Thursday, February 20, 2020

ചോദ്യം: റഹീമിന്റെ ബോഡി (ശവം) എന്ത് ചെയ്യണം ?

ചോദ്യം: റഹീമിന്റെ ബോഡി (ശവം) എന്ത് ചെയ്യണം എന്നാണ് റഹീമിന്റെ ആഗ്രഹം?
കുറച്ച് കഴിഞ്ഞ് വീണ്ടും കുറ്റപ്പെടുത്തുന്ന, ആ ചോദ്യത്തെ ശക്തിപ്പെടുത്തുന്ന, മറ്റൊരു കമന്റ്.
"മറുപടി പറയില്ല, പറയാനുള്ള തന്റെടം ഉണ്ടാവില്ല..." 
മേല്‍ ചോദ്യത്തിന്‌ ആധാരമായ ഈയുള്ളവന്റെ പോസ്റ്റ്.
"ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. മരിച്ചു കഴിഞ്ഞാൽ, ചക്കിലിട്ടു ആട്ടിയാലും തീയിലിട്ടു കരിച്ചാലും ഹൽവ ഉണ്ടാക്കിയാലും ഒന്ന്."
ഇനി ചോദ്യത്തിനുള്ള മറുപടി:
ഉത്തരം:
ഒന്നാമതായി ശവത്തിനു റഹിം എന്നതില്ല. ശവം വെറും ശവം മാത്രം. റഹീമും ഞാനും നീയും നഷ്ടപ്പെട്ട വെറും ശവം. റഹീമിന്റെ ശവം എന്നതില്ല. റഹിം എന്നത്‌ മറ്റുള്ളവര്‍ തിരിച്ചറിയാൻ വിളിച്ച പേര്‌ മാത്രം. 'ഞാന്‍' 'നീ' എന്നത്‌ തലച്ചോറ്‌ ഉണ്ടാക്കിയ അതിജീവന ബോധം മാത്രവും. തലച്ചോറ്‌ ഉള്ളിടത്തോളം മാത്രം നിലനില്‍ക്കുന്നത്. 
വീണ്ടും പറയാം. മേല്‍ പോസ്റ്റ് തന്നെ നല്‍കുന്നതാണ് താങ്കള്‍ക്കുള്ള യാഥാര്‍ത്ഥ മറുപടി. ആ പോസ്റ്റില്‍ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഉണ്ട്. ആ മറുപടി മാത്രമാണ് ആ പോസ്റ്റ്. യഥാര്‍ത്ഥത്തില്‍ ആ പോസ്റ്റില്‍ മറുപടി ഉണ്ട് എന്നത്‌ തന്നെയാണ് താങ്കളെ ഈവിധം അസ്വസ്ഥപ്പെടുത്തുന്നത്. 
അതിനാലാണ് പ്രത്യേകിച്ച് ഉത്തരം നല്‍കേണ്ടതുണ്ടെന്ന് കരുതാതിരുന്നത്. അല്ലാതെ ഉത്തരം പറയുന്നതിൽ പേടിക്കാന്‍ എന്തെങ്കിലും ഉള്ളത്‌ കൊണ്ടല്ല. പേടിക്കാന്‍ അതിൽ ഒന്നുമില്ല. ഏറിയാല്‍ സാമൂഹ്യമായ തിരസ്കാരം മാത്രമല്ലാതെ.
പക്ഷേ, ഒന്നറിയുക. തിരസ്കൃതനേ സത്യം പറയൂ. അപ്പോഴും നിരാശ ന്യായമാവാതെ.
മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും മാര്‍ക്സും സോക്രട്ടീസും എല്ലാം അങ്ങനെ തിരസ്കൃതരായി മാത്രമേ സത്യം പറഞ്ഞിട്ടുള്ളൂ.
സത്യം പറഞ്ഞാല്‍ ആരും സാമൂഹ്യമായി തിരസ്കൃതനാവും.
നമുക്ക് കിട്ടുന്ന സ്വീകാര്യതയും അത് നല്‍കുന്ന മാന്യതയും നമ്മെ സത്യം പറയുന്നതിൽ നിന്നും പേടിപ്പിച്ചകറ്റും.
താങ്കള്‍ ആരോപിച്ച പേടി താങ്കളുടെ വിശ്വാസം ഉണ്ടാക്കിയ പ്രശ്നം മാത്രമാണ്. എപ്പോഴും പേടിക്കാനും, ദൈവത്തെ പോലും പേടിക്കാനും സംശയിക്കാനും ആവശ്യപ്പെടുന്ന വിശ്വാസത്തിന്റെ പ്രശ്നം. ആ പേടി താങ്കള്‍ മറ്റുള്ളവരില്‍ ആരോപിച്ച്, പ്രതിബിംബിച്ച് ആശ്വാസമടയുന്നു എന്ന് മാത്രം.
മരിക്കും വരെ പേടിച്ചും മരിച്ചാലും എന്തൊക്കെയോ ശിക്ഷകളെ നേരിടേണ്ടി വരുമെന്ന് പേടിച്ചും കുറ്റബോധം നിറഞ്ഞ മനസ്സുമായി നടക്കുന്ന ഓരോ വിശ്വാസിയുടെയും പ്രശ്നമാണത്. എത്രയെല്ലാം പറഞ്ഞാലും കേള്‍ക്കാത്ത, മനസ്സിലാവാത്ത എന്നിട്ടും ശിക്ഷിക്കാന്‍ മാത്രം കാത്തിരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നവന്റെ പേടി. 
മേല്‍ പോസ്റ്റ് ജീവിതത്തെ കുറിച്ചും മരണാനന്തരത്തെ കുറിച്ചും അല്പവും പേടിയും സംശയവും തെറ്റിധാരണയും ഇല്ലാത്ത ഉറപ്പില്‍ നിന്ന് മാത്രം ഉണ്ടായതാണ്. മരണാനന്തരം ശവം എന്ന് മാത്രം വിളിക്കപ്പെടുന്ന ശരീരം ഒന്നുമല്ലെന്ന് തീര്‍പ്പുള്ളത് കൊണ്ട്‌, ഉറപ്പുള്ളത് കൊണ്ട്‌. ഭയമില്ലാത്തതിനാല്‍.
ഒരുപക്ഷേ കത്തിക്കാനുള്ള ഓരോ ഇന്ത്യക്കാരന്റെയും ധൈര്യവും ഉറപ്പും മറ്റൊരര്‍ത്ഥത്തില്‍ അത് തന്നെയാണ്. എന്തെല്ലാം അന്ധവിശ്വാസങ്ങളും അജ്ഞതയും അവരുടെ മേല്‍ ആരോപിക്കപ്പെട്ടാലും. 
മേല്‍ പോസ്റ്റ് ശവം സാംസ്കരിക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക രീതി തന്നെ വേണമെന്നും ഏതെങ്കിലും ഒരു പ്രത്യേക രീതി അരുതെന്നും പറയുന്ന പോസ്റ്റ് അല്ല.
അതിനാല്‍ തന്നെ ഒരു പ്രത്യേക രീതി വേണമെന്ന നിലയില്‍ ഒരുത്തരം താങ്കള്‍ക്ക് ഈയുള്ളവന്‍ നല്‍കേണ്ടതും ഇല്ല. അത് ഈയുള്ളവന്റെ കാര്യത്തില്‍ ആയാലും.
താങ്കള്‍ ഉദ്ദേശിക്കുന്ന ഉത്തരം നല്‍കുകയല്ലല്ലോ വേണ്ടത്? പകരം, ശരി എന്താണോ, യാഥാര്‍ത്ഥത്തില്‍ മേല്‍പോസ്റ്റ് കൊണ്ട്‌ ഉദ്ദേശിച്ചത്‌ എന്താണോ അത് തന്നെയാണല്ലോ ഉത്തരമായി നല്‍കേണ്ടത്? 
ശവത്തെ കൈകാര്യം ചെയ്യുന്നത് എങ്ങിനെയായാലും ശവത്തെ സംബന്ധിച്ചേടത്തോളം ഒന്ന് എന്ന് മാത്രം മേല്‍ പോസ്റ്റ് പറയുന്നു. അതിൽ ഏറിയാല്‍ പാരിസ്ഥിതിക സാഹചര്യം പരിഗണിക്കാം എന്നുമാത്രം.
വിത്യാസം എന്തെങ്കിലും തോന്നുന്നത് കൈകാര്യം ചെയ്യുന്നവര്‍ക്ക് മാത്രം. അവരുടെ വിശ്വാസവും സംസ്കാരവും സൗകര്യവും അനുസരിച്ച്. അതൊന്നും ശവത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. ജീവിക്കുന്ന മറ്റ് മനുഷ്യരെ ബാധിക്കുന്ന കാര്യങ്ങൾ മാത്രം. 
എങ്കിൽ, മേല്‍ പോസ്റ്റ് വെച്ചുകൊണ്ട് എവിടെയാണ് താങ്കളുടെ ചോദ്യത്തിന് പ്രസക്തി എന്ന് മനസ്സിലാവുന്നില്ല. പ്രത്യേകിച്ചും ഇത്രക്ക് വ്യക്തിപരമായി ചോദിക്കാന്‍ മാത്രം. വ്യക്തിപരമാവാതെ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാത്തതാണ് വിശ്വാസികളുടെയൊക്കെ വലിയ പ്രശ്‌നവും. 
ശവം ഒഴിവാക്കുന്നതാണ്. ചീഞ്ഞുനാറും എന്നതിനാല്‍. മറ്റൊരു വഴിയും ഇല്ലാതെ. അതിനാല്‍ നാട്ടുകാർ തന്നെ മുന്‍കൈ എടുത്ത് അതൊഴിവാക്കുന്നു. അതിന്‌ പല രീതികളും ആ നിലക്ക്, അതാത് നാട്ടിന്റെ സാഹചര്യവും സംസ്കാരവും വിശ്വാസവും അനുസരിച്ച് ഉണ്ടായി എന്ന് മാത്രം. ഒന്നും അവസാന വാക്കല്ല. ഏതെങ്കിലുമൊരു രീതി മാത്രം ശരിയെന്നും തെറ്റെന്നും പറയാനില്ല.
എങ്ങിനെ ആയാലും ശവം ഒഴിവാക്കപ്പെടണം. അത്രയേ ഉള്ളൂ.
പള്ളിക്കാട് എന്നത്‌ ഇസ്ലാമില്‍ പോലും ഇല്ല. പള്ളിക്കാട് എന്നതൊക്കെ സ്വന്തം സ്ഥലം സംരക്ഷിക്കാൻ വേണ്ടി മാത്രം, ശവത്തെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ മാത്രം, പിന്നീട് ഉണ്ടായതാണ്. യാഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസവുമായി പോലും അതിന്‌ ബന്ധമില്ല. മുസ്ലിമാണെങ്കിൽ (അതും, മഹാഭൂരിപക്ഷവും വെറും ജന്മം കൊണ്ട്‌) പള്ളിക്കാട്ടില്‍ കുഴിച്ചിടണമെന്ന് പറയുന്ന, ആവശ്യപ്പെടുന്ന എന്തെങ്കിലും തെളിവ് ഇസ്ലാമികമായി തന്നെ കൊണ്ടുവരാന്‍ സാധിക്കില്ല. എവിടെയാണോ മരിച്ചത് അവിടെ തന്നെ കുഴിച്ചിടുക മാത്രമാണ് പ്രവാചകൻ പോലും ചെയതത്. പ്രത്യേക സ്ഥലം നിശ്ചയിക്കാതെ. മരുഭൂമിയിലെ സാഹചര്യം അതിനാണ് കൂടുതൽ അനുകൂലം എന്നതിനാല്‍. 
ഈയുള്ളവനെ സംബന്ധിച്ചേടത്തോളം മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക എന്ന രീതി പോലും അഭികാമ്യമാണ്. പലപ്പോഴും അതിലൊരു ജൈവിക നീതി തോന്നിയിട്ടുണ്ട്. പ്രസ്തുത ചുറ്റുപാടും സാഹചര്യവും അനുകൂലമെങ്കിൽ. മറ്റുള്ളവര്‍ക്ക് (മനുഷ്യര്‍ക്ക് മാത്രം) ശല്യവും ബുദ്ധിമുട്ടും ആവില്ലെങ്കില്‍. കാരണം ശവത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയുന്നത് ശവമല്ലല്ലോ? ചുറ്റുപാട് മാത്രമാണ്‌. ശവം ജീര്‍ണിക്കുന്ന കാര്യത്തിലായാലും.

No comments: