Thursday, February 20, 2020

എഴുത്തുകള്‍ വായിക്കാനുള്ളതാണ്.

ഈയുള്ളവന്റെ ഒരു കുറിപ്പിന് (എഴുത്തിന്) ഒരു fb സുഹ്രുത്ത് നല്‍കിയ അഭിപ്രായം ചുവടെ.. 
പിന്നെ, അതിന്‌ ഈയുള്ളവന്‍ നല്‍കിയ മറുപടി.
അഭിപ്രായം:
"എഴുത്തുകൾ വായിക്കപ്പെടാനുള്ളതാണ്‌ എന്നാണെന്റെ വിശ്വാസം.
സത്യം പറഞ്ഞാല്‍, ഇതെന്താണെന്ന് എനിക്കു മനസ്സിലായില്ല. ക്ഷമിക്കുക."
*****
മറുപടി: ശരിയാണ്‌...
താങ്കള്‍ പറഞ്ഞത് പൂർണ്ണമായും ശരിയാണ്‌.
എഴുത്തുകള്‍ വായിക്കാനുള്ളതാണ്.
പോരാത്തതിന്, ഒന്ന് കൂടി ഈയുള്ളവന്‍ പറയട്ടെ.
എഴുത്തുകള്‍ മനസിലാക്കാനുമുള്ളതാണ്.
എന്നുവെച്ച് എല്ലാം എല്ലാവർക്കും വായിക്കാൻ സാധിക്കില്ല.
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാകാറുമില്ല.
എല്ലാം എല്ലാവരും ഒരുപോലെ മനസ്സിലാക്കണം എന്ന് നിര്‍ബന്ധിക്കാനും പറ്റില്ല. 
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാവുമെങ്കിൽ ഒരേ ലോകത്ത് ജീവിക്കുന്ന എല്ലാവരും ഒരുപോലെ സാഹിത്യകാരന്‍മാരും ശാസ്ത്രജ്ഞന്‍മാരും ആവില്ലേ, ആവേണ്ടതല്ലേ?
ഒരേ വിഷയം പഠിച്ച് നടത്തുന്ന പരീക്ഷയില്‍ എല്ലാവർക്കും ഒരേ result വേണ്ടതല്ലേ? കുറേ പേർ തോറ്റു പോകുന്നതെങ്കിലും സംഭവിക്കരുതായിരുന്നു.
എഴുതുന്ന എല്ലാവരും ഐഎഎസ്, ifs, പരീക്ഷകള്‍ക്ക് യോഗ്യത നേടണമായിരുന്നു. 
എല്ലാം പോട്ടെ. ദാസ് കാപിറ്റല്‍ എത്ര പേര്‍ക്ക് വായിച്ചാല്‍ എളുപ്പത്തിൽ മനസിലാവും?
വേദങ്ങളും ഉപനിഷത്തുകളും എത്ര പേര്‍ക്ക് വായിച്ചാൽ എളുപ്പം മനസ്സിലാവും? 
Relativity തിയറി എത്ര പേര്‍ക്ക് മനസിലാവും? 
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാവുമെങ്കിൽ യേശുവും ഗലീലിയോയും കൊല്ലപ്പെടുമോ? മുഹമ്മദും ബുദ്ധനും മാര്‍ക്സും വേട്ടയാടപ്പെടുമോ?
എല്ലാവർക്കും എല്ലാം മനസിലാവുമെങ്കിൽ, ഇഷ്ടമാവുമെങ്കിൽ, Keats ഉം ഷെല്ലിയും ഷേക്സ്പിയറും നീഷേയും ഹെസ്സേയും കാഫ്കയും സാര്‍ത്റും കാമുവും ബര്‍ണാഡ്ഷായും ഒക്കെ എല്ലാവരുടെയും വായനയാവില്ലേ?
താങ്കള്‍ എത്ര എളുപ്പത്തിലാണ് സാമാന്യവല്‍കരിച്ചു പറഞ്ഞത്?
എല്ലാം എല്ലാവർക്കും വായിക്കാൻ സാധിക്കാത്തതും മനസ്സിലാവാത്തതും തന്നെയല്ലേ എവിടെയും എപ്പോഴുമുള്ള പ്രശ്നം?
അതല്ലേ ആളുകൾ തമ്മില്‍ വ്യത്യാസമുണ്ടാക്കുന്ന പ്രശ്നം? 
അതുകൊണ്ട്‌ തന്നെ മനസിലാകാത്തത് മുഴുവന്‍ മോശമെന്നും നല്ലതെന്നും അര്‍ത്ഥമില്ല.
*****
ഇനിയൊന്ന് പറയട്ടെ. മേല്‍ എഴുത്തില്‍, മനസിലാകാത്ത, മനസിലാക്കാന്‍ പറ്റാത്ത ഒന്നും ഉണ്ടായിരുന്നില്ല. 
പക്ഷേ, ഒരു വ്യത്യാസം മാത്രം.
എല്ലാം എല്ലാവർക്കും ഒരുപോലെ ബാധകമല്ല.
എല്ലാ വിഷയവും ഭക്ഷണവും എല്ലാവർക്കും ഒരുപോലെ ദഹിക്കില്ല. 
പിഞ്ചുകുഞ്ഞിന്‌ ബാധകമായത് അമ്മക്കും, അമ്മക്ക് ബാധകമായത് പിഞ്ചുകുഞ്ഞിനും ബാധകമല്ല.
താങ്കള്‍ അത് കൂടി മനസിലാക്കിയാല്‍ മതിയായിരുന്നു. 
****
എന്നാലും താങ്കളോട് ഒരുകാര്യം സന്തോഷത്തോടെ പറയട്ടെ. 
ഈ അടുത്ത കാലത്ത് കാപട്യം ഏതുമില്ലാതെ വന്ന, ഔപചാരികം മാത്രമായല്ലാതെ ഉള്ള് തൊട്ട് പറഞ്ഞ ഒരു അഭിപ്രായമായിരുന്നു താങ്കളുടെത്.
അതിന്‌ താങ്കള്‍ക്ക് നന്ദി. അങ്ങേയറ്റം മാനിക്കുന്നു.
താങ്കള്‍ തുറന്ന് പറഞ്ഞത് കൊണ്ടാണ്‌ ഉചിതമായ മറുപടിയും നല്‍കാനായത്. അങ്ങനെ താങ്കള്‍ അഭിപ്രായപ്പെട്ടതില്‍ ഒരു തെറ്റും ഇല്ല, ഉണ്ടായിരുന്നില്ല. 
ഒട്ടനവധി വിഷയങ്ങളില്‍ ഒരു വലിയ വിഭാഗത്തിന്റെ പ്രശ്നം തന്നെയാണ് താങ്കള്‍ ഉയർത്തിയത്.
പക്ഷേ ഒട്ടുമിക്കവരും പ്രതികരിക്കില്ല. ഉള്ളത് തുറന്ന് പറയില്ല. ആചാരവും ഉപചാരവും പോലെ പറയും. അല്ലെങ്കിൽ വ്യക്തിവിദ്വേഷം വെച്ച് വ്യക്തിഅധിക്ഷേപം നടത്താൻ ശ്രമിക്കും. അതുമല്ലെങ്കിൽ വിശ്വാസപരമായ അസഹിഷ്ണുത വെച്ച് തെറിപറയും.
ഭൂരിപക്ഷവും പ്രതികരിക്കുകയേ ഇല്ല. മനസിലായാലും ഇല്ലേലും. ഇക്കാര്യത്തില്‍ മാത്രമല്ല. ജീവിതത്തിലുടനീളം.
പകരം അവർ അവരുടെ പ്രതികരണത്തെ കഥാപാത്രങ്ങള്‍ക്കും സിനിമയിലെ നായകന്മാര്‍ക്കും ഏല്പിച്ച്കൊടുക്കും. സങ്കല്‍പത്തില്‍ മാത്രമായ് ഒതുക്കും, അവരുടെ പ്രതികരണത്തെ.
കാല്‍പനികത അതിനാല്‍ തന്നെ അവര്‍ക്ക് പ്രിയപ്പെട്ടത്. അമാനുഷിക പ്രതികരണങ്ങള്‍ നടത്തുന്ന നായകവേഷങ്ങൾ ഉള്ള സിനിമകള്‍ അതിനാലവര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. 
അതിനാല്‍ തന്നെ, മുഹമ്മദ് ആയാലും ബുദ്ധനായാലും യേശുവും മാര്‍ക്സും ആയാലും നേരിട്ട് യാഥാര്‍ത്ഥ്യമായ് വന്നാല്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല.
അവര്‍ക്ക് എല്ലാം കഥകളായി സങ്കല്പങ്ങള്‍ മാത്രമായി മാറണം; പിന്‍തുടരാൻ, വാനോളം പുകഴ്ത്താന്‍. വിശ്വാസികള്‍ ആവാന്‍. 
അറിയാമല്ലോ, നല്ല പല സിനിമകളും വന്നാല്‍, 'അത് art movie' അല്ലെങ്കിൽ 'award movie,' 'നമുക്ക് മനസിലാവില്ല' എന്ന് പറഞ്ഞ്‌, അവ കാണാത്ത വലിയ ഒരു വിഭാഗം ഇവിടെയുണ്ട്.
യാഥാര്‍ത്ഥ്യങ്ങൾക്ക് നേരെ മുഖം തിരിച്ച്, യാഥാര്‍ത്ഥ്യങ്ങളെ പേടിച്ച് വെറും കാല്‍പനിക കഥകളുടെയും നിലനില്‍ക്കാത്ത സ്വപ്നങ്ങളുടെയും പിന്നാലെ മാത്രം പോകുന്നവർ. 
പക്ഷേ, താങ്കള്‍ അവര്‍ക്കെല്ലാം വേണ്ടി പറഞ്ഞു. അതിനാല്‍ ന്യായമായും മറുപടി അര്‍ഹിക്കുന്നു. അതിനുള്ള വിലയും അര്‍ഥവും താങ്കളുടെ ആ അഭിപ്രായത്തിനുണ്ട്.
താങ്കളുടെത് പലരും പറയുംപോലെ, വെറും വെറുതെ യാന്ത്രികമായി നല്‍കിയ അഭിപ്രായമല്ല. 
വെറുതെ ഒരു "നല്ലെഴുത്ത്" എന്നായിരുന്നു താങ്കള്‍ പറഞ്ഞിരുന്നതെങ്കിൽ, അതൊരു സാധാരണമായ കമന്റ് മാത്രമായേ പരിഗണിക്കുമായിരുന്നുള്ളൂ. മറുപടിക്ക് പരിഗണിക്കുകയേ ഇല്ലായിരുന്നു.
******
ഒന്ന് കൂടി വിശദമാക്കി പറയട്ടെ. 
നമ്മൾ നിര്‍വ്വചനങ്ങളില്‍ നിന്ന് മാത്രം ചിന്തിക്കുന്നു. നിലവിലുള്ള നിര്‍വ്വചനങ്ങള്‍ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നു.
കഥ, കവിത, നോവല്‍, ലേഖനം എന്നിങ്ങനെ മാത്രമേ എഴുത്തിന് ശാഖകള്‍ ഉള്ളൂ, ഉണ്ടാവാന്‍ പാടുള്ളൂ എന്ന് ചിന്തിക്കുന്നു.
അങ്ങനെ അവയില്‍ ഒതുങ്ങി മാത്രമേ എഴുതാന്‍ പറ്റൂ എന്ന് നമ്മളങ്ങ് ഉറപ്പിക്കുന്നു.
നമുക്കാവുന്നത് പോലെ, നമ്മുടെ വികാരവും വിചാരവും പ്രതിഫലിപ്പിക്കുന്ന കോലത്തില്‍, എക്കോലത്തിലോ അക്കോലത്തില്‍, സ്വാഭാവികമായ് എഴുതുന്നതാണ് എഴുത്ത് എന്ന് നമ്മളങ്ങ് മറന്നു.
നമ്മൾ നമ്മള്‍ മാത്രമേ ആവേണ്ടതുള്ളൂ, മറ്റാരും ആവേണ്ടതില്ല, മറ്റാരും പറഞ്ഞത് പോലെ ആവേണ്ടതില്ല, എന്നതും നമ്മളങ്ങ് മറന്നു.
അങ്ങനെ വെറും കൃത്രിമം മാത്രമായി നമ്മൾ എഴുതുന്നു, പറയുന്നു.
ഒരു വികാരത്തെയും വിചാരത്തെയും പ്രതിനിധീകരിക്കാതെ. വൃത്തവും ചതുരവും നോക്കി. അതിന്‌ വേണ്ടി ബാക്കിയെല്ലാം നശിപ്പിച്ച്, വാക്കുകൾ തപ്പിപ്പിടിച്ച്, ഒരുതരം originalityയും ഇല്ലാതെ. 
അറിയുക, മുന്‍നിര്‍വ്വചനങ്ങളെ നിഷേധിച്ചവനാണ് ധിക്കരിച്ചവനാണ് പുതിയ വഴികളും നിര്‍വ്വചനങ്ങളും ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്‌.
നിര്‍വ്വചനങ്ങള്‍ ചെരുപ്പ് പോലെ മാത്രം. എത്രയും മാറ്റാം.
കാലുകൾ ചെരുപ്പിന് വേണ്ടി മുറിക്കേണ്ടതല്ല. 
നമ്മൾ നിലവില്‍ വിശ്വസിക്കുന്ന, ആശ്രയിക്കുന്ന നിര്‍വ്വചനങ്ങളും ഒരിക്കല്‍ എല്ലാം തെറ്റിച്ച് ഇങ്ങനെ ഉണ്ടായതാണ്. ഇല്ലായ്മയില്‍ നിന്നും ഉണ്ടായത്.
ഇനിയും കുറെ നിര്‍വചനങ്ങള്‍ ഉണ്ടാവുന്നതാണ്, ഉണ്ടാകാവുന്നതാണ്. 
ഓരോരുത്തരും ഓരോ നിര്‍വ്വചനം.
ഒരേ മരത്തിലാണെങ്കിലും ഓരോ ഇലയും വേറെ വേറെ. വേറെ വേറെ നിര്‍വചനം പോലെ. 
ആ നിലക്ക് ഈയുള്ളവന്‍ എഴുതുന്നത് കഥയോ കവിതയോ നോവലോ ലേഖനമോ അല്ല. ആവണം എന്ന ഒരു ചിന്തയും നിര്‍ബന്ധവും ഇല്ല. പകരം, എന്തോ അത്. പറയാനുള്ള ചിലത്. അത് പറയേണ്ടതെന്ന് ഈയുള്ളവന് തോന്നുന്ന കോലത്തില്‍. എഴുതുന്നത് പോലെ എഴുതുന്നത്. ഈയുള്ളവന് മാത്രം തോന്നുന്ന രീതിയില്‍. അത് തന്നെ അതിന്റെ രൂപവും നിര്‍വചനവും ആക്കിക്കൊണ്ട്. 
ബാക്കി അനുവാചകന് തോന്നുന്നത് എന്തോ അത് പോലെ.
അവന് ഒന്നുമല്ലെന്ന് തോന്നിയാല്‍ അങ്ങനെ.
ഒരു നിര്‍ബന്ധവും ഇല്ല. ഒരവകാശവാദവും ഇല്ല.
മാങ്ങയുടെ പുളിയും മധുരവും, മാങ്ങയും മാവും അറിയാത്തത്, അവകാശപ്പെടാത്തത്. കഴിക്കുന്നവന്‍ അവന്റെ കഴിവനുസരിച്ച്, നാക്കിലെ മുകുളങ്ങള്‍ക്കനുസരിച്ച് അറിയുന്നത്, അനുഭവിക്കുന്നത്, പറയുന്നത്. ആത്മനിഷ്ഠമായത്. 
*****
പിന്നെ എഴുത്തിലെ ആവര്‍ത്തിച്ചു വരുന്ന പൂച്ചയുടെ കാര്യം. 
പൂച്ചയെന്നല്ല മറ്റെന്തും. അവ വെറും ബിംബങ്ങൾ മാത്രമല്ല; അനുഭവം മാത്രം, കാഴ്ച മാത്രം.
പൂച്ചയെ വെച്ച്, അല്ലെങ്കിൽ മറ്റെന്തെങ്കിലും വെച്ച് എഴുതുന്നത്‌ യാഥാര്‍ത്ഥത്തില്‍ ഉള്ളത്‌ മാത്രം.
അത് വെച്ച് കാണുന്ന, ഉണ്ടാവുന്ന ജീവിതവീക്ഷണം.
വെറും കാല്‍പനികതക്ക് വേണ്ടി എഴുതിയുണ്ടാക്കുന്ന ഒന്നും അതിലില്ല.
*****
എന്തായാലും ചിലത് ചിലര്‍ക്ക് മനസ്സിലാകില്ല. അതവരുടെ പ്രശ്നമാണ്‌. വിഷയം കഠിനമായത് കൊണ്ടും മനസിലാകാത്തതാവാം. വിഷയത്തോടുള്ള വിരക്തിയോ താല്പര്യക്കുറവോ കൊണ്ടാവാം. 
എല്ലാവരുടേയും എല്ലാം എല്ലാവർക്കും മനസിലാവില്ല, മനസിലാകാറില്ല. അമ്മയുടെ എല്ലാ ചലനവും ആവശ്യങ്ങളും കുഞ്ഞിന്‌ മനസിലാകാത്തത് പോലെ.
******
പിന്നെ എഴുതുന്നതിലെ നീളം. വിഷയത്തിനനുസരിച്ചാണ് നീളം.
പറയാൻ കുറെയുള്ളവന്, അത്തരം വിഷയങ്ങളില്‍ എത്ര ചുരുക്കിയാലും, എത്ര ചുരുക്കി എഴുതിയാലും നീളമുണ്ടാവും.
നീളമുള്ള എത്ര കവിതകള്‍ ക്ലാസിക്ക്‌ രചനകളില്‍ കാണിച്ചു തരാം. Wasteland ഉം murder in cathedral ഉം മലയാളത്തില്‍ തന്നെ ഒട്ടനവധി കവിതകളും വായിച്ചു നോക്കൂ.
അല്ലേലും നീളം കൂടുതലാണോ അല്ലേ എന്നതല്ല പ്രശ്‌നം.
അര്‍ത്ഥവത്താണോ അല്ലേ എന്നതായിരിക്കണം പ്രശ്നം.
പറയുന്ന വിഷയം വ്യക്തമായും കൈകാര്യം ചെയതുവോ എന്നത്.
വെറുതെ അതും ഇതും പറഞ്ഞതല്ല എന്ന്. 
ഒന്നും മനസ്സിലാവാത്തവന് എത്ര ചെറുതും വലുതാവും. ഭാരമുള്ളതായി തോന്നും. കാരണം, അവർ മനസ്സിലാക്കുകയല്ല. പേറുന്നത് മാത്രമാണ്‌. ഗ്രന്ഥം പേറുന്നവർ. 
ഇനി വൃത്തം വെച്ച് വാക്കുകൾ തപ്പിപ്പിടിച്ച് എഴുതുന്ന മുഴുവന്‍ കവിതകളും വായിക്കുന്നവര്‍ക്ക് മുഴുവന്‍ ഇഷ്ടപ്പെടുന്നുണ്ട്, മനസ്സിലാകുന്നുണ്ട് എന്നാണോ താങ്കള്‍ ധരിച്ചത്?
ആളുകൾ ഒന്നുകില്‍ മിണ്ടാതിരിക്കുന്നു, അല്ലെങ്കിൽ വെറുതെ സുഖിപ്പിക്കാന്‍ 'നല്ലത്‌' എന്ന് പറയുന്നു.
ഇതിനിടയിൽ വളരേ കുറച്ചു പേർ ഉള്ളത് ഉള്ളത് പോലെ പറയുന്നു.

No comments: