Thursday, February 20, 2020

വിശ്വാസിയെക്കാള്‍ വലിയ അവിശ്വാസി ഇല്ല.

വിശ്വാസിയെക്കാള്‍ വലിയ
അവിശ്വാസി ഇല്ല.
അവന്‍ എപ്പോഴും ദൈവത്തെ
അവിശ്വസിക്കുന്നു.
ദൈവം വേണ്ടത്,
വേണ്ടത് പോലെ
വേണ്ടിടത്ത്
ചെയതുവെന്നും
ചെയ്യുന്നുവെന്നും
അവന്‍ കരുതുന്നില്ല. 
അതിനാൽ,
പ്രാര്‍ത്ഥിച്ച് ഓര്‍മിപ്പിക്കണം,
തിരുത്തണം
ദൈവത്തെ
എന്നവന്‍ കരുതുന്നു.
ദൈവത്തിന് പിഴക്കുന്നു
എന്നവന്‍
ഉറച്ച് കരുതും പോലെ. 
എത്ര പറഞ്ഞാലും
എത്ര പ്രാര്‍ത്ഥിച്ചാലും
കേള്‍ക്കാത്തവന്‍ ദൈവമെന്ന്
അവന്‍ കരുതുന്നത് പോലെ.
അതിനാലും,
സ്വയം പ്രാര്‍ത്ഥിക്കുന്നതിന്‌ പുറമേ,
സര്‍വ്വരോടും,
പിന്നെ പുരോഹിതന്‍മാരോടും
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാൻ
അവന്‍ ആവശ്യപ്പെടുന്നു.
ദൈവത്തിലുള്ള അവന്റെ
അവിശ്വാസം ഒന്ന് കൊണ്ട്‌ മാത്രം.
അതിനാല്‍,
ദൈവത്തെ
തിരുത്താനും ഓര്‍മിപ്പിക്കാനും
അവന്‍ തുനിയുന്നു.
വിശ്വാസമെന്ന് പേരിട്ട
അവിശ്വാസം കൊണ്ട്‌. 
ഓർമ്മത്തെറ്റും പിഴയും
സംഭവിക്കുന്നുവനാണ്‌ ദൈവമെന്ന്
കരുതിയും പറഞ്ഞും
ഓരോ വിശ്വാസിയും,
അങ്ങനെ
ദൈവത്തെ തിരുത്തുന്നു,
ഓര്‍മ്മിപ്പിക്കുന്നു.
പ്രാര്‍ത്ഥനയെന്ന പേരില്‍. 
ദൈവത്തിന് തെറ്റുന്നില്ലെങ്കില്‍,
ദൈവത്തിന് മറന്ന് പോകുന്നില്ലെങ്കില്‍,
ദൈവം ഉദ്ദേശിച്ചത്‌ മാത്രം സംഭവിക്കുന്നുവെങ്കിൽ,
ദൈവത്തിന്റെ അറിവും വിവേകവും
യുക്തിയും പരമമെന്നവന്‍
കരുതുന്നുവെങ്കിൽ...... 
പിന്നെ,
അവന്‍
പ്രാര്‍ത്ഥിക്കുന്നതെന്തിന്‌?
പിന്നെ,
ദൈവത്തെ
പ്രാര്‍ത്ഥിച്ചുണര്‍ത്തി
ഓര്‍മിപ്പിക്കേണ്ടതിന്റെയും
തിരുത്തേണ്ടതിന്റെയും
ആവശ്യകതയെന്ത്?
വിശ്വാസിയെക്കാള്‍ വലിയ
അവിശ്വാസി
ഇല്ല തന്നെ.

No comments: