Wednesday, January 3, 2024

ജനാധിപത്യം തന്നെ ജനാധിപത്യത്തിലെ ഏക ഗ്യാരണ്ടി?

ആരുടെയെങ്കിലും ഗ്യാരണ്ടി കിട്ടാനും ആരുടെയെങ്കിലും ഗ്യാരണ്ടിയിൽ കഴിയാനുമാണോ ജനാധിപത്യം? 


അതിന് മാത്രം ജനാധിപത്യം 

ജനങ്ങളുടെ കയ്യിൽ നിന്നും പോയോ? 


അവ്വിധം ജനാധിപത്യം വ്യക്തികേന്ദ്രീകൃതമായിപ്പോയോ? ജനാധിപത്യമല്ലാതായിപ്പോയോ? 


ജനാധിപത്യം മാത്രമായിരിക്കേണ്ടേ

ജനാധിപത്യം തരുന്ന 

ജനാധിപത്യത്തിലെ 

ഏക ഗ്യാരണ്ടി? 

******

അങ്ങനെ ഏതെങ്കിലും വ്യക്തിയുടെ ഗ്യാരണ്ടിയിലും ഉറപ്പിലുമാണോ ഇന്ത്യ ഉണ്ടായതും നിലനിൽക്കുന്നതും? 

പകരം ഇന്ത്യയുടെ ഗ്യാരണ്ടിയിലും ഉറപ്പിലും അയാളും കൂടി ജീവിക്കുകയല്ലേ? 

*******

ജനാധിപത്യത്തിൽ ആരുടെയെങ്കിലും ഗ്യാരണ്ടിയും ഔദാര്യവും എന്നതുണ്ടോ? 


ജനങ്ങൾ ജനങ്ങൾക്ക് തന്നെ നൽകുന്ന ഗ്യാരണ്ടിയും ഔദാര്യവും മാത്രമല്ലേ ഉള്ളൂ ജനാധിപത്യത്തിൽ? 


പ്രത്യേകിച്ചും ഇപ്പറയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വരെ ജനങ്ങളുടെ ഗ്യാരണ്ടിയിലും ഔദാര്യത്തിലും അതേ ജനങ്ങളുടെ ചിലവിൽ മാത്രം സൗജന്യമായി ജീവിക്കുമ്പോൾ?

********

ആരും ഒരു ഗ്യാരണ്ടിയും ജനങ്ങൾക്ക് നൽകേണ്ടതില്ല. 

ജനങ്ങളാണ് ജനാധിപത്യത്തിൻ്റെ ഉടമസ്ഥർ. 

ഗ്യാരണ്ടി നൽകുന്നവരെ അവരാക്കിയ ജനാധിപത്യത്തെ നേരാംവണ്ണം നടപ്പാക്കിയാൽ മാത്രം മതി. 

കുത്തുത്തിരിപ്പും തിരിമറിയും നടത്താതെ. 

എല്ലാ നേതാക്കളും പാർട്ടികളും ജനാധിപത്യത്തിൻ്റെയും ജനങ്ങളുടെയും ചിലവിലും മറവിലും നുഴഞ്ഞുകയറിയവരാണ്. 

******

ചിലത് ചോദിക്കട്ടെ.

രാജ്യവും രാജ്യത്തിൻ്റെ സംവിധാനവും ഭരണഘടനയും മാത്രമല്ലേ എല്ലാവർക്കുമുള്ള ഗ്യാരണ്ടി?

ആ ഗ്യാരണ്ടി വെച്ചല്ലെ ഇയാൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയത്?

ഇയാളെ രാജ്യവും രാജ്യത്തിൻ്റെ സംവിധാനവും ചില കാര്യങ്ങൾ ഏൽപ്പിക്കുന്നു. 

ജനങ്ങൾ ഏൽപിച്ച വേലക്കാരൻ മാത്രം ഏത് പ്രധാനമന്ത്രിയും. 

സ്വന്തം നിലക്ക് ഗ്യാരണ്ടി നൽകാൻ അയാൾ ഒന്നും സ്വന്തം പോക്കറ്റിൽ നിന്നും വീട്ടിൽ നിന്നും സ്വത്തിൽ നിന്നും എടുത്തുകൊടുക്കുകയല്ലല്ലോ?

അദ്ദേഹം ചെയ്യുന്ന ജോലിക്കും അതിന് കിട്ടുന്ന വേതനത്തിനും പോലും ഗ്യാരണ്ടി രാജ്യമാണ്, രാജ്യത്തിൻ്റെ സംവിധാനമാണ്, രാജ്യത്തിലെ ജനങ്ങളും അവരുടെ പൈസയുമാണ്. 

ഒന്നുമറിയാത്ത ജനങ്ങളെ, ജനാധിപത്യത്തിൽ ജനങ്ങളാണ് മേലെ ഉടമസ്ഥരായി നിൽക്കുന്നത് എന്ന് തിരിച്ചറിയാത്ത ജനങ്ങളെ, ജനാധിപത്യത്തിന് പാകമായിട്ടില്ലാത്ത ജനങ്ങളെ പറഞ്ഞു പറ്റിക്കുക മാത്രം. അയാളെ അയാളാക്കിയ സംവിധാനത്തിന് തുരങ്കം വെച്ചുകൊണ്ട്.

*******

അല്ലെങ്കിലും ഏത് പറഞ്ഞ കാര്യമാണ് പറഞ്ഞു എന്ന് പിന്നീട് ഏറ്റെടുത്തത്?

അയാൾ ഒന്നും നേരിട്ട് പറയേണ്ട. പാർട്ടിയും നേതാക്കളും തുരുതുരാ അവിടെ കുറേ കാര്യങ്ങൾ പറഞ്ഞ്, അവകാശപ്പെട്ട് അതൊക്കെയും മോദി ഗ്യാരണ്ടി മോദി ഗ്യാരണ്ടി എന്ന് വിളിച്ചുപറയുമ്പോൾ അതയാൾ നേരിട്ട് പറയുന്നതിനേക്കാൾ വലുതാണ്, ശക്തി കൂടിയതാണ്, ആധികാരികമാണ്. 

അല്ലെങ്കിലും പറഞ്ഞതും വാക്ക് കൊടുത്തതും ഒന്നും പാലിക്കുന്ന, പിന്നീട് സമ്മതിക്കുന്ന രീതി ഈ പാർട്ടിക്കും നേതാക്കൾക്കും ഇല്ലല്ലോ? 

നോട്ട് നിരോധന സമയത്ത് എന്തായിരുന്നു പറഞ്ഞത്, അവകാശപ്പെട്ടത്? ഒരു രൂപ കള്ള നോട്ട് പിടിച്ചില്ല എന്നത് മാത്രമല്ല, എല്ലാ കള്ളപ്പണവും വെളുപ്പിച്ചു കൊടുത്തു എന്നത് മാത്രമല്ല, കുറേ പാവങ്ങൾ മരിച്ചു, ഒരു കുറേ കാലം ഇന്ത്യക്കാർ മുഴുവൻ പ്രയാസപ്പെട്ടു എന്നതല്ലാതെ വേറെ എന്തെങ്കിലും നടന്നോ, നടത്തിയോ? 

ഇല്ല. 

വെറും അമ്പത് ദിവസം കൊണ്ട് എന്ത് കാണിക്കും, അല്ലെങ്കിൽ തന്നെ എന്ത് ചെയ്തോ എന്നായിരുന്നു പറഞ്ഞത്?

പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞതും പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതും ഇതേ കോലത്തിൽ തന്നെയല്ലേ?

കാളവണ്ടി ഓടിച്ച് പ്രതിഷേധിച്ചവർ പെട്രോൾവില അമ്പതാക്കും ഗ്യാസ് വില 250 ആക്കും എന്ന് പറഞ്ഞതും മറന്നു എന്നത് മാത്രമല്ല, ഉള്ള ഗ്യാസ് സബ്സിഡി നിർത്തുകയും, ആളോള മാർക്കറ്റിൽ മുഴുവൻ കുത്തനെ വില കുറയുമ്പോഴും ഗ്യാസ്-പെട്രോൾ വില മൂന്നിരട്ടി ആക്കുകയും ചെയ്തു. 

വർഷം തോറും നൽകുമെന്ന് വാഗ്ദാനം ചെയ്ത കോടിക്കണക്കിന് തൊഴിലുകൾ നൽകിയോ ? ഇല്ല. എന്നാലോ ഉള്ള തൊഴിലുകളും നോട്ട് നിരോധനവും gst യും കാരണം നശിപ്പിച്ച് കയ്യിൽ കൊടുത്തില്ലേ? 

ഇവിടെയുള്ള പാവം വിവരംകെട്ട ജനങ്ങളെ വെറും കളവ് പറഞ്ഞും വെറുപ്പും അസൂയയും വിദ്വേഷവും ഉണ്ടാക്കിയും, evmൽ കളിക്കേണ്ടത് പോലെ കളിച്ചും പറ്റിക്കാം എന്ന് മനസ്സിലാക്കിയവർക്ക് വേറെ എന്ത് പേടിക്കാൻ. 

ജനങ്ങൾ വെറുപ്പും അസൂയയും വിദ്വേഷവും ഉരുട്ടിത്തിന്ന് വയർ നിറക്കുന്നുണ്ട്. 

അത് തന്നെ ഭാഗ്യം.


No comments: