Wednesday, January 17, 2024

ചിത്ര ഒരു തെറ്റും ചെയ്തില്ല. ചിത്ര പറയാനുള്ളത് പറഞ്ഞു. എല്ലാവരും പറയും പോലെ.

ചിത്ര എന്ത് തെറ്റ് ചെയ്തു? 

ചിത്ര ഒരു തെറ്റും ചെയ്തില്ല. 

ചിത്ര തനിക്ക് പറയാനുള്ളത് പറഞ്ഞു.

താൻ ചെയ്യുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റുള്ളവരും ചെയ്യണം എന്ന് ചിത്ര പറഞ്ഞു. 

താൻ ചെയ്യും പോലെ എല്ലാവരും ചെയ്യാൻ ചിത്ര ആഗ്രഹിച്ചു. 

ഒരുപക്ഷേ, നാമെല്ലാവരും പറയും പോലെ, ചെയ്യും പോലെ.

എല്ലാ മതോപദേശകരും മതപ്രചാരകരും മതപ്രാസംഗികരും ചെയ്യുന്നത് പോലെ, പറയുന്നത് പോലെ. 

ആർക്കും അങ്ങനെ താൻ ചെയ്യുന്നത് മറ്റുള്ളവരോട് പറയാം എന്ന പോലെ.

ഈ ജനാധിപത്യ മതേതര ഇന്ത്യയിൽ ചിത്രക്കും അങ്ങനെ ഏത് വിധം മതോപദേശകയും  മതപ്രചാരകയും മതപ്രാസംഗികയും ആവാം.

തെറ്റിയത് ചിത്രയ്ക്കല്ല; നിങ്ങൾക്കാണ്, നിങ്ങളുടെ പ്രതീക്ഷകൾക്കും നിർവ്വചനങ്ങൾക്കുമാണ്.

നന്നായി പാട്ട് പാടും, ലോകോത്തരമായി തന്നെ, തീർത്തും അതുല്യയായി തന്നെ, സംഗീതം ഒരു തപസ്യയാക്കി തന്നെ പാടും എന്നതിനപ്പുറം താൻ ഒരു ശരാശരി സ്ത്രീ മാത്രമാണെന്ന് പറയുന്ന ചിത്രയെ കുറിച്ച് ഇല്ലാത്ത വേണ്ടാത്ത സങ്കല്പങ്ങൾ മറ്റു കാര്യങ്ങളിലും വിഷയങ്ങളിലും ഉണ്ടാക്കി മലമേൽ കയറ്റിവെച്ചത് നിങ്ങളാണ്. 

നിങൾ ചിത്രയെ കയറ്റിവെച്ചത് നാറാണത്ത് ഭ്രാന്തനെ ഓർമ്മിപ്പിക്കും വിധമായി എന്ന് മാത്രം. 

അതിനാൽ തന്നെ കയറ്റിവെച്ചത് ഉരുട്ടി താഴെയിടേണ്ടി വരുന്നതും നിങ്ങൾക്കാണ്. 

ചിത്രയെന്ന സാധാരണ സ്ത്രീ, ബുദ്ധിപരമായും ചിന്താപരമായും എല്ലാവരെയും പോലെ എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും വെറുപ്പിനും വിദ്വേഷത്തിനും  വശംവദയാകാവുന്ന ഒരു സ്ത്രീ മാത്രമായ ചിത്ര ഒരു തെറ്റും ചെയ്തില്ല.

ചിത്ര ഒരിക്കലും സ്വയം പറഞ്ഞവതരിപ്പിച്ചിട്ടില്ലാത്ത ഒരു ചിത്രയെ കുറിച്ച നിങൾ സ്വന്തമായി ഉണ്ടാക്കിയ നിങ്ങളുടെ ധാരണയും പ്രതീക്ഷയും ആണ് തെറ്റിയത്. 

ഒരോരുത്തൻ്റെയും മനസ്സിലെ എത്രയെത്ര വിഗ്രഹങ്ങൾ എത്രയെല്ലാം പ്രാവശ്യം ഏതെല്ലാം സന്ദർഭങ്ങളിൽ ആരുടെയെല്ലാം കാര്യങ്ങളിൽ ഇങ്ങനെ തകർന്നുപോകാറുണ്ട്. 

ചിത്രയെന്നല്ല കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഒന്നും അവരവരുടെ സ്വകാര്യതകളിൽ നിങൾ കരുതുന്നത് പോലുള്ള ആളുകളല്ല. ദൂരേ നിന്ന് കാണുന്ന ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും അക്കോലത്തിൽ അടുത്ത് ചെന്ന് നോക്കിയാലും അല്ലെങ്കിലും ഇല്ലെന്ന് മനസ്സിലാക്കുക മാത്രം ഏക പരിഹാരം

വിഗ്രഹങ്ങൾ തകരാതെയിരിക്കാൻ ഒന്നേയുള്ളൂ പരിഹാരം. 

ആരും ആരെക്കുറിച്ചും കാര്യമായി ഒന്നും ഊഹിച്ച് ധരിക്കാതിരിക്കുക. മറ്റാരും ദൂരേ നിന്ന് നോക്കിക്കണ്ടു നിങൾ ധരിക്കും പോലെയല്ല എന്ന് മനസ്സിലാക്കുക. ആരും മറ്റാരും ധരിക്കും പോലെ ആവേണ്ടതുമില്ല എന്നും മനസ്സിലാക്കുക.

ചിത്ര ആരെങ്കിലും കരുതുന്നത് പോലെ ഒന്നുമറിയാത്ത ആളല്ല, ഒന്നും മനസ്സിലാവാത്ത ആളല്ല, ഒരു ചേരിയിലും നിൽക്കാത്ത ആളല്ല, ചരിത്രമറിയാത്ത ആളല്ല, ചരിത്ര ബോധവും സഹചബോധവും ഇല്ലാത്ത ആളല്ല. നിഷ്കളങ്കയായ പഞ്ചപാവവും അല്ല. അങ്ങനെയൊന്നുമല്ല ചിത്ര എന്ന് മാത്രമല്ല, സാമാന്യമായ സാമൂഹ്യ വ്യക്തി ജീവിതം നടത്തുന്ന മനുഷ്യരായ ആരും അങ്ങനെ ആവില്ല, ആവേണ്ടതില്ല. 

അതിനാൽ തന്നെ, അങ്ങനെയൊക്കെ ആയിരിക്കും, ആയിരിക്കണം ചിത്ര എന്ന നിങ്ങളുടെ ധാരണയാണ് തെറ്റിയത്. 

അങ്ങനെയുള്ള പഞ്ചപാവം ചിത്രയെന്ന നിങൾ സൂക്ഷിക്കുന്ന വിഗ്രഹം ചിത്രയ്ക്ക് തന്നെ അറിയാത്തതും ആവശ്യമില്ലാത്തതുമാണെങ്കിൽ പ്രത്യേകിച്ചും അത് തകരേണ്ടത് തന്നെയാണ്.

നിങ്ങളുടെ ചിത്രയെ കുറിച്ച  ധാരണയോ പ്രതീക്ഷയോ തെറ്റിയതിൽ ചിത്ര ഒരു കുറ്റവും ചെയ്തിട്ടില്ല.

എല്ലാവരും ജീവിക്കുന്ന ലോകത്ത് തന്നെയാണ് ചിത്രയും ജീവിക്കുന്നത്. 

എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഉള്ളാലെ അനുകൂലിച്ചും പ്രതികൂലിച്ചും തന്നെയെ ചിത്രക്കും ജീവിക്കാൻ സാധിക്കൂ. അത് നിങൾ അറിയുന്നില്ല, നിങ്ങളെ ചിത്ര അറിയിക്കുന്നില്ല എന്നേയുള്ളൂ. അങ്ങനെ എല്ലാം നിങ്ങളെ അറിയിക്കേണ്ട ആവശ്യവും ബാധ്യതയും ചിത്രക്കില്ല താനും 

എല്ലാവർക്കും ഉള്ള വികാരവും വിചാരവും, വെറുപ്പും ദേഷ്യവും സാധാരണ മനുഷ്യ സ്ത്രീയായ ചിത്രക്കും ഉണ്ട്, ഉണ്ടാവും. രാഷ്ട്രീയ, മത, സാമൂഹ്യ കാര്യങ്ങളിലടക്കം. ബാബരി മസ്ജിദ് രാമക്ഷേത്ര വിഷയങ്ങളിലടക്കം.

ആരെക്കുറിച്ചൊക്കെയോ ഇല്ലാത്ത, വേണ്ടാത്ത ധാരണയും പ്രതീക്ഷയും വെക്കുന്ന നിങൾ നിങ്ങളെ തന്നെയാണ് കുറ്റം പറയേണ്ടത്; അല്ലാതെ ചിത്രയെ അല്ല.

ചിത്ര എപ്പോഴും ആരൊക്കെയോ അവരറിയാതെ നിർവച്ചിച്ച് വരച്ച കളത്തിനുള്ളിൽ അഭിനയിച്ച് ശ്വാസംമുട്ടി നിൽക്കണം എന്ന നിർബന്ധം ആർക്കും പാടില്ല.

ഇനി ആർക്കെങ്കിലും അങ്ങനെയൊരു നിർബന്ധമുണ്ടെങ്കിൽ ചിത്ര ആ നിർബന്ധത്തിന് നിന്നുതരണമെന്ന് നിർബന്ധം പിടിക്കാമോ?

ചിത്രയുടെത് കൃത്യമായ വ്യക്തിസ്വാതന്ത്ര്യം.

ഏത് ലോകത്തെ നിയമപ്രകാരവും നടപ്പാക്കാവുന്ന വ്യക്തിസ്വാതന്ത്ര്യം മാത്രം ചിത്ര നടപ്പാക്കി.

അത് നിലവിലെ കേരള രാഷ്ട്രീയ സാമൂഹ്യ ബോധത്തെ മാനിച്ചുവോ, അതുമായി ഒത്തുപോയോ ഇല്ലേ എന്നത് ചിത്രയെ ബാധിക്കേണ്ട വിഷയമല്ല. 

കാരണം അതിൻ്റെ നഷ്ടവും ലാഭവും എടുക്കാൻ തയ്യാറായിക്കൊണ്ട് തന്നെയാണ് ചിത്ര ഇത്ര വെളിച്ചത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്. പ്രത്യേകിച്ചും കേരളം മാത്രമല്ല അതിനേക്കാൾ വലിയ ആകാശമായ കേന്ദ്രവും ഭരിക്കപ്പെടുന്നുണ്ട് എന്നതിനാൽ.

വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള എത്ര പേരുണ്ട് ഈ നാട്ടിൽ? 

വെറും ചിത്ര മാത്രമല്ലല്ലോ നിങ്ങളുടെതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള ഏക ആൾ.

എല്ലാവരെയും പോലെ ചിത്രയ്ക്ക് ചിത്രയുടെതായ വിശ്വാസവും ഇഷ്ടവും വെറുപ്പും വിദ്വേഷവും ഉണ്ടായിക്കൂടെ?

എന്തിനാണ് നിങൾ ചിത്ര തകർക്കപ്പെട്ട ബാബരി മസ്ജിദിനെ ഓർക്കാതെയായെന്ന് കരുതുന്നത്?

അങ്ങനെ ഓർക്കാതെയാവാൻ മാത്രം ചിത്ര ഒറ്റക്ക് ഒരടഞ്ഞ മുറിയിൽ കണ്ണും കാതും അടഞ്ഞു ജീവിക്കുകയല്ല. 

ചിത്രയ്ക്ക് ചരിത്രബോധം ഇല്ലാതെയായോ എന്നാരും തിരക്കേണ്ട ധരിക്കേണ്ട കാര്യമില്ല. 

എല്ലാവർക്കും അറിയുന്നതൊക്കെ ഏറിയും കുറഞ്ഞും ചിത്രക്കും അറിയാം. 

ബാബരി മസ്ജിദ് തകർക്കപ്പെട്ടതും രാമൻ ഇവിടെ വെറും രാഷ്ടീയ ആയുധം മാത്രമാകുന്നതും ചിത്ര അറിയാതിരിക്കാൻ തരമില്ല. 

കലാപങ്ങൾ ഒരേറെ ഉണ്ടായതും ഉണ്ടാവുന്നതും ആയിരക്കണക്കിനാളുകൾ ചിത്ര സ്നേഹത്തിൻ്റെ ആൾരൂപമായി കണക്കാക്കുന്ന ഈ രാമൻ്റെ പേരിൽ വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കപ്പെട്ട് കൊല്ലപ്പെട്ടതും അപകടപ്പെട്ടതുമൊക്കെ ചിത്രയും അറിയാതിരിക്കാൻ തരമില്ല. 

ഇന്ന് നാം കാണുന്ന 1947നു ശേഷം മാത്രം കിട്ടിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ  അല്ലാതിരുന്ന വെറും കഥ മാത്രമായ ഒരിന്ത്യയിൽ ഏതോ കാലത്ത് എന്തോ എവിടെയോ തകർക്കപ്പെട്ടു എന്ന കഥ പറഞ്ഞ് 1947നു ശേഷം രൂപപ്പെട്ട ഇന്ത്യയിലെ നിയമം വെച്ച് അതിന് പ്രതികാര പരിഹാരം നേടണമെന്ന വാശിപിടിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് എന്ന വിവരവും ചിത്രക്കും മറ്റാർക്കും അറിയാതിരിക്കാൻ സാധ്യതയില്ല. 

ഭരണഘടനയും നിയമവും ഉണ്ടായതിനു ശേഷമുള്ള ഇന്ത്യയിൽ, അതിനുശേഷമുള്ള കാര്യത്തിൽ മാത്രമേ ആ രാജ്യത്തിലെ ഭരണഘടനയും നിയമവും കോടതിയും തീർപ്പ് കൽപിക്കേണ്ടതുളളൂ എന്ന കാര്യവും ചിത്രക്കും മറ്റാർക്കും മനസ്സിലാവാത്തതും അല്ല.

ഇതൊന്നും അറിയാത്ത ചിന്തിക്കാത്ത പൊട്ടിയും നിഷ്കളങ്കയും ആയിരിക്കണം ചിത്ര എന്ന് നിങൾ നിർബന്ധം പിടിക്കേണ്ടതുമില്ല. 

ഇതൊക്കെ അറിഞ്ഞും വിലയിരുത്തിയും തന്നെ ചിത്രയ്ക്ക് എന്തിനും അനുകൂലവും പ്രതികൂലവുമായി നിലപാട് എടുക്കാനറിയാം, അതിനുള്ള സ്വാതന്ത്ര്യവും ജന്മം കൊണ്ടും നിയമം കൊണ്ടും അവർക്കുണ്ട്.

മനുഷ്യത്വത്തിനും മാനവസ്നേഹത്തിനും പ്രാപഞ്ചികബോധത്തിനും മുകളിൽ ക്രൂരത വിളയാടുന്ന ഭക്തിയുടെ നിറവ് ചിത്രക്കും മറ്റാർക്കും കൊണ്ടുവന്നു വെക്കാം. എല്ലാവർക്കും എല്ലാറ്റിനും അവരവരുടെ ന്യായം.

അതിനുവേണ്ടിയും ചെയ്യുന്ന എല്ലാ ക്രൂരകൃത്യങ്ങൾക്ക് മറപിടിക്കാനും ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് വെറും വെറുതേ നാവുകൊണ്ട് ഉരുവിട്ട് പറയാം. എന്നല്ല, അത് തന്നെ വെറുമൊരു ക്രൂരവിനോദിയെ പോലെ സംഗീതാത്മകമായി പറഞ്ഞ് പോകുകയും ചെയ്യാം.

അതേ, അത് മാത്രമേ ഏറിയാൽ ചിത്രയും ചെയ്തിട്ടുള്ളൂ.

ചിത്രയുടെ തലച്ചോറിൽ ആരും കയറിയിരുന്ന് ചിത്ര അങ്ങനെയല്ല, ചിത്ര അങ്ങനെ ചിന്തിച്ചിട്ടില്ല എന്ന പറച്ചിലും വിലയിരുത്തലും  നടത്തേണ്ടതില്ല. 

ചിത്രയുടെ സ്വാതന്ത്ര്യം വെച്ച് ചിത്ര പറഞ്ഞത് എങ്ങിനെ എപ്പോൾ എവിടെ പറയാനും ചിത്രയ്ക്ക് അവകാശമുണ്ട്. മറ്റാരെയും ഒരു നിലക്കും വേദനിപ്പിക്കാതെയും മറ്റാരുടെയും അവകാശങ്ങൾ ഹനിക്കാതെയും പറയുന്നിടത്തോളം.

നിങ്ങളുടെ തന്നെ ധാരണയും പ്രതീക്ഷയും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നിങൾ തന്നെയാണ്. ചിത്രയല്ല, മറ്റാരുമല്ല.

അതിന് നിങൾ തെറി പറയേണ്ടതും ശിക്ഷിക്കേണ്ടതും നിങ്ങളെ തന്നെയാണ്. ചിത്രയെയല്ല, മറ്റാരെയുമല്ല.

കാരണം, ചിത്രയും മറ്റാരും നിങ്ങളോട് ഒന്നും നേരിട്ട് വന്നാവശ്യപ്പെട്ടിട്ടില്ല. താൻ ഇങ്ങനെയാണെന്നും ഇങ്ങനെയല്ലെന്നും ഇങ്ങനെ തന്നെ എപ്പോഴും ആയിക്കൊള്ളുമെന്നും ആർക്കും വാക്ക് കൊടുത്തിട്ടില്ല. 

കൊടുത്ത വാക്ക് വെച്ച് ഒരു സ്ഥാനവും മാനവും ചിത്ര നേടിയിട്ടില്ല. ചിത്ര കൊടുത്ത ഒരു വാക്കും ചിത്ര തെറ്റിച്ചിട്ടുമില്ല.

ഒന്നേയുള്ളൂ. ആരും ആരെക്കുറിച്ചും കാര്യമായി ഒന്നും ഊഹിച്ച് ധരിക്കാതിരിക്കുക. ആരും മറ്റാരും ദൂരേ നിന്ന് ധരിക്കും പോലെയല്ല. ആരും മറ്റാരും ധരിക്കും പോലെ ആവേണ്ടതുമില്ല.

No comments: