ഇന്ന് ഈയുള്ളവന് 56.
ഇന്ന് ഈയുള്ളവൻ്റെ ജന്മദിനം.
ഏറെക്കുറേ ആശുപത്രിയിലും
ചുറ്റുവട്ടത്തും തന്നെയായി
കഴിച്ചു കൂട്ടിയ
ഈയൊരു വർഷം തികയുമ്പോൾ
ഈയുള്ളവന് 56.
മലമുകളിൽ നിന്നെന്ന പോലെ
താഴ്വാരത്തിലും നിന്ന്
ജീവിതവുമായി സംഭാഷണം നടത്തിയ
ഈയൊരു വർഷം പൂർത്തിയാകുമ്പോൾ
ഈയുള്ളവന് 56.
ഇപ്പോഴും
ഈയുള്ളവനും കുടുംബവും ഉള്ളത്
കർണാടകയിൽ, മണിപ്പാലിൽ.
കസ്തൂർബാ മെഡിക്കൽ കോളേജിൻ്റെ
ചുറ്റുവട്ടത്ത്.
രാജാവിനും യാചകനുംഒരു പോലെ ദേവാലയമാകുന്നഇടത്തും ചുറ്റുവട്ടത്തും
രാജാവിനും യാചകനും
ഒരു പോലെ മരുന്ന് ഭക്ഷണമാകുന്നിടത്തും
ഈയുള്ളവനൊരു ജന്മദിനം.
പതിനേഴ് വയസ്സുള്ള രണ്ടാമത്തെ മകന്
കാൻസറായിരുന്നു.
Osteo Sarcoma.
High grade.
കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന
അവൻ്റെ ചികിൽസ
ഏറെക്കുറെ കഴിയുമ്പോൾ
ഈയുള്ളവന് 56.
പ്ലസ് ടൂവിൽ പഠിച്ചു കൊണ്ടിരിക്കെയായിരുന്നു,
കഴിഞ്ഞ വർഷം (2023) ജൂലൈയിൽ
മകന് ബോൺ കാൻസർ ഉണ്ടെന്ന് വന്നത്,
Osteo Sarcoma ഉണ്ടെന്ന് വന്നത്.
രോഗനിർണ്ണയം നടത്തുന്നതിന്
തൊട്ടുമുൻപ്, വളരേ കുറച്ച് ദിവസങ്ങൾ
തുടയെല്ലിൽ അനുഭവപ്പെട്ട
നിസാര വേദനയല്ലതെ
പ്രത്യേകിച്ച് കാര്യമായ ലക്ഷണങ്ങളോ
ആരോഗ്യ പ്രശ്നങ്ങളോ കാണിക്കാതെ
വന്ന ബോൺ കാൻസർ.
അങ്ങനെ
ഈ കഴിഞ്ഞ (ഏകദേശം) പത്ത് മാസങ്ങളായി
ഈയുള്ളവനും കുടുംബവും
അവൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട്
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ.
ഇപ്പോഴും
മണിപ്പാൽ കസ്തൂർബാ ആശുപത്രിയുടെ
ചുറ്റുവട്ടത്ത് തന്നെ തുടരുന്നു.
ഒറ്റക്ക് പഠിക്കാൻ മാത്രം
കഴിവും കരുത്തും മനക്കരുത്തും
അച്ചടക്കവും ലക്ഷ്യബോധവും
ഒത്തുചേർന്ന മകന്,
ഒറ്റക്ക് തന്നെ ഐഐടി ലക്ഷ്യമാക്കി,
ഏറെക്കുറെ ഐഐടി ഉറപ്പിച്ച്
ഒരുങ്ങുന്നുതിനിടയിൽ
ബോൺ കാൻസർ ഉണ്ടെന്ന് വരുന്നു.
ഒറ്റക്ക് തന്നെ പഠിച്ച്,
പത്താം ക്ലാസ്സ്, പ്ലസ് വൺ പരീക്ഷകളിൽ
സാമാന്യം ഉയർന്ന മാർക്കുകൾ നേടി
പ്ലസടുവിന് പഠിച്ചുകൊണ്ടിരിക്കെ.
വലത് കാൽമുട്ടിൻ്റെ മുകളിൽ
തുടയെല്ലിൽ തോന്നിയ
വളരേ വളരേ ചെറിയ വേദന.
എന്തുകൊണ്ടെന്ന്
പരിശോധിച്ചത് കൊണ്ട് മാത്രം
ബോൺ കാൻസറെന്നറിഞ്ഞു.
ഈ ചെറിയ പ്ലസ് ടു കാലയളവിനുള്ളിൽ
ലോകസാഹിത്യത്തിൽ തന്നെ
ഉയർന്നതലം വായിച്ചുകൊണ്ടിരുന്ന മകൻ.
കാമുവും കാഫ്കയും ദസ്തവസ്കിയും
ജോർജ് ഓർവലും പൗലോകോഹ്‌ലോയും
മിലാൻകുന്ദേരയും ഹെസ്സേയും
ഹെമിങ്‌വേയും ചെക്കോവും
ജിബ്രാനും ഖാലിദ് ഹുസൈനും
മഹാത്മാഗാന്ധിയും അംബേദ്കറും
ജെ കെ റൗളിങ്ങും അടങ്ങുന്നവ
ഇതിനിടയിൽ വായിച്ച
പ്ലസ് ടൂ വിദ്യാർത്ഥിയായ കുട്ടി.
എല്ലാറ്റിലുമുപരി ഉയർന്ന നിലയിൽ സൗഹൃദവലയം
ഈ ചെറിയ പ്രായത്തിനിടയിൽ,
തൻ്റെ ഗ്രാമത്തിലെ വീട്ടിനുള്ളിൽ നിന്ന്
അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കാൻ
പ്രാപ്തിയും വൈഭവവും കാണിച്ച കുട്ടി.
ഇപ്പോൾ, കഴിഞ്ഞ പത്ത് മാസങ്ങളായി
ഈയുള്ളവനും ഭാര്യയും അവനും
ചികിത്സയുമായി ബന്ധപ്പെട്ട്
മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ
കഴിഞ്ഞുകൂടുന്നു.
അതുകൊണ്ട് തന്നെ, ഈ വേളയിൽ
പറയേണ്ട, പറഞ്ഞുപോകേണ്ട
ചില കര്യങ്ങളുണ്ട്.
എകദേശം പത്ത്മാസത്തോളം
ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.
ഇനി വരുന്ന ഒരു വർഷം
ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ,
പിന്നെ അഞ്ച് വർഷം
നിരീക്ഷണകാലവും കഴിഞ്ഞാൽ
മകൻ പൂർണമായും സാധാരണം.
എല്ലാവരെയും പോലെ.
ഈ ചികിത്സാകാലയളവിൽ
മകനും കൂടെയുള്ള നമ്മളും
തൊട്ടിലിൽ ഒരു പീളക്കുഞ്ഞ്
സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.
പുറത്ത് നടക്കുന്ന
ഒരുതരം ബഹളവും പ്രയാസവും
അറിയാതെ, ബാധകമാവാതെ
ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി.
ആർഭാടപൂർവ്വം, രാജകീയമായി.
ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ
കൂടെ നിന്ന സുഹൃത്തുക്കളും
സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സഹോദരങ്ങളും കാരണം.
അത്തരം സുഹൃത്തുക്കളെ പോലെ
ഓടിച്ചാടി വന്ന് കൂടെനിന്ന
കുറച്ച് സുഹൃത്തുക്കളും
സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ്
മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ
വലിയ, ഫലവത്തായ,
കളിചിരി അന്തരീക്ഷം സൃഷ്ടിച്ച,
ആഘോഷം തന്നെയാക്കിയ
ചികിത്സയും രോഗശമനവും ആയത്.
ഒരുകുറേ സുഹൃത്തുക്കൾ.
ബന്ധത്തിലും സ്വന്തത്തിലും
സൗഹൃദം സൗഹൃദമാക്കി കൂടിയുണ്ടെങ്കിൽ
അത് തന്നെ വലിയ തണലും
സംരക്ഷണവും മരുന്നും ചികിത്സയുമെന്ന്
വ്യക്തമാക്കും വിധം.
അതുകൊണ്ട് തന്നെ
ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്,
പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.
പ്രതിസന്ധികളും പ്രയാസങ്ങളും
യഥാർത്ഥ പാഠങ്ങൾ നൽകും,
യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.
ആരൊക്കെ ആരൊക്കെയാണെന്നും
എന്തൊക്കെ എന്തൊക്കെയാണെന്നും
മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.
ഒരു കാരൃം ഉറപ്പിച്ച് പറയാം.
പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട
ഈ കാലയളവിലും
ഈയുള്ളവനും മകനും കുടുംബവും
തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന
കുഞ്ഞുങ്ങളെ പോലെ
സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു.
ആഘോഷപൂർവ്വം,
ആഡംബരത്തോടെ,
ആഹ്ലാദത്തിൽ.
ഇപ്പോഴും അത്തരമൊരു
വല്ലാത്തൊരു സംരക്ഷണത്തിൽ,
ആഘോഷത്തിൽ തന്നെ
എന്തെന്നില്ലാതെ തുടരുന്നു.
ഏതോ ഒരു മാന്ത്രികസ്പർശവും
മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും
അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.
സൗഹൃദത്തെക്കാൾ വലിയ തണലും
സൗഹൃദത്തെക്കാൾ വലിയ സംരക്ഷണവും വലയവും
സൗഹൃദത്തെക്കാൾ വലിയ ആഘോഷവും ആഡംബരവും
ഇല്ലെന്ന് വ്യക്തമാവും വിധം.
"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ ആര് സൂക്ഷിക്കുന്നുവോ
അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു.
അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും)
അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."
ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.
"പ്രാപഞ്ചികസത്തയുടെ കൂട്ടുകാർക്ക്
പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)". (
*******
ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം,
രാജകീയമായി തന്നെയായിരിക്കണം,
രോഗി രാജാവിനെ പോലെയായിരിക്കണം,
രോഗിയെ യാചകനെ പോലെയാക്കരുത്
എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു.
അങ്ങനെയാകാൻ മാത്രം കലഹിച്ചു.
(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട്
ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു,
പുലർത്തണമെന്ന് കരുതുന്നു).
ആ നിലപാട് തന്നെ ആവുംവിധം
ഇന്നിതുവരെ പ്രാവർത്തികവുമാക്കി,
ആക്കാൻ ശ്രമിച്ചു.
എവിടെയും പിശുക്കാം.
ആരോഗ്യകാര്യത്തിലും
വിദ്യാഭ്യാസകാര്യത്തിലും
പിശുക്കാതിരിക്കുക.
കാരണം, അവ
വളർച്ചയുടെയും ഉയർച്ചയുടെയും
നിർമ്മാണത്തിൻ്റെയും മുന്നോട്ട്പോക്കിൻ്റെയും
വഴിയാണ്.
അങ്ങനെ തന്നെ,
അതുപോലെ തന്നെ
ആദ്യാവസാനം,
ഇതുവരെ
ഒരു വിഘ്‌നവും കൂടാതെ
ഈ ചികിത്സാഘട്ടം
ആഘോഷപൂർവ്വം
നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.
തുടക്കത്തിൽ വിചാരിച്ചതിലും
വളരെ എളുപ്പത്തിൽ ഭംഗിയായി,
നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.
അറിയാം.
നിങളെല്ലാവരും തന്നെയായ
നമ്മളെല്ലാവരും ഒരുപോലെ
അവൻ്റെ കൂടെ ഉണ്ടായിരുന്നു.
വളരേ അടുത്ത സുഹൃത്തുക്കളായി
കുറച്ച് സ്വന്തബന്ധങ്ങൾ.
സ്വന്തബന്ധങ്ങളെ പോലെ നിന്ന
കുറച്ച് സുഹൃത്തുക്കൾ.
അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ
ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.
പേരെടുത്തുപറയപ്പെടുന്നവരും
അല്ലാത്തവരും ഒരുപോലെ.
സാഹചര്യവശാലും ദൂരം കാരണവും
ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും
പറ്റാതിരുന്നതും ആരുടെയും
കുറ്റമല്ല, കുറവല്ല.
എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും
മനസ്സാക്ഷിയിൽ,
സ്വന്തം മനസ്സാക്ഷിയോട്
സത്യസന്ധരായാൽ മതി.
മനസ്സാക്ഷിയോട്
നീതിയും സത്യസന്ധതയും
പുലർത്തിയാൽ
എല്ലാം ശരി.
എങ്കിൽ,
എന്ത് ചെയ്താലും
എന്ത് ചെയ്തില്ലെങ്കിലും,
എന്ത് ചെയ്യാനായാലും
എന്ത് ചെയ്യാനായില്ലെങ്കിലും
എല്ലാം ഒരുപോലെ ശരി.
എല്ലാവരുടെയും പേരുകൾ
ഒന്നൊന്നായി എടുത്തുപറഞാൽ
ഈ കുറിപ്പ് വല്ലാതെ നീളും.
അതിനാൽ,
നമ്മുടെ ഇടയിലുള്ള,
നമ്മുടെയെല്ലാം എല്ലാവരുടെയും പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ
ഇത്തരുണത്തിൽ ഓർക്കുന്നു.
ഖണ്ഡനാഡി പോലെ കൂടെനിന്ന,
അടുത്തുനിന്ന,
ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും
പ്രതീക്ഷിക്കാതെ
കൂടെനിന്ന ചിലരാണവർ എന്നതിനാൽ.
" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ.
*********
ഇനി പറയട്ടെ.
എല്ലാം ഇതുവരെ
ആരും പ്രതീക്ഷിക്കാത്തത്ര,
ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര
ഭംഗിയിലായിരുന്നു നടന്നുകൂടിയത്.
ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.
പ്രത്യേകിച്ചും
സങ്കല്പിക്കാൻ കഴിയാത്തത്ര
വ്യക്തതയോടെയും
കരുത്തോടെയും
ആത്മവിശ്വാസത്തോടെയും
അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും
ആയിരുന്നു മകൻ സ്വയം തന്നെ
ഈയൊരു ഘട്ടത്തെ നേരിട്ടത്.
"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല".
********
ഈ ചികിത്സാകാലയളവിലുണ്ടായ
നന്മകൾ ഒരു പടിയാണ്.
ജീവിതവും ജീവിതത്തിലും
എന്ത് കിട്ടി എന്നിടത്തല്ല കാര്യം.
കിട്ടിയതിനെ എങ്ങിനെ എടുത്തു,
കിട്ടിയതിൽ നിന്ന് എന്തെടുത്തു
എന്നതിലാണ് കാര്യം.
കിട്ടിയത് മണ്ണും ചെളിയും ആവാം.
പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.
പൂവും പഴവും കിട്ടാം.
പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ്
അതിനെ വൃത്തികെട്ട ചെളിയാക്കാം.
നന്മയും തിൻമയും നിങൾ
എങ്ങിനെ എവിടെ നിന്ന് കാണുന്നു
എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ട് തന്നെ
ഈ കാലയളവിലും ജീവിതം
ഒരാഘോഷമായി തന്നെ കടന്നുപോയി.
"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം".
*******
"ആര് പിശുക്കിയോ
എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ,
ആര് (പിശുക്കിനുവേണ്ടി)
(തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള)
നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ,
അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും).
(അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).