Friday, February 21, 2020

ബന്ധങ്ങൾക്കൊരു ശരീരം. ആ ശരീരത്തിനും ജീവന്‍.

തിരസ്കൃതനിൽ ഒരപരിചിതനുണ്ട്.  
എവിടവും എപ്പോഴും പുതിയത് കാണുന്ന അപരിചിതന്‍
അവന് പുതിയത് സത്യം
സത്യം പുതിയത്
അതവന്‍ വിളിച്ചു പറയും

******

ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് 
 ഒറ്റയും ഇല്ലാതാവുകയെന്നത്‌
ഒറ്റയില്‍  'നീ'യില്ല
'നീ'യില്ലേല്‍ 'ഞാന്‍എന്ന ഒറ്റയുമില്ല.

*******

യാത്ര ഒറ്റക്കാവണം
എങ്കിലേ വഴി മനസ്സിലാവൂ
വെറുതെ പിന്‍തുടരുന്നവന്‍ വഴിയറിയില്ല
ആരുടെയെങ്കിലും രുചിയനുഭവം 
മറ്റൊരാളുടേതാവില്ല.

*******

കൊറോണമനുഷ്യന്‍ ഭൂമി തുരന്ന് 
കോളനികള്‍ ഉണ്ടാക്കുന്നു
വൈറസ് മനുഷ്യനെയും മറ്റ് ജീവികളെയും തുരന്ന് 
കോളനികള്‍ ഉണ്ടാക്കുന്നു.

******

യാഥാര്‍ത്ഥ കുറ്റവാളി ആദ്യം ചെയ്യുക 
ഒരു നിരപരാധിയെ ബലിയാടാക്കുക
പിന്നെ  നിരപരാധിയാണ് 
കുറ്റം ചെയ്തതെന്ന് വരുത്തി 
മാപ്പും പറയിപ്പിക്കുക.

*******

ഇവിടെ  കോണ്‍ക്രീറ്റിലും 
തന്റെ വിത്തും പേറി അപ്പൂപ്പന്‍താടി 
പാറിവന്ന് വീണു
ഉദ്ദേശം നിറഞ്ഞ ഉദ്ദേശരാഹിത്യത്തോടെ.  
പുരുഷലൈംഗീകത പോലെ.

******

തിരസ്കൃതനേ സത്യം പറയൂ
അഥവാ സത്യം പറഞ്ഞാല്‍ തിരസ്കൃതനാവും
സ്വീകാര്യത സത്യം പറയുന്നതിൽ നിന്നും 
ആരെയും പേടിപ്പിച്ചകറ്റും.

*******

ബന്ധങ്ങൾക്കൊരു ശരീരം
 ശരീരത്തിനും ജീവന്‍
ജീവൻ നിലനിര്‍ത്തുന്നത് ശ്വാസനിശ്വാസം
ബന്ധങ്ങൾക്കിടയിലെ 
വിനിമയങ്ങളായ ശ്വാസനിശ്വാസം.

*******

കോറോണകൊതുകിനെയും ബാക്ടീരിയയെയും കൊല്ലാന്‍ 
നീയെടുക്കുന്ന സൂത്രവും ശുഷ്കാന്തിയും ലഘുബോധവും  
പ്രകൃതി പലവിധേന നിന്റെ മേലും എടുക്കും.

*******


No comments: