Thursday, February 20, 2020

ഭരണവും ഭരണകൂടവും ചെയ്യുന്നത് ധര്‍മ്മയുദ്ധമെന്നും...

ഭരണവും ഭരണകൂടവും ചെയ്യുന്നത് ധര്‍മ്മയുദ്ധമെന്നും...
ധര്‍മ്മയുദ്ധത്തില്‍ കളവും ചതിയും ആവാമെന്നും.....
ആ നിലക്ക് ഭരണകൂടം ചെയ്യുന്ന എല്ലാ തെറ്റുകളും അബദ്ധങ്ങളും ന്യായീകരിക്കപ്പെടുന്നുവെന്നും...
ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നും....
നിലവില്‍, അല്ലെങ്കിൽ എന്നും, ഇന്ത്യ ഭരിക്കുന്നവരുടെ ന്യായമോ?
കൃഷ്ണനും മഹാഭാരതവും ഒക്കെ അങ്ങനെ എന്ത് ക്രൂരതകളും കളവും വഞ്ചനയും ചതിയും തെറ്റും ഈ അധികാര ഭരണ വഴിയില്‍ ചെയ്യാന്‍ ഭരണകൂടത്തിന് നും രാഷ്ട്രീയ നേതൃത്വത്തിനും ന്യായം ഒരുക്കുന്നുവോ? 
അതങ്ങനെ പഠിപ്പിച്ചും ന്യായീകരിച്ചും വ്യാഖ്യാനിച്ച് കൊടുത്തുമാണോ പാർട്ടി അണികളെ ഈ ഭരണകൂടവും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഒരുക്കുന്നത്, പിടിച്ചുനിര്‍ത്തുന്നത്?
അത്‌ കൊണ്ടാണോ കാര്യമായ ഒരു നേട്ടവും ഇല്ലാതിരുന്നിട്ടും, നഷ്ടങ്ങളും തെറ്റുകളും മാത്രം നേട്ടമായിട്ടും സ്വന്തം പാർട്ടി അണികള്‍ ഉരുക്ക് കോട്ട പോലെ കൂടെ ഉറച്ചു നില്‍ക്കുന്നത്? 
അത് വഴിയാണോ അവരിലൂടെ ഉണ്ടാകാവുന്ന എതിര്‍പ്പുകള്‍ ഒഴിവാകുന്നത്, ഭരണകൂടവും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഒഴിവാക്കുന്നത്?
അത്‌ കൊണ്ടാണോ എന്ത് തെറ്റ് ചെയ്തിട്ടും, അധികാരത്തില്‍ കയറിയത് പോലും അത്തരം ചെയ്തികളിലൂടെ എന്ന് വന്നാല്‍ പോലും, ഭരണകൂടത്തിന് ഒരു പോറലും ഏല്‍ക്കാതെ പിടിച്ചു നിൽക്കാൻ കഴിയുന്നത്? 
അത്‌ കൊണ്ടാണോ, അത്തരം പാഠങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ, പ്രതിപക്ഷത്തിന് പോലും ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത്?
ഒരു പോറൽ പോലും ഭരണകൂട രാഷ്ട്രീയത്തിനെതിരെ ഏല്പിക്കാന്‍ കഴിയാതെ നിസ്സഹായരായി പ്രതിപക്ഷത്തിന് നോക്കി നില്‍ക്കേണ്ടി വരുന്നത്?
പ്രത്യക്ഷത്തില്‍ താല്‍ക്കാലിക അധികാരമല്ലാതെ, ദീര്‍ഘകാല ലക്ഷ്യബോധവും ആശയാടിത്തറയുമുള്ള ഒരു പ്രതിപക്ഷമോ പ്രതിപക്ഷപാര്‍ട്ടിയോ വര്‍ത്തമാനകാല ഇന്ത്യയില്‍ ഇല്ലെങ്കിലും......
******
ചോദ്യം:
EVM തിരിമറി ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നത് കണ്ട് അത്ഭുതം തോന്നുന്നു. 
അങ്ങനെയാണെങ്കിൽ കേരളത്തിൽ എന്തുകൊണ്ട് EVM അത്ഭുതങ്ങൾ കാണിക്കുന്നില്ല?
മറുപടി:
ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും എപ്പോഴും ഒരേ ഭാഷ, ഒരേ രീതി.
കൂടിയും കുറഞ്ഞും എന്ന വ്യത്യാസത്തോടെ. അവര്‍ക്ക് എന്തും എങ്ങിനെയാക്കിയും പറഞ്ഞ്‌ ഫലിപ്പിക്കാം.
അത് ഹിറ്റ്ലര്‍ ആയാലും, സ്റ്റാലിന്‍ ആയാലും, മുഷറഫ് ആയാലും, trump ആയാലും, മോഡി ആയാലും ഒക്കെ ഒന്ന്. പല കോലത്തില്‍ ഒന്ന്.
അധികാരം മാത്രമാണ്‌ അവിടെ ശരി, നീതി, നിയമം.
അധികാരത്തിന് വിരുദ്ധമായതെല്ലാം അനീതി, നിയമവിരുദ്ധം, രാജ്യദ്രോഹം. 
ആപേക്ഷിക കര്‍മ്മ ലോകത്ത് പൂർണ്ണമായും ശരിയായതും പൂർണ്ണമായും തെറ്റായതും ആയ ഒരു കാര്യവും ഇല്ല. നിഷ്കളങ്കര്‍ അങ്ങനെ കണ്ണടച്ച് മനസിലാക്കിയാലും ഇല്ലെങ്കിലും.
അതിനാല്‍, സാഹചര്യവും സന്ദര്‍ഭവും നോക്കി, ന്യായമായും ഇങ്ങനെയൊക്കെ പറയേണ്ടിയും ചിന്തിക്കേണ്ടിയും വരും.
അത്രയ്ക്ക് കുടിലവും ക്രൂരവും ദുരൂഹവും ആണ്‌ അധികാരം കയ്യേറാന്‍ അധികാരികള്‍ എക്കാലത്തും ചെയ്യുന്ന കാര്യങ്ങൾ, സ്വീകരിച്ച വഴികള്‍. സാധാരണ ജനങ്ങൾക്ക് അവയെ കുറിച്ച് ഒന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
അങ്ങനെ ചെയ്യുന്നതിനൊക്കെ അവര്‍ക്ക് ഖുര്‍ആനും ബൈബിളും ഗീതയും മഹാഭാരതവും രാമായണവും ന്യായവും ന്യായീകരണവും നല്‍കും.
അതിനാല്‍ അല്പവും കുറ്റബോധം ഇല്ലാതെ എന്ത് ക്രൂരതയും കളവും അവർ നടത്തും, പറഞ്ഞുണ്ടാക്കും .
അധികാരികള്‍ അധികാരം നേടാനും നിലനിര്‍ത്താനും വേണ്ടി ചെയ്യുന്നത്‌ ഒന്നും, പുറത്ത് പറയുന്നത്‌ മറ്റൊന്നുമാവും.
രാജ്യസ്നേഹവും രാജ്യദ്രോഹവും ഒക്കെ അവരുടെ കുത്സിത ക്രൂര ശ്രമങ്ങളും അജണ്ടകളും വിജയിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങളും ആയുധങ്ങളും മാത്രം. മഹാഭൂരിപക്ഷവും അതിൽ മയങ്ങി വീഴുകയും ചെയ്യും.
അതിനാല്‍ താങ്കളെ പോലുള്ള നല്ലവർ ദയവായി ക്ഷമിക്കുക.
താങ്കളെ പൂർണ്ണമായും ഈയുള്ളവന്‍ മനസിലാക്കുന്നു.
താങ്കളുടെ നല്ല മനസ്സും ഗുണകാംക്ഷയും ഒക്കെ.
അവയെ ഒക്കെ തന്നെയാണ് രാഷ്ട്രീയ നേതൃത്വവും അധികാരികളും ഭംഗിയായി ചൂഷണം ചെയ്യുന്നത്. കക്ഷി ഭേദമന്യേ.

No comments: