Saturday, January 13, 2024

ഒരു സുഹൃത്ത് പോലുമാവാത്ത കുടുംബ ബന്ധം എന്ത് കുടുബബന്ധം?

എന്താണീ കുടുംബബന്ധം?

ഒട്ടും മനസ്സിലാവാത്ത ഒരൊറ്റ കാര്യമേ ഉള്ളൂ. 

കുടുംബ ബന്ധം എന്തെന്ന്. 

കുടുംബ ബന്ധം എന്തിനെന്ന്.


ഒന്നറിയാം.

അതൊരു തിരഞ്ഞെടുപ്പല്ലെന്ന്.

യാദൃശ്ചികം. അറിയാതെ.

പരസ്പരം ഏറെ മറച്ചു വെക്കുന്നവർ.


കല്യാണത്തിനും സൽക്കാരത്തിനും മരണത്തിനും വരാനുള്ള ആൾക്കൂട്ടം.  കുടുംബബന്ധം.


സഹോദരങ്ങളെ,

അതുമൊരു തിരഞ്ഞെടുപ്പല്ലെങ്കിലും,

അറിഞ്ഞു നടത്തുന്നതല്ലെങ്കിലും,

മനസ്സിലാവും. 


ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിച്ച് ഏറെക്കുറെ ഒന്നിച്ച്

ഒരേ സാഹചര്യത്തിൽ വളർന്നവർ.


ഒരേ അച്ഛൻ്റെയും അമ്മയുടെയും 

(ഉപ്പയുടെയും ഉമ്മയുടെയും) 

തണലിലും പിന്തുണയിലും 

സംരക്ഷണത്തിലും വളർന്നവരായിട്ടും

ഏറെ പരസ്പരം മറച്ചുവെക്കുന്നവർ


സുഹൃത്തുക്കളെയും മനസ്സിലാവും.


സുഹൃത്ത് ഒരു തിരഞ്ഞെടുപ്പാണ്.

അപരിചിത വഴിയിൽ 

പരിചയമായി, ധൈര്യമായി, 

പുതുമയായി പുതിയത് കാണാൻ 

കടന്നുവരുന്നവൻ.

അറിഞ്ഞും കണ്ടും കേട്ടും 

തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ്.

അറിയാത്ത വഴികളെ അറിവാക്കാൻ

കൈപിടിച്ച് നടക്കുന്നവൻ 


ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിക്കാതെ, 

അതിനേക്കാൾ അടുത്തറിഞ്ഞ് 

സ്വയം മറന്ന് ജീവിതമായി പെരുമാറുന്നവർ

സുഹൃത്തുക്കൾ. 


പരസ്പരം അച്ഛനും അമ്മയുമായ് 

സഹോദരനും കുടുംബക്കാരനുമായ്

പിന്തുണച്ച് സംരക്ഷിച്ച് 

തണലേകി വളരുന്നവർ സുഹൃത്തുക്കൾ.

മറച്ചുവെക്കാൻ പരസ്പരം ഒന്നുമില്ലാതെ.


എന്നാലുമിപ്പോഴും 

കുടുംബ ബന്ധത്തിൻ്റെ 

ആഴവും അർത്ഥവും 

മനസ്സിലായില്ല. 


വീമ്പു പറയുന്നതല്ലാതെ,

വീമ്പു പറയാനല്ലാതെ,

ഇല്ലാത്ത പെരുമ പറയാനല്ലാതെ.


എന്ത് കുടുബബന്ധം?

എന്തിന് കുടുബബന്ധം?

സൗഹൃദം ഭാവിക്കാത്ത,

ഒരു സുഹൃത്ത് പോലുമാവാത്ത

കുടുംബ ബന്ധം 

എന്ത് കുടുബബന്ധം?


No comments: