മാതാപിതാക്കളെയും വൃദ്ധന്മാരെയും മുതിർന്നവരെയും നീ ആദരിക്കരണം, സംരക്ഷിക്കണം.
ശരിയാണ്.
ഏത് കാര്യങ്ങളിൽ, ഏതറ്റം വരെ?
അവരുടെ ശാരീരിക, മാനസിക, ഭൗതിക കാര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്നത് വരെ.
അല്ലാതെ അവരുടെ "മോനേ മോളേ" വിളികളിൽ കുടുങ്ങി നിൻ്റെ ചിന്താപരവും വിശ്വാസപരവുമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറവെക്കുന്നത് വരെയല്ല.
അവർ പറയുന്നത് മുഴുവൻ ശരിയെന്ന് പറയേണ്ടിയും സമ്മതിക്കേണ്ടിയും വരുന്നിടത്തല്ല.
*******
അതുകൊണ്ട്:
"മോനേ, മോളെ" വിളികളെ പോലും നീ പേടിക്കണം.
പ്രത്യേകിച്ചും അത്തരം "മോനേ, മോളെ" വിളികൾ വരുന്നത് മത-രാഷ്ടീയ-സാമൂഹ്യ-സംഘടനാ പ്രവർത്തനവും നേതൃത്വവും പ്രസംഗവും ശീലമാക്കിയവരിൽ നിന്നാണെങ്കിൽ.
കാരണം, എല്ലാ സ്നേഹവും സ്നേഹമല്ല. പ്രത്യേകിച്ചും അത് മേൽപറഞ്ഞ വിഭാഗങ്ങളിൽ നിന്നാണെങ്കിൽ ഏറേയും കപടമാണ്, കൃത്രിമമാണ്.
അത്തരക്കാരുടെ "മോനേ, മോളെ" വിളികൾ സ്നേഹമെന്ന് തോന്നിപ്പിക്കുന്ന തന്ത്രമാണ്. അമൃതെന്ന് പേരുള്ള വിഷമാണ്.
അത്തരം "മോനേ, മോളെ" വിളികൾ നിന്നെ വളർത്താനുള്ളതല്ല, വ്യക്തിപരമായ സ്വതന്ത്ര വ്യക്തിത്വത്തിലേക്ക് നിന്നെ വളർത്താനുള്ളതല്ല; പകരം നിൻ്റെ വളർച്ചയെയും വ്യക്തിത്വത്തെയും നിഷേധിക്കുന്നതാണ്, നിഷേധിക്കാനാണ്.
വളർന്നയിടത്ത് നിന്നും നിന്നെ താഴോട്ടു ഉരുട്ടിയിടാനുള്ളതാണ് അത്തരക്കാരുടെ അത്തരം "മോനേ, മോളെ" വിളികൾ.
ഒരിത്തിരി പ്രായമായിക്കഴിഞ്ഞാൽ സ്വന്തം കുട്ടിയായായിട്ട് പോലും അമ്മ കുട്ടിയുടെ മുലകുടി നിർത്തും.
അതുപോലെ തന്നെ നിൻ്റെ വളർച്ചയുടെ ഒരുഘട്ടം കഴിഞ്ഞും ആ മോനേ മോളേ വിളി അവർ നിർത്തുന്നില്ലെങ്കിൽ ആ വിളി സ്നേഹത്തിൻ്റേതല്ല; പകരം നിൻ്റെമേൽ നിനക്ക് നിഷേധിക്കാനും കുതറിമാറാനും സാധിക്കാത്ത വിധം മേൽക്കോയ്മയും ആധിപത്യവും നേടാനുള്ള മനശ്ശാസ്ത്രപരമായ കുറുക്കുവഴി മാത്രമാണ്.
അടിമയോടുള്ള, അല്ലെങ്കിൽ വേലക്കാരനോടുള്ള ഉടമയുടെ സ്നേഹം അടിമയെയോ വേലക്കാരനെയോ ഉടമയാക്കാനുള്ളതല്ല. പകരം അടിമായും വേലക്കാരനും തന്നെയായി നിലനിർത്താനുള്ളതാണ്. അടിമയായിരിക്കുന്നിടത്തോളവും വേലക്കാരനായിരിക്കുന്നിടത്തോളവും മാത്രമാണ്.
സ്നേഹമെന്ന് തോന്നുന്ന അത്തരം പല സ്നേഹപ്രകടനങ്ങളും നിന്നെ നിരായുധനാക്കാനാണ്, കീഴ്‌പ്പെടുത്താനാണ്, കീഴാളനാക്കാനാണ്, ഉടമപ്പെടുത്താനാണ്.
"മോനേ" "മോളേ" വിളികളിൽ വളർന്നുകഴിഞ്ഞ നിൻ്റെ വളർച്ചയും വ്യക്തിത്വവും അംഗീകരിക്കാത്ത വിളിക്കുന്നവരുടെ തന്ത്രജ്ഞതയും കുടിലമനസ്സുമുണ്ട്, അവ വെച്ച് അവർ തന്ത്രപൂർവ്വം നടത്തുന്ന നിൻ്റെ വ്യക്തിത്വനിരാസമുണ്ട്, കീഴ്‌പ്പെടുത്തലുണ്ട്, കീഴാളനാക്കലുണ്ട്, ഉടമപ്പെടുത്തലുണ്ട്. നിനക്ക് പോലും നേരിട്ട് ബോധ്യമാകാത്ത വിധമുള്ള അവരുടെ സർപ്രസ്തിബോധവും ആധിപത്യവും ചെലുത്തലുമുണ്ട്.
അത്തരം "മോനേ, മോളേ" വിളികളെ നീ തീർത്തും ഭയക്കണം, അനുവദിക്കരുത്.
കാരണം, അത്തരം "മോനേ" "മോളേ" വിളികളിൽ വിളിക്കുന്നവരോളം വളർന്ന, ഒരുപക്ഷേ അവരെക്കാൾ വളർന്ന നീയെന്ന പൂർണ വളർച്ചയെത്തിയ വ്യക്തിയെ അംഗീകരിക്കാതിരിക്കലുണ്ട്, കീഴ്‌പ്പെടുത്തലുണ്ട്, കീഴാളനാക്കലുണ്ട്. ഉടമപ്പെടുത്തലുണ്ട്.
നീ വളരുമ്പോൾ, നീ അവരെക്കാൾ ഉയരത്തിലാണെന്നു വരുമ്പോൾ, ഉള്ളാലെ അതംഗീകരിക്കാൻ സാധിക്കാതെ, പകരം സ്‌നേഹമെന്ന് നിന്നേക്കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന അവരുടെ പ്രകടനത്തിൻ്റെ ഗതിയും സ്വഭാവവും മാറും.
പിന്നങ്ങോട്ട് അവരുടെ സ്‌നേഹപ്രകടനത്തിൻ്റെ ഗതിയും സ്വഭാവവും മാറി, ഉള്ളിൽ അസൂയയായ് നിറഞ്ഞ്, കാഴ്ചയിൽ വരാത്ത, പ്രത്യക്ഷത്തിൽ ഒരു കുറ്റവും പറയാൻ സാധിക്കാത്ത, നിന്നോടുള്ള അവരുടെ വെറുപ്പായും ആസൂയയായും അസഹിഷ്ണുതയായും അത് മാറും.
നാമറിയാതെ തന്നെ നമ്മളിൽ എല്ലാവരിലും ഏറിയും കുറഞ്ഞും ഇത് സംഭവിക്കുന്നു. നാം നമ്മെ തന്നെ നിരീക്ഷിച്ചാൽ മനസ്സിലാവുന്നത് മാത്രമാണ്.
വളരാത്തിടത്തോളമുള്ള, സ്നേഹമെന്ന് തോന്നുന്ന ഉടമപ്പെടുത്തൽ മാത്രമാണ് ഇത്തരത്തിലുള്ള ഉയർന്നപക്ഷത്ത് നിൽക്കുന്നുവെന്ന് സ്വയം ധരിച്ചുവശായ മേൽപറഞ്ഞ പലരുടെ പല സ്‌നേഹപ്രകടനങ്ങളും.
സ്നേഹിക്കപ്പെടുന്നവൻ വളരുമെന്ന് പ്രതീക്ഷിക്കാത്തവരുടെ, വളരണമെന്ന് ആഗ്രഹിക്കാത്തവരുടെ അഭിനയം മാത്രം അത്തരം സ്നേഹപ്രകടനങ്ങൾ.
അത്തരം സ്നേഹപ്രകടനങ്ങളെ ഭയക്കുക.
കാരണം അവ യഥാർത്ഥത്തിൽ സ്നേഹപ്രകടനങ്ങളല്ല; ഉടമപ്പെടുത്തലും, കീഴ്പ്പെടുത്തലും അധീശത്വം സ്ഥാപിക്കലുമാണ്.
അത്തരം സ്‌നേഹപ്രകടനങ്ങൾ കണ്ടാൽ ശത്രുവിൽ നിന്നെന്നന്ന പോലെ, വന്യമൃഗങ്ങളിൽ നിന്നെന്ന പോലെ നീ കുതറിമാറി ഓടണം, രക്ഷപ്പെടണം.
അത്തരം സ്നേഹപ്രകടനങ്ങൾ നിന്നെ ഉളളിൽ നിന്നും കാർന്നുതിന്നുന്ന തീയും ചിതലുമാണ്. എലിയെ പോലെ ഉളളിൽ കയറി നിന്നെ ഊറ്റിക്കളയും വിധം പുറത്തേക്ക് തുറന്നിടുകയാണത്.
അത്തരം സ്നേഹപ്രകടനങ്ങൾ നിൻ്റെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ഭസ്മീകരിക്കാനുള്ളതാണ്, ചോർത്താനുള്ളതാണ്, നിന്നെ എപ്പോഴും ചെറുതാക്കാനും ചെറുതാക്കി കാണിക്കാനുള്ളതുമാണ്.
അത്തരം സ്നേഹപ്രകടനങ്ങൾ നീ വ്യക്തിയായി വളരുന്നത് അംഗീകരിക്കാത്തതാണ്, സഹിക്കാത്തതാണ്.
അത്തരം സ്നേഹപ്രകടനങ്ങൾ നിന്നിലെ വളർന്നുവരുന്ന വ്യക്തിത്വത്തെ മുളയിലേ നുള്ളുന്നതാണ്.
നീ വളരുമ്പോഴും നീ വളർന്നാലും അവർ നിനക്ക് നേരിട്ട് കണ്ണ് തരില്ല.
കാരണം, വളർന്ന നിന്നെ വളർന്ന നീയായി അംഗീകരിക്കാനും ബഹുമാനിക്കാനും അവർക്ക് സാധിക്കുന്നില്ല. അവർ പോലുമറിയാതെ അവർ സൂക്ഷിക്കുന്ന ഉടമ-യജമാന ബോധവും സർപ്രസ്തി ചിന്തയും കാരണം അവർക്കത് സാധിക്കില്ല.
നിന്നെ നിയായി, വളർന്നവനായി മാനിക്കുന്നവന്നും ബഹുമാനിക്കുന്നവന്നും മാത്രമേ നിൻ്റെ കണ്ണിലേക്ക് നേരിട്ട് നോക്കാൻ സാധിക്കൂ. നീ പറയുമ്പോൾ കണ്ണിലേക്ക് നോക്കി അതാസ്വദിക്കൂ.
ഉടമ-യജമാന-സർപ്രസ്തീ ബോധവും ചിന്തയും ഒരു മാനസികരോഗം പോലെ ഒളിപ്പിച്ചു സൂക്ഷിക്കുന്നവർക്ക്, അവർ അവരുടെ കീഴാളനായി കണ്ട നിനക്ക് നേരിട്ട് കണ്ണ് തരാൻ സാധിക്കില്ല, നിൻ്റെ വളർച്ചയെ അംഗീകരിക്കാൻ അവർക്ക് സാധിക്കില്ല.
പ്രത്യക്ഷത്തിൽ അംഗീകരിക്കേണ്ടി വന്നാലും അവർക്കവരുടെ ഉള്ളിൽ നിന്നെ അംഗീകരിക്കാൻ സാധിക്കില്ല.
അതുകൊണ്ട് തന്നെ അത്തരക്കാരുടെ "മോനേ, മോളേ" വിളിയെ നീ തിരിച്ചറിയണം, ഭയക്കണം...
ഇങ്ങനെ കൃത്രിമമായയും കപടമായും സ്‌നേഹം നടിക്കുന്നവരെക്കാൾ നല്ലത് നേർക്കുനേർ നിൻ്റെ ശത്രു ആവുന്നവരാണ്.
നേർക്കുനേർ വരുന്ന ശത്രു ശത്രുവാകുന്നതി്ന് കാരണം നിന്നെയവർ ഒരു വളർന്ന വ്യക്തിയായി പ്രതിയോഗിയായി കാണുന്നു എന്നതാണ്. നിൻ്റെ വളർച്ചയും വ്യക്തിത്വവും അംഗീകരിക്കുന്നവനാണ്, വളർത്തുന്നവനാണ് അവനെന്നത് കൊണ്ടാണ് അവന് നീ ശത്രുവും പ്രതിയോഗിയും ആവുന്നത്.
അത്തരം നേർക്കുനേർ വരുന്ന ശത്രുവിനെ പ്രതിരോധിക്കുന്ന വഴിയിൽ നീ സ്വയം സായുധനായി, നിൻ്റേതായ താന്ത്രം നടപ്പാക്കി കൂടുതൽ വളരുകയും ചെയ്യും.
അത്തരക്കാർ നിൻ്റെ കണ്ണിലേക്ക് നേർക്കുനേർ നോക്കി നീയുമായി തർക്കിക്കും, നിന്നെ തോല്പിക്കാൻ ശ്രമിക്കും.
കാരണം അവർ നിന്നെ ഒരു വ്യക്തിയായും പ്രതിയോഗിയായും കാണുന്നു, അംഗീകരിക്കുന്നു. നീ പറയുന്നതിനെ അവർ കാര്യമായി കേൾക്കുന്നു, ഗൗനിക്കുന്നു (അതംഗീകരിച്ചാലും ഇല്ലേലും).
അത്തരം നിന്നെ ശക്തമായി എതിർക്കുന്നവരാണ് ശത്രുക്കളാണ് നിനക്ക് നല്ലത്, വിശ്വസിക്കാൻ പറ്റിയവർ.
നിന്നെ "മോനേ, മോളേ" എന്ന് വിളിച്ചു കൊച്ചാക്കുന്നവർ നിന്നോട് തർക്കിക്കില്ല, നിന്നെ തോപിക്കാൻ ശ്രമിക്കില്ല.
കാരണം അവർ നിന്നെ അവരുടെ ഉള്ളിൻ്റെയുള്ളിൽ ഒരു വ്യക്തിയായും പ്രതിയോഗിയായും കാണുന്നില്ല, അംഗീകരിക്കുന്നില്ല. നീ പറയുന്നതിനെ അവർ കാര്യമായി കേൾക്കുന്നുമില്ല, ഗൗനിക്കുന്നുമില്ല.
അത്തരക്കാർ നിനക്ക് നല്ലതല്ല, വിശ്വസിക്കാൻ പറ്റിയവരല്ല.
അവർ പറയുന്നത് മുഴുവൻ ശരിയെന്ന് പറയേണ്ടിയും സമ്മതിക്കേണ്ടിയും വരുന്നിടത്തല്ല.
*********
മാതാപിതാക്കളെയും വൃദ്ധന്മാരെയും മുതിർന്നവരെയും നീ ആദരിക്കരണം, സംരക്ഷിക്കണം.
ശരിയാണ്.
ഏത് കാര്യങ്ങളിൽ, ഏതറ്റം വരെ?
അവരുടെ ശാരീരിക, മാനസിക, ഭൗതിക കാര്യങ്ങൾ സംരക്ഷിച്ചുകൊടുക്കുന്നത് വരെ.
അല്ലാതെ അവരുടെ "മോനേ മോളേ" വിളികളിൽ കുടുങ്ങി നിൻ്റെ ചിന്താപരവും വിശ്വാസപരവുമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറവെക്കുന്നത് വരെയല്ല.
No comments:
Post a Comment