Sunday, July 14, 2024

യഥാർത്ഥ സുഹൃത്ത്.

ചിലർ ഇടക്കിടക്ക് ഫോൺ വിളിക്കും. 

എന്നിട്ട് പറയും. "ഒന്നുമില്ല. വെറുതേ വിളിച്ചതാണ്".

വല്ലാത്തൊരു പറച്ചിലാണത്.

ആ പറച്ചിലിലാണ് ആ സൗഹൃദം.

പേടിക്കേണ്ട, ഗൗരവതരമായ ഒന്നുമില്ല എന്ന് പറയാൻ കൂടിയാവും അങ്ങനെ പറയുന്നതും പറഞ്ഞുപോകുന്നതും.

ഇനിയതല്ല, വെറുതെ തന്നെയാണെങ്കിലും 

വെറുതേ വിളിക്കാൻ തോന്നുന്ന സൗഹൃദമുണ്ടല്ലോ, 

അതൊരു വേറെ തന്നെ സൗഹൃദമാണ്

"ഒന്നുമില്ല. വെറുതേ വിളിച്ചതാണ്" എന്ന അവരുടെ പറച്ചിലിൽ, അവരങ്ങനെ വിളിക്കുന്നതിൽ എന്തോ കുറ്റബോധം പേറുന്നത് പോലെയും അങ്ങനെ വിളിക്കുന്നതിന് ന്യായവും ന്യായീകരണവും പറയുന്നത് പോലെയും.

പക്ഷെ, അവരെന്തിന് കുറ്റബോധപ്പെടണം? 

അവരെന്തിന് ന്യായവും ന്യായീകരണവും വെക്കണം?

അവരോട് പറയാനുള്ളത്. 

വെറുതേ വിളിക്കുന്നത് ഒരു കുറ്റമല്ല; 

പകരം വെറുതേ വിളിക്കാനാവുക വലിയൊരു കാര്യമാണ്. 

വിത്ത് മണ്ണിൽ വീണ് വേരിറക്കും പോലെ സംഭവിക്കുന്നതാണത്. 

കാറ്റും വെളിച്ചവും കൊണ്ടുവരാൻ ജനാലകൾ താനേ തുറന്നുവരുന്നത് പോലെയാണത്.

വെറുതെ വിളിക്കുന്നതിൽ, വിളിച്ചുപോകുന്നതിൽ കുറ്റബോധപ്പെടാനില്ല. 

കാരണം, മഴ വർഷിക്കുന്നതും മണ്ണ് നനയുന്നതും കുളിർക്കുന്നതും ഒരു കുറ്റമല്ല, കുറ്റബോധപ്പെടാനുള്ളതല്ല.  

മഴ പെയ്യാതെ കാർമേഘം പോലെ ഇരുട്ടി ഭാരംതൂങ്ങി നിൽക്കുന്ന മനസ്സുകളെ അലിയിച്ച് പെയ്യിക്കുന്നതാണത്തരം വിളികൾ.

വെറുതേ വിളിക്കുന്നതും വിളിക്കാൻ തോന്നുന്നതും അങ്ങനെ വിളിക്കാൻ സാധിക്കുന്നതുമാണ് സൗഹൃദം.

അതാണ്, അങ്ങനെയാണ് മഴപെയ്യൽ, മണ്ണ് നനഞ്ഞ് കുളിരൽ, വിത്ത് വീണ് മുളക്കൽ. 

വെറും വെറുതേ എന്നപോലെ മഴപെയ്യുന്നതും മണ്ണ് നനഞ്ഞ് കുളിരുന്നതും വിത്ത് മുളക്കുന്നതുമാണ് സൗഹൃദത്തിന് ആധാരമായ യോഗ്യത.

വെറും വെറുതേ വിളിക്കുന്നതാണ് വിളി. ശരിയായ വിളി.

വെറും വെറുതേ വിളിക്കാൻ തോന്നുന്നതാണ് തോന്നൽ, ശരിയായ തോന്നൽ. 

ഉപചാരവും ഉപചാരം നൽകുന്ന വസ്ത്രങ്ങളും നാട്യങ്ങളും വിശദീകരണങ്ങളും ആവശ്യമില്ലാത്ത തോന്നലിലാണ് വെറും വെറുതേ വിളികളുണ്ടാവുന്നത്, സൗഹൃദങ്ങൾ പൂത്തുലയുന്നത്. 

അങ്ങനെ വെറും വെറുതേ വിളിക്കാൻ തോന്നുന്നതാണ് സഹൃദം.

വെറും വെറുതേ വിളിക്കാൻ തോന്നും. അത് സൗഹൃദത്തിൻ്റെ തോന്നൽ. 

വെറും വെറുതേയിരിക്കാൻ കൂടെ കിട്ടുന്നവനും വെറും വെറുതേയിരിക്കുമ്പോൾ കൂടെകൂടുന്നവനും സുഹൃത്ത്.

ഓരോരുത്തനിലും ഒരുകുറേ വിട്ട ഭാഗങ്ങളൂണ്ട്. 

ഓരോരുത്തൻ്റെയും വിട്ട ഭാഗം പൂരിപ്പിക്കുമ്പോലെ വന്നിരിക്കുന്നവൻ സുഹൃത്ത്.

എവിടെയോ എങ്ങനെയോ നഷ്ടപ്പെട്ടത് എവിടെനിന്നോ എങ്ങിനെയോ തിരിച്ചുകിട്ടുമ്പോലെ സൗഹൃദം. 

അങ്ങനെ തിരിച്ചുകൊണ്ടുവരുന്നവൻ സുഹൃത്ത്. 

അറിയാത്ത വഴികളെ അറിയുന്നതാക്കാൻ സൗഹൃദം. അതറിയുന്നതാക്കുന്നവൻ സുഹൃത്ത്.

ഒന്നുമല്ലാതെ ഒന്നിനുമല്ലാതെ ഒന്നുമാവാനില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ കൂടെ കൂടുന്നതും കൂടെയിരിക്കുന്നതും സൗഹൃദം. കൂടെ കൂടുന്നവനും കൂടെയിരിക്കുന്നവനും സുഹൃത്ത്. 

ഭാരമിറക്കാനും ഭാരംപേറാനും പരസ്പരം സാധിക്കുന്നവർ. 

എന്നതിനാൽ മാത്രം വെറുതേ വിളിക്കുന്നതും അങ്ങനെ വെറുതേ വിളിക്കാൻ തോന്നുന്നതും സൗഹൃദം.

ഭാരമിറക്കാനും ഭാരംപേറാനും സാധിക്കുന്നതും വെറുതേ നിന്നുകൊടുക്കുന്നതും സൗഹൃദം. 

അങ്ങനെ ഭാരമിറക്കാനും ഭാരംപേറാനും വെറുതേ നിന്നുകൊടുക്കുന്നവർ സുഹൃത്തുക്കൾ.

കാര്യത്തിനും ആവശ്യത്തിനും എല്ലാവരും വിളിക്കും, നിൻ്റടുക്കൽ വരും. 

അങ്ങനെ കാര്യത്തിനും ആവശ്യത്തിനും വിളിക്കുന്നവർ കാര്യവും ആവശ്യവും നടന്നുകിട്ടാൻ മാത്രം വിളിക്കുന്നവർ. 

നടന്നുകിട്ടേണ്ട കാര്യങ്ങൾ വേറെ ഏതെങ്കിലും വിധത്തിൽ വേറെ എവിടെയെങ്കിലും വെച്ച് നടന്നുകിട്ടുമായിരുന്നെങ്കിൽ അവർ നിങ്ങളെ വിളിക്കില്ല, നിങ്ങളുമായി സംസാരിക്കില്ല എന്നർത്ഥം. 

അവരുടെ വിളിക്ക് കാരണങ്ങളുണ്ട്. 

കാരണങ്ങളില്ലാതായാൽ അവരുടെ ആ വിളി നിൽക്കും.

സുഹൃത്ത് അതല്ല, അങ്ങനെയല്ല. 

അവൻ കാരങ്ങളില്ലാതെ തന്നെ സുഹൃത്തായിരിക്കുന്നവനാണ്.

നിൻ്റെ ഒഴിഞ്ഞ ഇടങ്ങളെ പൂരിപ്പിക്കുന്നവനാണ് സുഹൃത്ത്. 

എന്തിനെന്നറിയാതെ. എന്തിനെന്നില്ലാതെ.

അവൻ വെറുതേ വിളിക്കും. 

അവനോട് നിന്നെ വെറുതേ വിളിച്ചുപോകും.

സൗഹൃദത്തിന് കാരണങ്ങൾ ഇല്ല, കാരണങ്ങൾ അറിയില്ല, കാരണങ്ങൾ അറിയേണ്ടതില്ല. 

സൗഹൃദം കാരണങ്ങളെയും കാര്യങ്ങളെയും ചികയുന്നുമില്ല, ബന്ധപ്പെടുത്തുന്നുമില്ല.

സൗഹൃദം കാര്യകാരണ ബന്ധം നിഷേധിക്കും.

അറിയണം. വെറും വെറുതേയിലാണ് സൗഹൃദം. 

കല്യാണത്തിനും സൽക്കാരത്തിനും ജന്മദിന ആഘോഷങ്ങൾക്കും ആരും വന്നുചേരും. പ്രത്യേകിച്ചും നീ അവരെ ക്ഷണിക്കുമെങ്കിൽ.

അങ്ങനെ വന്നുചേരുന്നവർ ഏറിയാൽ പരിചയക്കാർ മാത്രം. 

അല്ലെങ്കിലവർ കുടുംബ ബന്ധുക്കൾ മാത്രം. 

അതൊരു കുറെയുണ്ടാവും. 

സ്ഥാനവും പത്രാസും സമ്പത്തും അധികാരവും ഉണ്ടെങ്കിൽ കൂടെ കൂടുന്നവർ. അഴുക്കുചാലിനു ചുറ്റും ഈച്ച കൂടുന്നത് പോലെ കൂടുന്നവർ.

നീ തെരഞ്ഞെടുക്കാതെ ആയവർ. 

നിൻ്റെ ആഘോഷവേളകളിൽ വന്നുചേരുന്നവർ. 

നിൻ്റെ പ്രതിസന്ധികൾ അറിയാത്തവരും പ്രതിസന്ധികളിൽ വന്നുചേരാത്തവരും.

പക്ഷേ സുഹൃത്തുക്കൾ ഒരുകുറേ ഉണ്ടാവില്ല.

കുറേ പൂക്കും,.

പൂത്തതിൽ കുറച്ച് കായ്ക്കും. 

കായ്ച്ചതിൽ കുറച്ച് മൂക്കും. 

മൂത്തതിൽ കുറച്ച് പഴുക്കും. 

പഴുത്തതിൽ ചിലത് മാത്രം വിത്തായ് ആവശേഷിക്കും. 

വിത്തായി അവശേഷിച്ചതിൽ ഒന്നോ രണ്ടോ മാത്രം രണ്ടാമതും മുളക്കും വളരും. 

അങ്ങനെയാണ് സൗഹൃദം,

അങ്ങനെ ഒന്നോ രണ്ടോ മാത്രമായി യഥാർത്ഥത്തിൽ അവശേഷിക്കുന്ന സൗഹൃദം, സുഹൃത്ത്. 

ഉണ്ടായിരുന്ന ഒരു നൂറായിരം സാദ്ധ്യതകളിൽ ഒന്നോ രണ്ടോ മാത്രമായി അവശേഷിക്കുന്നത്.

കല്യാണത്തിനും സൽക്കാരത്തിനും ജന്മദിന ആഘോഷങ്ങൾക്കും പിന്നെ മരിച്ചാലും മാത്രം വന്നുചേരുന്നവരല്ല സുഹൃത്തുക്കൾ. 

ജിവിതം നിന്നെക്കൊണ്ട്, നിന്നെ കൊണ്ടുനടക്കാൻ തെരഞ്ഞെടുപ്പിച്ച ചിലരാണ് നിൻ്റെ സുഹൃത്തുക്കൾ. 

നിൻ്റെ പ്രതിസന്ധികളെ സ്വന്തം ചുമലിലേറ്റുന്ന ചിലർ.

അങ്ങനെ ചിലർ നിനക്കില്ലെ? 

ഇല്ലെങ്കിൽ ഉടനേ അതന്വേഷിച്ചു നടക്കുക. 

വഴിയിലെവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട അത്തരം സൗഹൃദത്തെയും സുഹൃത്തിനേയും കണ്ടെത്തുക. 

അങ്ങനെ ചിലർ നിനക്കില്ലെങ്കിൽ ജീവിതം തന്നെ നഷ്ടപ്പെട്ടവനാണ് നീയെന്നറിയുക.

വെറുതേയിരിക്കാൻ കൂടെ കിട്ടുന്നവനും വെറുതേയിരിക്കുമ്പോൾ കൂടെ കിട്ടുന്നവനുമായ അവനാണ് നിൻ്റെ ജീവിതം അർത്ഥപൂർണമാക്കുന്നത്.

അങ്ങനെ ഒന്നുമല്ലാതെ ഒന്നിനുമല്ലാതെ ഒന്നുമാവാനില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ കൂടെയിരിക്കുന്നവൻ സുഹൃത്ത്. 

No comments: