ഒന്നുമറിയില്ല.
വാക്ക് എന്തറിയാൻ,
അതുച്ചരിച്ചവനല്ലാതെ.
കേൾക്കുന്നവനുണ്ടെങ്കിൽ അവനുമല്ലാതെ.
നിസ്സഹായത മാത്രം.
നിസ്സാരത തോട്ടറിയുക മാത്രം.
അശക്തി മാത്രം ശക്തി.
അറിവുകേട് മാത്രം അറിവ്.
ആയതിനുള്ളിൽ ആയി മാത്രം.
ആവും പോലെ ആയി മാത്രം.
തിരയിളക്കമുണ്ട്,
വേലിയേറ്റവും വേലിയിറക്കമുണ്ട്,
ഉയർച്ചതാഴ്ചകളുണ്ട്,
ഉന്തും തള്ളും ബഹളവും ഉണ്ട്.
മുൻപിലേക്കും പിറകിലേക്കുമെന്നുണ്ട്.
താഴെയും മുകളിലുമുണ്ട്.
കുടുങ്ങിയായിരിക്കുന്ന മാനം തന്നെ
യാത്രചെയ്യുന്ന വാഹനം.
കുടുങ്ങിയായിരിക്കുന്ന മാനം തന്നെ
കിടന്ന് നീന്തുന്ന കടൽ.
എങ്ങോട്ട് എങ്ങിനെ പോയാലും
മാനത്തിനുള്ളിൽ.
ഉള്ളിൽ കിടന്ന് എത്ര ധൃതിപ്പെട്ടാലും
മാനത്തിനുള്ളിൽ,
മാനത്തിൻ്റെ വേഗതയിൽ.
എത്രയെങ്ങോട്ട് മുഖംതിരിഞ്ഞിരുന്നാലും
മാനം തരുന്ന ദിശയിലേക്ക് മാത്രം ഗതി.
മാനം തരുന്ന മുഖം മാത്രം
മാനത്തിൻ്റെ മുഖം മാത്രം
മുഖം
********
എല്ലാ അറിവും മനുഷ്യജീവിതത്തിന് വേണ്ട അറിവ് മാത്രം.
മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.
അറിവ് മുഴുവൻ ജീവിതം സുഖകരമാക്കാനുള്ള അറിവ് മാത്രം.
മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.
പ്രാപഞ്ചികബോധവും പ്രാപഞ്ചികജ്ഞാനവുമൊക്കെ ജീവിതത്തിനും ജീവിതസൗകര്യത്തിനും മാത്രം.
അത്രമാത്രം, അതിനുമാത്രം ഉതകുന്നത്.
മാനത്തിനുള്ളിൽ കുടുങ്ങി സാധിക്കുന്നത് മാത്രം, ജീവിതം സാധിക്കാനുള്ളത് മാത്രം അറിയുന്നു, ചെയ്യുന്നു. കുടുങ്ങിയ മാനം അനുവദിക്കുന്നത്ര. മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.
മാനം മുട്ടുന്നിടം, കാഴ്ച മുട്ടുന്നിടം ആകാശം, മതം, വിശ്വാസം.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല.
എത്ര അറിഞ്ഞെന്ന് പറഞ്ഞാലും,
എത്ര അറിയാമെന്നും അറിയാനാവുമെന്നും പറഞ്ഞാലും
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവുമില്ലെന്നറിയാം.
ഓരോരുവനുമറിയാം.
ബാക്കിയെല്ലാം വെറും അവകാശവാദങ്ങൾ മാത്രം.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവും ആർക്കുമില്ലെന്ന് ഉണ്ടെങ്കിലുള്ള ദൈവത്തിനുമറിയാം.
അതിനാൽ തന്നെ,
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാത്തതിൽ ഭയക്കാനില്ല.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാൻ ശ്രമിക്കേണ്ടതില്ല.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയുക ആർക്കും ബാധ്യതയില്ല.
ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാമെന്ന് ആരും അവകാശവാദം ഉണ്ടാക്കേണ്ടതുമില്ല
കാരണം,
ആർക്കും എന്തിനുമുള്ള ശേഷിയും കരുത്തും ബുദ്ധിയും ഉണ്ടെങ്കിലുള്ള ദൈവം കൊടുത്തത് മാത്രം.
ആ ശേഷിയും കരുത്തും ബുദ്ധിയും
സ്വന്തം മാനം മുറിച്ച് കടക്കാൻ മാത്രമുള്ളതല്ല.
സർവ്വമാനങ്ങൾക്കും ഉടയവനായ സർവ്വമാനങ്ങൾക്കുള്ളിലും പുറത്തുമായ ദൈവത്തെ അറിയാൻ മാത്രമുള്ളതല്ല.
ആ ശേഷിയും കരുത്തും ബുദ്ധിയും
അത്രയേ ഉള്ളൂവെന്നും
അതെത്രയുണ്ടെന്നും
ഉണ്ടെങ്കിലുള്ള ദൈവത്തിന് അറിയാതെ പോകില്ല.
എന്നിരിക്കെ,
എന്തിന് പരസ്പരം ദൈവത്തിൻ്റെ പേരിൽ,
ദൈവത്തിന് വേണ്ടി
തർക്കിക്കണം, കലഹിക്കണം, പോരടിക്കണം ?
ഉണ്ടെങ്കിലുള്ള ദൈവത്തെ എങ്ങിനെ സങ്കൽപിച്ചാലും അത് ഓരോരുവനും സാധിക്കുന്ന സാധ്യതയും കഴിവും വെച്ച് സാധിക്കുന്നത്ര മാത്രമെന്നത് ഉണ്ടെങ്കിലുള്ള ദൈവത്തിനറിയും.
അതുകൊണ്ട് തന്നെ ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഒരുപോലെ തെറ്റ്.
എല്ലാം ഒരുപോലെ തെറ്റെന്ന് പറയുന്നതിനേക്കാൾ ശരിയാണ്
എല്ലാം തെറ്റെന്നത് കൊണ്ട് മാത്രം എല്ലാം ശരിയെന്നത്.
കാരണം,
ഉണ്ടെങ്കിലുള്ള ദൈവം ഒരോരുത്തനിലും ചുരുങ്ങുന്നു.
ഓരോരുത്തനും വികസിച്ച് എത്താവുന്നതും ഉണ്ടെങ്കിലുള്ള ദൈവം.
ഒന്നും ദൈവത്തെ സംബന്ധിച്ചേടത്തോളം തെറ്റെന്ന് വരാതെ.
ഉണ്ടെങ്കിലുള്ള ദൈവത്തിന് തെറ്റും ശരിയും ഇല്ല.
അഥവാ തെറ്റും ശരിയും ഉണ്ടെങ്കിലുള്ള ദൈവത്തിൽ നിന്ന് മാത്രം.
തെറ്റിനും ശരിക്കും ഉടമസ്ഥൻ ഉണ്ടെങ്കിലുള്ള ദൈവം മാത്രം.
അത്രക്ക് ചെറുതാണ് എല്ലാം.
അത്രയ്ക്ക് ഒന്നും അറിയാതെയാണ് എല്ലാം
അത്രയ്ക്ക് ഒന്നും മനസ്സിലാവാനാവാതെയും അറിയാനാവാതെയുമാണ് എല്ലാം.
*******
വാക്കിൻ്റെ അർത്ഥം ആ വാക്കിൻ്റെ അഹങ്കാരം.
ഞാൻ ഒരു വാക്കെങ്കിൽ ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം.
ഏത് വാക്കിൻ്റെയും അർത്ഥം അതുച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം.
എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ മാത്രം അഹങ്കാരം.
No comments:
Post a Comment