Thursday, February 20, 2020

നിഷേധിയെക്കാള്‍ വലിയ വിശ്വാസി ഇല്ല.

നിഷേധിയെക്കാള്‍ വലിയ വിശ്വാസി ഇല്ല.
നിഷേധം കറുത്ത് വെളുത്ത്.
വിശ്വാസം വെളുത്ത് കറുത്ത്.
ഒന്ന് പ്രക്രിയയില്‍ നിഷേധം, ഫലത്തില്‍ വിശ്വാസം.
മറ്റൊന്ന് പ്രക്രിയയില്‍ വിശ്വാസം, ഫലത്തില്‍ നിഷേധം.
രണ്ടായാലും രണ്ടാലൊരു നിറം.
കറുപ്പ് അല്ലെങ്കിൽ വെളുപ്പ്.
ഒന്നുമില്ല, എല്ലാമുണ്ട് എന്ന് ഒരു നിറം.
എല്ലാമുണ്ട്, പക്ഷെ ഒന്നുമില്ല എന്ന് മറ്റൊരു നിറം.
രണ്ടും വ്യത്യസ്തമായി സ്വയം ഒരു നിറമാവുകയും ചെയ്യുന്നു.
കറുപ്പും വെളുപ്പും. 
നിറമായ വിശ്വാസം, നിഷേധം.
വിശ്വാസമായ, നിഷേധമായ നിറം. 
നിഷേധിയുടെത് ഉറപ്പുള്ള, സംശയമില്ലാത്ത, നിഷേധമെന്ന വിശ്വാസം.
അന്വേഷണം ബാക്കി വെക്കുന്ന നിഷേധം. 
വിശ്വാസിയുടെത് ഉറപ്പില്ലാത്ത, സംശയമുള്ള വിശ്വാസമായ നിഷേധം.
അന്വേഷണം നിർത്തി വെക്കുന്ന നിഷേധം 
നിഷേധിയുടെത് അറിവാകുന്ന, അറിവാക്കുന്ന വിശ്വാസം.
വിശ്വാസിയുടെത് വിശ്വാസമായി മാറുന്ന, മാറ്റുന്ന അറിവല്ലാത്ത അറിവ്. 
നിഷേധി നിഷേധത്തെ വിശ്വസിക്കുന്നു.
അവന്‍ നിഷേധത്തില്‍ വിശ്വസിക്കുന്നു. 
വിശ്വാസി വിശ്വാസത്തെ വിശ്വസിക്കുന്നു. വിശ്വാസം കൊണ്ടും, വിശ്വസം വെച്ചും നിഷേധിക്കുന്നു. 
എല്ലാം നടക്കേണ്ടത് പോലെ നടക്കുന്നു എന്ന് നിഷേധി വിശ്വസിക്കുന്നു.
മറ്റെന്തെങ്കിലും എങ്ങിനെയെങ്കിലും ആവണമെന്ന് ആവലാതി പറയാനില്ലാതെ. 
എന്തെങ്കിലും നടക്കേണ്ടത് പോലെ നടക്കാത്തതുണ്ടെന്നും നടക്കുന്നുണ്ടെന്നും അവന്‍ കരുതാന്‍ ഇട വരുന്നില്ല.
ഏറിയാല്‍ തന്റെയോ, തന്നെ പോലുള്ളവരുടെയോ ശ്രമങ്ങൾ കൊണ്ടല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് അവന്‍ വിശ്വസിക്കുന്നു.
അതിനാലവന്‍ ശ്രമങ്ങളില്‍ വിശ്വസിക്കുന്നു. ശ്രമങ്ങളെ പ്രാർത്ഥനയാക്കുന്നു. 
നടക്കാത്തത് നടക്കേണ്ടതില്ലാത്തതും നടക്കുന്നില്ലെന്നും, അതിനാല്‍ പ്രാര്‍ത്ഥിച്ചു നടത്തേണ്ടതുണ്ടെന്നും അവന് വിശ്വാസിക്കേണ്ടി വരുന്നില്ല.
വിശ്വാസി ദൈവത്തെ പോലും സംശയിക്കുന്നു, പേടിക്കുന്നു. ആ നിലക്ക് ദൈവം തിരുത്ത് നടത്തേണ്ടതുണ്ട് എന്നവന്‍ വിശ്വസിക്കുന്നു, പ്രാര്‍ത്ഥിച്ചു കൊണ്ട്‌. 
നിഷേധിക്ക് പ്രാര്‍ത്ഥിച്ചു പോകുന്നത്ര സംശയമില്ല, പേടിയില്ല, ആവശ്യങ്ങളില്ല. പ്രയത്നിക്കേണ്ടി വരുന്നത്ര സംശയിച്ചു കൊണ്ട്‌. 
അവന് ദൈവം പദാര്‍ത്ഥം പോലെ മൂര്‍ത്തമായത്. വ്യക്തതയുള്ളത്‌, കാണുന്നത്‌.
വിശ്വാസിക്ക് പദാര്‍ത്ഥവും അവ്യക്തം. അവ്യക്തമായത്ര ദൈവം. 
പദാര്‍ത്ഥം തന്നെ, വ്യക്തതയുള്ളത് തന്നെ, നിഷേധിക്ക് ദൈവം. ഏക ദൈവം.
വിശ്വാസിക്ക് പദാര്‍ത്ഥവും അവ്യക്തമായ ദൈവം. ഏക ദൈവം. 
അതിനാല്‍ നിഷേധിക്ക് വിശ്വാസമല്ല ; പകരം കാഴ്‌ചയാണ്, അനുഭവമാണ് ദൈവം.
വിശ്വാസിക്ക് കാഴ്ചയല്ല, അനുഭവമല്ല ; വെറും വിശ്വാസമാണ് ദൈവം 
നിഷേധിക്ക് പദാര്‍ത്ഥം കാണാത്ത ദൈവമല്ല.
ദൈവം അവന് കാണാത്ത പദാര്‍ത്ഥവുമല്ല.
വിശ്വാസിക്ക് ദൈവം കാണുന്ന പദാര്‍ത്ഥമല്ല.
പദാര്‍ത്ഥം അവന് കാണാത്ത ദൈവം 
അതിനാല്‍ കാണുന്നത് തന്നെ ഏറെ ഉണ്ടായിരിക്കെ, കാണുന്നവ തന്നെ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്ന ദൈവമായിരിക്കെ, കാണാത്തത് വിശ്വസിക്കണമെന്ന് നിഷേധിക്ക് തോന്നുന്നില്ല.
നിഷേധിക്ക് കാണാത്തത് വേണ്ട, പകരം കാണുന്നത് അവന്‍ അറിയുന്നു, അനുഭവിക്കുന്നു.
കാണുന്നത്‌ തന്നെ അവന്‍ ഏറെ കാണാതെ. 
അനുഭവിക്കുന്നത് അവന്‍ കാണുന്നു അറിയുന്നു.
അനുഭവിക്കാനുള്ളത് തന്നെ അനുഭവിക്കാതെ ഏറെ. 
അറിവാണ്, കാഴ്ചയാണ് നിഷേധിക്ക് വിശ്വാസം, ദൈവം, പദാര്‍ത്ഥം.
കാണുന്നതിനെ, അനുഭവിക്കുന്നതിനെ അവന്‍ ആശ്രയിക്കുന്നു, വിശ്വസിക്കുന്നു. 
കാണാതിരിക്കാന്‍ മാത്രം ദൈവം കളവും പൊള്ളയും പൊളിയും അല്ലെന്നവന്‍ വിശ്വസിക്കുന്നു.
കാണുന്നതെന്തോ അതാണുള്ളത്, അത് തന്നെ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്ന ദൈവം എന്നവന്‍ വിശ്വസിക്കുന്നു, വിളിക്കുന്നു.
ദൈവത്തെ അവന്‍ പദാര്‍ത്ഥമെന്ന് പേരിട്ട് വിളിക്കുന്നു.
പേരില്‍ മാത്രം വ്യത്യാസം. 
ഇല്ലാത്തത് ഇല്ലെന്നും, ഉള്ളത് ഉണ്ടെന്നും അവന്‍ വിശ്വസിക്കുന്നു, കരുതുന്നു. 
നിഷേധം തന്നെ അവന് വിശ്വാസം.
ഒരു സംശയവും ഇല്ലാത്തത്ര.
പദാര്‍ത്ഥം അവന് വ്യക്തത ഇല്ലാത്ത ദൈവമല്ല.
പകരം ദൈവം അവന് വ്യക്തതയുള്ള പദാര്‍ത്ഥം മാത്രം.
പ്രാര്‍ത്ഥിക്കാൻ മാത്രം അശക്തിയും അറിവ്കേടും അവന്‍ തന്നില്‍ കാണുന്നില്ല.
പകരം കാര്യ കാരണങ്ങളെ ഒരുമിപ്പിച്ച് ഒന്നാക്കാന്‍ കഴിവുള്ള പരിശ്രമം മാത്രം പ്രാർത്ഥനയാവുന്നത്ര വ്യക്തത അവനുണ്ട്.
തന്റെ പ്രവൃത്തിയിലൂടെ പദാര്‍ത്ഥം പണിയെടുക്കുന്നു, പറയുന്നു എന്നവന്‍ മനസിലാക്കുന്നു. 
ദൈവം പദാര്‍ത്ഥമായ് തന്റെ കൈകളിലൂടെ പ്രവർത്തിക്കുന്നത് അവന്‍ കാണുന്നു.

No comments: