Monday, January 22, 2024

ഭാഗം 1: അഖണ്ഡഭാരത ലക്ഷ്യം നേടേണ്ടതില്ലേ?

അഖണ്ഡഭാരത ലക്ഷ്യം നേടേണ്ടതില്ലേ?

വലിയൊരു ചോദ്യമാണ്.

അതിനിടയിൽ രാമജന്മഭൂമിയിൽ രാമക്ഷേത്രം പൂവണിഞ്ഞു.

ഒരുകാലത്ത് അമ്പലം തകർത്തിട്ടുണ്ടാവും. അക്കാര്യത്തിൽ, അതിനെ നിഷേധിച്ചുകൊണ്ട് എന്തിന് നാം തർക്കിക്കണം? 

ഏതോ കാലത്ത് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് തീർത്തുപറയാൻ മാത്രം സംശുദ്ധവും കൃത്യവും ആയിരുന്നില്ല അക്കാലങ്ങളിൽ ഉണ്ടായിരുന്ന മനുഷ്യസംസ്കാരവും വിശ്വാസ രീതികളും.

അതേ പഴയ കാലത്ത് അതേ തകർത്ത അമ്പലത്തിന് മേൽ പള്ളി ഉണ്ടാക്കിയിട്ടുമുണ്ടാവും. എന്നതിലും വലിയ തർക്കം വേണ്ടതില്ല, അൽഭുതവും തോന്നേണ്ടതില്ല. പ്രത്യേകിച്ചും നാം ഈ പറയുന്നത് പോലുള്ള രാജ്യവും നിയമവും കൃത്യമായും ഉണ്ടാകുന്നതിന് മുൻപ്.

അധിനിവേശ ശക്തികൾ എക്കാലവും അങ്ങനെ ചെയ്തിട്ടുണ്ട്, ചെയ്തിട്ടുണ്ടാകും. അവരുടെ വക്കാലത്ത് നാം ഇക്കാലത്ത് ഏറ്റെടുക്കേണ്ടതില്ല 

മക്കയിലെ കഅബ പോലും ഇന്ന് നാം കാണുന്ന, അറിയുന്ന ഒരു പള്ളിയാകുന്നതിന് മുൻപ് കുറേ വിഗ്രഹങ്ങൾ ഉണ്ടായിരുന്ന ഒരിടം തന്നെയായിരുന്നു. എഴുതപ്പെട്ട, നാമറിയുന്ന ചരിത്രപരമായി തന്നെ. വേണമെങ്കിൽ ഇന്നത്തെ ഭാരതീയ നിർവ്വചനമനുസരിച്ച് ക്ഷേത്രം, അമ്പലം എന്നൊക്കെ വിളിക്കാവുന്ന ഒരിടം.  

പക്ഷേ അതൊക്കെ ഏതോ കാലത്ത് അതാത് കാലത്തിൻ്റെ ചിന്താപരവും സാംസ്കാരികവുമായ നിലവാരവും വളർച്ചയും പോലെ സംഭവിച്ചത്. ചിലപ്പോൾ ജനങ്ങൾ മൊത്തം മാറിയപ്പോഴും മറ്റുചിലപ്പോൾ അധിനിവേശം നടന്നപ്പോഴും സംഭവിച്ചത്.

പക്ഷേ അവിടെ നിന്നോക്കെ മനുഷ്യനും സംസ്കാരവും ബോധനിലവാരവും ഏറെ വളർന്നു. 

ഇന്നിപ്പോൾ അത്തരം രീതിയിലുള്ള അധിനിവേശങ്ങൾ നടക്കുന്ന കാലമല്ല. ജനങ്ങൾ ഒന്നുകൊണ്ടും കൂട്ടത്തോടെ മാറുന്ന കാലമല്ല. 

അതുകൊണ്ട് തന്നെ ഇന്നിതുവരെ മനുഷ്യൻ നേടിയത് മുഴുവൻ നഷ്ടപ്പെടുത്തി പിറകോട്ട് പോകുക എന്നത് മനുഷ്യസംസ്കാരമല്ല, പുരോഗതിയല്ല. യാത്ര എപ്പോഴും മുന്നോട്ടാണ്.

പഴയതിനൊക്കെ തീർത്തും മാറിവന്ന ഇക്കാലത്ത് പ്രതികാരം ചെയ്യുക എന്നത് ശരിയല്ല എന്നത് മാത്രമാണ് ഇക്കാലത്ത് ആർക്കും മനസ്സിലാവുന്നു ഏക പ്രസക്തമായ കാര്യം. 

അല്ലാതെ മുൻകാലങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും എന്തൊക്കെയോ പരസ്പരവും അല്ലാതെയും മനുഷ്യർ എന്തിൻ്റെ പേരിലായും ചെയ്തിട്ടില്ല, അങ്ങനെ പലതും പലയിടത്തും സംഭവിച്ചിട്ടില്ല എന്ന നിഷേധമല്ല കാര്യം. 

ആധുനിക കാലവും ആധുനിക ഇന്ത്യയും ഭരണഘടനയും അതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായ നിയമങ്ങളും ആ ഇന്ത്യയും ഭരണഘടനയും നിയമങ്ങളും ഉണ്ടായതിനു ശേഷം ഉണ്ടായ വിഷയങ്ങൾക്ക് മാത്രമാണ് പരിഹാരം കാണേണ്ടത് എന്നത് മാത്രമാണ് കാര്യം.

രാജ്യവും ഭരണഘടനയും നിയമങ്ങളും ഉണ്ടായതിനു മുൻപുള്ളതിൻ്റെ മുഴുവൻ status quo നിലനിർത്തുക മാത്രമാണ് ലോകത്ത് ആർക്കും ആരുടെ കാര്യത്തിലും എവിടെയും ചെയ്യാനാകുന്ന ഏക പരിപാടി. 

അല്ലാതെ ഏതോ കാലത്ത് ഏതോ നിലക്ക് ഏതോ വികാരവും നിലവാരവും വെച്ച് നടന്നതിനു മറ്റേതോ കാലത്തെ ജനതയും നിയമവും മറുപടി നൽകണം, പ്രതികാരം ചെയ്യണം എന്ന് വന്നാൽ അതിന് എവിടെയും ഒരവസാനമുണ്ടാവില്ല. 

********

No comments: