Tuesday, January 30, 2024

തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല. ഭൂമി മനുഷ്യന് വേണ്ടി മാത്രമല്ല.

ഈ പ്രപഞ്ചവും അതിലുള്ളതും 

നിനക്ക് വേണ്ടിയാണ്. 

ശരിയാണ്.


പക്ഷേ, നിനക്ക് വേണ്ടി മാത്രമല്ല; 

ഓരോ അണുവിനും ഉറുംബിനും 

ആനക്കും വേണ്ടി കൂടിയാണ്. 


നീയും അവയും അകപ്പെട്ട മാനം 

അനുവദിക്കുന്നത്ര, ആവശ്യപ്പെടുന്നത്ര.

******

മനുഷ്യരെ കടിക്കുന്നത് കൊണ്ട് തെരുവ് നായ്ക്കളെ മുഴുവൻ കൊല്ലുകയോ?

എങ്കിൽ എല്ലാം നശിപ്പിക്കുന്ന, പോരാത്തതിന് മനുഷ്യനെയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യനെയും മനുഷ്യനേതാക്കളെയും എന്ത് ചെയ്യണം?

*******

തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല.

മറ്റ് പരിഹാരങ്ങൾ കാണാൻ ശ്രമിക്കാതെ ഏകപക്ഷീയമായി തലവേദനക്ക് തലവെട്ട് എന്നത് പോലെ പരിഹാരം നിർദ്ദേശിക്കുകയല്ല വേണ്ടത്. 

തലയും നായ്ക്കളും വീണ്ടും പലതിനും പലനിലക്കും പ്രകൃതിയെന്ന വലിയ ശരീരത്തിൻ്റെ സമഗ്രതയിൽ ആവശ്യമുള്ളതാണ്. 

മനുഷ്യരും ഈ ഭൂമിയിലും പ്രകൃതിയിലും മറ്റേതൊരു ജീവിയും പോലെ ഒരു ജീവി മാത്രം. 

ഈ ഭൂമിയും പ്രകൃതിയും മനുഷ്യകേന്ദ്രീകൃതമല്ല. 

ഈ ഭൂമി മനുഷ്യന് വേണ്ടി മാത്രം എന്ന് കരുതരുത്.

ഈ ഭൂമി തെരുവ് നായ്ക്കൾക്കും ഉറുംബിനും പാമ്പിനും കൂടിയുള്ളതാണ്.

അതിജീവിക്കുന്നവൻ അതിജീവിക്കുന്നത്ര അതിജീവിക്കും.

നിലവിൽ മനുഷ്യൻ മാത്രം കൂടുതൽ അതിജീവിക്കുന്നു.

മനുഷ്യരിൽ ചിലരെങ്കിലും സർവ്വതിനെയും ഉൾക്കൊണ്ട് ചിന്തിച്ച് തിരുമാനമെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം...

ഇത് ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നപ്പോൾ പറയുന്നത് പോലെ പറയുന്നതല്ല. 

ഇത് നമ്മിലാരെയും തെരുവ് നായ്ക്കൾ ആക്രമിക്കാത്തത് കൊണ്ട് മാത്രം പറയുന്നതല്ല 

*****

നായ കടിക്കുന്നതും കോടതി തീരുമാനവും മരുന്ന് മാഫിയകളും തമ്മിൽ ഒരു ബന്ധവുമില്ല.

നായ കടിച്ചാൽ കൊടുക്കുന്ന മരുന്ന് കമ്പനികളുടെ മാഫിയക്ക് വേണ്ടി തെരുവ് നായയെ കൊല്ലേണ്ട എന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്ന ചെറിയ വർത്തമാനം ഇക്കാര്യത്തിൽ പറയരുത്.

അങ്ങനെ പറഞാൽ അത് വല്ലാത്തൊരു മുൻവിധി പറയലാവും.

തെരുവ് നായയുടെ കാര്യത്തിൽ മരുന്ന് മാഫിയയുടെ സ്വാധീനമല്ല.

പകരം, സുപ്രീം കോടതി അങ്ങനെയൊരു അനുവാദം കൊടുത്താൽ അത് മുഴുവൻ ഇന്ത്യക്കും കൊടുക്കുന്ന അനുവാദമാണ്.

അത്തരമൊരു അനുവാദം ഉണ്ടാക്കുന്ന പ്രത്യാഘാതം നായ്ക്കളുടെ കാര്യത്തിൽ വല്ലാത്തതായിരിക്കും. 

മനുഷ്യൻ മാത്രം എല്ലാം തീരുമാനിക്കുന്ന ലോകത്ത്, മനുഷ്യന് വേണ്ടി മാത്രം മനുഷ്യൻ എല്ലാം തീരുമാനിക്കുന്ന ലോകത്ത് എല്ലാ മനുഷ്യരും കൂടി ആരോരും ഒന്നും ചോദിക്കാനില്ലാത്ത തെരുവ് നായ്ക്കളെ ഒന്നടങ്കം അങ്ങ് കൊന്നുതള്ളും.

ഫലത്തിൽ നായ്ക്കളുടെ വംശനാശം വരെ ക്രമേണ സംഭവിക്കുകയും ചെയ്യും.

No comments: