ഒരേയൊരു ചോദ്യം: ബിജെപിയും മേൽജാതി സമവാക്യവും സംബന്ധിച്ച് തന്നെ ഈ ചോദ്യം.
അറിയാത്തത് കൊണ്ട് മാത്രം ചോദിക്കുന്നതാണ്.
ചോദിക്കാൻ പാടില്ലാത്തതാണ്.
ജാതിയും മതവും ചോദിക്കരുത്, പറയരുത്.
ശരിയാണ്.
പ്രത്യേകിച്ചും മതേതരരെന്ന് എപ്പോഴും പുറമേ അവകാശപ്പെടുന്നവർ ജാതിയും മതവും പറയരുത്, ചോദിക്കരുത്.
എന്നുവെച്ച് ഉളളത് പറയാതിരിക്കാനും, ഉള്ളത് വെച്ച് ചോദിക്കാതിരിക്കാനും സാധിക്കില്ലല്ലോ?
ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ, ചോദിക്കണമല്ലോ?
എന്തെല്ലാം പുറമേക്ക് അവകാശപ്പെട്ട് പറഞ്ഞാലും, ജനിക്കുമ്പോഴും മരിക്കുമ്പോഴും പിന്നെ വിദ്യാഭ്യാസവും തൊഴിലും നേടാനും വിവാഹം ചെയ്യാനും ഔപചാരികമായി തന്നെ ജാതിയും മതവും ചോദിക്കുകയും പറയുകയും തെളിയിക്കുകയും ചെയ്യേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ഇത് ചോദിക്കാതിരുന്നിട്ട് കാര്യമില്ല.
പ്രത്യേകിച്ചും ജനങ്ങളെ രാഷ്ട്രീയമായി വരെ സംഘടിപ്പിക്കുന്നതും രാജ്യത്തിൻ്റെ ഭരണം പിടിക്കുന്നതും എല്ലാ ജീവൽപ്രധാനമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് അതേ ഭരണം നിലനിർത്തുന്നതും മതവും ജാതിയും പറഞ്ഞുകൊണ്ട് മാത്രമാകുമ്പോൾ. അമ്പലവും പള്ളിയും വരെ അതിൽ ഏറ്റവും വലിയ വിഷയമാകുമ്പോൾ
ഇന്ത്യയിലുള്ളതും ഇന്ത്യയിൽ നടക്കുന്നതും വെച്ച് തന്നെ സംസാരിക്കണമല്ലോ, ചോദിക്കണമല്ലോ?
അതുകൊണ്ട് മാത്രം ഒരേയൊരു ചോദ്യം.
എന്തുകൊണ്ടാണ് ഉയർന്ന ജാതിക്കാരിലധികവും ബിജെപിയിൽ?
കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കാരൃം നോക്കിക്കാണുമ്പോൾ ചോദിച്ചുപോകുന്നതാണ്.
ചുറ്റുവട്ടത്തെ വളരെ അടുത്ത സുഹൃത്തുക്കളെ വരെ നിരീക്ഷിക്കുമ്പോൾ ചോദിച്ചുപോകുന്നതാണ്.
കണ്ടറിയുന്ന ബിജെപിക്കാരിലധികവും മേൽജാതിക്കാർ.
അല്ലെങ്കിൽ, കണ്ടറിയുന്ന മേൽജാതിക്കാരധികവും ബിജെപിയിൽ.
ഇവരിലധികവും ചോക്ലേറ്റ് പൊതിഞ്ഞ വിദ്വേഷവും വിഷവുമായി. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായി. അവസരമൊക്കുന്നത് കാത്ത്. തങ്ങളുടെ ശരിയായ വിഷം പുറത്തെടുക്കാൻ. അല്ലാതെ, പുറത്ത് പറയാൻ കൊള്ളാത്ത എന്തോ ആണ് ബിജെപി ആർഎസ്എസ് ബന്ധം എന്നത് പോലെ. ഒളിഞ്ഞും ഒളിപ്പിച്ചും.
ഇതിന് പ്രത്യേകമായ വല്ല കാരണങ്ങളുമുണ്ടോ?
പുട്ടിനു തേങ്ങപ്പീര എന്നപോലെ മുകളിൽ എവിടെയൊക്കെയോ ചില താഴ്ന്നജാതിക്കാർ ഉണ്ടെങ്കിലും പൊതുവേ കാണുന്ന കഥ മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ്.
മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?
മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് പൊതുവേ മേൽജാതിക്കാരിൽ വേഗം വേരോടുന്നത് കാണുന്നു.
അങ്ങനെയുണ്ടെങ്കിൽ എന്തുകൊണ്ടാണ് മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ വേഗം സംഭവിക്കുന്നത്?
അവർ അനുഭവിച്ചുപോന്ന, അനുഭവിച്ച് പോന്നിരുന്ന ജാതിമേൽക്കോയ്മയേ ക്രിസ്തുമതവും ഇസ്ലാമും നഖശിഖാന്തം എതിർക്കുന്നു, ചോദ്യംചെയ്യുന്നു എന്നത് മാത്രം കൊണ്ടാവുമോ?
യഥാർഥത്തിൽ കീഴ്ജാതി ന്യൂനപക്ഷ സംവരണത്തിന് എതിരാണ് ബിജെപി എന്നത് മേൽജാതിക്കാരിൽ ഒരുതരം ബിജെപി അനുകൂല നിലപാട് ഉടലെടുക്കാൻ കാരണമായോ?
തങ്ങൾ ഇതുവരെയും അനുഭവിച്ചുപോന്ന സുഖസൗകര്യങ്ങൾ സംവരണം കാരണം തങ്ങളുടെ കുട്ടികൾക്ക് കൂടി അനുഭവിക്കാൻ സാധിക്കാതെ പോകുമോ എന്ന വികൃതമായ, ഒളിഞ്ഞുനിൽക്കുന്ന, പൊതുമധ്യത്തിൽ നിന്നും ഒളിച്ചുവെക്കുന്ന ഭയം ബിജെപിക്കുള്ള പിന്തുണയായി മാറുന്നുവോ?
എടുത്തുപറയാവുന്ന മറ്റെന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ കൂടുതലായി സംഭവിക്കാൻ?
ഹിന്ദു എന്ന മതവിചാരവും മതവികാരവും ഹിന്ദു എന്ന നിലക്കുള്ള പ്രതിരോധവും ഉയർന്നജാതിയിൽ കൂടുതലായി ഉണ്ടാവാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?
ജാതീയമായി തങ്ങളനുഭവിച്ച് പോന്ന സുഖസൗകര്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ വന്ന ക്രിസ്തീയ ഇസ്ലാ മതങ്ങൾക്കെതിരെ മതപരമായി സംഘടിക്കുക, പോരടിക്കുക എന്നത് തങ്ങളുടെ തന്നെ അതിജീവനപ്പോരാട്ടവും നിലനില്പിൻ്റെ പ്രശ്നവും ആണെന്നവർ മനസ്സിലാക്കിയത് കൊണ്ടാവുമോ?
ഉയർന്ന ജാതിക്കാർക്ക് ഒരു സംഘടിത സ്വഭാവം ഉള്ളത് കൊണ്ടാണോ ഹിന്ദു എന്ന തോന്നലും അവരിൽ വേഗം സംഭവിക്കുന്നത്?
അതുകൊണ്ടാണോ, സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ, ഉയർന്നവനാവൻ ഉള്ളിൽ സ്വയം ഒളിച്ചു കൊതിക്കുന്ന ഓരോ അസംഘടിത താഴ്ന്ന ജാതിക്കാരനും എങ്ങിനെയൊക്കെയോ ഉയർന്ന ജാതിക്കാരൻ വിരിക്കുന്ന വലയിൽ ഒരുനിലക്കും പ്രതിരോധിക്കാൻ സാധിക്കാതെ പെട്ടുപോകുന്നത്?
*******
ജാതീയതയിൽ വിശ്വസിച്ച് ജീവിക്കുന്ന ഉയർന്ന ജാതിക്കാർക്ക് താഴ്ന്ന ജാതിക്കരോട് കാര്യമായും വെറുപ്പും അകൽച്ചയും ഉണ്ട്.
പക്ഷേ അത് മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് പോലെയല്ല.
മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് വേറെ കോലത്തിൽ ആണ്.
എന്തുകൊണ്ടും താഴ്ന്ന ജാതിക്കരോട് കാണിക്കുന്ന, കാണിക്കാനാവുന്ന അയിത്തത്തിന് തടസ്സം മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് സാന്നിധ്യമാണല്ലോ?
അതാണ് ഉയർന്ന ജാതിക്കാർക്ക് കാര്യമായും മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് വല്ലാത്ത തീർത്താൽ തീരാത്ത വെറുപ്പ് ഉണ്ടാവാൻ കാരണമായത്.