Tuesday, July 16, 2024

നീ നിന്നെ അറിയണമെന്നും ആര് പറഞ്ഞു? പൂമണം പൂവ് അറിയേണ്ടതില്ല.

നീ നിന്നെ അറിയണമെന്നും 

ആര് പറഞ്ഞു?


നീ നിന്നെ അറിയുന്നതും

അറിയാതിരിക്കുന്നതും 

നീയറിയാതെയും 

നീ ആയതും ആയിരിക്കുന്നതും 

തമ്മിലെന്ത് ബന്ധം?


നീയാവും സ്വാഭാവികമായി.

നീ ആയതും സ്വാഭാവികമായി.


പൂവിനെ കാണിച്ച് പൂവെന്ന് 

പൂവിന് സ്വയം പറയേണ്ടിവരുന്നുവെങ്കിൽ 

അതിലൊരസാംഗത്യമുണ്ട്, 

അസംബന്ധമുണ്ട്.


നീ നിന്നെ അറിയണമെന്നതും

നിന്നെ നിനക്ക് അറിയിക്കണമെന്നതും

നിൻ്റെയാ അറിവാണ്, അറിയിക്കലാണ്, 

നിന്നെക്കുറിച്ചുള്ള നിൻ്റെ അറിവാണ്, അറിയിക്കലാണ് 

ഏറ്റവും വലിയ അറിവെന്നത്

നിൻ്റെ അല്പധാരണ. 

നിന്നെ നീ വലുതായിക്കാണുന്ന

നിൻ്റെ അല്പധാരണ.


********


പൂമണം പൂവ് അറിയേണ്ടതില്ല.

പൂവത് അറിഞ്ഞാലും അറിഞ്ഞില്ലേലും 

പൂവ് പൂവ് തന്നെ,

പൂവിൻ്റെ പൂമണം ഒന്ന് തന്നെ. 


ആ പൂമണം പൂവിനെ പൂവ് 

പൂവായ് സ്വയം അറിഞ്ഞത് കൊണ്ട് 

കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

അതുകൊണ്ട് പൂവ് പൂവല്ലാതാവുകയോ 

കൂടുതൽ പൂവാവുകയോ ചെയ്യുന്നില്ല.

പൂമണം അറിയാനാവുന്ന മറ്റാരും

പൂമണം അറിയാതിരിക്കുന്നുമില്ല.


പൂമണം അറിയുന്നവരും അനുഭവിക്കുന്നവരും 

അവർക്ക തിരിച്ചറിയാൻ വേണ്ടി മാത്രം 

പേരിട്ടുവിളിക്കുന്നതാണ് പൂവ്, പൂമണം.


പൂവ് പൂവിനെ അറിഞ്ഞത് കൊണ്ട്

വിളിക്കുന്ന പേരല്ല പൂവ്, പൂമണം.


അതിനാലുമല്ലേലും

സ്വയമറിഞ്ഞാലും ഇല്ലേലും

പൂവെന്തിന് അസ്വസ്ഥപ്പെടണം?


*******


ഒഴുകുന്ന പുഴ 

ഒന്നും ലക്ഷ്യമാക്കുന്നില്ല. 

പുഴ പോലും പുഴയ്ക്ക് ലക്ഷ്യമല്ല.


പുഴയാകാൻ ഒഴുകി ആയതല്ല ഒരു പുഴയും.


ഒഴുകിയപ്പോഴും ഒഴുകുമ്പോഴും

നീയും നീയല്ലാത്തവരും വിളിച്ച 

പേര് മാത്രം പുഴ.


ലക്ഷ്യരാഹിത്യം പുഴക്ക് ലക്ഷ്യം.

ഉദ്ദേശരാഹിത്യം പുഴക്ക് ഉദ്ദേശം.


കടലിലെത്തി 

കടലായി തീരുമ്പോഴും പുഴ

കടലിൻ്റെ അലക്ഷ്യതയെ സ്വന്തമാക്കുന്നു.

കടലിനെ പോലും സ്വന്തമാക്കാതെ,

കടലെന്നു വിളിക്കപ്പെടുക പോലും 

ഉദ്ദേശവും ലക്ഷ്യവുമാക്കാതെ.


അലക്ഷ്യത സ്വന്തമാക്കി 

കടലായി സ്വയമില്ലാതാവുന്നു പുഴ.


വിത്ത് വിത്തല്ലാതായി 

വൃക്ഷമാവും പോലെ തന്നെ 

പുഴയും കടലും. 


*********


ഒഴുകുന്ന വഴിയിൽ 

തന്നെ വൃത്തികേടുത്തുന്നവരെയും

വൃത്തിയാക്കുന്നു പുഴ.

അവരുടെയും 

ദാഹം ശമിപ്പിക്കുന്നു പുഴ.


വെട്ടിത്തീരുന്നത് വരെ 

തന്നെ വെട്ടിവീഴ്‌ത്തുന്നവന് 

തണൽ വിരിക്കുന്നു

വൃക്ഷം.

No comments: