്നും സ്വയമായി, താങ്കൾ പറഞ്ഞത് പോലെ കൃത്രിമമായല്ലാതെ, പൂത്തുലയാത്ത മരുഭൂമി.

അതിനാൽ, താങ്കൾക്കും ചിലർക്കും അങ്ങിനെ ഒരുമിച്ചു താമസിച്ചത് കൊണ്ട് ഉണ്ടായത് ലോ കോളേജ് സമ്മാനിച്ചതാണെന്നു പറയാനൊന്നും ഇല്ല. ലോ കോളേജ്  നേരിട്ടല്ലാതെ (ഹോസ്റ്റൽ ഇല്ല എന്നത്) ഒരു കാരണം ആയെന്നു മാത്രം. വാടക വീട്ടിൽ ആര് കൂട്ടമായി താമസിച്ചാലും  ഉണ്ടാകാവുന്ന, കിട്ടാവുന്ന ഒരനുഭവം നിങ്ങൾക്കും ഉണ്ടായി. നിങ്ങൾ സ്വന്തം നാട്ടുകാരും കൗമാരക്കാരും ആയതിനാൽ അതിൽ ഒരു നിറഭേദവും.

ഒന്നോർത്തു നോക്കൂ. ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനു എന്നും ക്ലാസ്സിൽ വന്നവർ ഒരിക്കലും വരാതിരുന്നവർ എന്ന് തോന്നിയത് പോലും അത് കൊണ്ടാണ്. ഒരുമിച്ചു കാണാൻ, എപ്പോഴും ഒരുമിച്ചുള്ളവർ എന്ന് തോന്നിപ്പിക്കാൻ, വേണ്ടതൊന്നും ഉണ്ടാക്കിത്തന്നിട്ടില്ലാത്ത ഒരു ലോ കോളേജ് തന്നെയായിരുന്നു അത്.

No comments: