Sunday, January 28, 2024

ഭാഗം 2: അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

രാമജന്മഭൂമിയിൽ രാമക്ഷേത്രം പൂവണിഞ്ഞു.

എങ്ങിനെ, എന്തുകൊണ്ട് അതിന് സാധിച്ചു. 

ഇന്ത്യ നാം സ്വപ്നം കാണുന്ന അഖണ്ഡഭാരതമല്ലാത്തത് കൊണ്ട് സാധിച്ചു.

അങ്ങനെയാവുമ്പോൾ യഥാർഥത്തിൽ അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

ഉണ്ട്.

പക്ഷേ, ലോകാ സമസ്താ സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന  അഖണ്ഡഭാരതമെന്ന ലക്ഷ്യം എങ്ങിനെ നേടും?

അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടാൻ ആര് മുൻകൈ എടുക്കും?

നിലവിലെ സാഹച്യത്തിൽ ഗാന്ധാര ദേശമായ അഫ്ഗാനിസ്ഥാനും സിന്ധു സംസ്കാര പ്രദേശമായ പാക്കിസ്ഥാനും ബ്രഹ്മപുത്ര ഒഴുകുന്ന ബംഗ്ലാദേശും അഖണ്ഡഭാരതമെന്ന ലക്ഷ്യത്തിന് വേണ്ടി മുൻകൈ എടുക്കില്ല.

ഏകസത്യാവാദത്തിൽ കുടുങ്ങിയ, അവസാനവാദ മതവിശ്വാസികൾക്ക് മേൽക്കോയ്മയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നിലവിലെ അവസ്ഥയിൽ മുൻകൈ എടുക്കില്ല. 

എന്നാലോ, നാം അഭിമാനം കൊള്ളുന്ന ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന ആർഷഭാരത സംസ്കാരത്തിൻ്റെ സകല ചരിത്രവഴികളും സിന്ധുവും മോഹൻജദാരോ ഹാരപ്പ പോലുള്ളവയുടെ തിരുശേഷിപ്പുകളും സ്ഥലങ്ങളും ഓർമ്മകളും നിറഞ്ഞ് കിടക്കുന്നത് പാക്കിസ്ഥാനിലും, പിന്നെ ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ടത് മുഴുവൻ ബംഗ്ലാദേശിലുമാണ്. 

ഭാരതീയരായ നാം മാത്രം വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതം എന്നത് അടിസ്ഥാനപരമായും നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും ബഹുസ്വരതയും ലോകം മുഴുക്കെ ഒന്നാവുന്നത്  ലക്ഷ്യംവെച്ചുള്ളത് കൂടിയാണ്. 

കാരണം, ഇന്ത്യയുടേതതെന്ന് നാം കരുതുന്ന ഹൈന്ദവത ബഹുസ്വരതയുടെ മാത്രമായ വൈവിധ്യവും നാനാത്വത്തിൽ ഏകത്വവും വിളിച്ചോതുന്ന എല്ലാറ്റിനെയും തണൽ നൽകി ഒരുമിച്ച് നിർത്തുന്ന ഒരു ബൃഹത്തായ ബഹുസ്വര സംസ്കാരം മാത്രം.

മാത്രവുമല്ല, പ്രധാനമായും അഖണ്ഡഭാരതം എന്നത് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും കൊണ്ടുനടക്കുന്ന സങ്കല്പവും ആഗ്രഹവും മാത്രം. 

നിലവിലെ, ഇന്ത്യ തന്നെയായ, ഇന്ത്യ തന്നെയായിരുന്ന നിലവിലെ പാക്കിസ്ഥാനും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും അഖണ്ഡഭാരതമെന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഗതി.

അതുകൊണ്ട് തന്നെ അഖണ്ഡഭാരതത്തിനു വേണ്ടി എന്തെങ്കിലും മുൻകൈ എടുക്കേണ്ടതും അഖണ്ഡഭാരതം സാധിക്കാനുള്ള വഴി ഏതുവിധേനയും അന്വേഷിച്ച് കണ്ടെത്തേണ്ടതും ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇന്ത്യൻ രാഷ്ടീയനേതൃത്വവും മാത്രം.

പക്ഷേ, നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ജനതയും ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അങ്ങനെയൊരു അഖണ്ഡഭാരതം യഥാർഥത്തിൽ ഇപ്പോൾ സംഭവിക്കാൻ ആഗ്രഹിക്കുമോ? 

നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അഖണ്ഡഭാരതം എന്ന ലക്ഷ്യത്തിന് വേണ്ടി നിലവിലുള്ള ഇന്ത്യൻ സാഹചര്യം തങ്ങൾക്ക് പൂർണമായും അനുകൂലമായ സ്ഥിതിക്ക് എന്തെങ്കിലും മുൻകൈ എടുക്കുമോ?

വല്ലനിലക്കും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മുൻകൈ എടുക്കുന്നുവെന്ന് തന്നെ വെക്കുക. 

അങ്ങനെയായാൽ പോലും അഖണ്ഡഭാരത സങ്കല്പം രായ്ക്കുരാമാനം പറയുന്ന ഇന്നത്തെ ഇന്ത്യയും ഇന്ത്യയുടെ ഭരണപക്ഷപാർട്ടിയും ആ അഖണ്ഡഭാരത ലക്ഷ്യസാക്ഷാൽക്കാരത്തിന് വേണ്ടി തയ്യാറാവുമോ, മുൻകൈ എടുക്കുംവിധം തയ്യാറാവുമോ?

ഇല്ലെന്നാണ് തോന്നുന്നത്. 

കാരണം, നിലവിൽ അവരറിയുന്ന ഒരുകുറേ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. 

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇന്ത്യ ഭരിക്കാനാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ അവർക്ക് ഭൂരിപക്ഷം കിട്ടി ഭരിക്കാനാവും വിധം പാകമാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇപ്പോൾ ചെയ്യുന്നത് ചെയ്യാനാവില്ലായിരുന്നുവെന്ന്.

പാക്കിസ്ഥാനും ബംഗ്ലാദേശും കൂടിയ ഇന്ത്യയിലെ മുസ്ലിംകളുടെ ജനസംഖ്യാബലം എന്തായിരിക്കുമെന്ന്.

ഇന്ത്യാവിഭജനം യഥാർഥത്തിൽ അന്തിമവിശകലനത്തിൽ അവർക്കാണുപയോഗപ്പെട്ടതെന്ന്. 

ഇന്ത്യാവിഭജനം യഥാർഥത്തിൽ അവർക്കുള്ള ആവശ്യവും സൗകര്യവുമാണ് സാധിച്ചുകൊടുത്തതെന്ന്. 

അഖണ്ഡഭാരതം സാക്ഷാൽക്കാരിച്ചാൽ ഇന്ത്യയുടെ സ്ഥിതി ഇന്നത്തേത് പോലെയായിരിക്കില്ലെന്ന്.

മുസ്ലിംകൾ, അറുപത് കോടിയിലധികം വരുന്ന ജാതീയതയുടെ വിഭജനമില്ലാത്ത മുസ്ലിംകൾ, കരുത്തുള്ള നിർണായകശക്തി ഇന്ത്യയിൽ ആയിരിക്കുമെന്ന്. അപ്പോൾ രാമക്ഷേത്രവും പറഞ്ഞ് ഇപ്പോൾ കളിക്കുന്ന കളിയൊന്നും കളിക്കാൻ കഴിയില്ലായിരുന്നുവെന്ന്.

തങ്ങൾ ഇപ്പോൾ നടത്തുന്ന, ഇനിയും നടത്താനിരിക്കുന്ന തേരോട്ടത്തിന് അത് എന്നെന്നേക്കുമായി എന്നേ തിരശ്ശീല വീഴ്ത്തിയിരുന്നേനെയെന്ന്. 

അഖണ്ഡഭാരതം യഥാർഥത്തിൽ ലക്ഷ്യം വെക്കുന്നുവെങ്കിൽ, 

അങ്ങനെയൊരു അഖണ്ഡഭാരതം ഇന്ത്യാവിഭജനം നടക്കാതെ നിലനിന്നിരുന്നുവെങ്കിൽ, 

അല്ലെങ്കിൽ അഖണ്ഡഭാരതം ഇന്ന് സംഭവിച്ചാൽ,

യഥാർഥത്തിൽ എന്ത് സംഭവിക്കുമെന്നത് നിലവിലെ ഭരണകൂട പാർട്ടിയെ യഥാർഥത്തിൽ പേടിപ്പെടുത്തുന്നത് മാത്രം. 

അങ്ങനെ വരുമ്പോൾ യഥാർഥത്തിൽ ഭാരതം അഖണ്ഡമായിരിക്കുന്നതിനെ ഭയക്കുന്നതാരായിരിക്കും?

ഭാരതം അഖണ്ഡമായിരിക്കുന്നതിനെ യഥാർഥത്തിൽ ഉള്ളാലെ ഭയക്കുന്നവർ തന്നെ വെറും വെറുതേ നാക്ക് കൊണ്ട് അഖണ്ഡഭാരതം എന്നത് പറഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ ഭോഷകാണ് നാം ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നത്.

********

കളവ് മാത്രം പറയുന്നവർക്ക് സത്യം കളവായ് മാറും. 

കളവ് കൊണ്ട് മാത്രം കിട്ടിയ അധികാരം അവർ കളവ് കൊണ്ട് മാത്രം നിലനിർത്തും. 

*******

പഴയ കാലത്ത് എന്തൊക്കെയോ എവിടെയൊക്കെയോ നടന്നിട്ടുണ്ട്. 

ലോകത്താകമാനം തന്നെ. 

അതൊക്കെ മനുഷ്യൻ അത്രയ്ക്ക് വളർന്നിട്ടില്ലാത്ത കാലത്തിൻ്റെ പ്രത്യേകത. 

ബുദ്ധിയുറക്കാത്ത കുഞ്ഞുപ്രായത്തിൽ ചെയ്തതിനു മുഴുവൻ കണക്ക് പറഞ്ഞ് പ്രതികാരം വീട്ടുകയല്ല മുതിർന്നാൽ ചെയ്യുക.

അതൊക്കെ ഇന്ന് പോയി ചികഞ്ഞ് നടന്ന്, പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത്, എണ്ണിയെണ്ണിപ്പറഞ്ഞ് വർത്തമാനകാലത്തിൽ പ്രതികാരം വീട്ടാൻ നടക്കുന്നവരുടെ മനോനിലവാരം വല്ലാത്തത് തന്നെയാണ്. അവർക്ക് അഖണ്ഡഭാരതമെന്ന ലക്ഷ്യം വെക്കാനും സാക്ഷാൽക്കരിക്കാനും സാധിക്കില്ല.

ഇന്ത്യയ്ക്കുള്ളിലെ നാട്ടുരാജാക്കന്മാർ തന്നെ എത്രയോ യുദ്ധങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചെയ്തു നശിച്ചു, നശിപ്പിച്ചു.

അതൊക്കെയും പുതിയ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പുസ്തകത്തിൽ ആരുടെ കണക്കിൽ വെക്കും?

ഹിരോഷിമയിൽ ബോംബിട്ട് നശിപ്പിച്ച അമേരിക്കക്കാരോട് ജപ്പാന് പോലും ഇങ്ങനെയിത്രക്ക് കടുത്ത വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വികാരം കാണുന്നില്ല.

ഭരണകൂടപാർട്ടി രാഷ്ടീയലാഭം മാത്രം ലക്ഷ്യംവെച്ച് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ഭാരതീയ വിശ്വാസദർശനവും അതിൻ്റെ വിശാലതലവും തമ്മിൽ ഒരു ബന്ധവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവുമായും ഒരു ബന്ധവും ഇല്ല.



No comments: