Wednesday, November 14, 2018

താങ്കൾക്കു മനസ്സിലായില്ല. ചോദ്യം ഇല്ലാത്തവന് ഉത്തരം മനസ്സിലാവില്ല.

സുഹൃത്തേ, മറുപടിയിൽ വലിയ ഭാഗവും താങ്കൾക്കായിരുന്നില്ല.  അത് താങ്കൾക്കു മനസ്സിലായില്ല. ചോദ്യം ഇല്ലാത്തവന് ഉത്തരം മനസ്സിലാവില്ല. വേരില്ലാത്തവനും വേരിറക്കാത്തവനും മണ്ണിന്റെ ഗുണവും മണവും മനസ്സിലാവില്ല. അതിനാൽ താങ്കൾക്കും മനസ്സിലായില്ല.

മറുപടി തരാൻ താങ്കൾ കാര്യമായി ഒന്നും ചോദിച്ചിരുന്നില്ല. താങ്കളുടെ ഇതിനു മുൻപുള്ള കുറിപ്പ് താങ്കൾ തന്നെ ഒന്ന് എടുത്തു വായിച്ചു നോക്കൂക. എന്നിട്ടും താങ്കൾ കത്തിക്കയറി. സൂചി വെക്കാൻ ഇടം തന്നപ്പോൾ ഒട്ടകത്തെ വെക്കുന്നത് പോലെ. താങ്കളങ്ങു ആവേശം കൊണ്ടു. നല്ലത് തന്നെ. താങ്കൾക്കാവുന്നതല്ലേ താങ്കൾ ചെയ്യേണ്ടതുള്ളൂ.

********

സുഹൃത്തേ, ചിലപ്പോൾ പ്രത്യക്ഷത്തിൽ ഒരുത്തരവും ഇല്ല. ഒരുത്തരവും താങ്കൾക്കു കാണാനും സാധിക്കില്ല. അങ്ങനെ പ്രത്യക്ഷം മാത്രം കാണുന്നവനു ഒന്നും ഇല്ല. അറിയാമല്ലോ? ദൈവം ഒരുപോലെ പ്രത്യക്ഷനും പരോക്ഷനും. സത്യവും അത് പോലെ. പ്രത്യക്ഷത്തിൽ നിന്നും മനസ്സിലാവുന്നില്ലെങ്കിൽ പരോക്ഷം കണ്ടെത്തി തന്നെ മനസ്സിലാക്കേണ്ടി വരും

മണ്ണിൽ രുചിയും മണവും നിറവും കണ്ടെത്താൻ ബാഹ്യമായത് മാത്രം കാണുന്ന കണ്ണു പോരാ. ഉള്ളിലേക്ക് വേരുപോലെ ഊർന്നിറങ്ങുന്ന കണ്ണ് വേണം. അല്ലാതെ താങ്കൾ വായിച്ചാൽ അക്ഷരങ്ങളും വാക്കുകളും അതിന്റെ നേരർത്ഥവും തന്നെയേ കാണൂ.

താങ്കൾ ഭാഗ്യവാനാണ്. താങ്കൾക്കു വേരുകളില്ലാല്ലോ. ശാഖകൾ പരത്തുകയും പൂക്കുകയും കായ്‌പിക്കയും വേണ്ടല്ലോ. തണലൊരുക്കുകയും വിറകും കൂടും നൽകയും വേണ്ടല്ലോ. വെറും പോസ്റ്റ് പോലെ, മണ്ണിൽ ഒന്നും കാണാതെ എന്നും ഒരു പോലെ , മാറ്റത്തിനും മാറ്റത്തിന്റെ നൃത്തത്തിനും നിന്ന് കൊടുക്കാതെ നിന്നാൽ മതിയല്ലോ. ഭാഗ്യവാൻ തന്നെ.

*******

എന്നാൽ,  ഇയ്യുള്ളവൻ മറുപടിയിൽ താങ്കളെ അഭിസംബോധന ചെയ്തത് എന്തിന് എന്ന ചോദ്യം ഉണ്ടാവും. ശരിയാണ്.  "നമ്മളില്ലേ" എന്ന് പറഞ്ഞുള്ള താങ്കളുടെ കംമെന്റിനു മറുപടി നൽകാൻ മാത്രം അഭിസംബോധന ചെയ്തതായിരുന്നു. അതുവരെ കൂടെ നിന്ന് വല്ലാതെ പിന്തുണച്ചു എന്ന് തോന്നിപ്പിക്കും പോലെ നടത്തിയ ഒരു കമന്റിന്.

അങ്ങനെ തോന്നിപ്പിക്കുന്ന രീതി അഭിനയം നിറഞ്ഞതാണെന്നും, അങ്ങനെ തോന്നിപ്പിച്ചു പിരിയുന്നു എന്ന തോന്നലുണ്ടാക്കുമ്പോൾ അതിൽ ഒരുതരം വ്യക്തിപരമായി അവമതിക്കാനുള്ള വ്യഗ്രതയാണ് കൂടുതലെന്നും കണ്ടപ്പോൾ. താങ്കൾക്കതിലെ മനഃശാസ്ത്രം മനസ്സിലായാലും ഇല്ലെങ്കിലും.

ചിലരുടെ അല്പത്തം നിറഞ്ഞ വലുപ്പം ചമയലും മറ്റുള്ളവരെ തള്ളുന്ന രീതിയും അതാണ്. അത് ബാക്കിയുള്ളവർക്കൊക്കെ മനസ്സിലാവും എന്ന് അവർ അറിയില്ല. ഒരുപക്ഷെ തൊലിക്കട്ടി അവർക്കു മനസ്സിലാക്കിക്കൊടുക്കില്ല. പോരാത്തതിന് പൈതൃകമായും പാരമ്പര്യമായും കിട്ടിയ വിശ്വാസവും അത് നൽകുന്ന അധൈര്യവും ആലസ്യവും മനസ്സിലാക്കിക്കൊടുക്കില്ല. നായയുടെ വാല് പോലെ വളഞ്ഞു പോകും അവർ സുരക്ഷിതത്വത്തിലേക്കു. അതാണ് മുൻപേ പറഞ്ഞത്.

മറുപടി കൂടുതലും നൽകിയത് (Sahar Hasan) സഹാറ ഹസനായിരുന്നു.  ഇട്ട കംമെന്റിൽ ഒരു വ്യക്തതയുള്ള നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ശ്രമിച്ചു. അത് മാനിച്ചു. ന്യായമായും ചില സംഗതികൾ ന്യായം വെച്ച് തന്നെ അദ്ദേഹം ഉണർത്തുന്നു എന്ന് തോന്നി. മറുപടി പൂര്ണമാണെങ്കിലും അല്ലെങ്കിലും  അദ്ദേഹത്തിന് മനസ്സിലായിക്കാണും. ചോദിച്ചവനും ചോദ്യം മനസ്സിൽ ഉള്ളവനും മനസ്സിലാവാനുള്ളത് അതിൽ എഴുതിയിരുന്നു. ഒന്നും തീർത്തു പറഞ്ഞു, ഒന്ന് മാത്രം എന്ന് പറയാനും, അസഹിഷ്ണുത കാണിക്കാനും ഉദ്ദേശിച്ചു എഴുതിയ, ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ഏക സത്യാവാദം എന്റെ ഉദ്ദേശവും ആയിരുന്നില്ല.

അതിനാൽ തന്നെയാവണം അദ്ദേഹം വിവേകപൂർവം മൗനം ദീക്ഷിച്ചത്. ഇനിയും ചില വ്യക്തതയാർന്ന കമന്റുകളുമായി അദ്ദേഹം വരികയും ചെയ്യും. വേണ്ടിടത് വേണ്ടത് പോലെ. ചർച്ചക്ക് മാറ്റുകൂട്ടാൻ. പുരോഗതിയുണ്ടാക്കാൻ. ഒരന്വേഷണ കുതുകിയെ പോലെ. ഉരച്ചുരച്ചു തിളക്കം കൂട്ടാൻ. കുഴിച്ചു കുഴിച്ചു കിണർ രൂപപ്പെടും വരെ അന്വേഷണം തുടരാൻ.

മറുപടി നൽകിയത് അദ്ദേഹം ഏതെങ്കിലും വിശ്വാസത്തിനു അടിമപ്പെട്ടു അസഹിഷ്ണുത വെച്ച് കമന്റ് ചെയ്യുന്നതല്ല എന്നതിനാൽ. വ്യക്തിപരമായി അവമതിക്കുക അദ്ദേഹത്തിന് ഉദ്ദേശം അല്ല എന്നതിനാൽ. ഇല്ലാത്തതെന്തോ ഉണ്ടെന്നു തോന്നിപ്പിക്കുംപോലെ ചെറിയ വായിൽ വലിയ വർത്തമാനം ആവേശം കൂടി പറയുന്നതല്ല എന്ന് തോന്നിയതിനാൽ . ആൾക്കൂട്ട മനശാസ്ത്രമായിരുന്നില്ല അദ്ദേഹത്തെ കൊണ്ട് ഒന്നും ചോദിപ്പിച്ചത് എന്നും തോന്നിയതിനാൽ. ഇയ്യുള്ളവനുമായി ഇത് വരെ നടത്തിയ ചർച്ചയിൽ എവിടെയും അങ്ങനെ തോന്നിയിരുന്നില്ല. ഏതെങ്കിലും ഒന്നിനെ സൂക്ഷിച്ചേ സംരക്ഷിച്ചേ തീരൂ എന്ന മനോഭാവവും അദ്ദേഹം കൊണ്ട് നടക്കുന്നതായി തോന്നിയില്ല. അതിനാൽ.

അത് കൊണ്ട് തന്നെ അദ്ദേഹം ഉന്നയിച്ച സംശയത്തിനും ന്യായത്തിനും ശ്രദ്ധ കൊടുക്കേണം എന്ന് തോന്നി. അതിനിടയിൽ മാന്യത വെച്ച് "നമ്മളില്ലേ" എന്ന താങ്കളുടെ കംമെന്റിനെയും കൈകാര്യം ചെയ്തു എന്ന് മാത്രം.

പക്ഷെ താങ്കൾ എന്തോ വലിയ കാര്യം പറഞ്ഞത് പോലെയും കുറെ ചോദ്യങ്ങൾ ഉന്നയിച്ചത് പോലെയും അങ്ങ് വല്ലാതെ ആവേശം കയറി സ്വയം മറന്നു. അതിനൊന്നും ഇയ്യുള്ളവൻ വ്യക്തമായി ഉത്തരം പറയാത്തത്  പോലെ വരുത്തും വണ്ണം. എന്താണ് ആരോടാണ് യഥാർത്ഥത്തിൽ എഴുതിയത് എന്ന് മനസ്സിലാക്കാൻ പോലും ക്ഷമയും സഹിഷ്ണുതയും കാണിക്കാതെ. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും ........... മുന്നോട്ട് എന്ന നിലപാടിൽ അങ്ങ് ആവേശം കൊണ്ടുപോയി. കഴിയുമെങ്കിൽ അവമതിച്ചുകളയാം എന്ന സ്ഥിര വിശ്വാസിയുടെ അസഹിഷ്ണുത പൂണ്ട നിലപാടിലേക്ക് വന്നു വീഴാനും തുനിഞ്ഞു.

അങ്ങനെയൊക്കെയല്ലേ താങ്കളുടെ ഒരർത്ഥവും ജനിപ്പിക്കാത്ത താങ്കളുടെ കമന്റ് എന്ന് ഒന്ന് കൂടി വായിച്ചു നോക്കി വിലയിരുത്തുക. അല്പം പക്വതയും വിവേകവും കാണിക്കുക. വാക്കുകളിലെ മാന്യതയും ഒതുക്കവും കണ്ടെത്തുക. എന്തും എങ്ങിനെയും പറഞ്ഞാൽ കാഴ്ചപ്പാടും ചോദ്യവും ആവില്ല എന്നെങ്കിലും ചുരുങ്ങിയത് മനസ്സിലാക്കുക. മുൻപ് നല്ല ചോദ്യം ചോദിച്ചപ്പോൾ നല്ല ഉത്തരം തന്ന ഓര്മ വെച്ച് തന്നെ താങ്കളെ ഒന്നുണർത്തുകയാണ്.

No comments: