Wednesday, November 14, 2018

ജീവിക്കുന്ന നാടിനോടും സംസ്കാരത്തോടും ഒട്ടി നിൽക്കട്ടെ

Dear സിറാജ് and Sahar Hasan,  സുഹൃത്തുക്കളെ. ദൈവം ആർക്കും അറിയാത്തത്. അക്കാര്യം ഏവരും ഒരുപോലെ സമ്മതിക്കുന്നതും. എന്നിരിക്കെ ദൈവം പ്രകാശവും വെളിച്ചവും തന്നെ ആയിരിക്കേണം എന്ന നിര്ബന്ധ ബുദ്ധിയൊന്നും ഇവിടെ ഇല്ല. ദൈവം ഉണ്ടെന്നു സമർത്തിക്കേണം എന്നും ഇല്ല.

പക്ഷെ,  അറിയാത്തതിനെ കുറിച്ച മനുഷ്യന്മാരുടെ ഒരുകോടി സങ്കല്പങ്ങളിൽ ഒരു സങ്കല്പം ദൈവം പ്രകാശവും വെളിച്ചവും എന്ന് ഉണ്ടെങ്കിൽ അതിനെയും ഉൾക്കൊള്ളണം എന്നെ ഉള്ളൂ. അവരുടെ തുണി വച്ച് അവർക്കു പറ്റിയത് തുന്നുക എന്ന നിലക്ക്. അത് മൂലം സഹിഷ്ണുതയും സഹവർത്തിത്വവും ഉണ്ടാവട്ടെ എന്നും ഖുർആനും മുഹമ്മദും അതിനു എതിരല്ല എന്നും വിശ്വസിക്കുന്നവർ മനസ്സിലാക്കാൻ.

അങ്ങിനെയെങ്കിലും ജീവിക്കുന്ന നാടിനോടും സംസ്കാരത്തോടും ഒട്ടി നിൽക്കട്ടെ, അതിലെ സംസ്കാരം ഉൾക്കൊള്ളട്ടെ എന്ന് വിചാരിച്ചു. അങ്ങനെ ഒട്ടുന്നതിൽ ദൈവത്തെ ഭയക്കാനില്ലെന്നും. ഒരു നാട്ടിൽ മറു നാടിനെ പേറി നടക്കുന്നവരാവാതിരിക്കാൻ. വെള്ളത്തിൽ എണ്ണ  ഒഴിച്ചത് പോലെ ആരും വേറിട്ട് നില്കാതിരിക്കാൻ.

Dear Siraj, എഴുതുമ്പോൾ ഏതു പാർട്ടി ഏതു മതം എന്നതൊന്നും ചിന്തിച്ചില്ല. ഏതെങ്കിലും മതത്തിലും പാർട്ടിയിലും ചേർക്കാനുള്ള അപേക്ഷ ഫോം കയ്യിൽ വെച്ചിട്ടുമില്ല.

അതിനാൽ “നമ്മളില്ലേ” എന്നൊന്നും പറയേണ്ടതില്ല. അങ്ങിനെ ഉണ്ടാവണമെന്നും ഉണ്ടാവുമെന്നും കരുതിയിട്ടില്ല, ഉണ്ടാവുക അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനൊക്കെ വേറെ തന്നെ യോഗം വേണം. നിയോഗം വേണം.

ഇക്കാണുന്നതും വിട്ടു സത്യത്തിനോടൊപ്പം കൂടാനുള്ള, സത്യം അന്വേഷിച്ചു പിടിക്കാനുള്ള, ആർജവമൊന്നും സാധാരണ ഗതിയിൽ ഉണ്ടാവില്ല, കിട്ടില്ല. നായയുടെ വാല് വളയുമ്പോലെ, എളുപ്പവും ആലസ്യവും കിട്ടുന്നിടം, സുരക്ഷിതത്തം തേടി നേടി, ഓരോരുവനും വളഞ്ഞു പോകും. അത് കൊണ്ടാണ് മുൻപിൽ ഉണ്ടായിരുന്നിട്ടും ആർക്കും യേശുവിനെയും മുഹമ്മതിനെയും കൃഷ്ണനെയും ഉൾകൊള്ളാൻ കഴിയാതെ പോയത്. കേൾക്കാൻ സുഖമുള്ളത് കേട്ടിട്ടും “നമ്മളില്ലേ” എന്ന് പറഞ്ഞു എല്ലാവരും ഊരിപ്പോയത്.

*****


Dear Sahar Hasan, സുഹൃത്തേ,
ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാനല്ല ഒന്നും എഴുതിയത്. ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. ഇല്ലെങ്കിൽ ആരും അറിയാതിരിക്കട്ടെ. ഉണ്ടെങ്കിൽ ദൈവം അതറിയട്ടെ.

Ini ഉണ്ടെങ്കിൽ, ദൈവം ഇങ്ങനെ തന്നെ ആവണം എന്നും പറയാൻ എഴുതിയതല്ല. പ്രകാശവും വെളിച്ചവും വിളക്കും തന്നെ  ആകണമെന്നും നിർബന്ധം ഉള്ളത് കൊണ്ടല്ല.

സകലലോക മതചന്തകളിലും ദൈവം ഒന്ന് തന്നെയാണ്. സങ്കല്പങ്ങളും പേരുകളും ആണ് പലതും അനേകവും. ഇസ്ലാമിൽ ആയാലും ക്രിസ്തു മതത്തിലായാലും ഹിന്ദു വിശ്വാസത്തിലായാലും അങ്ങിനെ തന്നെ. ദൈവം വിശ്വാസം പോലെ തന്നെയാണ് അവയിൽ എല്ലാം ദൈവത്തിന്റെ സഹായികൾ എന്ന് കരുതപ്പെടുന്ന മാലാഖ സങ്കൽപം, അഥവാ ദേവ-ദേവത സങ്കൽപം.

ദൈവം എങ്ങിനെയെങ്കിലും മാത്രം ആവണമെന്നും അങ്ങനെ അല്ലാതെ ദൈവം ആകരുതെന്നും ഇല്ല. ദൈവം എങ്ങിനെയാണോ അങ്ങനെ ആവട്ടെ. എങ്ങിനെയല്ലയോ അങ്ങനെ  ആവാതിരിക്കട്ടെ. അത് ദൈവം അറിയുകയും ചെയ്യട്ടെ.

പക്ഷെ, ഉള്ള ദൈവം മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്നു സങ്കലിക്കാനും  ഊഹിക്കാനും എങ്ങിനെ ആവുന്നുവോ അങ്ങനെയൊക്കെ തന്നെയാണെന്ന് പറയാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ.  ദൈവമുണ്ടെങ്കിൽ അത് മനസ്സിലും മനസ്സാക്ഷിയിലും തെളിയുന്ന രൂപത്തിലും കോലത്തിലും ആണെന്ന് പറയാൻ.

ബിംബങ്ങൾ പാടില്ലെന്നും, ബിംബങ്ങൾ ഉണ്ടായാൽ ബഹുദൈവത്വം ആവുമെന്നും,  ദൈവം തങ്ങൾ ഉദ്ദേശിച്ചതും പറഞ്ഞതും പോലെയേ  ആവാൻ പാടുള്ളൂ എന്നും പറയുന്നവരോട് മറുപടി പറഞ്ഞതാണ്. അവരുടെ ഗ്രന്തത്തിലും ദൈവത്തിന് നൂറു വിശേഷണങ്ങളും പേരുകളും സങ്കല്പങ്ങളും ഉണ്ടല്ലോ എന്ന് പറയാൻ. വിശേഷണങ്ങളും പേരുകളും സങ്കല്പങ്ങളും ബിംബങ്ങൾ  തന്നെ  എന്ന് പറയാൻ. ദൈവം പ്രകാശവും വെളിച്ചവും വിളക്കും ആണെന്ന് അവരുടെ പുസ്തകം തന്നെ  പറയുന്നുവെന്ന്.

Dear Sahar, അത്ര  മാത്രമേ ഉദ്ദേശിച്ചുള്ളു. ഗായത്രി മന്ത്രയും ഫാതിഹയും ഒരേ തരത്തിലുള്ള, ഒരേ ഉള്ളടക്കം ഉള്ള, പ്രാര്ഥനയാണെന്ന്.

അതല്ല, ഗായത്രി മന്ത്ര സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്; ഫാതിഹ അങ്ങനെയല്ല എന്ന് തറപ്പിച്ചു പറഞ്ഞാൽ, ഖുർആനിൽ തന്നെ ദൈവം വെളിച്ചമാണെന്നും വിളക്കാണെന്നും വ്യക്തമാക്കി പറഞ്ഞെങ്കിൽ ഗായത്രി മന്ത്ര സൂര്യാരാധന ആയെങ്കിൽ തന്നെ ഖുറാനുമായും ഇസ്ലാമിക വിശ്വാസവുമായും വൈരുദ്ധ്യം ഉണ്ടാവില്ല എന്ന് പറയാനും കൂടി എഴുതി.

അല്ലാതെ, ദൈവം വെളിച്ചമാണെന്നും അഗ്നിയാണെന്നും പറയാനും, അല്ലാത്ത സങ്കല്പങ്ങളും പേരുകളും എല്ലാം തെറ്റാണെന്നും അവസാന വാക്കു നിശ്ചയിക്കാനും ദൈവത്തെ ചുരുക്കിക്കളയാനും എഴുതിയതല്ല. വെളിച്ചമാണെന്നും അഗ്നിയാണെന്നും കണക്കാക്കുന്നതിൽ ചരിത്രപരവും മാനുഷികവും ബുദ്ധിപരവുമായ കാര്യം മനസ്സിലാക്കാത്തത് കൊണ്ടുമല്ല.

എന്തായാലും ദൈവത്തെ അഗ്നിയും വെളിച്ചവും മാത്രമായല്ല, അങ്ങിനെ ഒരേയൊരു സങ്കല്പത്തിൽ ചുരുക്കി മാത്രമല്ല,  കാണുന്നത്. കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവം എന്ന് പഠിപ്പിക്കുന്ന, അങ്ങനെ സങ്കല്പിക്കാൻ അനുവാദം കൊടുക്കുന്ന ഒരു ദര്ശനവും വിശ്വാസ വഴിയും രീതിയും സംസ്കാരവും മാത്രമല്ലേ ഭാരതത്തിൽ ഉള്ളൂ. അതാണല്ലോ ഭാരതത്തിന്റെ ഉൾക്കാഴ്ചയും സഹിഷ്ണുതയും  വിശാലതയും. 

No comments: